ശക്തനാക്കുന്നവന്റെ ദൈവീക ശക്തി (ഫിലിപ്പിയർ 4:13)

ശക്തനാക്കുന്നവന്റെ ദൈവീക ശക്തി (ഫിലിപ്പിയർ 4:13)
: :

ദൈവത്തിന് മഹത്വം

ശക്തനാക്കുന്നവന്റെ ദൈവീക ശക്തി

"
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു." ഫിലിപ്പിയർ 4:13

യഥാർത്ഥമായി ക്രിസ്തീയ ജീവിതം ആരംഭിക്കുന്ന ഒരു വ്യക്തി മാനസാന്തരപ്പെട്ട് സ്നാനമേൽക്കുമ്പോൾ  ദൈവം തനിക്ക് പരിശുദ്ധാത്മാവ് എന്ന ദാനം നൽകുന്നു (അപ്പൊ. പ്രവൃത്തി 2:38). പരിശുദ്ധാത്മാവ് നമ്മുടെ മേൽ വരുമ്പോൾ നാം ശക്തി പ്രാപിച്ചിട്ട് ബലവാന്മാരായിത്തീരുന്നു (അപ്പൊ. പ്രവൃത്തി 1:8). ദൈവം യിസ്രായേൽജനത്തെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുമ്പോൾ അവർക്ക് കാട്ടുപോത്തിന് തുല്യമായ ബലം ഉണ്ടായിരുന്നതുപോലെ നമ്മെയും പരിശുദ്ധാത്മാവിനാൽ ബലപ്പെടുത്തുന്നു (സംഖ്യാപുസ്തകം 23:22). ആകയാൽ നമ്മുടെ ആത്മീക  ജീവിതയാത്രയിൽ നാം ബലഹീനപ്പെടരുത്. യിസ്രായേൽ ജനം തങ്ങളുടെ മരുഭൂമി യാത്രയിൽ വഴിയിൽ ക്ഷീണിച്ചും തളർന്നും പോയിട്ട് അവരുടെ പിന്നിൽ പിന്നണിയിലുള്ള ബലഹീനരെയൊക്കെ ശത്രു സംഹരിച്ചതായി കാണുന്നു (ആവർത്തനം 25:17-18). നാമും ബലഹീനപ്പെട്ടാൽ നമ്മുടെ പ്രതിയോഗിയായ പിശാച് നമ്മെയും വിഴുങ്ങിക്കളയും (1പത്രോസ് 5:8). അവർ മിസ്രയീമിൽ നിന്ന് പുറപ്പെട്ടപ്പോൾ അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല (സങ്കീർത്തനം 105:37). എന്നാൽ യാത്രയിൽ അവർ ബലഹീനപ്പെട്ട് നശിച്ചതുപോലെ നാം നശിക്കരുത്. അതിനായി നാം യഹോവയ്ക്കായി കാത്തിരുന്ന് ശക്തിയെ പുതുക്കിക്കൊണ്ട് ജീവിക്കുന്നവർ ആകണം (യെശയ്യാവ് 40:31). യഹോവയിൽ ബലമുള്ളവരായി മേല്ക്കുമേൽ ബലം പ്രാപിച്ചു നാം സീയോനിൽ ദൈവസന്നിധിയിൽ ചെന്ന് എത്തേണ്ടവരാണ് (സങ്കീർത്തനം 84:5, 7). ആകയാൽ നമ്മെ ശക്തനാക്കുന്ന ദൈവത്താൽ നാം സകലത്തിനും മതിയായവരാകട്ടെ.

ഈ വാക്യം ഇംഗ്ലീഷ് ബൈബിളിൽ നാം വായിച്ചാൽ എന്നെ ശക്തനാക്കുന്ന ക്രിസ്തുവിനാൽ എല്ലാം ചെയ്യാൻ എനിക്ക് കഴിയും എന്നാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഏദെൻതോട്ടത്തിൽ ആക്കിവയ്ക്കുമ്പോൾ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ സൂക്ഷിക്കുവാനുമാണ് അവിടെ ആക്കി വച്ചത് (ഉല്പത്തി 2:15). തോട്ടത്തിൽ ദൈവം മനുഷ്യനോട് പറയുന്ന വേലകൾ അവൻ ചെയ്യണമായിരുന്നു. എന്നാൽ ദൈവം അവിടെ ഉണ്ടാക്കിയിരുന്ന നല്ല വൃക്ഷഫലങ്ങൾ അവൻ്റെ ആഹാരത്തിനായി തിന്നാമായിരുന്നു (ഉല്പത്തി 2:16). ആകയാൽ അവൻ തൻ്റെ ഉപജീവനത്തിനായി ജോലി ചെയ്യുകയായിരുന്നില്ല മറിച്ച് തോട്ടത്തിൽ ദൈവം പറയുന്ന പണികൾ ചെയ്ത് ജീവിക്കുകയായിരുന്നു. എന്നാൽ പാപം നിമിത്തം ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ ഭൂമിയിൽ കഷ്ടതയോടെ അഹോവൃത്തി കഴിക്കത്തക്കവണ്ണം മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കേണ്ടതായി വന്നു (ഉല്പത്തി 3:17-19). വയലിലെ സസ്യം ആഹാരമാക്കുവാൻ നിലത്ത് കൃഷി ചെയ്യേണ്ടതിനായിട്ടാണ് ദൈവം മനുഷ്യനെ ഏദെൻതോട്ടത്തിൽ നിന്ന് പുറത്താക്കിയത് (ഉല്പത്തി 3:23). ജീവിതത്തിൽ വീഴ്ച സംഭവിച്ച മനുഷ്യൻ ദൈവത്തിന്റെ പ്രവൃത്തി ചെയ്യേണ്ടിയതിന് പകരം ഉപജീവനകാര്യത്തിനായി കഠിനപ്രയത്നം ചെയ്യേണ്ടവനായി മാറുന്നു.

എന്നാൽ സ്നാനമേറ്റ് ദൈവത്തിങ്കലേക്ക് മടങ്ങിവരുന്ന മനുഷ്യൻ  ദൈവത്തിന് പ്രിയപുത്രനാകുന്നു (മത്തായി 3:17). ആകയാൽ ഉപജീവനത്തിന്റെ കഠിനപ്രയത്നത്തിൽ നിന്ന് അവനെ വിടുവിച്ച് പ്രിയനായവന് ഉറക്കത്തിൽ ആവശ്യമായത് കൊടുക്കുന്നു (സങ്കീർത്തനം 127:2). മനുഷ്യൻ മണ്ണിൽ വിത്തു വിതച്ചിട്ട് രാവും പകലും ഉറങ്ങിയും എഴുന്നേറ്റു ഇരിക്കെ  ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയുമായി ധാന്യം വിളവായി കൊടുക്കുന്നു (മർക്കൊസ് 4:26-29). ദൈവമക്കളായവരുടെ  ആവശ്യങ്ങളെ അവർ യാചിക്കും മുമ്പേ അവരുടെ പിതാവായ ദൈവം അറിയുന്നു (മത്തായി 6:8). ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുന്ന ദൈവമക്കളായവർക്ക് തിന്മാനും കുടിപ്പാനും ഉടുപ്പാനും വേണ്ടിയതൊക്കെയും ദൈവം നൽകുന്നു (മത്തായി 6:31-33). അങ്ങനെ ദൈവപൈതലായി തീർന്ന ഒരു മനുഷ്യനെ വ്യർത്ഥമായ ഉപജീവനത്തിന്റെ കഠിനപ്രയത്നത വിട്ട് ജീവിക്കുവാൻ ദൈവം ഇടയാക്കുന്നു (സങ്കീർത്തനം 127:2). ആകയാൽ കർത്താവിന്റെ ഈ പ്രിയ സഹോദരന്മാർ വ്യർത്ഥമല്ലാത്ത പ്രയത്നമായ കർത്താവിൻ്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരുന്നവരാകണം (1 കൊരിന്ത്യർ 15:58). അതിനായിട്ടാണ് ദൈവം നമ്മെ ക്രിസ്തുവിലൂടെ ശക്തീകരിക്കുന്നത്.

കർത്താവ്  കല്പിച്ച പ്രവൃത്തികളെ   അവസാനത്തോളം അനുഷ്ഠിക്കുന്നവരാണ് കർത്താവിനെപ്പോലെ അധികാരം പ്രാപിക്കുന്നത് (വെളിപ്പാട് 2:26). അവരാണ് ദൈവസിംഹാസനത്തിലേക്കും എടുത്തുകൊള്ളപ്പെടുന്നത് (വെളിപ്പാട് 12:5). അഥവാ യേശുവിന്റെ വചനങ്ങൾ കേട്ട് അതിനേറ്റവണ്ണം പിതാവിന്റെ ഇഷ്ടം ചെയ്യുന്ന ബുദ്ധിയുള്ളവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത് (മത്തായി 7:24). ആകയാൽ ഒരു ദൈവപൈതലിൻ്റെ ജീവിതം എന്നു പറയുന്നത് ഉപജീവനകാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന ഒരു സാധാരണ ജീവിതമല്ല. നാം ചെയ്യുന്നതൊക്കെയും കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്ത് അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിക്കുന്ന ജീവിതമാണ് വേണ്ടത് (കൊലൊസ്സ്യർ 3:23-24 ). കാരണം വേഗം വരുന്നവനായ ക്രിസ്തുവിൽ നിന്ന് നമ്മുടെ പ്രവൃത്തികൾക്കേറ്റ പ്രതിഫലം വാങ്ങുവാൻ കാത്തിരിക്കുന്നവരാണ് നാം (വെളിപ്പാട് 22:12). അന്ന് നമ്മുടെ പ്രവൃത്തികൾ നിലനിന്നെങ്കിലേ നമുക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ. വ്യർത്ഥമായതായി പ്രവൃത്തികൾ നശിച്ചു പോയാൽ ചേതം വരുമെന്നാണ് (1 കൊരിന്ത്യർ 3:14-15). ആകയാൽ നമ്മെ ബലപ്പെടുത്തുന്ന ക്രിസ്തുവിനാൽ നാം ബലപ്പെട്ടിട്ട് (ഫിലിപ്പിയർ 4:13)1  കർത്താവിൻ്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരുന്നവരാകട്ടെ (1 കൊരിന്ത്യർ 15:58).

നാം ദൈവത്തിൽ ബലമുള്ളവരായിരുന്നു മേൽക്കുമേൽ ബലം പ്രാപിക്കാതെയും (സങ്കീർത്തനം 84:5,7) യഹോവയ്ക്കായി കാത്തിരുന്ന് ശക്തിയെ പുതുക്കാതെയും (യെശയ്യാവ് 40:31) ബലഹീനരായി ജീവിച്ചാൽ നമ്മുടെ ജീവിതം പരിതാപകരമായി മാറും. സ്ത്രീജനം ബലഹീനപാത്രം എന്നാണല്ലോ പറഞ്ഞിരിക്കുന്നത് (1പത്രോസ് 3:7). നമ്മുടെ ബലഹീനതയാകുന്ന ദലീലയുടെ മടിയിൽ ഉറങ്ങുന്നവരായി നാം ജീവിച്ചാൽ ശിംശോനെപ്പോലെ നമ്മുടെ ഉള്ള ബലം കൂടെ നഷ്ടപ്പെട്ടിട്ട് നാം പിശാചിനാൽ പിടിക്കപ്പെട്ടവരാകും (ന്യായാധിപന്മാർ 16:19). ആദാമിനെ പിശാച് കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നവൻ ആക്കിയത് പോലെ നാമും മാറ്റപ്പെടും.  ശിംശോന്റെ കണ്ണു കുത്തിപൊട്ടിച്ചിട്ട് ചങ്ങലയാൽ ബന്ധിക്കപ്പെട്ട് അവനെ കാരാഗ്രഹത്തിൽ മാവ് പൊടിക്കുന്നവൻ ആക്കിയതുപോലെ നാമും ആയിത്തീരും (ന്യായാധിപന്മാർ 16:21). ജീവിതകാലമെല്ലാം നമ്മുടെ സ്വർഗ്ഗീയ ദർശനം നഷ്ടപ്പെട്ടിട്ട്‌ ദൈവരാജ്യത്തിന് അന്യരായി പിശാചിൻ്റെ തടവറയിൽ മാവ് പൊടിക്കുന്നവരായി, കഠിനപ്രയത്നം ചെയ്ത ഉപജീവിക്കുന്നവരായിത്തീരും. ശിംശോൻ തനിക്ക് വേണ്ടിയല്ല മാവ് പൊടിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി താൻ കഠിനപ്രയത്നം ചെയ്യുകയാണ്. നാം നമ്മുടെ ആത്മീക ജീവിതം നഷ്ടപ്പെടുത്തിയിട്ട് നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി വ്യർത്ഥമായ ഉപജീവന കാര്യങ്ങളിൽ കഷ്ടപ്പെടുന്നവരാണോ? ദൈവപ്രസാദമുള്ളവർ അനുഭവിക്കുവാൻ തക്കവണ്ണം ധനം സമ്പാദിച്ച് സ്വരൂപിക്കുവാനുള്ള കഷ്ടപ്പാട് പാപികൾക്ക് ദൈവവും കൊടുക്കുന്നു (സഭാപ്രസംഗി 2:26). യേശു എല്ലായ്പ്പോഴും ദൈവത്തിന് പ്രസാദമുള്ള പ്രവർത്തികളെ ചെയ്തു ജീവിച്ചു (യോഹന്നാൻ 8:29). ആവിധമായ പ്രവർത്തികളെ ചെയ്യാതെ പാപപ്രവർത്തികളെ ചെയ്ത് ദൈവപ്രസാദം ഇല്ലാത്തവരായി തീർന്നാൽ ആ വ്യക്തിക്ക് പിശാചും പിന്നെ ദൈവവും കഷ്ടത കൊടുത്തിട്ട് ആ വ്യക്തിയുടെ ഈ ലോകജീവിതം ദുരിതപൂർണ്ണമാകുന്നു. ഉപജീവനചിന്തകളാൽ ഭാരപ്പെടുന്നവർക്ക് കർത്താവിൻ്റെ വരവ് കണിയായും തീരുന്നു (ലൂക്കോസ് 21:34).

ദൈവമാണ് നമുക്ക് സമ്പത്ത് ഉണ്ടാക്കുവാൻ ശക്തി തരുന്നത് (ആവർത്തനം 8:17-18). ആ ശക്തി ഉപയോഗിച്ച് മൂഡനായവൻ തനിക്ക് തന്നെ ഭൗതിക സമ്പത്ത് വർദ്ധിപ്പിക്കുന്നു (ലൂക്കോസ് 12:21). ധനവാനെപ്പോലെ തിന്ന് കുടിച്ച് ആനന്ദിച്ച് ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചു ജീവിച്ചു കൊണ്ടിരുന്ന്‌ നരകയോഗ്യനായിത്തീരുന്നു (ലൂക്കോസ്16:19,23). എന്നാൽ ബുദ്ധിമാനായവൻ യേശുവിന്റെ വചനപ്രകാരം ദൈവപ്രസാദമുള്ള പ്രവർത്തികളെ ചെയ്ത് ദൈവവിഷയമായി സമ്പന്നനായി ദൈവരാജ്യത്തിൽ കടക്കുന്നവനാകുന്നു (മത്തായി 7:21-25). തങ്ങൾക്ക് ലഭിച്ച ദൈവശക്തിയും ദൈവകൃപയും പ്രയോജനപ്പെടുത്തി നന്നായി പ്രവർത്തിച്ച് ഇരട്ടിയായി സമ്പാദിച്ച്  നല്ല ദാസരായിത്തീർന്നവർ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നു (മത്തായി 25:15-17, 21-23). എന്നാൽ ദുഷ്ടനും മടിയനുമായ ദാസനോ കൊള്ളരുതാത്ത ദാസനായി ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളപ്പെടുന്നു (മത്തായി 25:26). ആത്മീക ജീവിതത്തിലെ അലസതയും മടിയും ദൈവമക്കളെ ദുഷ്ടരാക്കുന്നു. എന്താണ് ദുഷ്ടത? ആത്മീകവും ഭൗതികവുമായ അനുഭവങ്ങളെ അനുഗ്രഹമായി നൽകുവാൻ തക്കവണ്ണം ദൈവം ജീവനുള്ള ശക്തനായ ദൈവം എന്ന് വിശ്വസിക്കാതെ ജീവനുള്ള ദൈവത്തെ ത്യജിച്ചുകളഞ്ഞിട്ട് അവിശ്വാസമുള്ള ദുഷ്ടഹൃദയത്തോടെ  ഉപജീവനത്തിനായി കഠിനപ്രയത്നം ചെയ്യുന്നതാണ് അവരുടെ ദുഷ്ടത (എബ്രായർ 3:12). ആകയാൽ നാം ദുഷ്ടരാകാതെ ഇഷ്ടരായി ദൈവപ്രസാദമുള്ള പ്രവർത്തികളെ ചെയ്ത് ജീവിക്കുവാൻ തക്കവണ്ണം ദൈവം നമ്മെ ശക്തികരിച്ച് ബലപ്പെടുത്തുമാറാകട്ടെ.