വിശിഷ്ടഫലങ്ങളായിത്തീർന്നവർ (യാക്കോബ് 5:7-8)
ദൈവത്തിന് മഹത്വം
വിശിഷ്ടഫലങ്ങളായിത്തീർന്നവർ
"എന്നാൽ സഹോദരന്മാരെ, കർത്താവിൻ്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടെ ഇരിപ്പിൻ: കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുൻമഴയും പിൻമഴയും അതിന് കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ: നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ: കർത്താവിൻ്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു." യാക്കോബ് 5:7-8
കൃഷിക്കാരൻ ദീർഘക്ഷമയോടെ കാത്തിരിക്കുന്നത് ഭൂമിയിൽനിന്ന് എന്തെങ്കിലും ഫലം ലഭിക്കേണ്ടതിനല്ല പിന്നെയോ വിലയേറിയ ഫലം കിട്ടേണ്ടതിനാണ്. 1 കൊരിന്ത്യർ 3:6-9 ൽ നാം ദൈവത്തിന്റെ കൃഷിയാണെന്നും ശുശ്രൂഷകർ നടുന്നവരും നനയ്ക്കുന്നവരും ആണെന്നും വായിക്കുന്നു. നമ്മുടെ ദൈവം തോട്ടക്കാരനും യേശു മുന്തിരിവള്ളിയും നാം ഓരോരുത്തരും ആ മുന്തിരിവള്ളിയിലെ കൊമ്പുകളും ആണ് എന്ന് യേശുവും പറയുന്നു. ഫലം കായ്ക്കാത്ത കൊമ്പുകൾ ഒക്കെയും വെട്ടിക്കളയുമെന്നും അവയെ പുറത്തുകളഞ്ഞിട്ട് അവ ഉണങ്ങിപ്പോകും എന്നതിനാൽ ചേർത്ത് തീയിലിട്ടിട്ട് അത് വെന്തുപോകും എന്നും യേശു പറയുന്നു (യോഹന്നാൻ 15:1-6). തേജസ്സിന്റെ സിംഹാസന മുൻപിൽ കൊണ്ടുവരപ്പെട്ടവരിൽ ഇടത്തുള്ള കോലാടുകളെപ്പോലെ കാണപ്പെടുന്നവർ യേശുവിൻ്റെ ആടുകൾ ആയിരുന്നെങ്കിലും യേശു ആഗ്രഹിച്ച അനുഭവത്തിലല്ല അഥവാ ഫലമില്ലാത്തവരായി അവർ കാണപ്പെട്ടതിനാൽ ന്യായവിധി ദിവസത്തിൽ നരകമാകുന്ന നിത്യാഗ്നിയിലേക്ക് അവർ തള്ളപ്പെടുന്നു (മത്തായി 25:41).
ആകയാൽ ദൈവസന്നിധിയിൽ കൊണ്ടുവരപ്പെട്ട ദൈവമക്കളായ നാമെല്ലാവരും തീർച്ചയായും ഫലം ഉള്ളവരായേ മതിയാകൂ. യേശു നമ്മെ തിരഞ്ഞെടുത്ത് തന്നിൽ അഥവാ തന്റെ ശരീരമാകുന്ന സഭയിൽ നമ്മെ ആക്കി വെച്ചിരിക്കുന്നത് നാം ഫലം കായ്ക്കുന്നവരും നമ്മുടെ ഫലം നിലനിൽക്കേണ്ടതിനും ആയിട്ടാണ് (യോഹന്നാൻ 15:16). ഇനിയും ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ നമ്മുടെ പ്രിയതമനായ യേശുവിനുള്ള മുന്തിരിത്തോട്ടമാകുന്ന സഭയിൽ നാം ആയിരിക്കുമ്പോൾ കാട്ടുമുന്തിരിങ്ങയാണ് നാം കായ്ക്കുന്നതെങ്കിലും ദൈവം നമ്മെ നശിപ്പിച്ചു കളയും (യെശയ്യാവ് 5:1-6). ആകയാൽ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതായി നാം ഫലമുള്ളവർ ആയിരിക്കണമെന്ന് പറയുമ്പോൾ നല്ല ഫലമുള്ളവർ ആയിരിക്കണം അഥവാ വിലയേറിയ ഫലമുള്ളവർ ആയിരിക്കണം.
എന്തുകൊണ്ടെന്നാൽ നാം ദൈവത്തിനുള്ളവരാകത്തക്കവണ്ണം ദൈവം നമ്മെ വിളിച്ച് വീണ്ടെടുത്തത് നമ്മെ തന്റെ സന്നിധിയിൽ വിലയേറിയവരായി കണ്ടുകൊണ്ടാണ് (യെശയ്യാവ് 43:1-4). ആകയാൽതന്നെ നമ്മിൽ നിന്ന് കർത്താവ് പ്രതീക്ഷിക്കുന്ന ഫലവും വിലയേറിയതായിരിക്കും. ഇതേക്കുറിച്ച് നാം കൂടുതലായി പഠിക്കുമ്പോൾ ക്രിസ്തുവിന്റെ കാന്തയ്ക്ക് നിഴലായ ശൂലേംകാരത്തി പറയുന്നത് താൻ തൻ്റെ പ്രിയനു വേണ്ടി സംഗ്രഹിച്ച് വെച്ചിരിക്കുന്നത് പഴയതും പുതിയതുമായ സകല പഴങ്ങളെയുമാണ്. മാത്രമല്ല അവയെല്ലാം, സകലവും വിശിഷ്ടഫലങ്ങളുമാണ്.(ഉത്തമഗീതം 7:14) ആകയാൽ നാം വിശിഷ്ടഫലങ്ങൾ ഉള്ളവർ ആകുവാൻ, വിലയേറിയ ഫലങ്ങളായി നാം മാറുവാൻ മുന്മഴയും പിന്മഴയും നമുക്ക് ആവശ്യം (യാക്കോബ്5:7). ദൈവത്തിൻ്റെ വചനവും ദൈവീക ഉപദേശങ്ങളും ആകുന്ന മഴയാലാണ് നാം വളർച്ച പ്രാപിക്കുന്നത് (ആവർത്തനം 32:2). ദൈവത്തിന്റെ കൂട്ടുവേലക്കാരായ ശുശ്രൂഷകരാൽ നാം നനയ്ക്കപ്പെടുവാൻ തക്കവണ്ണം (1കൊരിന്ത്യർ 3:6-9) നമുക്ക് ലഭിക്കുന്ന ഉപദേശങ്ങളും പ്രബോധനങ്ങളുമൊക്കെ നമ്മെ ക്രിസ്തുവിൽ തികഞ്ഞവരാക്കുന്നു (കൊലൊസ്സ്യർ 1:28), നാം വിശിഷ്ടമായ വിലയേറിയ ഫലങ്ങൾ ആകുന്നു.
സകലവിധ വിശിഷ്ടഫലങ്ങളും എന്ന് ഉത്തമഗീതത്തിൽ നാം വായിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നാം വിലയേറിയ ഫലമായി തീരത്തക്കവണ്ണം പഴയതും പുതിയതുമായി നാം പ്രാപിക്കേണ്ട എല്ലാ ഫലങ്ങളും പ്രാപിക്കുന്നവർ ആകണം. മറ്റൊരു നിലയിൽ നാം നൂറുമേനി ഫലം കൊടുക്കുന്നവരാകണം.(ലൂക്കോസ് 8:8) മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളിൽ നല്ല നിലത്ത് വിതയ്ക്കപ്പെട്ട വചനമാകുന്ന വിത്ത് മുപ്പതും അറുപതും നൂറും മേനികളായി വിളയുന്നതായി നാം വായിക്കുന്നു (മത്തായി 13:8,23 മർക്കോസ് 4:8,20). വിളവിൻ്റെ ഈ മൂന്ന് നിലകൾ മാനുഷികമായി നമ്മെ ഉണർത്തി നാം നൂറു മേനി എന്ന അനുഭവത്തിലേക്ക് നടത്തപ്പെടത്തക്കവണ്ണം നമുക്ക് പ്രോത്സാഹനം നൽകുന്നതാണ്. എന്നാൽ ആത്മീയമായി നാം ചിന്തിക്കുമ്പോൾ മത്തായി, മർക്കോസ് സുവിശേഷങ്ങളെ കടന്ന് ലൂക്കോസ് സുവിശേഷത്തിലേക്ക് നാം വരുമ്പോൾ അഥവാ തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്ക് നാം നടത്തപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ മുപ്പതു മേനിയും അറുപതു മേനിയും ഇല്ലാതാകുന്നു. നല്ല നിലത്ത് വിതയ്ക്കപ്പെട്ടത് മുളച്ച് നൂറു മേനി ഫലം കൊടുത്തു എന്നാണ് വായിക്കുന്നത് (ലൂക്കോസ് 8:8). നാം പ്രാപിക്കുന്ന ദൈവീക അറിവുകൾക്കും അനുഭവങ്ങൾക്കും ഏറ്റവണ്ണം ദൈവീകമായ വളർച്ച പ്രാപിക്കുമ്പോൾ ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും (എഫെസ്യർ 4:15). നൂറു മേനി എന്ന വിളവിൻ്റെ പൂർണ്ണത പ്രാപിക്കുവാൻ ഇടയാകും.
ഈ അനുഭവത്തിലേക്ക് നാം വരേണ്ടതിന് നമുക്കുണ്ടാകേണ്ട ജീവിതാനുഭവത്തെ നാം ശ്രദ്ധിക്കുമ്പോൾ വചനം കേട്ട് ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ച് ക്ഷമയോടെ ഫലം കൊടുക്കുക എന്നതാണ് (ലൂക്കോസ് 8:15). വിലയേറിയ ഫലത്തിനു കാത്തുകൊണ്ട് കൃഷിക്കാരൻ ദീർഘക്ഷമയോടെ ഇരിക്കുന്നതുപോലെ നമ്മോടും ദീർഘക്ഷമയോട് ഇരിക്കാൻ പറയുമ്പോൾതന്നെ നമ്മുടെ ഹൃദയം സ്ഥിരമാക്കുവാനും പറയുന്നു (യാക്കോബ് 5:7-8). ചുരുക്കത്തിൽ നാം വിലയേറിയ ഫലമുള്ളവർ ആകുവാൻ അഥവാ സകലവിശിഷ്ടഫലങ്ങളും നിറഞ്ഞവരായ നൂറു മേനി വിളവുള്ളവരാകുവാൻ യേശുവും പറയുന്നത് ക്ഷമയോടെ ഇരുന്ന് ഗുണമുള്ള നല്ലഹൃദയം ഉള്ളവർ ആകുവിൻ എന്നാണ് (ലൂക്കോസ് 8:15). നമ്മുടെ ഹൃദയത്തിന്നുള്ള പ്രാധാന്യം ഈ സന്ദർഭത്തിൽ നാം വളരെ വ്യക്തതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നാം രക്ഷിക്കപ്പെട്ടതായ നമ്മുടെ ജീവിതാരംഭത്തെ ശ്രദ്ധിക്കുമ്പോൾ നാം ദൈവത്തിൻ്റെ ചട്ടങ്ങളിൽ നടക്കുവാനും വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുവാനും ഇടയാകതക്കവണ്ണം ദൈവം ചില കാര്യങ്ങളെ ചെയ്തുതരുന്നു. കല്ലായുള്ള ഹൃദയം മാറ്റി മാംസമായുള്ള ഹൃദയത്തെ ദൈവം നമുക്ക് തന്നിട്ട് ദൈവത്തിൻ്റെ ആത്മാവിനെ നമ്മുടെ ഉള്ളിൽ ആക്കുന്നു (യെഹെസ്കേൽ 36:26-27). ഇത് പഴയനിയമകാല ഭക്തന്മാരുടെ അനുഭവമല്ല പുതിയനിയമസഭയായ നമ്മുടെ അനുഭവമാണ്. സത്യത്തിന്റെ ആത്മാവ് എന്ന കാര്യസ്ഥനെ എന്നേക്കും നമ്മോടുകൂടെ ഇരിപ്പാനായി ദൈവം നമുക്ക് തരുന്നു (യോഹന്നാൻ 14:16). നാം ദൈവത്തിന്റെ മന്ദിരമാകത്തക്കവണ്ണം ദൈവത്തിൻ്റെ ആത്മാവിനെ നമ്മിൽ, നമ്മുടെ ശരീരത്തിൽ വസിക്കുമാറാക്കുന്നത് പഴയനിയമകാലത്തല്ല ഈ കാലത്താണ് അനുഭവമാകുന്നത് (1 കൊരിന്ത്യർ 3:16, 6:19). സത്യത്തിൻ്റെ ആത്മാവ് സകലവും നമുക്ക് ഉപദേശിച്ചു തരികയും സകല സത്യത്തിലും നമ്മെ വഴി നടത്തുകയും ചെയ്യുന്നതിനാൽ അന്ന് പ്രവചിക്കപ്പെട്ടതുപോലെ നാം ദൈവത്തിന്റെ ചട്ടങ്ങളിൽ നടക്കുന്നവരും വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുന്നവരും ആകുന്നു (യോഹന്നാൻ 14:26, 16:13). യഥാർത്ഥത്തിൽ നാം നൂറുമേനി ഫലം കൊടുക്കത്തക്കവണ്ണം ഗുണമുള്ള നല്ലഹൃദയം ഉള്ളവർ ആകുവാൻ ദൈവം തന്നെയാണ് നമ്മെ സഹായിക്കുന്നത്.
എന്നാൽ നമ്മുടെ ഹൃദയം മറിഞ്ഞു പോകാതവണ്ണം നാം അതിനെ സ്ഥിരമാക്കേണ്ടിയിരിക്കുന്നു (യാക്കോബ് 5:7-8). ഇല്ലായെങ്കിൽ ശലോമോന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെ നമുക്കും സംഭവിക്കും. ദൈവം ശലോമോന് ജ്ഞാനവും വിവേകവുമുള്ള ഒരു ഹൃദയവും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു (1 രാജാക്കന്മാർ 3:12,4:29). എന്നാൽ ശലോമോന്റെ ജീവിതത്തിൽ തന്റെ ഹൃദയം വശീകരിക്കപ്പെട്ടിട്ട് ദൈവമായ യഹോവയിങ്കലുള്ള അവന്റെ ഹൃദയത്തിന്റെ ഏകാഗ്രത നഷ്ടമായി പോകുന്നു (1 രാജാക്കന്മാർ 11:4). അത് നിമിത്തം ശലോമോൻ യഹോവയെ വിട്ട് തന്റെ ഹൃദയം തിരിക്കുകയും യഹോവ കൽപ്പിച്ചത് പ്രമാണിക്കാതെയിരിക്കയും ചെയ്തു (1രാജാക്കന്മാർ 11:9-10). നാമും നമ്മുടെ ഹൃദയത്തെ സ്ഥിരമാക്കിയില്ല എങ്കിൽ ദൈവത്തിൻ്റെ ചട്ടങ്ങളിൽ നടക്കാതെയും ദൈവികവിധികളെ പ്രമാണിച്ച് അനുഷ്ഠിക്കാതെയും ദൈവത്തെ വിട്ട് പിന്മാറുന്നവർ ആകും.
മനുഷ്യഹൃദയത്തിന്റെ അവസ്ഥയെ ദൈവം തന്നെ നോക്കി കണ്ടു പറയുന്നത് മനുഷ്യന്റെ മനോനിരൂപണങ്ങൾ ബാല്യം മുതൽ ദോഷമുള്ളത് ആകുന്നു എന്നാണ്.(ഉല്പത്തി 8:21) അവന്റെ ദുഷ്ടത വലിയതാകതക്കവണ്ണം ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രെ എന്നും ദൈവം കാണുന്നു.(ഉല്പത്തി 6:5) ആ ദോഷകരമായ അവസ്ഥ മാറ്റുവാനാണ് ദൈവം കല്ലായുള്ള ഹൃദയത്തെ മാറ്റി മാംസമായുള്ള ഹൃദയം നമ്മുടെ ആത്മീക ജീവിതാരംഭത്തിൽ മാനസാന്തര സ്നാനത്തിലൂടെ നമുക്ക് നൽകുന്നത്. തുടർന്ന് അഭിഷേകത്താൽ പരിശുദ്ധ ആത്മാവിനെ നമ്മുടെ ഉള്ളിലാക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തെ അറിഞ്ഞതായ ഒരു വ്യക്തി തന്നെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കാതെയും നന്ദി കാണിക്കാതെയും ഇരുന്നിട്ട് തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീരുമ്പോൾ അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോകുന്നു (റോമർ 1:21). ഇന്ന് അനേകരും ദൈവസന്നിധിയിൽ നന്ദിയില്ലാത്തവർ ആയിട്ടാണ് ജീവിക്കുന്നത്. എന്നാൽ ദൈവം ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കാതെ സർവ്വാന്തരംഗവുമായി, നല്ല മനസ്സോടെ തന്നെ ദൈവത്തെ വാഴ്ത്തേണ്ടവരാണ് നാം എല്ലാവരും (സങ്കീർത്തനം 103:1-2). മാത്രവുമല്ല നാം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവരും ആണ്. നമ്മുടെ ജീവിതത്തിലെ ദൈനംദിന അനുഭവമായ തിന്നുന്നതും കുടിക്കുന്നതും പോലും ദൈവത്തിൻ്റെ മഹത്വത്തിനായി ചെയ്യേണ്ടവരാണ് (1 കൊരിന്ത്യർ 10:31). എന്നാൽ ഇന്ന് പലരും സ്വയപ്രശംസയ്ക്കായി പലകാര്യങ്ങളും സ്വയമായി പ്രസ്താവിച്ചുകൊണ്ട് സ്വന്തമഹത്വം അന്വേഷിക്കുന്നവർ ആകുന്നതിനാൽ സത്യമില്ലാത്തവരും നീതികേടുള്ളവരും ആകുന്നു (യോഹന്നാൻ 7:18). ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ അവരുടെ ഹൃദയം ഇരുണ്ടുപോകുക മാത്രമല്ല അവർ അന്ധബുദ്ധികളായി ദൈവീകജ്ഞാനം നഷ്ടപ്പെട്ടിട്ട് അജ്ഞാനത്താൽ ഹൃദയം കഠിനപ്പെടുത്തുന്നു. അങ്ങനെയുള്ളവർ ദൈവീകജീവനിൽനിന്ന് അകന്ന് മനം തഴമ്പിച്ചവരായി അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുന്നവരായി മാറുന്നു (എഫെസ്യർ 4:18-19). ചുരുക്കത്തിൽ പഴയ കല്ലായുള്ള ഹൃദയത്തിൻ്റെ അവസ്ഥയിലേക്ക് മാറി പിന്മാറ്റക്കാർ ആകുന്നു.
ആകയാൽ നാം തന്നെ നമ്മുടെ ഹൃദയത്തെ പരിശോധിച്ചു നോക്കണം. ദുഷ്ടഹൃദയമുള്ളവർ ആയിരിക്കേ നല്ലത് സംസാരിപ്പാൻ കഴിയുകയില്ലായ്കയാൽ നമ്മെതന്നെ അറിയുവാൻ നമുക്കിടയാകും. കാരണം ഹൃദയം നിറഞ്ഞ് കവിയുന്നതിൽ നിന്നാണ് വായ് സംസാരിക്കുന്നത് എന്ന് യേശു പറയുന്നു (മത്തായി 12:34-35). പ്രവർത്തികളിലൂടെയും നമുക്ക് ഹൃദയത്തെ അറിയാം. ഹൃദയം ദോഷമുള്ളതാണെങ്കിൽ പ്രവർത്തികളും ദോഷമുള്ളതായി തന്നെ വെളിപ്പെടും (മർക്കോസ് 7:20-23). മറ്റൊരു നിലയിൽ നമ്മുടെ ഹൃദയം ഗുണമുള്ള നല്ല ഹൃദയമാണെങ്കിൽ നാം നല്ലതുമാത്രം സംസാരിക്കുന്നവരും നല്ല പ്രവർത്തികൾമാത്രം ചെയ്യുന്നവരും ആയിരിക്കും. ഹൃദയം എല്ലാറ്റിനേക്കാളും കപടവും വിഷമവും ഉള്ളതാകയാൽ നാം അതിനെ ആരാഞ്ഞറിയുവാൻ ഉത്സാഹിക്കേണം (യിരെമ്യാവ് 17:9-10). മാത്രമല്ല നമ്മെ ദൈവകരങ്ങളിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുമെങ്കിൽ യഹോവയായ ദൈവം നമ്മുടെ ഹൃദയത്തെ ശോധനചെയ്ത് അറിയും. വ്യസനത്തിനുള്ള മാർഗ്ഗം ഉണ്ടോ എന്ന് നോക്കി ശാശ്വത മാർഗത്തിൽ നാം നടക്കത്തക്കവണ്ണം നമ്മെ സഹായിക്കും (സങ്കീർത്തനം 139:23-24). നമ്മെ താഴ്ത്തി പരീക്ഷിച്ച് നമ്മുടെ ഹൃദയത്തിലിരിക്കുന്നത് അറിയുവാൻ ഇടയാക്കും (ആവർത്തനം 8:2). തുടർന്നും നാം നമ്മെ താഴ്ത്തി പ്രാർത്ഥിക്കുമെങ്കിൽ ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിട്ട് സാക്ഷ്യമായി തൻ്റെ ആത്മാവിനെ നമുക്ക് തരും (അപ്പൊ:പ്രവൃത്തികൾ 15:8-9). ദൈവാത്മാവ് നമ്മുടെ ഉള്ളിൽ വരുന്നതിനാൽ നാം ഗുണമുള്ള നല്ലഹൃദയമുള്ളവർ ആയിട്ട് ദൈവത്തിന്റെ ചട്ടങ്ങളിൽ നടക്കുന്നവരും വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുന്നവരുമാകും (യെഹെസ്കേൽ 36:26-27). വചനം ഹൃദയത്തിൽ സംഗ്രഹിച്ച് ക്ഷമയോടെ ഫലം കൊടുക്കുന്നവരായി നൂറു മേനി വിളവുള്ളവരായിത്തീരും (ലൂക്കോസ് 8:15). അങ്ങനെ സകലവിധ വിശിഷ്ട ഫലങ്ങളും ഉള്ളവരായി നാം മാറിയിട്ട് വിലയേറിയ ഫലമായി ദൈവസന്നിധിയിൽ നമുക്ക് കാണപ്പെടുവാൻ ഇടയാകും. ദൈവമായ കർത്താവ് നമ്മെ അതിനായി സഹായിച്ച് ഒരുക്കുമാറാകട്ടെ.