യേശുവിന്റെ പീഡാനുഭ ദിവസങ്ങൾ
ദൈവത്തിന് മഹത്വം
യേശുവിന്റെ പീഡാനുഭ ദിവസങ്ങൾ
നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ച് അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റതായ തന്റെ പീഡാനുഭവങ്ങളുടെ നാൾവഴികൾ വളരെ വികലമായും വ്യത്യസ്തമായുമാണ് ഇന്ന് നമ്മുടെ ഇടയിൽ അറിയപ്പെടുന്നത്. ആ നാളുകളുടെ വ്യക്തമായ വിവരണങ്ങളെ നാം തേടുമ്പോൾ ചില വിശേഷമായ കാര്യങ്ങളെ നമുക്ക് ഉണരുവാൻ ഇടയാകും. അതിനു മുൻപ് യിസ്രായേലിലെ ചില ദിവസ സമയ ക്രമീകരണങ്ങളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവർ ദിവസങ്ങളെ കണക്കുകൂട്ടുമ്പോൾ അന്ന് വൈകുന്നേരം മുതൽ പിറ്റേന്ന് വൈകുന്നേരം വരെയാണ് ഒരു ദിവസമായി കണക്കുകൂട്ടുന്നത്. പുളിപ്പില്ലാത്ത അപ്പം തിന്നേണ്ടതായ ദിവസങ്ങളെ പറയുമ്പോൾ ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരം മുതൽ ഇരുപത്തൊന്നാം തീയതി വൈകുന്നേരം വരെ എന്നിങ്ങനെ ഏഴു ദിവസങ്ങൾ കണക്കാക്കുന്നു (പുറപ്പാട് 12:18-19). അതു ദൈവത്തിന്റെ ക്രമീകരണ പ്രകാരം കണക്കാക്കപ്പെടുന്ന ദിവസങ്ങളാണ്. ദൈവത്തിന്റെ പ്രവർത്തികളുടെ ദിവസം കണക്കാക്കുമ്പോൾ ഉല്പത്തി പുസ്തകത്തിൽ സന്ധ്യയായി ഉഷസ്സുമായി എന്നു പറഞ്ഞിട്ടാണ് ദിവസത്തെ പറയുന്നത് (ഉല്പത്തി 1:5,8,13). എസ്ഥേർ രാജ്ഞി തനിക്കായി ഉപവസിപ്പാൻ പറയുമ്പോൾ മൂന്ന് ദിവസം രാവും പകലും എന്നു പറയുന്നു (എസ്ഥേർ 4:16). അപ്പൊസ്തലനായ പൗലോസും ഒരു രാപ്പകൽ എന്നു പറയുന്നു (2 കൊരിന്ത്യർ 11:25). എന്നാൽ കലണ്ടർ പ്രകാരം ദിവസങ്ങൾ കണക്കാക്കുന്നത് നാം കണക്കുകൂട്ടുന്നത് പോലെ തന്നെയാണ്. അതുകൊണ്ടാണ് പതിനാലാം തീയതി, ഇരുപത്തിയൊന്നാം തീയതി എന്നൊക്കെ പറഞ്ഞിട്ട് വൈകുന്നേരം എന്നു പറഞ്ഞിരിക്കുന്നത്. ഏഴാം മാസം പത്താം തീയതി ശബ്ബത്ത് ആചരിക്കേണ്ട പാപപരിഹാരദിവസം ആകുന്നു. എന്നാൽ ശബ്ബത്തിന്റെ ക്രമം പറയുമ്പോൾ ആ മാസം ഒമ്പതാം തീയതി വൈകുന്നേരം മുതൽ പിറ്റന്നാൾ വൈകുന്നേരം വരെ ആണ് ശബ്ബത്ത് ആചരിക്കേണ്ടത് (ലേവ്യാപുസ്തകം 23:27,32) അതു മനസ്സിലാക്കുവാൻ മറ്റൊരു കാര്യം നമുക്ക് ശ്രദ്ധിക്കാം. യേശു കല്ലറയിൽ മൂന്നുദിവസം ഇരിക്കുന്ന അനുഭവത്തെ യോനയുടെ കാര്യവുമായി ചേർത്ത് പറയുമ്പോൾ മൂന്നു രാവും മൂന്നു പകലും എന്നു പറയുന്നു (മത്തായി 12:40). നാം സാധാരണ പറയുന്നതുപോലെ പകലും രാവും എന്നല്ല രാവും പകലും എന്നാണ്. എന്നാൽ പരീശന്മാരും മഹാപുരോഹിതന്മാരും ഈ കാര്യം പീലാത്തൊസിനോട് പറയുമ്പോൾ മൂന്നുനാൾ എന്നു തന്നെ പറയുന്നു (മത്തായി 27:62-63). ആകയാൽ നമ്മുടെ പഠനത്തിൽ ഈ കാര്യത്തിന് വളരെ പ്രാധാന്യമുണ്ട്.
സമയത്തെക്കുറിച്ചും നാം ശ്രദ്ധിക്കുമ്പോൾ അവരുടെ ഒരു പകൽ നമ്മുടെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ്. ദിവസത്തിന്റെ പുലർച്ചയാണ് അവർക്ക് ഒന്നാം മണിനേരം (മത്തായി 20:1). നമ്മുടെ വൈകീട്ട് ആറുമണി എന്നത് അവർക്ക് പന്ത്രണ്ടാം മണി നേരമാണ്. ഒരു പകൽ വേലചെയ്തു കൂലി വാങ്ങുന്നത് പന്ത്രണ്ടാം മണി കഴിഞ്ഞാണ്. പതിനൊന്നാം മണി നേരത്ത് വന്നവർ ഒരു മണി നേരം മാത്രം വേല ചെയ്തു പന്ത്രണ്ടാം മണി കഴിഞ്ഞിട്ട് കൂലി വാങ്ങുന്നു (മത്തായി 20:12). ഈ സമയക്രമവും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
തുടർന്ന് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം യിസ്രായേലിന്റെ ശബത്ത് ആചരണത്തെ കുറിച്ചാണ്. ദൈവത്തിന്റെ സൃഷ്ടിയുടെ പ്രവർത്തി ആറു ദിവസം കൊണ്ട് തികച്ച് ഏഴാം ദിവസം നിവൃത്തനായി വിശ്രമിച്ചതുകൊണ്ട് ആ ദിവസത്തെ ദൈവം അനുഗ്രഹിച്ചു ശുദ്ധീകരിക്കുന്നു (ഉല്പത്തി 2:2-3). ദൈവം യിസ്രായേലിനു പത്തു കല്പനകൾ കൊടുക്കുമ്പോൾ ഏഴാം നാൾ സ്വസ്ഥതയുടെ ശബ്ബത്ത് നാളായി ദൈവം കല്പിച്ചാക്കുന്നു (പുറപ്പാട് 20:8-11). ആകയാൽ ആഴ്ചവട്ടത്തിന്റെ ഏഴാം ദിവസമായ അവസാന ദിവസം ശനിയാഴ്ച യിസ്രായേൽ മക്കൾ സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത് ദിവസമായി ആചരിക്കുന്നു (ലേവ്യാപുസ്തകം 23:3). അതുകൂടാതെ ഉത്സവ ദിവസങ്ങളോടനുബന്ധമായും സാമാന്യവേല ഒന്നും ചെയ്യരുതാത്തതായി വിശുദ്ധ സഭായോഗം കൂടേണ്ടതായ ദിവസങ്ങളെ ക്രമീകരിക്കുന്നു. പെസഹായോടനുബന്ധമായും (സംഖ്യാപുസ്തകം 28:18,25) വാരോത്സവമായ ആദ്യ ഫലദിവസത്തിലും (സംഖ്യാപുസ്തകം 28:26) കാഹളനാദോത്സവത്തിലും (സംഖ്യാപുസ്തകം 29:1) ഇങ്ങനെ പല ദിവസങ്ങളിലും സാമാന്യ വേലയൊന്നും ചെയ്യരുതാത്ത വിശുദ്ധ സഭയോഗ ദിവസങ്ങൾ അവർക്ക് നിയമിക്കപ്പെട്ടിരുന്നു. ഈ ദിവസങ്ങളെയും ശബത്ത് ദിവസങ്ങളായി പറയപ്പെട്ടിരിക്കുന്നു (ലേവ്യാപുസ്തകം 16:31,23:24,39 ഇംഗ്ലീഷ് ബൈബിളിൽ) ഈ ദിവസങ്ങളെ സാധാരണ ശബത്ത് ദിവസങ്ങളിൽ നിന്ന് വ്യത്യാസത്തോടെ അറിയാനായി വലിയ ശബത്ത് നാൾ എന്നും പറയുന്നു (യോഹന്നാൻ 19:31). ഇനിയും നാം ശ്രദ്ധിച്ചാൽ ഒന്നാം മാസം പതിനഞ്ചാം തീയതിയും ഇരുപത്തിയൊന്നാം തീയതിയും ഏഴാം മാസം ഒന്നാം തീയതിയും പത്താം തീയതിയും പതിനഞ്ചാം തീയതിയും മറ്റുംസബ്ബത്ത് ദിവസങ്ങൾ ആണെന്ന് പറഞ്ഞിരിക്കുന്നു (ലേവ്യാപുസ്തകം 23:6-8,24-34). ഈ ദിവസങ്ങൾ ശനിയാഴ്ചകളിൽ മാത്രമായി വരുന്നതല്ലാത്തതിനാൽ മറ്റ് ദിവസങ്ങളും യിസ്രായേലിന് ശബ്ബത്ത് ദിവസങ്ങളായി വരുന്നു. യേശുവിന്റെ പീഡാനുഭവദിനങ്ങളെ കണക്കാക്കുമ്പോൾ ഈ ശബ്ബത്ത് ദിനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.
ദൈവവചനത്തെ നാം ശ്രദ്ധിച്ചാൽ അതു മറഞ്ഞു കിടക്കുന്ന മർമ്മമാണ് എന്ന് നമുക്ക് കാണാം. മുദ്രയിട്ട പുസ്തകമായി അത് കാണപ്പെട്ടാലും അത് പരിശോധിച്ച് നോക്കുന്നവർക്ക് ജ്ഞാനം വർദ്ധിക്കുന്നു (ദാനിയേൽ 12:4). യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കിയാൽ വ്യക്തമായ ഇണ വാക്യങ്ങൾ, തെളിവ് വാക്യങ്ങൾ നമുക്ക് ലഭിക്കും എന്നതാണ് സത്യം (യെശയ്യാവ് 34:16). മാത്രവുമല്ല ദൈവവചനം നശിച്ചു പോകുന്നവർക്ക് ഭോഷത്തമാകതക്കവണ്ണം തന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നവയും ആണ്. എന്നാൽ രക്ഷിക്കപ്പെടുന്നവർക്ക് അത് ദൈവശക്തിയായി കാണപ്പെടുന്നു (1 കൊരിന്ത്യർ 1:18). ദൈവവചനം നമ്മുടെ ഭക്തിയെ വർദ്ധിപ്പിക്കുന്നതുമാണ് (സങ്കീർത്തനം 119:38). ആകയാൽ ഈ ചിന്തയോടെ നാം തിരുവെഴുത്തുകളെ ആരായുമ്പോൾ ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്ന കാര്യങ്ങൾ നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകയാൽ അതു നമുക്ക് ദോഷം ആയി തോന്നാതെ അനുഗ്രഹമായി തീരട്ടെ (ആവർത്തനം 29 : 28).
ഒരു ഉദാഹരണം നാം നോക്കിയാൽ മത്തായി, ലൂക്കൊസ് സുവിശേഷങ്ങളിലും മറ്റും (മത്തായി 16:21,17:23,20:19 ലൂക്കൊസ് 9:22,18:33,24:7,21,46 അപ്പൊ. പ്രവൃത്തി 10:40, 1 കൊരിന്ത്യർ 15:4) യേശു മൂന്നാം നാൾ ഉയിർക്കുമെന്ന് യേശുവും ദൂതന്മാരും അപ്പൊസ്തലന്മാരും പറയുന്നു. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ യേശു തന്റെ മരണ അടക്കത്തെക്കുറിച്ച് പറയുന്നത് യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും എന്നാണ് (മത്തായി 12:40). മൂന്നു ദിവസം ഭൂമിയുടെ ഉള്ളിലിരുന്ന് നാലാം നാളിൽ ഉയർത്തെഴുന്നേൽക്കുന്ന അനുഭവത്തെ മൂന്നാം നാൾ എന്ന് പറഞ്ഞിരിക്കുന്നതിന്റെ മർമ്മം ഗ്രഹിക്കുവാൻ നാം ചില വേദഭാഗങ്ങൾ ശ്രദ്ധിക്കണം. മൂന്നു രാവും മൂന്നു പകലും ഇങ്ങനെ മൂന്നു ദിവസം തനിക്കുവേണ്ടി ഉപവസിപ്പാൻ പറഞ്ഞ എസ്ഥേർ രാജ്ഞി പക്ഷേ നാലാം ദിവസത്തിന് പകരം രാജസന്നിധിയിൽ ചെല്ലുന്നത് മൂന്നാം ദിവസമെന്നാണ് പറഞ്ഞിരിക്കുന്നത് (എസ്ഥേർ 4:16,5:1). മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും തന്റെ അടുക്കൽ വരുവിൻ എന്ന് രെഹബെയാം പറയുന്നത് കേട്ടവർ നാലാം ദിവസം തന്റെ അടുക്കൽ ചൊല്ലുന്നതിനെ മൂന്നാം ദിവസം എന്നു പറഞ്ഞ് അവർ വരുന്നു (ദിനവൃത്താന്തം 10:5,12). മൂവാണ്ടും ആറു മാസവും ദേശത്ത് തുടരെ മഴ ഇല്ലാതിരുന്നു എന്ന് യേശുവും (ലൂക്കൊസ് 4:25) യാക്കോബും (യാക്കോബ് 5:17) പറയുമ്പോൾ നാലാം സംവത്സരത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നതിന് പകരം മൂന്നാം സംവത്സരത്തിൽ എന്നാണ് ഒന്ന് രാജാക്കന്മാർ പതിനെട്ടാം അധ്യായത്തിൽ കാണുന്നത് (1 രാജാക്കന്മാർ 18:1) ഈ വിധത്തിൽ നാലാം നാൾ എന്നതിന് പകരം മൂന്നാം നാൾ എന്ന് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നതെ നാം ശ്രദ്ധിക്കുമല്ലോ. മൂന്നു നാൾ കഴിഞ്ഞിട്ട് ഉയർത്തെഴുന്നേൽക്കും എന്ന് യേശു തന്നെ മർക്കൊസ് സുവിശേഷത്തിൽ പറയുന്നു (മർക്കൊസ് 8:31). ആകയാൽ നാലാം നാൾ അഥവാ മൂന്നു നാൾ കഴിഞ്ഞു എന്നതിന് പകരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നത് കൊരിന്ത്യ ലേഖനത്തിൽ പറയപ്പെട്ടിരിക്കുന്നതു പോലെ തിരുവെഴുത്തിൻ പ്രകാരമാണ് എന്ന് ഗ്രഹിപ്പാൻ നമുക്ക് കഴിയുമോ ? (1 കൊരിന്ത്യർ 15:3-4)
മത്തായിയുടെ സുവിശേഷം ഇരുപത്തിയാറാം അധ്യായത്തിൽ യേശു പറയുന്നത് രണ്ടു ദിവസം കഴിഞ്ഞ് വരുന്ന പെസഹായുടെ ദിവസം യേശുവിനെ ക്രൂശിപ്പാൻ ഏൽപ്പിക്കും എന്നാണ് (മത്തായി 26:2). മർക്കൊസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലും പെസഹായുടെ മുൻപുള്ള രണ്ട് ദിവസത്തെ പരാമർശിച്ചിരിക്കുന്നു (മർക്കൊസ് 14:1). ലൂക്കൊസിന്റെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായത്തിലും പെസഹാ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു എന്നു പറയുന്നു (ലൂക്കൊസ് 22:1). ഈ പെസഹാ പെരുന്നാളിന് മുൻപേ യേശു ലോകം വിട്ടുപോകുവാനുള്ള നാഴിക വന്നു എന്നറിഞ്ഞിട്ട് യേശു ശിഷ്യന്മാരുടെ കാലുകളെ കഴുകിയിട്ട് അവരുമായി അന്ത്യ അത്താഴം കഴിക്കുന്നു (യോഹന്നാൻ 13:1). ഇത് പെസഹായ്ക്ക് മുൻപ് ആകയാലും മറ്റു സുവിശേഷങ്ങളിൽ രണ്ട് ദിവസത്തെ പരാമർശം നാം കാണുന്നതിനാലും യേശു ഈ അന്ത്യ അത്താഴം കഴിച്ചത് പെസഹായ്ക്ക് മുൻപുള്ള ആ രണ്ടു ദിവസങ്ങളിൽ ആദ്യ ദിവസമാണ്. അന്നാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലുവാൻ ആലോചന കഴിക്കുന്നത് (മത്തായി 26:3-5, മർക്കൊസ് 14:1-2, ലൂക്കൊസ് 22:1). അന്നുതന്നെയാണ് യൂദാസ് യേശുവിനെ കാണിച്ചു കൊടുക്കാമെന്ന് വാക്കു കൊടുത്തു പണം വാങ്ങുന്നതും (മത്തായി 26:14-16, മർക്കൊസ് 14:10-11, ലൂക്കൊസ് 22:3-6) അന്ന് ആ അന്ത്യ അത്താഴ സമയത്താണ് യേശുവിനെ കാണിച്ചുകൊടുക്കാൻ യൂദായെ പിശാച് തോന്നിപ്പിച്ചതായും നാം വായിക്കുന്നത് (യോഹന്നാൻ 13:2). മത്തായി, മർക്കൊസ്, ലൂക്കൊസ് സുവിശേഷങ്ങളിൽ പെസഹാ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ആണ് യേശു അന്ത്യ അത്താഴം കഴിച്ചതെന്ന് കാണുന്നു (മത്തായി 26:17, മർക്കൊസ് 14:12, ലൂക്കൊസ് 22:7). എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പെസഹായ്ക്ക് മുമ്പേ എന്നു പറയുന്നു (യോഹന്നാൻ 13:1) മാത്രമല്ല യേശുവിനെ പീലാത്തോസിന്റെ അരമനയിൽ അവന്റെ ആസ്ഥാനത്ത് കൊണ്ടുവരുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രീമാരും തങ്ങൾ അശുദ്ധരാകാതെ പെസഹാ കഴിക്കുവാൻ തക്കവണ്ണം ആസ്ഥാനത്ത് കടന്നില്ലെന്ന് കാണുന്നു (യോഹന്നാൻ 18:28). യേശു വിസ്തരിക്കപ്പെട്ടു വിധിക്കപ്പെടുന്നത് പെസഹായുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരത്താണ് എന്നു പറയുന്നു (യോഹന്നാൻ 19:14). ആകയാൽ യേശു അന്ത്യ അത്താഴം കഴിച്ചത് പെസഹാ നാളിലല്ല. അതിനു രണ്ടു നാൾ മുൻപ് ആണ്. പെസഹാ നാളിലാണ് യേശു പെസഹ ആചരിച്ചതെങ്കിൽ അന്ന് രാത്രിയിൽ താൻ പിടിക്കപ്പെട്ടു അടുത്തദിവസം താൻ ക്രൂശിക്കപ്പെട്ടു എന്ന് പറയുമെങ്കിൽ അന്ന് ശബ്ബത്ത് നാൾ അല്ലേ? യേശുവിനെ വിസ്തരിക്കുന്നത് പെസഹായുടെ ഒരുക്കനാളിലാണ്. അപ്പോൾ ഏകദേശം ആറാം മണി നേരമായിരുന്നു (യോഹന്നാൻ 19:14). യേശുവിനെ ക്രൂശിച്ചത് മൂന്നാം മണി നേരത്താണ് എന്നു പറയുന്നു (മർക്കൊസ് 15:25 ). ആകയാൽ പെസഹായുടെ ഒരുക്കനാൾ കഴിഞ്ഞ് പിറ്റേദിവസം പെസഹായുടെ അന്ന് മൂന്നാം മണി നേരത്താണ് യേശു ക്രൂശിക്കപ്പെട്ടത്. ആറാം മണി നേരം മുതൽ ഒമ്പതാം മണി നേരം വരെ ദേശത്ത് ഇരുട്ട് ഉണ്ടായിട്ട് ഒമ്പതാം മണി നേരത്താണ് യേശു മരിക്കുന്നത് (മത്തായി 27:46-50, മർക്കൊസ് 15:33-37, ലൂക്കൊസ് 23:44-46). ചുരുക്കത്തിൽ യേശുവിന്റെ ആ നാളുകളെ നാം ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ വ്യക്തതയോടെ നമുക്ക് മനസ്സിലാക്കാം.
പെസഹായ്ക്ക് രണ്ടുദിവസം മുൻപുള്ള തിങ്കളാഴ്ച ദിവസം രാവിലെ മഹാപുരോഹിതന്മാർ യേശുവിനെ കൊല്ലുവാൻ കൂടിയാലോചിക്കുന്നു (മത്തായി 26:3-5, മർക്കൊസ് 14:1-2, ലൂക്കൊസ് 22:1). അന്ന് ഉച്ചയ്ക്ക് യേശു ബെഥാന്യയിൽ കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിൽ ഭക്ഷണം കഴിക്കുന്നു (മത്തായി 26:6-13, മർക്കൊസ് 14:3-9). ആ സമയത്ത് ആയിരിക്കാം ശിഷ്യന്മാർ അത്താഴം ഒരുക്കുവാനായി നഗരത്തിലേക്ക് പോയത്. അന്നുതന്നെയാണ് യൂദ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ വാക്ക് കൊടുത്ത് പണം വാങ്ങുന്നതും (മത്തായി 26:14-16, മർക്കൊസ് 14:10-11, ലൂക്കൊസ് 22:3-6). അന്ന് സന്ധ്യയായപ്പോൾ യേശു ശിഷ്യന്മാരുമായി അന്ത്യ അത്താഴം കഴിക്കുന്നു (മത്തായി 26:20, മർക്കൊസ് 14:17, ലൂക്കൊസ് 22:14, യോഹന്നാൻ 13:4). അന്നാണ് യേശു കർത്തൃമേശ എന്ന ശുശ്രൂഷ സ്ഥാപിക്കുന്നത്, പെസഹായുടെ ദിവസമല്ല. എന്നാൽ അത് പെസഹായുടെ നിവർത്തിയാണ്. പിന്നെ യേശു ശിഷ്യന്മാരുമായി ഒലിവ് മലയിൽ ഗെത്ത്ശെമന എന്ന തോട്ടത്തിൽ വരുന്നു (മത്തായി 26:30,36, മർക്കൊസ് 14:26,32, ലൂക്കൊസ് 22:39, യോഹന്നാൻ 18:1). യേശു പലപ്പോഴും തന്റെ ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ട് യൂദായ്ക്ക് ആ സ്ഥലം വ്യക്തമായി അറിയാമായിരുന്നു. അന്ന് രാത്രിയിൽ യേശു ആ തോട്ടത്തിൽ വന്നശേഷമാണ് യൂദാ പടയാളികളുമായി അവിടെ വന്നത് (യോഹന്നാൻ 18:1-2). അന്ന് രാത്രിയിൽ എല്ലാവരും യേശുവിങ്കൽ ഇടറുമെന്ന് യേശു പറയുന്നു (മത്തായി 26:31). യേശുവിനെ പിടിക്കാൻ വന്നവർ തീപട്ടിപന്തങ്ങളും ആയിട്ടാണ് വന്നത് (യോഹന്നാൻ 18:3). ആകയാൽ അന്ന് തിങ്കളാഴ്ച രാത്രിയിൽ യേശു പിടിക്കപ്പെടുന്നതായി കാണാം.
അന്ന് തിങ്കളാഴ്ച്ച രാത്രിയിൽ യേശു പിടിക്കപ്പെട്ടിട്ട് ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോകുന്നു (യോഹന്നാൻ 18:12-13). ഹന്നാവ് യേശുവിനെ വിസ്തരിച്ച ശേഷം തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കലേയ്ക്ക് അയയ്ക്കുന്നു (യോഹന്നാൻ 18:19-24). യേശു അന്ന് രാത്രിയിൽ കയ്യഫാവിനാലും സന്നദ്രിസംഘത്തിനാലും വിസ്തരിക്കപ്പെടുന്നു (മത്തായി 26:57-66, മർക്കൊസ് 14:53-64, യോഹന്നാൻ 18:24). ലൂക്കൊസിന്റെ സുവിശേഷത്തിൽ മാത്രം ഈ ന്യായാധിപ സംഘത്തിന്റെ വിസ്താരം രാവിലെയാണ് എന്ന് പറഞ്ഞിരിക്കുന്നു (ലൂക്കൊസ് 22:67-68). വിസ്താരശേഷം ന്യായധിപസംഘവും ചേവകരും യേശുവിനെ ഉപദ്രവിക്കുവാനും പരിഹസിക്കുവാനും ഇടയാകുന്നു. ചേവകരുടെ കയ്യാൽ അടിയും പരിഹാസവുമേറ്റ് യേശു അന്ന് രാത്രിയിൽ കയ്യഫാവിന്റെ അരമനയിൽ കഴിച്ചുകൂട്ടുന്നു (മത്തായി 26:67-68, മർക്കൊസ് 14:65, ലൂക്കൊസ് 22:63-65). രണ്ടാം ദിവസം ചൊവ്വാഴ്ച പുലർച്ചെ ഒന്നാം മണി നേരത്തു തന്നെ അവർ യേശുവിനെ ആസ്ഥാനത്തിൽ പീലാത്തൊസിന്റെ അടുക്കൽ കൊണ്ട് ചെല്ലുന്നു (മത്തായി 27:1-2, മർക്കൊസ് 15:1, ലൂക്കൊസ് 23:1, യോഹന്നാൻ 18:28). പീലാത്തൊസിന്റെ ആദ്യഘട്ട വിസ്താരത്തിൽ യേശു ഗലീലക്കാരനെന്ന് അറിഞ്ഞിട്ട് യേശുവിനെ ഹെരോദാവിന്റെ അടുക്കൽ അയയ്ക്കുന്നു. (ലൂക്കൊസ് 23:6-7) ഹെരോദാവ് യേശുവിനെ വിസ്തരിച്ചിട്ട് കുറ്റം ഒന്നും കാണായ്കയാൽ പീലാത്തൊസിന്റെ അടുക്കലേക്ക് മടക്കി അയക്കുന്നു (ലൂക്കൊസ് 23:8:12). വീണ്ടും പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ച് കൂട്ടിയിട്ട് തന്റെ വിസ്താരം തുടരുന്നു (ലൂക്കൊസ് 23:13-15). തുടർന്ന് യേശുവിനെ വിസ്തരിക്കാനായി ആസ്ഥാനത്തിലേക്ക് പോകുന്നു (യോഹന്നാൻ 18:33). തുടർന്ന് യേശുവിനെ പീലാത്തൊസ് ചാട്ടവാറുകൊണ്ട് അടിപ്പിക്കുന്നു. പരിഹാസപാത്രമാക്കി യേശുവിനെ അവൻ പുറത്തു ജനത്തിന്റെ മുൻപിൽ കൊണ്ടുവരുന്നു (യോഹന്നാൻ 19:1-5). തുടർന്ന് യേശുവിനെ ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നതിനാൽ താൻ വീണ്ടും അകത്തു പോയി യേശുവിനോട് സംസാരിക്കുന്നു (യോഹന്നാൻ 19:9). വീണ്ടും യേശുവിനെ പുറത്ത് പീലാത്തൊസിന്റെ കൽത്തളത്തിൽ തന്റെ ന്യായാസനത്തിങ്കൽ കൊണ്ടുവന്ന് ക്രൂശിക്കുവാൻ വിധിച്ചു ഏല്പിച്ചു കൊടുക്കുന്നു (യോഹന്നാൻ 19:13-16). രാവിലെ ഒന്നാം മണി നേരത്തു തുടങ്ങിയ വിസ്താരം ആറാം മണി നേരം വരെയും തുടരുന്നു (യോഹന്നാൻ 19:14). നമ്മുടെ സമയപ്രകാരം രാവിലെ ആറുമണിക്ക് തുടങ്ങിയ വിസ്താരം ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ തുടരുന്നു. ആറാം മണിനേരത്തു യേശുവിനെ ക്രൂശിക്കുവാൻ വിധിച്ചപ്പോൾ യേശുവിനെ ചമ്മട്ടി കൊണ്ട് അടുപ്പിച്ചിട്ടാണ് ക്രൂശിപ്പാൻ ഏല്പിക്കേണ്ടത് എന്നാണ് വിധിച്ചത് (മത്തായി 27:26, മർക്കൊസ് 15:15). ആകയാൽ ആറാംമണി നേരത്തിന് ശേഷം യേശുവിനെ പടയാളികൾ ആസ്ഥാനത്തേക്ക് കൊണ്ടുപോയി ചാട്ടവാർ കൊണ്ട് അടിച്ചു, മുൾമുടി ധരിപ്പിച്ച്, ധൂമ്ര വസ്ത്രവും ധരിപ്പിച്ച് പരിഹസിക്കുന്നു. തലയിലെ മുൾമുടിയിൽ കോൽ കൊണ്ട് അടിക്കുന്നു (മത്തായി 27:20-30, മർക്കൊസ് 15:16-19). മൂന്നാം മണി നേരത്ത് അതായത് നമ്മുടെ സമയം രാവിലെ ഒൻപതു മണിക്ക് യേശുവിനെ ക്രൂശിച്ചു എന്ന് പറഞ്ഞിരിക്കുന്നു (മർക്കൊസ് 15:25). ആകയാൽ അന്നല്ല യേശുവിനെ ക്രൂശിച്ചത് എന്ന് നമുക്ക് മനസ്സിലാകും. ഉച്ചതിരിഞ്ഞു ശിക്ഷ നടപ്പാക്കുന്നത് യോഗ്യമല്ലായ്കയാലായിരിക്കാം അന്ന് രാത്രി യേശു പടയാളികളുടെ അധീനതയിൽ ആസ്ഥാനത്ത് കഴിയുന്നു.
ബുധനാഴ്ച അതിരാവിലെ അവർ യേശുവിനെയും കൊണ്ട് ക്രൂശിക്കേണ്ടതിനായി തലയോടിടം എന്ന അർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് പോകുന്നു. വഴി ദൂരമുള്ളതാകയാലും യേശു ക്ഷീണിതനായതുകൊണ്ടുമായിരിക്കാം യേശുവിന്റെ ക്രൂശ് ശീമോനെ കൊണ്ട് ചുമപ്പിക്കുന്നു (മത്തായി 27:32, മർക്കൊസ് 15:21, ലൂക്കൊസ് 23:26). പെസഹായുടെ അന്ന് ബുധനാഴ്ച യേശു ക്രൂശിക്കപ്പെടുന്നു. (മത്തായി 27:35, മർക്കൊസ് 15:24-25, ലൂക്കൊസ് 23:33, യോഹന്നാൻ 19:18) ആറാംമണി നേരമായപ്പോൾ ഒമ്പതാംമണി നേരത്തോളം സൂര്യൻ ഇരുണ്ടു പോയിട്ട് ദേശത്തെല്ലാം ഇരുട്ട് ഉണ്ടാകുന്നു (മത്തായി 27:45, മർക്കൊസ് 15:33, ലൂക്കൊസ് 23:44). മൂന്നാം മണി നേരത്ത് ക്രൂശിക്കപ്പെട്ട യേശു ഒമ്പതാം മണി നേരത്താണ് മരിക്കുന്നത് (മത്തായി 27 : 46-50, മർക്കൊസ് 15:34-37, ലൂക്കൊസ് 23 : 45-46, യോഹന്നാൻ 19 : 30). നമ്മുടെ സമയം രാവിലെ 9 മണിക്ക് ക്രൂശിക്കപ്പെടുന്നു. നട്ടുച്ചയ്ക്ക് 12 മണിക്ക് സൂര്യൻ ഇരുട്ടാകുന്നു. മൂന്നുമണിവരെ അത് തുടർന്നിട്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് യേശു മരിക്കുന്നത്. അനന്തരം അവരുടെ ഒമ്പതാം മണി നേരത്തിനു ശേഷം യേശു മരിച്ചു കഴിഞ്ഞിട്ട് യഹൂദന്മാരുടെ അപേക്ഷപ്രകാരം പടയാളികൾ വന്ന് യേശുവിന്റെ വിലാപുറത്തു കുന്തം കൊണ്ട് കുത്തുകയും മറ്റ് രണ്ടുപേരുടെയും കാൽ ഒടിക്കുകയും ചെയ്യുന്നു (യോഹന്നാൻ 19:31-37). ഇങ്ങനെ ഒമ്പതാം മണി നേരം മുതൽ പന്ത്രണ്ടാം മണി നേരം വരെയും അഥവാ പകൽ കഴിഞ്ഞ് സന്ധ്യയാകുന്നതുവരെയും യേശു ക്രൂശിൽ കിടക്കുന്നു (മത്തായി 27:57). പെസഹാ നാളിൽ സന്ധ്യാ സമയത്തു പെസഹാ കുഞ്ഞാട് അറുക്കപെടുന്നു (പുറപ്പാട് 12 : 6). നമ്മുടെ പെസഹാ കുഞ്ഞാടായ യേശുവും പെസഹാ ദിവസം ബുധനാഴ്‌ച കൊല്ലപ്പെട്ട് സന്ധ്യവരെ ക്രൂശിൽ കിടക്കുന്നു (1 കൊരിന്ത്യർ 5:7). സന്ധ്യയായപ്പോൾ അരിമഥ്യയിലെ ജോസഫ് നിക്കോദോമൊസുമായി ചേർന്ന് യേശുവിനെ കല്ലറയിൽ അടക്കം ചെയ്യുന്നു (മത്തായി 27:57-60, മർക്കൊസ് 15:42-46, ലൂക്കൊസ് 23:50-53, യോഹന്നാൻ 19:38-42). യേശു മരിച്ച അന്ന് ശബത്തുനാളിന്റെ ഒരുക്കനാൾ കൂടിയാണ് (മത്തായി 27:62, മർക്കൊസ് 15:42, ലൂക്കൊസ് 23:54, യോഹന്നാൻ 19:33). ഒന്നാം മാസം പതിനാലാം തീയതി പെസഹാ ദിവസം അന്ന് വൈകിട്ടോടെ അവസാനിക്കുന്നു. അന്ന് സന്ധ്യാസമയത്ത് ആണ് പെസഹാ ആചരിക്കുന്നത് (ലേവ്യാപുസ്തകം 23:5-6). ആ പതിനാലാം തീയതി വൈകിട്ട് മുതൽ പതിനഞ്ചാം തീയതി വൈകിട്ട് വരെ വിശുദ്ധ സഭായോഗം കൂടുന്ന ശബത്തു ദിവസമാണ് (പുറപ്പാട് 12:16-18). യേശു മരിച്ച ആന്ന് പെസഹാ ദിവസം മാത്രമല്ല തുടർന്നു വരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസമായ വലിയ ശബ്ബത്തിന്റെ ഒരുക്കനാൾ കൂടിയാണ് (യോഹന്നാൻ 19 : 31). യേശുവിനെ അടക്കം ചെയ്യുമ്പോൾ ഒരുക്കങ്ങൾ കഴിഞ്ഞു ശബ്ബത്ത് ആരംഭിച്ചു എന്ന് കാണുന്നു (ലൂക്കൊസ് 23 : 54). യേശു മരിച്ച ഒരുക്കനാളിന്റെ പിറ്റേന്നായ ശബ്ബത്ത് നാളിൽ പടയാളികൾ കല്ലറ മുദ്രയിട്ട് സൂക്ഷിക്കുന്നു (മത്തായി 27:62-66). ബുധനാഴ്ച വൈകിട്ട് ആരംഭിച്ച ആ വലിയ ശബ്ബത്ത് വ്യാഴാഴ്ച വൈകിട്ട് അവസാനിക്കുന്നു. ശബ്ബത്ത് കഴിഞ്ഞ ശേഷം വെള്ളിയാഴ്ച രാവിലെ പോയി സ്ത്രീകൾ സുഗന്ധവർഗങ്ങൾ വാങ്ങി (മർക്കൊസ് 16:1). അന്നുതന്നെ സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കുന്നു. അന്ന് വൈകിട്ട് മുതൽ ശനിയാഴ്ച വൈകിട്ട് വരെ വാരാന്ത്യ ശബ്ബത്ത് ദിവസം ആയതുകൊണ്ട് അവർ സ്വസ്ഥമായിരിക്കുന്നു (ലൂക്കൊസ് 23:56). ശബ്ബത്തു കഴിഞ്ഞ് ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതിരാവിലെ സ്ത്രീകൾ കല്ലറക്കൽ വരുമ്പോൾ കല്ലറ തുറക്കപ്പെട്ടിരുന്നു (മത്തായി 28:1, മർക്കൊസ് 16:2-4, ലൂക്കൊസ് 24:1-2, യോഹന്നാൻ 20:1). മത്തായിയുടെ സുവിശേഷത്തിൽ മാത്രം സ്ത്രീകൾ വന്നശേഷം ഭൂകമ്പം ഉണ്ടാകുകയും ദൂതൻ വന്ന് കല്ലു മാറ്റുകയും ചെയ്യുന്നതായി പറയുന്നു (മത്തായി 28:2-7). യേശു അവിടെയില്ല, ഉയർത്തെഴുന്നേറ്റു എന്ന് ദൂതൻ പറയുന്നു. യേശു അപ്പോൾ അവിടെ ഉയർത്തെഴുന്നേൽക്കുന്നതായി കാണുന്നില്ല. എല്ലാ സുവിശേഷങ്ങളിലും യേശു ഉയർത്തെഴുന്നേറ്റു എന്നു പറയുന്നതല്ലാതെ എപ്പോഴാണ് എന്ന് വ്യക്തമാക്കുന്നില്ല (മത്തായി 28:5-7, മർക്കൊസ് 16:5-6, ലൂക്കൊസ് 24:4-6). യേശുവിന്റെ വാക്കുകളെ നാം ശ്രദ്ധിച്ചാൽ യോനാ കടലാനയുടെ വയറ്റിൽ മൂന്ന് രാവും മൂന്നു പകലും ഇരുന്നതുപോലെ യേശുവും മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കുമെന്ന് താൻ പറയുന്നു (മത്തായി 12 : 40). യേശു മരിച്ചിട്ട് മൂന്ന് നാൾ കഴിഞ്ഞു താൻ ഉയിർക്കുമെന്ന് പറഞ്ഞ കാര്യം (മർക്കൊസ് 8:31) മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനെ ഓർപ്പിച്ചാണ് കല്ലറ മുദ്രവെച്ചു കാക്കുവാൻ ആവശ്യപ്പെടുന്നത് (മത്തായി 28:63). ആകയാൽ ഈ മൂന്നുനാൾ കഴിഞ്ഞിട്ട് എന്ന കണക്കിന്നേറ്റവണ്ണം തന്നെയാണ് യേശു ഉയർത്തെഴുന്നേറ്റത്. ബുധനാഴ്ച ക്രൂശിക്കപ്പെട്ട യേശു വൈകുന്നേരം സന്ധ്യയായപ്പോൾ അടക്കപെടുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇങ്ങനെ മൂന്നുനാൾ യേശു കല്ലറയിൽ ഇരിക്കുന്നു. യേശു പറഞ്ഞതുപോലെ രാവും പകലുമായി മൂന്നുനാൾ. അതിനുശേഷം ശനിയാഴ്ച രാത്രിയിൽ യേശു ഉയർത്തെഴുന്നേൽക്കുന്നു. മഗ്ദലക്കാരത്തി മറിയ രാത്രി കഴിയുന്നതിനു മുൻപേ, ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ വരുമ്പോൾ കല്ലറ തുറന്നിരുന്നതായി കാണുന്നു (യോഹന്നാൻ 20:1). ആകയാൽ ശനിയാഴ്ച പകൽ കഴിഞ്ഞ് രാത്രി ആരംഭിക്കുമ്പോൾ തന്നെ യേശു ഉയർത്തെഴുന്നേറ്റിരിക്കാം. എന്നാൽ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് യേശു എല്ലാവർക്കും പ്രത്യക്ഷനായി തന്നെ വെളിപ്പെടുത്തുന്നത് (മത്തായി 28 : 9-10, മർക്കൊസ് 16 : 9,12, ലൂക്കൊസ് 24 : 13-15, യോഹന്നാൻ 20 : 1,16-17,19). ഇങ്ങനെ തിങ്കളാഴ്ച മുതൽ ഞായറാഴ്ച്ച വരെ ഒരാഴ്ചവട്ടം മുഴുവൻ നടന്ന സംഭവബഹുലമായ ഒന്നായിരുന്നു യേശുവിന്റെ അവസാന നാളുകൾ. ഏഴു ദിവസങ്ങളുടെ പൂർണ്ണതയോടെ നടന്നതായ യേശുവിന്റെ രക്ഷാകരമായ പ്രവർത്തികളാൽ താൻ മുഖാന്തരം ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കുവാൻ പ്രാപ്തനായി യേശു ഇന്നും ദൈവസന്നിധിയിൽ നമുക്കായി പക്ഷവാദം ചെയ്യുന്നു (എബ്രായർ 7:25). ഈ സത്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ദൈവം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുന്നവരായി രക്ഷിക്കപ്പെടുവാൻ ഇടയാകട്ടെ (റോമർ 10:9-10). സർവ്വ കൃപാലുവായ ദൈവം തന്റെ കൃപയുടെ ബഹുത്വത്താൽ നമ്മെ രക്ഷിച്ചു അനുഗ്രഹിക്കുമാറാകട്ടേ.