ദൈവത്തിന്റെ നല്ല ഭടൻ (2 തിമോത്തിയോസ് 4:7)

ദൈവത്തിന്റെ നല്ല ഭടൻ (2 തിമോത്തിയോസ് 4:7)
: :

ദൈവത്തിന് മഹത്വം

ദൈവത്തിന്റെ നല്ല ഭടൻ

"
ഞാൻ നല്ലപോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു." 2 തിമോത്തിയോസ് 4:7

ക്രിസ്തീയ ജീവിതത്തിലെ മുഖ്യമായ മൂന്നു കാര്യങ്ങളിൽ ഒന്നാമത്തേതാണ് നല്ല പോർ പൊരുതുക എന്നത്. ആത്മീക യിസ്രായേൽ ആയ നമുക്ക് നിഴലും ദൃഷ്ടാന്തവുമായ അക്ഷരീക യിസ്രായേൽജനം മിസ്രയീമിൽ നിന്ന് പുറപ്പെടുമ്പോൾ രണ്ട് വേദഭാഗങ്ങളിൽ അവർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു എന്ന് പറയുന്നു. പുറപ്പാട് 13:17-18 ൽ യിസ്രായേൽജനം യുദ്ധസന്നദ്ധരെങ്കിലും ഫെലിസ്ത്യരുമായി യുദ്ധമുണ്ടായിട്ട് അവർ അനുതപിച്ച് മിസ്രയീമിലേക്ക് മടങ്ങാതിരിക്കുവാൻ ദൈവം അവരെ അതിലെ കൊണ്ടുപോകാതെ ചെങ്കടലിനരികയുള്ള മരുഭൂമിയിൽ കൂടി ചുറ്റി നടത്തുന്നു. രണ്ടാമത് പുറപ്പാട് 14:8 ലും യിസ്രായേൽ മക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു എന്ന് പറയുന്നത് ഫറവോൻ തൻ്റെ സൈന്യവുമായി അവരെ പിന്തുടരുന്ന കാര്യം പറഞ്ഞിട്ടാണ്. ഇവിടെയും യിസ്രായേൽജനം അവരോട് യുദ്ധം ചെയ്യുവാൻ ഇടയാക്കാതെ ദൈവം തന്നെ മിസ്രയേമ്യരെ ചെങ്കടലിൽ തള്ളിയിട്ട് നശിപ്പിക്കുന്നു. ചുരുക്കത്തിൽ മിസ്രയീമിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ട യിസ്രായേൽ ജനത്തിന് ഈ കാര്യം പരാമർശിക്കപ്പെട്ട സ്ഥലങ്ങളിലോ മരുഭൂമിയിലെ തുടർയാത്രയിലോ കാര്യമായ യുദ്ധങ്ങൾ ഉണ്ടായില്ല. പുറപ്പാട് 17:8-10 ൽ രെഫീദിമിൽവെച്ച് അമാലേക് യിസ്രായേല്യരോട് യുദ്ധം ചെയ്തു എങ്കിലും മോശ ദൈവത്തിങ്കലേക്ക് കൈ ഉയർത്തിയതിനാൽ അവർ ജയം പ്രാപിക്കുന്നു.

മിദ്യാന്യരോട് പ്രതികാരം ചെയ്തു അവരെ നശിപ്പിക്കുന്നതും (സംഖ്യാപുസ്തകം 31:1-12) യോർദ്ദാന് അക്കരെയുള്ള ദേശം യുദ്ധം ചെയ്തു കൈവശമാക്കിയതും (ആവർത്തനം 3:12-17) മിസ്രയീമിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കൾ അല്ല, അവർ മരുഭൂമിയിൽ നശിച്ചു പോയിരുന്നു (ആവർത്തനം 2:14-16). എന്നാൽ അവരുടെ പ്രതിനിധികളായ യോശുവയും കാലേബും യഹോവയോട് അവരെപ്പോലെ പറ്റിചേർന്നിരുന്ന പിൻതലമുറയും ആണ് യുദ്ധം ചെയ്തത് (ആവർത്തനം 4:4). എന്നാൽ യിസ്രായേലിനെ പൊതുവായി നാം ശ്രദ്ധിച്ചാൽ അവർ മിസ്രയീമിൽ നിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു എങ്കിലും ശരിയായി അവർക്ക് യുദ്ധം ഉണ്ടായത് അവർ ദേശത്തെ അവകാശമാക്കുന്ന കാലത്താണ്. വിശേഷാൽ യോർദ്ദാനിക്കരയെക്കാൾ യോർദ്ദാന് അക്കരെ കനാൻദേശത്താണ്. ക്രിസ്തീയ ഗോളത്തിൽ അറിയപ്പെടുന്നതു പോലെ കനാൻദേശം നാം സ്വന്തമാക്കുവാൻ പോകുന്ന നിത്യതയാകുന്ന  സ്വർഗ്ഗകനാൻ ആണെങ്കിൽ സ്വർഗ്ഗത്തിൽ നമുക്ക് യുദ്ധം ഇല്ലല്ലോ. സ്വർഗ്ഗത്തിൽ മഹാസർപ്പത്തോട് പടവെട്ടുന്നത് നാമല്ല മിഖായേലും അവന്റെ ദൂതന്മാരും ആണ് (വെളിപ്പാട് 12:7).

ആകയാൽ യിസ്രായേൽ ജനത്തിൻ്റെ മരുഭൂമി യാത്രയും കനാൻ ദേശത്തെ യുദ്ധവും നാം ആത്മീയമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മരുഭൂമി യാത്ര എന്നത് ഈ ലോകജീവിതായുസ്സിൽ നാം ദൈവകല്പനകളെ പ്രമാണിച്ചുകൊണ്ട് ദൈവത്തെ  സ്തുതിച്ചാരാധിച്ചും സേവിച്ചും ഭക്തിയോടെ ജീവിക്കുന്ന നമ്മുടെ അക്ഷരീക ജീവിതമാണ്. കനാൻ ദേശം എന്നത് നാം യുദ്ധം ചെയ്ത് ജയം പ്രാപിച്ച് അവകാശികൾ ആകേണ്ട നമ്മുടെ ആത്മീയ ജീവിതവുമാണ്. ജയിക്കുന്നവരായി എടുത്തുകൊള്ളപ്പെടുവാൻ പ്രാപ്തനാകുന്ന നമ്മുടെ അകത്തെ മനുഷ്യൻ്റെ ആത്മീക ജീവിതമാണത് (വെളിപ്പാട് 2:26-27, 3:21, 12:5). ദൈവപ്രിയമില്ലാതെ ഭോഗ, ഭോജ്യപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിച്ചുകളയുന്നവർക്ക് (2തിമൊഥെയൊസ്  3:5) ഈ ലോകജീവിതത്തിൽ യുദ്ധമോ മറ്റു പോരാട്ടങ്ങളോ കഷ്ടതകളോ ഇല്ല. വെറും വ്യർത്ഥമായതിനെ തങ്ങളുടെ ദൈവം എന്നു പറയുന്നവരുടെ ജീവിതത്തിൽ അവർ തിന്ന് കുടിച്ച് കളിച്ചുല്ലസിച്ച് (പുറപ്പാട് 32:6) വിനോദിച്ച് (ഉല്പത്തി 26:8) ജീവിക്കുന്നു.

എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും എന്നതാണ് സത്യം (2തിമൊഥെയൊസ് 3:12). പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ചുറ്റിതിരിഞ്ഞ് അവർക്ക് എതിരായി ശക്തിയോടെ പ്രവർത്തിക്കും (1പത്രോസ് 5:8). നമ്മുടെ പോരാട്ടം ആത്മീയ ജീവിതത്തിൽ ആയതിനാലാണ്   നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോട് അല്ല എന്നു പറഞ്ഞിരിക്കുന്നത്. നമുക്കുള്ള പോരാട്ടം പിശാചിന്റെ തന്ത്രങ്ങളോടാണ്, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും ആണ് (എഫെസ്യർ 6:11-12). ആകയാൽ നാം ദൈവത്തിന് കീഴടങ്ങി ദൈവത്തിൻ്റെ നല്ല പടയാളിയായിത്തീർന്നുകൊണ്ട് പിശാചിനോട് എതിർത്തു നിന്നാൽ അവൻ നമ്മെ വിട്ടു ഓടി പോകും (യാക്കോബ് 4:7). അങ്ങനെ കർത്താവിലും തന്റെ അമിതബലത്തിലും ശക്തിപ്പെട്ടുകൊണ്ട്  ദൈവത്തിന്റെ സർവായുധവർഗ്ഗം ധരിച്ചവരായി  നല്ല പോരാട്ടം പോരാടി യുദ്ധം ചെയ്യുന്നവരായി സകലവും സമാപിച്ചിട്ട് നാം ജയാളികളായി ദൈവമുമ്പാകെ നമുക്ക് ഉറച്ച്  നിൽക്കുവാൻ ഇടയാകണം (എഫേസ്യർ 6:10 -17).

ക്രിസ്തുയേശുവിന്റെ നല്ല ഭടനായിത്തീരുവാൻ നാമും അപ്പൊസ്തലന്മാരോടുകൂടെ, നടത്തിപ്പുകാരോടുകൂടെ കഷ്ടം സഹിക്കേണ്ടിയിരിക്കുന്നു (2 തിമൊഥെയൊസ് 2:3). ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് തങ്ങളുടെ ജഡത്തിൽ സഭയായ യേശുവിന്റെ ശരീരത്തിനു വേണ്ടി പൂരിപ്പിക്കുന്നവരാണ് അപ്പൊസ്തലന്മാർ (കൊലോസ്സ്യർ 1:24). ക്രിസ്തുവിന്റെ കഷ്ടങ്ങൾ അവരിൽ പെരുകുന്നതിനാൽ (2കൊരിന്ത്യർ 1:5) നാമും അവരോടുകൂടെ ചേർന്ന് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളവരായി സന്തോഷിക്കുവാൻ ഇടയാകണം (1പത്രോസ് 4:13). യേശു ദൈവപുത്രനെങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച് തികഞ്ഞവനായതുപോലെ (എബ്രായർ 5:8) നാമും യേശുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളവരായി അനുസരണത്തിൽ തികഞ്ഞവരായിത്തീരാം. യേശു ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി ജീവിച്ചതുപോലെ (ഫിലിപ്പിയർ 2:8) നാമും മരണം വരെയും അനുസരണമുള്ളവരായി ജീവിക്കാം. ഒരു നല്ല പടയാളിയുടെ പ്രധാന ലക്ഷണമായ അനുസരണത്തിൽ തികഞ്ഞവരായിത്തീരാം. അതിനാൽ കർത്താവ് കല്‌പ്പിക്കുന്ന പ്രവർത്തികളെ അവസാനത്തോളം അനുഷ്ഠിക്കുന്നവരായി കർത്താവിനോടു കൂടെ അധികാരം പ്രാപിപ്പാനും നമുക്കിടയാകും. (വെളിപ്പാട്  2:26-27)

പടചേർത്തവനെ പ്രസാദിപ്പിക്കുന്ന ക്രിസ്തുയേശുവിന്റെ നല്ല ഭടനാകുവാൻ നമ്മുടെ ആത്മിക ജീവിതത്തിൽ നാം ജീവനകാര്യങ്ങളിൽ ഇടപെടാത്തവരായി ജീവിക്കേണ്ടിയിരിക്കുന്നു (2തിമൊഥെയൊസ് 2:3-4). പട്ടാളക്കാരന് തന്റെ ദൈനംദിനജീവിതത്തിന് ആവശ്യമായതൊക്കെയും അധികാരസ്ഥാനങ്ങൾ ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും അവനു കൃത്യമായി നൽകുന്നു. അതുപോലെ ദൈവത്തിന്റെ നല്ല ഭടന്മാരായ നമ്മുടെ ജീവിതത്തിലും ദൈവത്തിൻ്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്ക് ദാനം ചെയ്തിരിക്കുന്നു (2പത്രോസ് 1:3). ആകയാൽ നാം ജീവനകാര്യങ്ങളിൽ ഇടപെടാതെ അഥവാ ഉപജീവനചിന്തകളാൽ ഭാരപ്പെടാതെ ജീവിക്കേണ്ടിയിരിക്കുന്നു (ലൂക്കോസ് 21:34).

നാം ദൈവത്തെ സേവിക്കുന്നവരെങ്കിൽ എന്തു തിന്നും എന്തു കുടിക്കും എന്നിങ്ങനെ ജീവനായികൊണ്ടും എന്ത് ഉടുക്കും എന്നിങ്ങനെ ശരീരത്തിനായികൊണ്ടും വിചാരപ്പെടരുത് (മത്തായി 6:24-25). ലോകജാതികളെപ്പോലെ നാം ദൈവത്തെയല്ല മാമോനെ (തമിഴിൽ ഉലകപൊരുൾക്കൾ - ലോകത്തിലെ സാധനങ്ങൾ അഥവാ ലോകം) സേവിക്കുന്നവരാകരുത് (ലൂക്കോസ് 12:29-31). അവർക്കായി ആരും ഒന്നും കരുതിയിട്ടില്ലാത്തതിനാൽ അവർ പലതിനെ ചൊല്ലി വിചാരപ്പെട്ട് മനസ്സ് കലങ്ങുന്നവർ ആകുന്നു (ലൂക്കോസ് 10:41). എന്നാൽ നമ്മുടെ കർത്താവ് നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലങ്ങളും കർത്താവിനെ ഭരമേല്‌പ്പിക്കുവാൻ കഴിയും (1പത്രോസ് 5:7). നാം പരിശുദ്ധാത്മാവിനാൽ ദൈവരാജ്യത്തിന്റെ അനുഭവങ്ങളിലൂടെ കർത്താവിനെ സേവിക്കുന്നവർ ആകയാൽ ദൈവം നമ്മിൽ പ്രസാദിക്കുവാൻ ഇടയാകും (റോമർ14:17). പടചേർത്തവനെ പ്രസാദിപ്പിക്കുന്നതിനാൽ അഥവാ ദൈവരാജ്യത്തെ അന്വേഷിക്കുന്നതിനാൽ സ്വർഗസ്ഥനായ സർവ്വസൈന്യാധിപൻ നമ്മുടെ ഭൗതിക ജീവിതത്തിന് ആവശ്യമായതൊക്കെയും നമുക്ക് തരുവാൻ ഇടയാകും (മത്തായി 6:31-33). ആകയാൽ തങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നറിഞ്ഞ് കർത്താവിൻ്റെ വേലയിൽ വർദ്ധിച്ചു വരുന്നവരാകണം (1കൊരിന്ത്യർ 15:58). യേശുവും തൻ്റെ ഐഹിക ജീവിതകാലത്ത് എല്ലായ്പ്പോഴും ദൈവത്തിനു പ്രസാദമുള്ള പ്രവർത്തികളെ ചെയ്താണ് ജീവിച്ചത് (യോഹന്നാൻ 8:29). ആയതുപോലെ നമ്മുടെ ജീവിതത്തിലെ വിലയേറിയ സമയങ്ങളെ തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് (എഫേസ്യർ 5:16)  നാം ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല, കുടുംബാംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടിയെന്നല്ല കർത്താവിനെന്നോണം മനസ്സോടെ ചെയ്തുകൊണ്ട്, അവകാശമെന്ന പ്രതിഫലം കർത്താവ് തരുമെന്ന് അറിഞ്ഞ്  (കൊലൊസ്സ്യർ 3:23-24) നല്ല പടയാളിയായി കർത്താവിനെ സേവിക്കുന്നവർ ആകാം.

നാം ക്രിസ്തുയേശുവിൻ്റെ നല്ല ഭടനാകയാൽ (2തിമൊഥെയൊസ് 2:3) പടചേർത്തവനെ പ്രസാദിപ്പിക്കുവാനായി നാം നല്ല യുദ്ധസേവ ചെയ്യണം (1തിമൊഥെയൊസ് 1:18). അതായത് നാം യുദ്ധത്തിൽ ശത്രുവിനെ തോൽപ്പിക്കുക മാത്രമല്ല വളരെ കൊള്ളമുതലും പ്രാപിക്കുവാൻ ഇടയാകണം. കനാനിലെ യുദ്ധം കഴിഞ്ഞ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ രൂബേന്യരും കൂട്ടരും തങ്ങളുടെ ശത്രുക്കളുടെ പക്കൽ നിന്ന് കിട്ടിയ കൊള്ളയായ അനവധി സമ്പത്തോടുകൂടിയാണ് മടങ്ങിയത് (യോശുവ 22:8). ആയതുപോലെ നാമും ദൈവവിഷയമായി സമ്പന്നരായിത്തീർന്നു നിത്യതയിലേക്ക് മടങ്ങുവാൻ ഇടയാകണം (ലൂക്കോസ് 12:21). നമ്മുടെ ജീവിതത്തിൽ ദൈവീക അനുഭവങ്ങളായ സമ്പത്ത് ഉണ്ടാകുന്നത് യഹോവയുടെ അനുഗ്രഹത്താൽ ആണ്. സ്വന്തം അധ്വാനത്താൽ അതിനോട് ഒന്നും കൂട്ടുവാൻ കഴിയുകയില്ല (സദൃശ്യം 10:22). ആകയാൽ യാക്കോബിനെപോലെ അനുഗ്രഹത്തിനായി മല്ലുപിടിച്ച് പൊരുതി ജയിക്കണം (ഉല്പത്തി 32:24-28, ഹോശയ്യാ 12 :4). കരഞ്ഞ് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് പ്രാർത്ഥനയിൽ പോരാടുന്നവർ ആകണം (കൊലോസ്യർ 4:12). യാക്കോബ് തൻ്റെ ഭൗതിക സമ്പത്തായ തൻ്റെ കുടുംബത്തെയും തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയിട്ടാണ് പ്രാർത്ഥിപ്പാൻ ഉത്സാഹിച്ചത് (ഉല്പത്തി 32:22-24). ആയതുപോലെ ജീവനകാര്യങ്ങളെല്ലാം നമ്മുടെ ചിന്തയിൽനിന്ന് അകറ്റിയിട്ട് വേണം പ്രാർത്ഥനയിൽ പോരാടുവാൻ.

ഹൃദയത്തിൻ്റെ ഏകാഗ്രതയോടെ ദൈവത്തെ സേവിക്കുന്നവരായ നാം (കൊലൊസ്സ്യർ 3:22) അതെ ഏകാഗ്രചിത്തതയോടെ തന്നെ ദൈവത്തിൽ ആശ്രയിക്കുന്നവരാകണം. അവർക്കുവേണ്ടി ദൈവം തന്നത്താൻ ബലവാനെന്നു കാണിക്കും (2 ദിനവൃത്താന്തം 16:9). "നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല" എന്ന സ്ഥിരതയോടെ യാക്കോബിനെ പോലെ പ്രാർത്ഥനയിൽ പോരാടേണ്ടിയിരിക്കുന്നു (ഉല്പത്തി 32:26). അങ്ങനെ സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളാലും  അനുഗ്രഹിക്കപ്പെടുവാനായി (എഫെസ്യർ 1:3) ദൈവത്തോട് പ്രാർത്ഥനയിൽ പോരാടി ജീവിക്കാം. ജ്ഞാനം കൊണ്ട് പണിയപ്പെടുന്ന ഭവനം വിവേകത്താൽ അത് സ്ഥിരമായിട്ട് പരിജ്ഞാനം കൊണ്ടാണ് അതിൻ്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞു വരുന്നത് (സദൃശ്യവാക്യം 24:3-4).  ആകയാൽ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാൻ തക്കവണ്ണം നാം വലിയ പോരാട്ടം കഴിക്കേണ്ടിയിരിക്കുന്നു (കൊലൊസ്സ്യർ 2:2). അതിനായി പ്രയത്നിച്ച് അധ്വാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ നാം വളരെ സമ്പത്തോടുകൂടി നമ്മുടെ നിത്യ വീട്ടിലേക്ക് മടങ്ങി പോകുവാൻ ഇടയാകും (യോശുവ 22:8).

മാത്രമല്ല സകലവും സമാപിച്ചിട്ട് നാം ദൈവ മുൻപാകെ ഉറച്ച നിൽക്കേണ്ടവരാണ് (എഫേസ്യർ 6:13) അഥവാ തേജസ്സോടെ തൻെറ മുൻപാകെ നിറുത്തപ്പെടേണ്ടവരാണ് (എഫേസ്യർ 5:27). ആകയാൽ സംഭവിക്കാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രൻ്റെ മുൻപിൽ നിൽക്കുവാനും നാം പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ട് (ലൂക്കോസ് 21:36) ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നല്ല പോർ പൊരുത് ജീവിക്കാം. എന്നാൽ നമ്മുടെ സർവ്വസൈന്യാധിപനായ കർത്താവിൻ്റെ മുൻപാകെ നിറുത്തപ്പെട്ട് ജീവകിരീടം പ്രാപിക്കുവാൻ ഇടയാകും. ദൈവമായ കർത്താവ് ഈ അനുഭവങ്ങൾക്കായി നമ്മെ കൃപ നൽകി ശക്തീകരിക്കുമാറാകട്ടെ.