ദൈവപ്രസാധമുള്ള ചെറിയ കൂട്ടം (ലൂക്കോസ് 12:32)

ദൈവപ്രസാധമുള്ള ചെറിയ കൂട്ടം (ലൂക്കോസ് 12:32)
: :

ദൈവത്തിന് മഹത്വം

ദൈവപ്രസാധമുള്ള ചെറിയ കൂട്ടം

"
ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുത്: നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നൽകുവാൻ പ്രസാദിച്ചിരിക്കുന്നു." ലൂക്കോസ് 12:32

കർത്താവായ യേശുക്രിസ്തു തന്റെ പ്രഭാഷണമധ്യേ തനിക്കുള്ളവരെക്കുറിച്ച് പറയുമ്പോൾ ചെറിയവർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. മത്തായി 10:42, 18:6, 10, 14, 25: 40, 45 ഈ വേദഭാഗങ്ങളിലെല്ലാം നമുക്ക് അത് കാണുവാൻ കഴിയും. യേശുവിൻ്റെ ഏറ്റവും ചെറിയവർ എന്ന പരാമർശം യേശുവിൽ നിന്ന് ഗ്രഹിച്ച അപ്പൊസ്തലനായ പൗലോസ് തന്റെ ജീവിതാനുഭവത്തിൽ താൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ എന്നും (1കൊരിന്ത്യർ 15 :9) സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ (എഫെസ്യർ 3:8) എന്നുമെല്ലാം എടുത്തുപറയുന്നു. നാമും മറ്റെല്ലാവരിലും ചെറിയവൻ ആയെങ്കിൽ മാത്രമേ വലിയവൻ ആകുവാൻ കഴിയൂ (ലൂക്കോസ് 9:48). ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ യോഹന്നാൻ സ്നാപകനേക്കാൾ വലിയവനായി കാണപ്പെടുന്നു (ലൂക്കോസ് 7:28). മാത്രമല്ല നാം ഒരു ചെറിയ കഴുതയാകുമെങ്കിൽ നമ്മുടെ ഈ ലോകജീവിതയാത്രയിൽ യേശു കർത്താവ് രാജാവായി നമ്മുടെമേൽ എഴുന്നള്ളുവാനും ഇടയാകും (യോഹന്നാൻ 12:14-15).

ചെറിയ ആട്ടിൻകൂട്ടം എന്ന് പറയുമ്പോൾ വലിയ ആട്ടിൻകൂട്ടവും ഉണ്ട് എന്ന് വ്യക്തം. ദൈവവചനം നാം പഠിക്കുമ്പോൾ വലിയ കൂട്ടത്തിൽ അല്ല ചെറിയ കൂട്ടത്തിലാണ് ദൈവം പ്രസാദിക്കുന്നത്. യിസ്രായേൽ മക്കളുടെ മരുഭൂപ്രയാണത്തിൽ പാരാൻ മരുഭൂമിയിലെ കാദേശിൽ വച്ച് യിസ്രായേൽ ജനം ഒന്നടങ്കം മോശയ്ക്കും അഹരോനും വിരോധമായി സംസാരിച്ചപ്പോൾ വളരെ ചെറിയ കൂട്ടമായി യോശുവയും കാലേബും ആ വലിയ കൂട്ടത്തോട് പറയുന്നത് "ദൈവം നമ്മിൽ പ്രസാദിച്ചാൽ ആ ദേശം ദൈവം നമുക്ക് തരും" എന്നാണ് (സംഖ്യാപുസ്തകം 14:1-9). അവർ ചെറിയ കൂട്ടമായി ദൈവത്തോട് പറ്റിനിന്നതിനാൽ ദൈവം ആ ദേശം അവർക്ക് നൽകുമ്പോൾ ആ വലിയ കൂട്ടം ജനം അതിൽ കടക്കുകയില്ല എന്ന് ദൈവം പറയുന്നു (സംഖ്യാപുസ്തകം 32:11-12). ഒരേ ആത്മീക ആഹാരം തിന്നും തങ്ങളെ പിൻഗമിച്ച ആത്മീയ പാറയായ ക്രിസ്തുവിൽനിന്ന് ഒരേ ആത്മീയ പാനീയം കുടിച്ചും ആത്മീയരായി ജീവിച്ചവരെങ്കിലും ആ വലിയ കൂട്ടത്തിൽ ദൈവം പ്രസാദിച്ചില്ല. ആകയാൽ ദൈവം അവരെ മരുഭൂമിയിൽ തള്ളിയിട്ടു കളയുന്നു (1കൊരിന്ത്യർ 10:2-6).

ഇത് നമുക്ക് ദൃഷ്ടാന്തം ആകയാൽ നാമും ചെറിയ കൂട്ടത്തിൽ ഉൾപ്പെട്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നവരാകാം.  നാശത്തിലേക്കുള്ള വഴിയിലൂടെ പോകുന്ന അനേകരായിട്ടല്ല, ജീവങ്കലേക്ക് പോകുന്ന വഴി കണ്ടെത്തുന്ന ചുരുക്കം പേരായിത്തീരാം (മത്തായി 7:13-14). ഇടുക്കുവാതിലിലൂടെ കടപ്പാൻ നോക്കി കഴിയാതെ പോയ പലരായിട്ടല്ല, നല്ല പോർ പൊരുതു അകത്ത് കടക്കുന്ന ചുരുക്കം ചിലരാകാം (ലൂക്കോസ് 13:24). വിളിക്കപ്പെട്ട അനേകരായിട്ടല്ല, തെരഞ്ഞെടുക്കപ്പെട്ട ചുരുക്കമായി നമുക്ക് കാണപ്പെടാം (മത്തായി 22:14).  രാജ്ഞികളും വേപ്പാട്ടികളും കന്യകമാരും ആകുന്ന അസഖ്യമായവരുടെ കൂട്ടത്തിലല്ല, യേശുവിൻ്റെ പ്രാവും നിഷ്കളങ്കയുമായ കാന്ത ഒരുത്തി മാത്രമായി നാം മാറ്റപ്പെടട്ടേ (ഉത്തമഗീതം 6:8-9). അങ്ങനെയെങ്കിൽ ദൈവം നമ്മിൽ പ്രസാദിച്ചിട്ട് രാജ്യം നമുക്ക് നൽകുവാൻ ഇടയാകും.

ചെറിയ ആട്ടിൻകൂട്ടം എന്നു പറയുമ്പോൾ  ആട്ടിൻകൂട്ടം എന്ന പ്രത്യേക കൂട്ടരേ കുറിച്ചാണ് പറയുന്നതെന്ന് നാം വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.  യേശു ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനായ നല്ല ഇടയനായി ലോകത്തിലേക്ക് വന്നു (യോഹന്നാൻ 10:11, 15).   സർവ്വലോകത്തേക്കാൾ വിലയേറിയതായ മനുഷ്യന്റെ  ജീവനെ വീണ്ടെടുക്കുവാനായി (മത്തായി 16:26) യേശു തൻ്റെ ജീവനെ മറുവിലയായി കൊടുക്കുന്നു
(
മത്തായി 20:28). ഇങ്ങനെ ഒരു കൂട്ടം മനുഷ്യരെ തന്റെ ആടുകളാക്കി ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ആക്കുന്നു (യോഹന്നാൻ:10:16). ആകയാൽ യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട കൂട്ടരാണ് ഈ ആട്ടിൻകൂട്ടം (1പത്രോസ് 1:18-19). തന്റെ ആടുകൾക്ക് ജീവനുണ്ടാകുവാനും സമൃദ്ധിയായ ജീവൻ ഉണ്ടാകുവാനുമായിട്ടുകൂടിയാണ് യേശു വന്നത് (യോഹന്നാൻ 10:10). ആ ഉദ്ദേശം നിറവേറ്റുവാനായി യേശു തന്റെ കൂട്ടത്തിലുള്ള ആടുകൾക്ക് തൻ്റെ ശബ്ദം കേൾപ്പിച്ച് അവയ്ക്കു മുൻപേ നടക്കുന്നു.  അവ യേശുവിന്റെ ശബ്ദം മാത്രം കേട്ട്  അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കയാൽ അവ അന്യരെ വിട്ട് ഓടി യേശുവിനെതന്നെ അനുഗമിക്കുന്നു (യോഹന്നാൻ 10:3-5). ആകയാൽ അവ ഒരുനാളും നശിച്ചു പോകാതെ യേശു അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു (യോഹന്നാൻ 10:26-28). അങ്ങനെ നാശത്തിലേക്ക് പിന്മാറുന്നവർ ആയിട്ടല്ല വിശ്വസിച്ച് യേശുവിനെ പിൻഗമിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലുള്ള ആടുകളായവരിൽ ദൈവം പ്രസാദിക്കുന്നു (എബ്രായർ 10:38-39). നാം ഈ ആട്ടിൻ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആണോ എന്ന് നമ്മെത്തനെ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഈ ചെറിയ ആട്ടിൻകൂട്ടത്തിൻ്റെ പ്രത്യേകത ദൈവം അവരിൽ പ്രസാദിക്കുന്നു എന്നതാണ്. ലോകത്തിലേയ്ക്ക് വരുന്ന യേശുവിനെക്കുറിച്ചു എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ എന്നു പ്രവചനം ഉണ്ടായിരുന്നു (യെശയ്യാവ് 42:1).   ഭൂമിയിൽ ആ പ്രവചനം യേശുവിൽ നിവർത്തിക്കപ്പെട്ടതായി നാം വായിക്കുന്നു (മത്തായി 12:17-21). അതിനായി ജീവിച്ച യേശുവിനെ നാം നോക്കുമ്പോൾ യേശു സ്നാനമേറ്റ് കരയ്ക്ക് കയറിയ ഉടനെ ദൈവം തന്നിൽ പ്രസാദിച്ചിരിക്കുന്നു എന്ന സാക്ഷ്യം പ്രാപിക്കുന്നു (മത്തായി 3:16-17). മാത്രമല്ല യേശു തൻ്റെ ജീവിതകാലമൊക്കെയും ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികളെ ചെയ്തു ജീവിച്ചു എന്നു സാക്ഷ്യംപറയുന്നു (യോഹന്നാൻ 8:29). ക്രിസ്തീയ ജീവിതത്തിന്റെ അവസാന അനുഭവമായ തേജസ്കരണം യേശു പ്രാപിക്കുമ്പോൾ ദൈവം വീണ്ടും യേശുവിൽ പ്രസാദിച്ചിരിക്കുന്നു എന്ന് പറയുന്നു (മത്തായി 17:5). നാമും നമ്മുടെ സ്നാനത്തിലൂടെ ദൈവപ്രസാദമുള്ള ഒരു ക്രിസ്തീയജീവിതം ആരംഭിക്കുമ്പോൾ യേശുവിനെപ്പോലെ എല്ലായിപ്പോഴും ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികളെ ചെയ്യുന്നവരാകണം (യോഹന്നാൻ 8:29). മാത്രമല്ല നാം ബുദ്ധിയുള്ള ആരാധനയായി നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവും ഉള്ള യാഗമായി സമർപ്പിക്കേണം (റോമർ 12-1).  കൂട്ടത്തിൽ നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. എന്തെന്നാൽ ഈ വക യാഗത്തിലുമാണ് ദൈവം പ്രസാദിക്കുന്നത് (എബ്രായർ 13:16). ഇനിയും ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും ആകയാൽ ആ ദൈവരാജ്യത്തിന്റെ അനുഭവത്തിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്ക് കൊള്ളാകുന്നവനുമാകും (റോമർ 14:17-18). ഈ വിധമായി നമ്മുടെ ജീവിതത്തിൽ നാം നന്ദിയുള്ളവരായി ഭയത്തോടും ഭക്തിയോടും കൂടെ ദൈവത്തെ സേവിക്കുന്നവരായാൽ ദൈവം നമ്മിൽ പ്രസാദിച്ചിട്ട് നാം ഇളകാത്ത ദൈവരാജ്യം പ്രാപിക്കുവാൻ ഇടയാകും (എബ്രായർ 12:28).

ദൈവപ്രസാദം ലഭിച്ചു ദൈവരാജ്യത്തെ പ്രാപിക്കുന്നതിനെകുറിച്ച് നാം കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു.  കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് ദൈവരാജ്യത്തിൽ കടക്കുന്നത് എന്ന് യേശു പറയുന്നു (മത്തായി 7:21). ആകയാൽ നാം ദൈവരാജ്യത്തിനുള്ളവരായി ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പൂർണ്ണതയും പ്രസാദവുമുള്ള ദൈവഹിതം എന്തെന്ന് മനസ്സ് പുതുക്കി രൂപാന്തരപ്പെട്ട് തിരിച്ചറിയേണ്ടിയിരിക്കുന്നു (റോമർ 12:2). തിരുഹിതത്തിൻ്റെ പ്രസാദം എന്നും, തന്റെ പ്രസാദത്തിന് തക്കവണ്ണം ഉള്ള ദൈവഹിതത്തിൻ്റെ മർമ്മം എന്നും എഫെസ്യർ 1:5-9 വാക്യങ്ങളിൽ നാം വായിക്കുന്നു. ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ് ദൈവത്തിനു പ്രസാദമായത് എന്നു നമുക്ക് ഇതിൽനിന്ന് മനസിലാക്കാം.  ആകയാൽ ദൈവത്തെ പ്രസാദിക്കുന്നവർ ആകത്തക്കവണ്ണം ക്രിസ്തുവിന്റെ ദാസരായി ദൈവേഷ്ടം മനസ്സോടെ ചെയ്യുന്നവരാകണം (എഫെസ്യർ 6:6). കാരണം യേശുവും  എല്ലായ്പ്പോഴും ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികളെ ചെയ്യുന്നു (യോഹന്നാൻ 8:29) എന്ന് പറയുമ്പോൾ അത് തന്നെ അയച്ച ദൈവത്തിൻ്റെ ഇഷ്ടം ചെയ്ത് ആ ദൈവപ്രവർത്തികളെ തികയ്ക്കുന്നതാണ് എന്ന് കാണാം (യോഹന്നാൻ 4:34). ശരീരത്തിൽ ദൈവേഷ്ടം ചെയ്യുവാൻ ലോകത്തിലേക്ക് വന്ന യേശുവിനെപ്പോലെ (എബ്രായർ 10:5-7) ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ നമുക്കും ഇടയാകട്ടെ (എബ്രായർ 10:36).

ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന രാജ്യത്തിന്റെ അവകാശികൾ ആകുവാൻ നമുക്കും ഇടയാകേണം (യാക്കോബ് 2:5). എന്നാൽ നാം ദൈവത്തെ സ്നേഹിക്കുന്നവരാകേണ്ടതിന് തന്റെ കല്പനകളെ ലഭിച്ചു പ്രമാണിക്കുന്നവർ ആകണം (യോഹന്നാൻ 14:21). അങ്ങനെ ദൈവകല്പനകളെ പ്രമാണിച്ച് ജീവിക്കുന്നവരാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നവർ (1യോഹന്നാൻ 3:22). ചുരുക്കത്തിൽ ദൈവത്തെ സ്നേഹിക്കുന്നവർ എന്നതിന്റെ അളവുകോലായ ദൈവവചനം പ്രമാണിക്കുന്നവരായി (യോഹന്നാൻ 14:21) സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം മനസ്സോടെ ചെയ്ത് ജീവിച്ചുകൊണ്ട് പിതാവിന് പ്രസാധമുള്ളവരായി പിതാവിൻ്റെ രാജ്യത്തിൽ പ്രവേശിപ്പാൻ നമുക്ക് സാധിക്കേണം. നമ്മുടെ ദൈവമായ കർത്താവ് നമ്മെ സഹായിച്ചിട്ട് നമുക്കതു സാധ്യമാകട്ടെ.