ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക (യോശുവ 1:9)

ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക (യോശുവ 1:9)
: :

ദൈവത്തിന് മഹത്വം

ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക

"
നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോട് കൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക, ഭയപ്പെടരുത് ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോട് കല്പിച്ചുവല്ലോ." യോശുവ 1:9

നിത്യതയ്ക്ക് നിഴലായി പറയപ്പെടുന്ന കനാൻ ദേശം അവകാശമാക്കുവാൻ പോകുന്ന യോശുവയോട് ദൈവം അരുളിചെയ്യുന്ന വാക്കുകളാണിത്. സ്വർഗ്ഗകനാനെ അവകാശമാക്കുവാൻ ജീവിതയാത്ര ചെയ്യുന്ന നമ്മുടെ ജീവിതത്തിൽ "ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെയുണ്ട്" എന്ന് ഉറപ്പുനൽകിയ നമ്മുടെ കർത്താവായ യേശുക്രിസ്തു ജീവിതാവസാനംവരെയും നമ്മോടു കൂടെ ഇരിക്കുന്നതിനാൽ ഭയപ്പെട്ട് ഭ്രമിക്കാതെ ഉറപ്പോടും ധൈര്യത്തോടും കൂടെ നാം നമ്മുടെ ക്രിസ്തീയ ജീവിതം നയിക്കുന്നു. എന്നാൽ ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യാശയെന്നത് യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടിട്ട് ഉയർത്തെഴുന്നേറ്റിരിക്കയാൽ നാമും ഉയർത്തെഴുന്നേല്ക്കും എന്നതാണ്. കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ യേശു തേജസ്സിൽ വെളിപ്പെടുമ്പോൾ നാമും ഉയർത്തെഴുന്നേറ്റ്  തേജസ്കരിക്കപ്പെട്ടവരായി യേശുവിനോടു കൂടെ കാണപ്പെടും. 1കൊരിന്ത്യർ 15:11-18 ൽ ക്രിസ്തു ഉയർത്തെഴുന്നേറ്റിട്ടില്ല എങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണ് എന്നു പറയുന്നു. നമ്മുടെ ക്രിസ്തീയ ജീവിതവും വ്യർത്ഥമാണെന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേറ്റിരിക്കയാൽ നമുക്കും ഒരു ഉയർത്തെഴുന്നേൽപ്പുണ്ട് എന്നുള്ളത് ഉറപ്പാക്കപ്പെടുന്നു (1കൊരിന്ത്യർ 15:20-23). ആകയാൽ നാം കർത്താവിനോട് കൂടെ ജീവിച്ചുകൊണ്ട് അഥവാ കർത്താവിൽ വസിച്ചുകൊണ്ട് തന്റെ പ്രതിക്ഷതയിൽ നാമും ധൈര്യം ഉള്ളവരാകണം (1യോഹന്നാൻ 2:28).

മർക്കൊസ് സുവിശേഷം പതിനാറാം അധ്യായതിൽ യേശുക്രിസ്തുവിൻ്റെ ഉയർപ്പിൻ നാളിൽ നടന്ന ചില കാര്യങ്ങൾ നമുക്ക് കാണുവാൻ കഴിയും. യേശുവിൻ്റെ പരസ്യ ശുശ്രൂഷാവേളയിൽ തന്നോടുകൂടെ തന്റെ പന്ത്രണ്ട് ശിഷ്യന്മാരും മഗ്ദലക്കാരത്തി മറിയ ഉൾപ്പെടെ ചില സ്ത്രീകളും യാത്ര ചെയ്തു (ലൂക്കൊസ് 8:1-3). തന്റെ അടക്കംവരെയും ഈ സ്ത്രീ പുരുഷന്മാർ യേശുവിനെ അനുഗമിച്ചു. എന്നാൽ മർക്കൊസ് പതിനാറാം അധ്യായത്തിൽ യേശു ഉയർത്തെഴുന്നേറ്റ കാര്യം ഒന്നാമത് അറിയിക്കപ്പെടുന്നത് ഈ സ്ത്രീകൾക്കു മാത്രമാണ്. കാരണം നാം നോക്കിയാൽ പുരുഷന്മാർ യേശുവിനോടുകൂടെ നടന്ന് വളരെ അധ്വാനിച്ചവരെങ്കിലും അവർ ആ ദിവസം അതിരാവിലെ യേശുവിനെ അന്വേഷിപ്പാൻ ഒരുക്കമുള്ളവർ ആയിരുന്നില്ല. യേശു ഉയിർത്തെഴുന്നേൽകും എന്നുള്ള ആ സദ്വർത്തമാനം അവർക്ക് നൽകപ്പെട്ടിരുന്നു എങ്കിലും അത് വേണ്ടുംവണ്ണം അവർക്ക് വിശ്വസിക്കാനാകാഞ്ഞതിനാൽ  അവർക്ക് അത് ഉപകാരമായി വന്നില്ല (എബ്രായർ 4:2). ഒരുപക്ഷേ ആ അതിരാവിലെ സമയം അവർ കിടന്നു ഉറങ്ങുന്നവർ ആയിരുന്നിരിക്കാം. മഗ്ദലക്കാരത്തി മറിയ അറിയിച്ചിട്ട് അവർ കല്ലറയ്ക്കൽ ചെന്നു എങ്കിലും അവർക്ക് ദൂതന്മാരുടെയോ യേശുവിന്റെയോ പ്രത്യക്ഷത ഉണ്ടാകാതെ അവർ വെറുതെ വീട്ടിലേക്ക് മടങ്ങുന്നു (യോഹന്നാൻ 20:1-10).

ആത്മീകമായി നാം ഇതിനെ ചിന്തിച്ചാൽ ഇന്ന് അനേകർ യേശുവിനുവേണ്ടി പ്രവർത്തിക്കാൻ ഉത്സാഹമുള്ളവരായി  യേശുവിനെ മുഴുലോകത്തിലും അറിയിക്കുന്നവർ മാത്രമല്ല യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുന്നവരും, പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യത്തക്കവണ്ണം കൃപാവരം ഉള്ളവരും ആയിരിക്കുന്നു (മത്തായി 7:21-23). എന്നാൽ ഇവർ ദൈവേഷ്ടം ചെയ്ത് വാഗ്ദത്തമായ കർത്താവിന്റെ വരവിൽ (എബ്രായർ 10:36-37) കാണപ്പെടുവാൻ തക്ക ചിന്തയോ ഉത്സാഹമോ ഇല്ലാത്തവരായി കാണപ്പെടുന്നു. യേശുവിന്റെ വരവിനെ കാത്തിരിക്കുന്നവർ അല്ലാത്തതിനാൽ അവർ അധർമ്മം പ്രവർത്തിക്കുന്നവരായി, യേശു ഒരു നാളും അറിഞ്ഞിട്ടില്ലാത്തവരായി കാണപ്പെടുന്നു. മറുഭാഗത്ത് വെളിപ്പാട് 12:1-6 ൽ സഭയാം സ്ത്രീയെ നാം കാണുമ്പോൾ അവൾ യേശുവിന്റെ പ്രത്യക്ഷതയെ കാണുവാനുള്ള ആവലോടെ കാത്തുനിൽക്കുന്നവരുടെ കൂട്ടമായി നമുക്ക് പഠിക്കാം (എബ്രായർ 9:28). അതുകൊണ്ടുതന്നെ കല്ലറയ്ക്കൽ വന്ന യേശുവിന്റെ ശിഷ്യന്മാരായ പത്രോസിനും യോഹന്നാനും കാണുവാൻ കഴിയാത്ത യേശുവിൻ്റെ ഉയർപ്പിൻ്റെ അവസ്ഥയെ ദൈവം ദൂതന്മാരാലും യേശുവിനാലും ആ സ്ത്രീകൾക്ക് വെളിപ്പെടുത്തിയതുപോലെ കർത്താവിൻ്റെ പ്രത്യക്ഷതയ്ക്കായി കാത്തുനിൽക്കുന്ന സഭയ്ക്ക് ആ വെളിപ്പാട് ദൈവം നൽകുന്നു.

ആകയാൽ പുരുഷന്മാരാകുന്ന ശുഷ്ക്കാന്തിയുള്ളവർ യേശുവിനു വേണ്ടി വളരെ പ്രവർത്തിക്കുന്നവരെങ്കിലും ശിഷ്യന്മാരെപോലെ യേശുവിൻ്റെ ഉയർപ്പിനെ അഥവാ പ്രത്യക്ഷതയെ കാത്തിരിക്കാത്തവർ ആയിരിക്കുന്നു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുനേൽകേണ്ടതാകുന്നു എന്ന തിരുവെഴുത്ത് ശിഷ്യന്മാർ അതുവരെ അറിഞ്ഞില്ല എന്നു വായിക്കുന്നു (യോഹന്നാൻ 20:9). എന്നാൽ സ്ത്രീകൾ ആകുന്ന ദൈവസഭയോ യേശുവിനെ അനുഗമിച്ചുകൊണ്ട്, യേശുവിനോടുകൂടെ ജീവിച്ചുകൊണ്ട് യേശുവിന്റെ ശുശ്രൂഷകളെ നന്നായി ചെയ്തവരായിരുന്നു (മത്തായി 27:55). അവർ തങ്ങളുടെ ജീവിതത്തെ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആക്കിക്കൊണ്ട് (2കൊരിന്ത്യർ 2:15) തങ്ങൾ ഒരുക്കിയ ജീവിതമാകുന്ന സുഗന്ധവർഗവും എടുത്തുകൊണ്ടു ഉയർപ്പിൻ പുലരിയിൽ യേശുവിനെ കാണുവാനുള്ള വാഞ്ചയോടെ പുറപ്പെടുന്ന (ലുക്കോസ് 24:1) പ്രത്യാശയുള്ള സഭയായി കാണപ്പെടുന്നു. ഈ ലോക ജീവിതത്തിൽ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പ്രവൃത്തികൾ അഥവാ ശുശ്രൂഷ മാത്രമല്ല പ്രധാനം. അതോടുകൂടെ നമ്മുടെ ജീവിതവും കർത്താവിൻ്റെ വരവിൽ എടുത്തുകൊള്ളപ്പെടുവാൻ തക്കവണ്ണം ഒരുക്കുന്നവരാകുവാൻ നമുക്ക് ഇടയാകട്ടെ. ഉറങ്ങുന്നവരായവർ മരിച്ചവരുടെ അഥവാ രണ്ടാം മരണത്തിന് അധീനരായവരുടെ ഇടയിൽനിന്ന് എഴുന്നേൽക്കുമെങ്കിലേ ക്രിസ്തുവിൻ്റെ പ്രകാശം ആ പൊൻപുലരിയിൽ തങ്ങളിൽ ഉണ്ടാകത്തക്കവണ്ണം പ്രകാശത്തിനായി കാത്തിരിക്കാനാകൂ (എഫെസ്യർ 5:14).

ഇനിയും ഈ സ്ത്രീകളാകുന്ന സഭയെ നാം ശ്രദ്ധിച്ചാൽ അവരിൽ ബഹുഭൂരിപക്ഷവും ഉയർപ്പിൻ പ്രത്യാശയുള്ളവരെങ്കിലും വിറയലും ഭ്രമവും പിടിച്ച് ഭയപ്പെടുന്നവർ ആകയാൽ യേശുവിനെ കാണും എന്നുള്ളത് മറ്റുള്ളവരോട് പറവാൻ കഴിവില്ലാത്തവരായി മാറ്റപ്പെടുന്നു (മർക്കൊസ് 16:8). തങ്ങൾ കർത്താവിന്റെ വരവിൽ എടുത്തുക്കൊള്ളപ്പെടുവാൻ യോഗ്യരോ എന്ന ചിന്തയാൽ ഭയപ്പെട്ടു വിറക്കുന്നവരായി തങ്ങളുടെ പ്രത്യാശയെ ഉറക്കെ പറയുവാൻ പേടിയുള്ളവരായി തീരുന്ന ഒരു അവസ്ഥ. ഇതിൻ്റെ കാരണം ആത്മികമായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികളാണ് എങ്കിലും ബലഹീനപാത്രങ്ങൾ ആണെന്ന് വായിക്കുന്നു (1പത്രോസ് 3:7). ഞാൻ ആകുന്നത് കൃപയാൽ ആകുന്നു എന്ന് പറയത്തക്കവണ്ണം കൃപ പ്രാപിച്ചവരെങ്കിലും (1കൊരിന്ത്യർ 15:10) തങ്ങളുടെ സഭാജീവിതത്തിൽ തങ്ങൾ ആത്മീകരല്ല ജഡീകരായി കാണപ്പെടുന്നു (1കൊരിന്ത്യർ 3:1). ജഡത്തിൻ്റെ ബലഹീനതയിൽ പലവിധ പാപപ്രവൃത്തികൾ ചെയ്തവരായി ദൈവരാജ്യം അവകാശമാക്കുവാൻ കഴിവില്ലാത്തവരെന്ന ഭയത്തിൽ കഴിയുന്നവർ (ഗലാത്യർ 5:19-21). കർത്താവിൻ്റെ വരവെന്നു കേൾക്കുമ്പോഴേ കൈവിടപ്പെടുമോ എന്ന ഭയത്താൽ വിറയ്ക്കുന്നവർ. എന്നാൽ ജഡത്തിൻ്റെ ബലഹീനത നിമിത്തം കഴിയാഞ്ഞതിനെ സാധിപ്പിക്കുവാൻ ലോകത്തിൽ വന്ന യേശു (റോമർ 8:3) നമ്മുടെ ബലഹീനതയെ അറിഞ്ഞ് നമ്മോടു പറയുന്നത് "എൻ്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു" എന്നാണ് (2കൊരിന്ത്യർ 12:9). മറ്റൊരു നിലയിൽ ജഡം ബലഹീനം എങ്കിലും ആത്മാവിൽ ഒരുക്കമുള്ളവരായി ഉണർന്നിരുന്ന് കൃപയ്ക്കായി പ്രാർത്ഥിക്കുവാൻ ആണ് യേശു ആവശ്യപ്പെടുന്നത് (മത്തായി 26:41). ആകയാൽ നമ്മുടെ ബലഹീനതയെ ഗണ്യമാക്കാതെ ആത്മാവിൽ ആഗ്രഹവും ഉത്സാഹവും ഉള്ളവരായി ദൈവകൃപയാൽ കർത്താവിൻ്റെ വരവിൽ എടുത്തുകൊള്ളപ്പെടുവാൻ ആഗ്രഹിച്ച് അന്നു നമുക്കായി വെളിപ്പെടുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശവെച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ ഇടയാകണം (1പത്രോസ് 1:13). ദൈവാത്മാവ് നമ്മുടെ ബലഹീനതയ്ക്ക് തുണനിന്നുകൊണ്ട് നമ്മെ പ്രാർത്ഥിപ്പാൻ സഹായിക്കുന്നു (റോമർ 8:26). സംഭവിക്കാനുള്ള എല്ലാറ്റിനും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രൻ്റെ മുൻപിൽ നിൽക്കുവാനും പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ എന്ന് യേശു നമ്മോട് ആവശ്യപ്പെടുന്നു (ലൂക്കൊസ് 21:36). ഗെത്ത്ശെമന തോട്ടത്തിൽ നാം നോക്കിയാൽ പ്രാർത്ഥിപ്പാൻ ഉണർത്തപെട്ടിട്ടും ഉറങ്ങുന്നവരായി കാണപ്പെട്ട ശിഷ്യന്മാർ പരീക്ഷ വന്നപ്പോൾ ഓടിപ്പോകുന്നു (മാർക്കൊസ് 14:40,50). ഉയർപ്പിൻ പ്രഭാതത്തിലും അവർ ഉറങ്ങുന്നവരായി കാണപ്പെടുന്നു. എന്നാൽ അതിശ്രദ്ധയോടെ പ്രാർത്ഥിച്ച യേശുവോ (ലൂക്കൊസ് 22:44) ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ ദൈവത്തോട് പ്രാർത്ഥിച്ചതിനാൽ മരണത്തിൽ നിന്ന് വിടുവിക്കപ്പെട്ട് ഉയർപ്പിക്കപ്പെടുന്നു (എബ്രായർ 5:7). പ്രാർത്ഥനാജീവിതം ഉള്ളവരായാൽ നമുക്കും തൻ്റെ പ്രത്യക്ഷതയിൽ ഭയന്ന് ഭ്രമിക്കുന്നവർ ആകാതെ ഉറപ്പും ധൈര്യവുമുള്ളവരായി നിൽക്കാൻ കഴിയും (1യോഹന്നാൻ 2:28).

മർക്കൊസ് സുവിശേഷം പതിനാറാം അധ്യായം നാം വീണ്ടും ശ്രദ്ധിക്കുമ്പോൾ ആ സ്ത്രീകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടവൾ എന്ന് പറയപ്പെട്ട മഗ്ദലക്കാരത്തി മറിയയ്ക്ക് യേശു ആദ്യം പ്രത്യക്ഷനായി എന്ന് കാണുന്നു (മർക്കൊസ് 16:9). ഇതു നമ്മുടെ ചിന്തയിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.  സ്നേഹത്തിൽ ഭയമില്ല എന്നും തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു എന്നും നാം വചനത്തിൽ വായിക്കുന്നു (1യോഹന്നാൻ 4:18). മറിയയെ നാം ശ്രദ്ധിച്ചാൽ ഇരുട്ടിനെ ഭയപ്പെടാതെ, താൻ തനിച്ചാണ് എന്ന് ഓർക്കാതെ അവൾ യേശുവിനെ തേടി ഒറ്റയ്ക്ക് രാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെല്ലുന്നു (യോഹന്നാൻ 20:1). ഉത്തമഗീതം 6:8 - 10 ൽ അനേക സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ട് പ്രാവും നിഷ്കളങ്കയും ആയവൾ ഒരുത്തി മാത്രമെന്ന് പറയപ്പെട്ടിരിക്കുന്ന ശൂലേംകാരത്തിയെ ഇവിടെ നമുക്ക് ചിന്തിക്കാൻ കഴിയും. താൻ തൻ്റെ പ്രിയനുള്ളവൾ എന്ന ഉറപ്പും ധൈര്യവുമുള്ളവളാണവൾ (ഉത്തമഗീതം 6:3). രാത്രിയിലെ ഭയത്തെയും വഴിയിലെ പ്രതികൂലതയെയും കണ്ട് ഭ്രമിക്കാത്തവളായി തൻ്റെ പ്രിയനെ തേടിവരുന്നു (ഉത്തമഗീതം 3:1-5). മറിയയും യേശു മരിച്ചു എന്നോ, അടക്കപ്പെട്ടു എന്നോ, മൂന്നാം നാളായി നാറ്റം വച്ചു കാണുമെന്നോ ഓർക്കാതെ യേശുവിനെ തേടി കല്ലറയ്ക്കൽ വരുന്നു. യേശുവിന്റെത് മൃതശരീരം ആണെങ്കിലും, അത് തന്നെക്കൊണ്ട് എടുക്കുവാൻ സാധ്യമല്ല എങ്കിലും തൻ്റെ പ്രാണപ്രീയനോടുള്ള അതിരറ്റ സ്നേഹം നിമിത്തം അവൾ അത് എടുത്തുകൊണ്ട് പൊയ്ക്കൊള്ളാം എന്ന് പറയുന്നു (യോഹന്നാൻ 20:15). യേശുവിന്റെ ആഗ്രഹം പോലെ മറ്റെല്ലാവരെക്കാളും അധികമായി അവൾ യേശുവിനെ സ്നേഹിച്ചതിനാൽ (യോഹന്നാൻ 21:15) യേശു മറിയയ്ക്ക്  ഒന്നാമത് പ്രത്യക്ഷനാകുന്നു. ദൈവകൽപ്പനകളെ ലഭിച്ച് അവയെ പ്രമാണിക്കുന്നവരാണ് യേശുവിനെ സ്നേഹിക്കുന്നവർ (യോഹന്നാൻ 14:21). അവരാണ് യേശു കല്പിച്ചവയ്കളെ അവസാനത്തോളം അനുഷ്ഠിക്കുന്നവരായി ജയം പ്രാപിച്ചു യേശുവിനെപ്പോലെ അധികാരം പ്രാപിക്കുന്നവർ (വെളിപ്പാട് 2:26). ജയം പ്രാപിച്ചു ദൈവസിംഹാസനത്തിലേക്കു എടുത്തുകൊള്ളപ്പെടുന്നവർ (വെളിപ്പാട് 12:5). കർത്താവിൻ്റെ വരവിൽ ശരീരരൂപാന്തരം പ്രാപിക്കുന്ന കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ (വെളിപ്പാട്  19:7-8) നമുക്ക് മഗ്ദലക്കാരത്തി മറിയയിൽ കാണാം.

ചുരുക്കത്തിൽ പ്രവൃത്തികളിൽ ഉത്സാഹം ഉള്ളവരായിരുന്ന്‌ ഉയർപ്പിന്റെ പ്രത്യാശയില്ലാതെ ജീവിച്ച് നരക യോഗ്യരാകുന്ന പുരുഷന്മാരായ അധർമ്മം പ്രവർത്തിക്കുന്നവരല്ല (മത്തായി 7:22) കർത്താവിൻ്റെ  ഉയർപ്പിനെ, പ്രത്യക്ഷതയെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച സഭയാം സ്ത്രീയാണ് ശ്രേഷ്ഠയായവൾ. എന്നാൽ അവരിലും രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഒരു കൂട്ടർ പുനരുത്ഥാനത്തിനു യോഗ്യരായി കർത്താവിന്റെ രഹസ്യവരവിൽ എടുത്തുകൊള്ളപ്പെടുന്ന കാന്തയാകുന്ന സഭ. മറ്റൊരു കൂട്ടർ തങ്ങളുടെ ജഡത്തിന്റെ ബലഹീനതയാലുള്ള കുറവുകളെ ഭയപ്പെട്ട് നിർജ്ജീവരായി ആത്മീയ ഉറക്കത്തിലേക്ക് മാറ്റപ്പെട്ടു കൈവിടപ്പെടുന്ന സഭ.  ഈ രണ്ടാം കൂട്ടത്തിൽ ഉൾപ്പെട്ട പത്തു കന്യകമാരും മണവാളൻ വരുവാൻ താമസമെന്നുകണ്ടു ഉറങ്ങുന്നവർ ആകുന്നു (മത്തായി 25:1-5). ഇവിടെയും ഈ കൂട്ടർ രണ്ടായി വേർതിരിക്കപ്പെടുന്നത് കാണാം. ബുദ്ധിയുള്ള കന്യകമാരും ബുദ്ധിയില്ലാത്ത കന്യകമാരും. മർക്കോസ് 16:9 ൽ ആദ്യം മറിയയ്ക്ക് പ്രത്യക്ഷനായ കർത്താവ് പിന്നീട് മറ്റുള്ളവർക്കും പ്രത്യക്ഷനായി (മത്തായി 28:9). അതുപോലെ അർദ്ധരാത്രിയിൽ വീണ്ടും വരുന്നവനായ കർത്താവ് ഒരുങ്ങിയിരുന്നവരെ കല്യാണസദ്യയ്ക്ക് തൻ്റെയടുക്കൽ ചേർക്കുന്നു (മത്തായി 25:10). മറ്റൊരു കൂട്ടരെ തനിക്ക് അറിയാത്തവരായി യേശു തള്ളിക്കളഞ്ഞിട്ടു അവർ നരകയോഗ്യരാകുന്നു (മത്തായി 25:11-12,7:23). ഒരു കൂട്ടർ നിത്യജീവനായും മറ്റൊരു കൂട്ടർ നിത്യദണ്ഡനത്തിനായും വേർതിരിക്കപ്പെടുന്നു (മത്തായി 25:31-46). ആകയാൽ കർത്താവിന്റെ ഉയർപ്പിനെക്കുറിച്ച് വ്യക്തത ലഭിച്ചവരായ നാം ഭയന്ന് ഭ്രമിക്കുന്നവരാകാതെ ഉറപ്പും ധൈര്യമുള്ളവരായി ഉണർന്ന് പ്രാർത്ഥിക്കുന്നവർ ആകട്ടെ. നമ്മുടെ പ്രാർത്ഥനയാൽ ദൈവം യേശുവിന്റെ മുൻപിൽ നില്കുവാൻ നമ്മെ പ്രാപ്തരാക്കും (ലൂക്കൊസ്  21:36). സമാധാനത്തിൻ്റെ ദൈവത്താൽ ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിച്ചുകൊണ്ട് നമ്മെ വിളിക്കുന്ന ദൈവം വിശ്വസ്തനാകയാൽ ദൈവം നമ്മെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യരായി വെളിപ്പെടുവാൻ തക്കവണ്ണം കാത്തുകൊള്ളും എന്ന ധൈര്യത്തോടെ കർത്താവിൻ്റെ പ്രത്യക്ഷതയെ കാത്തിരുന്ന് ഒരുങ്ങാം (1തെസ്സലൊനീക്യർ 5:23-24). ദൈവമായ കർത്താവ് നമ്മെ ഏവരെയും അതിനു സഹായിക്കുമാറാകട്ടെ.