പിന്തുടരേണ്ടവന്റെ കാൽചുവട് (1 പത്രോസ് 2:21)

പിന്തുടരേണ്ടവന്റെ കാൽചുവട് (1 പത്രോസ് 2:21)
: :

ദൈവത്തിന് മഹത്വം

പിന്തുടരേണ്ടവന്റെ കാൽചുവട്

"
ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻ്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു." 1 പത്രോസ് 2:21

നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം ക്രിസ്ത്യാനികളായി ക്രിസ്തുവിനെ പിന്തുടരുവാൻ വിളിക്കപ്പെട്ടവരാണ്. യേശുക്രിസ്തുവും ഈ ലോകജീവിതത്തിൽ പാപികളാൽ തനിക്ക് നേരിട്ട വിരോധങ്ങളെ സഹിച്ചു കൊണ്ടാണ് അപമാനം അലക്ഷ്യമാക്കിയും ക്രൂശിനെ സഹിച്ചും കഷ്ടം അനുഭവിച്ചുകൊണ്ട് നമുക്ക് ഒരു മാതൃകാജീവിതം കാണിച്ചുതന്നത് (എബ്രായർ 12:2-3). ആകയാൽ ലോകമോ ലോകക്കാരോ നമുക്ക് വിരോധമായി എന്തെല്ലാം കഷ്ടം വരുത്തിയാലും തന്നെ പിൻഗമിപ്പാൻ  യേശുക്രിസ്തു നമ്മെ വിളിച്ചിരിക്കുകയാൽ നാം യേശുവിന്റെ കാൽചുവട് പിന്തുടരുവാൻ ഉറച്ച് മുൻപോട്ടു പോകാം. വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നുള്ള പ്രബോധനത്തിൽ നമ്മുടെ മനസ്സ് ഉറപ്പിച്ച് മുന്നേറാം (അപ്പൊ.പ്രവൃത്തി 14:22). ഇവിടെ നാം ശ്രദ്ധിക്കേണ്ടത് നാം പിന്തുടരേണ്ടതിന് പല മാതൃകകൾ എന്നല്ല ഒരു മാതൃക എന്ന് ഏകവചനത്തിൽ വ്യക്തതയോടെ പറഞ്ഞിരിക്കുകയാണ്. നമുക്ക് പിന്തുടരുവാൻ ഒരേ ഒരു മാതൃക, ഒരേ ഒരു വഴി മാത്രമാണ് ഉള്ളത്. ആ മാതൃക പിന്തുടർന്ന് യേശുവാകുന്ന ആ വഴിയിലൂടെ പോയാൽ നമുക്ക് പിതാവിൻ്റെ സന്നിധിയിൽ സീയോനിൽ ചെന്നെത്താം (യോഹന്നാൻ 14:6). യേശു തൻ്റെ ഐഹിക ജീവിതകാലത്ത് തന്റെ അടുക്കൽ വന്നവരോടൊക്കെ തന്നെ പിൻഗമിപ്പാനാണ് ആവശ്യപ്പെടുന്നത്. എൻ്റെ പിന്നാലെ വരുവിൻ എന്ന വിളി കേട്ട് ശിഷ്യന്മാർ യേശുവേ പിൻഗമിക്കുന്നു (മത്തായി 4:19, 21-22, 9:9). ധനവാനായ യൗവനക്കാരനെയും യേശു തന്നെ അനുഗമിപ്പാൻ വിളിക്കുന്നു (മത്തായി 19:21). വലിയൊരു പുരുഷാരവും യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അവനെ അനുഗമിച്ച പല സ്ത്രീകളും യേശുവിനെ പിൻഗമിക്കുന്നവരായി തന്റെ പിന്നാലെ ഉണ്ടായിരുന്നു (മത്തായി 20:29, 27:55). ആകയാൽ നാമും വിശ്വസ്തതയോടെ ആ മാതൃക പിന്തുടർന്ന് യേശുവിനെ പിൻഗമിക്കാം.

യേശുക്രിസ്തുവിനെ പിന്തുടരുക എന്ന കാര്യത്തെ നാം ഗൗനിക്കുമ്പോൾ നല്ല ഇടയനായ യേശുവിൻ്റെ ആടുകൾ ഒക്കെയും യേശുവിന്റെ ശബ്ദം കേട്ടാണ് യേശുവിനെ അനുഗമിക്കുന്നത് (യോഹന്നാൻ 10:3-4). ഈ തൊഴുത്തിൽപെടാത്ത വേറെയുമുള്ള തന്റെ ആടുകളും യേശുവിൻ്റെ ശബ്ദം കേട്ട് യേശുവിനാൽ നടത്തപ്പെടുന്നവരാണ് (യോഹന്നാൻ 10:16). ആകയാൽ യേശുവിനെ പിൻഗമിപ്പാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും യേശു വെച്ചിരിക്കുന്ന മാതൃകയാക്കേണ്ട കാൽചുവട് തന്റെ ശബ്ദം കേൾക്കുക എന്നതാണ്. ആകയാൽ യേശുവിന്റെ ശബ്ദം കേട്ട് ആ വചനപ്രകാരം ജീവിക്കുക എന്നതാണ് യേശുവിനെ പിന്തുടരുക എന്നതിൻ്റെ വ്യക്തത (മത്തായി 7:21-27). യേശു കല്പിച്ചതല്ലാത്ത മറ്റ് ഏതു പ്രവർത്തികളും നമ്മെ ദൈവരാജ്യത്തിന് യോഗ്യരാക്കുന്നതല്ല എന്നതാണ് സത്യം. യേശുവും സ്വയമായി ഒന്നും ചെയ്യാതെ പിതാവ് യേശുവിന് ഉപദേശിച്ചു കൊടുത്തതു പോലെയും (യോഹന്നാൻ 8:28) പിതാവ് ചെയ്തു കാണുന്നതു പോലെയുമാണ് യേശുവും പ്രവർത്തിച്ചത് (യോഹന്നാൻ 5:19).

അതുകൊണ്ടുതന്നെ എന്ത് കഷ്ടം സഹിക്കേണ്ടി വന്നാലും നാം പരിശുദ്ധാത്മാവിൻ്റെ സന്തോഷത്തോടെ വചനം കൈക്കൊള്ളുന്നതിനാൽ കർത്താവിന് അനുകാരികളായിത്തീരുന്നു (1 തെസ്സലൊനിക്യർ 1:6). ആകയാൽ യേശുവിനെ പോലെ കഷ്ടങ്ങളാൽ അനുസരണം പഠിച്ച് നമുക്കും തികഞ്ഞവരായിത്തീരം. (എബ്രായർ 5:8) തൻ്റെ വാക്ക് കേട്ടുകൊണ്ട് തന്റെ വഴികളെ പ്രമാണിക്കുവാനായി ദിവസം പ്രതി പടിവാതിൽക്കൽ ജാഗരിച്ചും തൻ്റെ വാതിൽ കട്ടിളയ്ക്കൽ കാത്തും കൊണ്ട് തന്റെ വാക്ക് കേട്ട് അനുസരിക്കുന്നവനാണ് ഭാഗ്യവാൻ (സദൃശ്യവാക്യം 8:32-34). മറ്റൊരു നിലയിൽ നാം ചിന്തിച്ചാൽ ഓരോ ദിവസവും രാവിലെ ദൈവസന്നിധിയിൽ ഇരുന്ന് കർത്താവിനെ നമ്മുടെ ദൈവം എന്ന് ഏറ്റുപറഞ്ഞുകൊണ്ട് തന്റെ ഇഷ്ടം ചെയ്യുവാൻ പഠിപ്പിക്കണമെന്ന് പ്രാർത്ഥിച്ച് ദൈവിഷ്ടത്തിനായി നമ്മെ ഏൽപ്പിച്ചു കൊടുക്കാം. സകല സത്യത്തിലും നമ്മെ വഴി നടത്തുന്ന പരിശുദ്ധാത്മാവ് നമ്മെ നേർനിലത്തിൽ വഴി നടത്തും (സങ്കീർത്തനം 143:10). ഇംഗ്ലീഷ് ബൈബിളിൽ യേശുവിന്റെ കല്പനകളെ പ്രമാണിക്കുന്നവരാണ് പുതിയ യെറുശലേം എന്ന വിശുദ്ധ നഗരത്തിൽ കടക്കുവാൻ യോഗ്യരാകുന്നത് എന്ന് നമുക്ക് കാണാം (വെളിപ്പാട് 22:14).

യേശുവിനെ അനുഗമിച്ച തന്റെ ശിഷ്യന്മാർ പറയുന്നത് അവർ സകലവും വിട്ടു യേശുവിനെ അനുഗമിച്ചു എന്നാണ് (മർക്കൊസ് 10:28). തനിക്കുള്ളതൊക്കെയും വിട്ടു പിരിയുന്നില്ല എങ്കിൽ ആർക്കും തന്റെ  ശിഷ്യനായിരിക്കാൻ കഴിയുകയില്ല എന്ന്  യേശുവും വ്യക്തമായി പറയുന്നു (ലൂക്കോസ് 14:33). ആകയാൽ യേശുവിനെ അനുഗമിപ്പാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി യേശു നിമിത്തമോ സുവിശേഷം നിമിത്തമോ തനിക്കുള്ളത് ഒക്കെയും വിട്ടുകളവാൻ ഒരുക്കമുള്ളവനായിരിക്കണം. അങ്ങനെയുള്ളവർക്ക് ഉപദ്രവങ്ങളോടുകൂടെ ഈ ലോകത്തിൽ തന്നെ നൂറു മടങ്ങായി തിരികെ ലഭിക്കും എന്നും അവർ വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കും എന്നും യേശു സത്യമായിട്ടു പറയുന്നു (മാർക്കോസ് 10:29-30). ആകയാൽ വിട്ട് പിരിയുന്നതിനാലുള്ള കഷ്ടതയെ സഹിച്ചുകൊണ്ടു തന്നെ നാം യേശുവിനെ പിൻഗമിക്കുന്നവർ ആകാം.

ഇനിയും ഒരുവൻ യേശുവിന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തു കൊണ്ട് യേശുവിനെ അനുഗമിക്കട്ടെ എന്ന് യേശു പറയുന്നു (മത്തായി 16:24). സ്വന്ത ജീവനെയും കൂടെ പകയ്ക്കാതിരിക്കുന്നവന് യേശുവിന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല എന്നാണ് (ലൂക്കോസ് 14:26). അപ്പൊസ്തലനായ പൗലോസും തന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല എന്നു പറയുന്നു (അപ്പൊ. പ്രവൃത്തി 20:24). ആകയാൽ നാം കർത്താവിനോടു കൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നവരായി യേശുവിനെ പിൻഗമിക്കാം (ലൂക്കോസ് 22:33). മാത്രമല്ല നാം നമ്മുടെ ക്രൂശ് എടുത്തുകൊണ്ടുകൂടെ വേണം യേശുവിനെ പിൻഗമിപ്പാൻ. ക്രൂശിൽ അകൃത്യയാഗമായിത്തീർന്ന യേശുവിന്റെ ജീവിതത്തിൽ  യേശുവിനെ തകർത്തു കളവാന്‍ ദൈവത്തിന് ഇഷ്ടം തോന്നിയിട്ട് ദൈവം തനിക്ക് വരുത്തിയ കഷ്ടമാണ് യേശുവിന്റെ ക്രൂശ് എന്നത് (യെശയ്യാവ് 53:10). ആകയാൽ നമ്മുടെയും ജീവിതത്തിൽ സ്വന്തം ഇഷ്ടമൊന്നും വേണ്ട എന്ന് പറഞ്ഞു ദൈവത്തിന്റെ ഇഷ്ടത്തിനായി നമ്മെ തന്നെ നമുക്ക് ഏൽപ്പിച്ചു കൊടുക്കുന്നവരായി നമുക്ക് ദൈവം വരുത്തുന്ന കഷ്ടതയാകുന്ന നമ്മുടെ സ്വന്തം ക്രൂശ് എടുക്കാം (ലൂക്കോസ് 22:42). സ്വയത്തിന് മരിച്ചവരായി തന്നെത്താൻ ത്യജിച്ച് യേശുവിനോടുകൂടെ, യേശുവിനെ പോലെ  ക്രൂശിക്കപ്പെട്ടവരായി ഇനി ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത് എന്ന മനോഭാവത്തോടെ കർത്താവിനെ പിൻഗമിപ്പാൻ നമുക്ക് ഇടയാകട്ടെ (ഗലാത്യർ 2:20).

യേശു ലോകത്തിന്റെ വെളിച്ചം ആകയാൽ യേശുവിനെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവനാകും എന്ന് നാം വായിക്കുന്നു (യോഹന്നാൻ 8:12) മുമ്പേ നാം ഇരുൾ ആയിരുന്നു ഇപ്പോഴോ കർത്താവിൽ വെളിച്ചം ആയിരിക്കുന്നു. ആകയാൽ കർത്താവിന് പ്രസാദമായത് എന്തെന്നു പരിശോധിച്ചു കൊണ്ട് വെളിച്ചത്തിലുള്ളവരായി നാം നടക്കേണ്ടിയിരിക്കുന്നു. സകല സൽഗുണവും നീതിയും സത്യവുമാണ് വെളിച്ചത്തിന്റെ ഫലം. ആകയാൽ നാം ഇരുട്ടിന്റെ നിഷ്ഫല പ്രവർത്തികളിൽ കൂട്ടാളികൾ ആകരുത് (എഫെസ്യർ 5:8-11). യേശു ദൈവത്തിന്റെ കല്പനയാല്‍ പല നല്ല പ്രവർത്തികളെ നമുക്ക് കാണിച്ചിരിക്കുന്നത് പോലെ നാമും ദൈവവചനപ്രകാരം നല്ല പ്രവർത്തികളെ ചെയ്യുവാൻ ഇടയാകട്ടെ (യോഹന്നാൻ 10:32). അങ്ങനെ മനുഷ്യർ നമ്മുടെ നല്ല പ്രവർത്തികളെ കണ്ടു സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നമ്മുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിപ്പിച്ചുകൊണ്ട് യേശുവിനെ പിൻഗമിക്കാം (മത്തായി 5:16).

യേശു ഇരിക്കുന്നിടത്ത് തന്റെ ശുശ്രൂഷക്കാരനും ഇരിക്കേണ്ടതാകയാൽ നാം യേശുവിന്റെ ശുശ്രൂഷ ചെയ്യുന്നവരായി വേണം യേശുവിനെ അനുഗമിക്കുവാൻ (യോഹന്നാൻ 12:26). യേശുവിന്റെ പരസ്യശുശ്രൂഷാകാലത്ത് ഗലീലയിൽ നിന്ന് യേശുവിനെ ശുശ്രൂഷിച്ചു കൊണ്ട് അനുഗമിച്ചു വന്ന പല സ്ത്രീകളും യേശുവിനെ അവസാനം വരെയും അനുഗമിക്കുന്നവരായിരുന്നു (മത്തായി 27:55). ഈ സ്ത്രീകളിൽ പലരും തങ്ങളുടെ വസ്തുവകകൊണ്ട് യേശുവിനും തന്നെ പിൻഗമിച്ചവർക്കും ശുശ്രൂഷ ചെയ്തു പോന്നവരാണെന്ന് കാണുന്നു (ലൂക്കോസ് 8:1-3). ശിഷ്യൻ എന്നുവെച്ച് യേശുവിന്റെ ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനും പ്രതിഫലം കിട്ടാതെ പോകയില്ല എന്ന് യേശു സത്യമായിട്ട് പറയുന്നു (മത്തായി 10:42). യേശു തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരുന്നു തന്റെ വലത്തുള്ള അനുഗ്രഹിക്കപ്പെട്ടവരോട് പറയുന്നത് യേശുവിന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്  അവർ ചെയ്തേടത്തോളം എല്ലാം യേശുവിനായി ചെയ്തു എന്നാണ് (മത്തായി 25:34-40). എന്നാൽ ഈ ചെറിയവരിൽ ഒരുത്തനു കഴിപ്പാനും കുടിപ്പാനും ഉടുക്കുവാനും കൊടുക്കാത്തവരായും അതിഥിയായി ചേർത്തുകൊള്ളാത്തവരായും രോഗിയായിരുന്നപ്പോഴും തടവിലായിരുന്നപ്പോഴും കാണാത്തവരായും  ഒക്കെ വെളിപ്പെട്ട ഇടത്തുള്ളവർ യേശുവിന് എപ്പോൾ ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ചോദിക്കുന്നു (മത്തായി25:44). ആകയാൽ നമ്മുടെ വസ്തുവകകൾ കൊണ്ട്, അനീതിയുള്ള മാമോനെ കൊണ്ട് സ്നേഹിതരെ സമ്പാദിക്കത്തക്കവണ്ണം യേശുവിന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാർക്ക് ശുശ്രൂഷ ചെയ്യുവാൻ മനസ്സുള്ളവരായി നമുക്ക് മാറാം. അതിനാൽ നാം നിത്യ കൂടാരങ്ങളിൽ ചേർക്കപ്പെടുവാൻ ഇടയാകും (ലൂക്കോസ് 16:9). യേശു ഇരിക്കുന്നിടത്ത് നാമും ഇരിക്കേണ്ടതിന് വീണ്ടും വന്നു യേശു നമ്മെ തന്റെ അടുക്കൽ ചേർത്തുകൊള്ളും (യോഹന്നാൻ 14:3).

യേശു മരിച്ച്‌ ഉയർത്തെഴുന്നേറ്റ് മുൻപേ താൻ ഇരുന്നേടത്തേക്ക് കയറി പോകുമെന്ന് പറയുന്നു (യോഹന്നാൻ 6:62). യേശുവിന്റെയും നമ്മുടെയും പിതാവും ദൈവവുമായവന്റെ അടുക്കലേക്കാണ് യേശു കയറി പോകുന്നത് (യോഹന്നാൻ  20:17). ആ സ്ഥലത്തേക്ക് ഇപ്പോൾ നമുക്ക് യേശുവിനെ അനുഗമിപ്പാൻ കഴിയുകയില്ല എന്നാൽ പിന്നത്തേതിൽ, യേശുവിനെ പോലെ  നമ്മുടെ പുനരുത്ഥാനത്തിൽ നാമും യേശുവിനെ അനുഗമിക്കുവാൻ ഇടയാകും (യോഹന്നാൻ 13:36). സീയോനിൽ, ദൈവസന്നിധിയിൽ ചെന്നെത്തിയിട്ട് കുഞ്ഞാടാകുന്ന നമ്മുടെ കർത്താവ് പോകുന്നിടത്തൊക്കെയും നാം തന്നെ അനുഗമിക്കുന്നവരായിത്തീരാം (വെളിപ്പാട് 14:4).

ഈ അനുഭവങ്ങളോടെ യേശുവിനെ അനുഗമിക്കുവാൻ നമുക്ക് എങ്ങനെ സാധിക്കും? ഉത്തമഗീതത്തിൽ ശൂലേംകാരത്തി പ്രിയനോട് പറയുന്നത് "നിൻ്റെ പിന്നാലെ എന്നെ വലിക്ക നാം ഓടിപ്പോക" എന്നാണ് (ഉത്തമഗീതം 1:4). യേശുവിന്റെ പിന്നാലെ പോകുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി അതിനായി യേശുവിൻ്റെ സഹായം തേടിക്കൊണ്ട് യേശുവിൻ്റെ പിന്നാലെ വലിക്കപ്പെടുവാൻ ആഗ്രഹിക്കുമ്പോൾ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നതായി കാണാം. അത് യേശുവിന്റെ പിന്നാലെ ചെന്ന് നമുക്ക് വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റവനായ യേശുവിനു വേണ്ടി ജീവിക്കുന്നതിനായുള്ള നിർബന്ധമാണ് (2 കൊരിന്ത്യർ 5:14-15). നാം വിലയ്ക്ക് വാങ്ങപ്പെട്ടവരാകയാൽ തന്താങ്ങൾക്കുളളവരല്ല എന്ന് നാം അറിയുന്നു (1കൊരിന്ത്യർ 6:19). ആകയാൽ യേശുവിനെ പിൻഗമിച്ച് തന്റെ ശബ്ദം കേട്ട് യേശുവിൻ്റെ കല്പനകളൊക്കെയും അനുസരിക്കുന്നവരായി യേശുവിനുള്ളവരായിത്തീരാം. ദൈവം നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കി തന്നിട്ട് അവന്റെ കല്പനകളുടെ പാതയിലൂടെ സ്ഥിരതയോടെ ഓടി (സങ്കീർത്തനം119:32) യേശുവിനെ പിൻഗമിക്കുന്നവരായി സ്വർഗ്ഗ സീയോനിൽ ചെന്നു ചേരുവാൻ ദൈവം നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ.