കർത്താവിന്റെ സ്ഥിരമായ അടിസ്ഥാനം (2 തിമൊഥെയൊസ് 2:19)
ദൈവത്തിന് മഹത്വം
കർത്താവിന്റെ സ്ഥിരമായ അടിസ്ഥാനം
കർത്താവിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിൽക്കുന്നു: കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നുമാകുന്നു അതിൻ്റെ മുദ്ര. 2 തിമൊഥെയൊസ് 2:19
ദൈവത്തിൻ്റെ സ്ഥിരമായ അടിസ്ഥാനം നിലനിൽക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ മുദ്രകളിൽ ഒന്ന് കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നുള്ളതാണ്. പല സന്ദർഭങ്ങളിലും യേശു പലരെയും അറിയുന്നില്ല എന്ന് പറയുമ്പോൾ (മത്തായി 7:23, 25:12, ലൂക്കോസ് 13:27) ദൈവം നമ്മെ അറിയുന്നു എന്നുള്ളത് നമുക്ക് ദൈവസന്നിധിയിലുള്ള പ്രാഗൽഭ്യമാണ്. എല്ലാവരെയും അല്ല, ചില വിശേഷമായ അനുഭവങ്ങൾ ഉള്ളവരെയാണ് യേശു അറിയുന്നത്. ആകയാൽ നാമും ആ വിശേഷ അനുഭവങ്ങൾ ഉള്ളവർ ആകുവാൻ ദൈവം നമ്മെ അധികമായി സഹായിക്കുമാറാകട്ടെ. ഈ സവിശേഷമായ ഗുണങ്ങളെ ഒന്നൊന്നായി നമ്മക്ക് പഠിക്കാം.
ഒന്നാമതായി കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്ന് നാം വായിക്കുമ്പോൾ (2 തിമൊഥെയൊസ് 2:19) തനിക്കുള്ളവരെ അറിയുന്നു എന്നു യേശുവും പറയുന്നു (യോഹന്നാൻ 10: 14). ദൈവത്താൽ വീണ്ടെടുക്കപ്പെട്ട് തനിക്കെന്നു പേർചൊല്ലി വിളിക്കപ്പെട്ടവരാണ് ദൈവത്തിനുള്ളവർ (യെശയ്യാവ് 43:1). ഈ പുതിയനിയമ കാലത്തു ലോകത്തിന്റെ പാപം ചുമക്കുന്ന കുഞ്ഞാടായി യേശുക്രിസ്തു ലോകത്തിലേയ്ക്കു വന്നു (യോഹന്നാൻ 1:29). ആ ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്താൽ ഒരുക്കൂട്ടം ജനങ്ങൾ വീണ്ടെടുക്കപ്പെടുന്നു (1പത്രോസ് 1:18-19). അങ്ങനെ വീണ്ടെടുക്കപെട്ട്, പേർ ചൊല്ലി വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ടവരായ സ്വന്തജനമാണ് ദൈവത്തിനുള്ളവർ (1പത്രോസ് 2:9-10). നല്ല ഇടയനായ യേശു താൻ അറിയുന്നവരായി തനിക്കുള്ള തൻ്റെ ആടുകൾക്ക് വേണ്ടിയാണ് ജീവനെ കൊടുക്കുന്നത് (യോഹന്നാൻ 10:14-15). യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിച്ച് ദൈവമക്കൾ ആകുന്നവരാണ് യേശു അറിയുന്ന യേശുവിന്റെ ആടുകൾ (യോഹന്നാൻ 1:12). മത്തായി 1:21-ൽ തൻ്റെ ജനത്തെയാണ് യേശു അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നത് എന്നു നാം വായിക്കുന്നു. ആകയാൽ യേശുവിൻ്റെ കാൽവരി മരണത്താൽ രക്ഷിക്കപ്പെട്ട് പാപമോചനം പ്രാപിച്ചു വീണ്ടെടുക്കപ്പെട്ടവരായിത്തീരുവാൻ നമുക്ക് ഇടയായതിനാൽ നാം ഇന്ന് ദൈവത്തിനുള്ളവരായി, തൻ്റെ സ്വന്തജനമായി ദൈവത്താൽ അറിയുന്നവർ ആയിരിക്കുന്നു. ഏത് അനീതിയും പാപമാകയാൽ പാപമോചനം പ്രാപിച്ചു കർത്താവിനുള്ളവരായി കർത്താവിന്റെ നാമം ഉച്ചരിക്കുന്നവർ സകല അനീതിയും വിട്ടകന്നുകൊള്ളേണം (1യോഹന്നാൻ 5:17). അധികം തിന്മയായതു ഭവിക്കാത്തിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു യേശു പറയുന്നു (യോഹന്നാൻ 5:14, 8:11).
തുടർന്നു നാം കർത്താവിനുള്ളവർ എന്നു വ്യക്തമാകത്തക്കവണ്ണം കർത്താവിനോട് കൂടെ പാർക്കുന്നവർ ആകണം (1യോഹന്നാൻ 2:19). അഥവാ കർത്താവ് തനിക്കുളളവരെ അവസാനത്തോളം സ്നേഹിക്കുന്നു (യോഹന്നാൻ 13:1). ആകയാൽ നാം യേശുവിന്റെ സ്നേഹത്തിൽ വസിക്കുന്നവരുമാകണം. അതിനായി യേശു പിതാവിൻ്റെ കല്പനകൾ പ്രമാണിച്ച് ദൈവത്തിന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നാമും യേശുവിൻ്റെ കല്പനകൾ പ്രമാണിച്ചാൽ യേശുവിൻ്റെ സ്നേഹത്തിൽ വസിക്കാനാകും (യോഹന്നാൻ 15:9-10). ഇനിയും സംഖ്യാപുസ്തകം 16:5-ൽ ദൈവം തനിക്കുള്ളവർ ആരെന്നും തന്നോട് അടുക്കുവാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും വെളിപ്പെടുത്തുമ്പോൾ താൻ തെരഞ്ഞെടുത്തവനെ തന്നോട് അടുക്കുമാറാക്കും എന്നു പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്നവൻ്റെ അടയാളമായി ദൈവം വെളിപ്പെടുത്തുന്നത് തളിർത്ത് പുത്ത് ഫലം കായ്ക്കുന്ന അനുഭവമാണ് (സംഖ്യാപുസ്തകം 17:5-8). നാം ഫലം കായ്ക്കുന്നവർ ആയിരിപ്പൻ തിരഞ്ഞെടുക്കപെട്ടവരാണ് (യോഹന്നാൻ 15:16). ആകയാൽ നാം കർത്താവിൽ വസിച്ചുകൊണ്ട് വളരെ ഫലം കായ്ക്കുന്നവരാകണം (യോഹന്നാൻ 15:4-5). മാത്രവുമല്ല ആ ഫലം വിശുദ്ധീകരണവും ആയിരിക്കേണം (റോമർ 6:22). അപ്പോൾ നാം വിശുദ്ധരായി ദൈവത്തോടടുത്തു തനിക്കുള്ളവരായി ദൈവത്തോടുകൂടെ പാർക്കുവാൻ ഇടയാകുന്നു. നിത്യതയിലും യേശു നമുക്കായി ഒരുക്കുന്ന സ്ഥലത്ത് തന്നോടുകൂടെ ഇരിപ്പാനും അതിനാൽ ഇടയാകും (യോഹന്നാൻ 14:3).
രണ്ടാമതായി യോഹന്നാൻ 10:26-27 -ൽ യേശുവിനുള്ള തൻ്റെ ആടുകൾ യേശുവിന്റെ ശബ്ദം കേട്ട് യേശുവിനെ അനുഗമിക്കുന്നവരാകയാലാണ് യേശു അവയെ അറിയുന്നത്. യേശുവിൻ്റെ വചനം കേട്ട് ചെയ്യാത്തവരായി യേശു കല്പിക്കാത്ത പ്രവർത്തികൾ ചെയ്തവരായി അധർമ്മം പ്രവർത്തിച്ചവരെ യേശു അറിയുന്നില്ല എന്ന് പറയുന്നു (മത്തായി 7:21-27). കർത്താവ് കല്പിച്ചവയ്കളെ അവസാനത്തോളം അനുഷ്ഠിക്കുന്നവരാണ് യേശുവിനോടുകൂടെ അധികാരം പ്രാപിച്ച് അവനോടുകൂടെ വാഴുന്നവരാകുക,വസിക്കുന്നവരാകുക (വെളിപ്പാട് 2:26). യേശു തൻ്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ അവനോടുകൂടെ പന്ത്രണ്ട് സിംഹാസനങ്ങളിലിരുന്ന് യിസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനേയും ന്യായം വിധിക്കുന്ന തൻ്റെ അപ്പൊസ്തലരിൽ ഈ വിശേഷത നമുക്കു കാണാം (മത്തായി 19:28). അനേക ശിഷ്യന്മാർ യേശുവിന്റെ ഉപദേശത്തെക്കുറിച്ചു അത് കഠിനവാക്ക് തങ്ങൾക്ക് കേൾക്കാൻ കഴിയുകയില്ല എന്ന് പറഞ്ഞു പിൻവാങ്ങിപ്പോയി യേശുവിനെ പിന്നെ അനുഗമിക്കാതിരുന്നു. എന്നാൽ പന്തിരുവർ യേശുവിന്റെ വചനങ്ങൾ നിത്യജീവൻ്റെ വചനങ്ങളാണ് എന്നു പറഞ്ഞു യേശുവിനെ വിട്ടു പോകാതെ അവനെ അവസാനത്തോളം അനുഗമിക്കുന്നു (യോഹന്നാൻ 6:60, 66-68). യേശുവിന്റെ വചനങ്ങളെ കേട്ട് ചെയ്യുന്നവരാണ് വീണുപോകാതെ നിലനിൽക്കുന്നവർ (മത്തായി 7:24-25). ആകയാൽ നാം വിട്ടുമാറാതെ ദൈവത്തിന്റെ വഴി പ്രമാണിക്കുന്നവരായി തന്റെ അധരങ്ങളുടെ കൽപ്പന വിട്ട് പിന്മാറാതെയും തൻ്റെ വായിലെ വചനത്തെ ആഹാരത്തേക്കാൾ സൂക്ഷിച്ചും ജീവിക്കുന്നവരാകണം (ഇയ്യോബ്23:10-12). നല്ല ഇടയനായ യേശുവിൻ്റെ ശബ്ദം കേട്ട് യേശുവിന്റെ കാൽച്ചുവട് പിന്തുടരുന്നവരായി തന്നെ അനുഗമിച്ചുകൊണ്ട് തനിക്കുള്ളവരായിത്തീർന്നു യേശു നമ്മെ അറിയുന്ന അനുഭവം നമുക്ക് ഉണ്ടാകട്ടെ.
മൂന്നാമതായി യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകയാൽ തങ്കൽ ആശ്രയിക്കുന്നവരെ ദൈവം അറിയുന്നു (നഹൂം 1:7). ദൈവം നമ്മുടെ ജീവിതത്തിൽ നമുക്ക് എല്ലായിപ്പോഴും നല്ലവനാണ്, നമ്മുടെ കഷ്ടങ്ങളിൽ നമുക്ക് ഏറ്റവും അടുത്ത തുണയുമാണ്. എന്നാൽ യഹോവ നല്ലവനെന്ന് രുചിച്ചറിയത്തക്കവണ്ണം ദൈവത്തെ ശരണം പ്രാപിക്കുന്ന പുരുഷനാണ് ഭാഗ്യവാൻ (സങ്കീർത്തനം 34:8). യഥാർത്ഥമായി നാം ദൈവത്തെ ശരണം പ്രാപിക്കണം അഥവാ ദൈവത്തിൽ തന്നെ ആശ്രയിക്കണം. യിരെമ്യാവ് 17:5 -ൽ മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്റെ ഭുജമാക്കി ഹൃദയം കൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ എന്നു പറയുന്നു. എന്നാൽ യിരെമ്യാവ് 17:7 -ൽ യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഭാഗ്യവാൻ എന്ന് കാണാം. സ്ഥിരമാനസരായിത്തന്നെ യഹോവയിൽ ആശ്രയിക്കണം (യെശയ്യാവ് 26:3). ഇരുമനസ്സുള്ള സംശയിക്കുന്നവർ അസ്ഥിരരാകയാൽ അവർക്ക് ദൈവത്തിൽനിന്ന് ഒന്നും പ്രാപിപ്പാൻ കഴിയുകയില്ല (യാക്കോബ് 1:6-8). എന്നാൽ ദൈവം അറിയുന്നവരും തൻ്റെ കണ്ണ് നോക്കിക്കൊണ്ടിരിക്കുന്നതും തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്ന, യഹോവയിൽ തന്നെ ആശ്രയിക്കുന്നവരെയാണ്. അവർക്ക് വേണ്ടി ദൈവം തന്നെത്താൻ ബലവാനെന്ന് കാണിക്കുന്നു (2 ദിനവൃത്താന്തം 16:9). ആകയാൽ അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കുകയും ചെയ്തുകൊണ്ട് നാം ശരണമാക്കുന്ന യഹോവയെക്കുറിച്ച് ദൈവം നമ്മുടെ സങ്കേതവും കോട്ടയും നാം ആശ്രയിക്കുന്ന നമ്മുടെ ദൈവവും എന്ന് എപ്പോഴും പറയുവാൻ ഇടയാകട്ടെ (സങ്കീർത്തനം91:1-2).
നാലാമതായി താൻ തെരഞ്ഞെടുത്തവരെ യേശു അറിയുന്നതായി പറയുന്നു (യോഹന്നാൻ 13:18). നാം യേശുവിനെ തിരഞ്ഞെടുത്തതല്ല യേശു നമ്മേ തിരഞ്ഞെടുത്തതാണ് എന്ന് നാം ശരിയായി ഗ്രഹിക്കണം (യോഹന്നാൻ 15:16). നമ്മോടുള്ള തൻ്റെ ദയ ദീർഘമായിരിക്കയാൽ ആ ദയയും മനസ്സലിവുമാണ് നാം ദൈവത്താൽ ഈ ശ്രേഷ്ഠമായ അനുഭവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കാരണം. നമ്മുടെ പ്രവർത്തികളാലുമല്ല ദൈവത്തിൻ്റെ ദാനമായി കൃപയാൽ ആണ് വിശ്വാസം മൂലം നാം രക്ഷിക്കപ്പെട്ടത് (എഫേസ്യർ 2:8-9). ഭോഷത്വമായവരും, ബലഹീനരും, കുലഹീനവും നികൃഷ്ടവും ഏതുമില്ലാത്തവരുമായ നമ്മെ ദൈവം തെരഞ്ഞെടുത്തത് നാം ദൈവസന്നിധിയിൽ നമ്മിൽതന്നെ പ്രശംസിക്കാതിരിപ്പാൻ ആണ് (1കൊരിന്ത്യർ 1:27-29). ആകയാൽ നമ്മുടെ തെരഞ്ഞെടുപ്പിനെ നാം അറിയുന്നവരായി അതിനേറ്റവണ്ണം ജീവിക്കുവാൻ നമുക്ക് ഇടയാകട്ടെ (1തെസ്സലൊനീക്യർ 1:4). യോഹന്നാൻ 15:19 - ൽ യേശു പറയുമ്പോൾ നാം ലോകക്കാർ ആയിരിക്കാതെ ജീവിക്കുവാനായി നമ്മെ ദൈവം ലോകത്തിൽനിന്ന് തെരഞ്ഞെടുത്തു എന്നാണ്. അതു യേശു ലൗകികനല്ലാത്തതുപോലെ നാമും ലൗകികരാകാതെ ജീവിക്കുവാൻ ആയിട്ടാണ് (യോഹന്നാൻ 17:14-16). ആകയാൽ നാം ഈ ലോകത്തോട് അനുരൂപരാകാതെ ജീവിക്കേണ്ടവരാണ് (റോമർ 12:2). ദൈവമുൻപാകെയുള്ള ശുദ്ധവും നിർമ്മലവുമായ ദൈവഭക്തി എന്നത് ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതാണ് (യാക്കോബ് 1:27). ആകയാൽ നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ജീവിക്കുവാൻ നമുക്ക് ഇടയാകട്ടെ (2 പത്രോസ് 1:4).
വീണ്ടും യോഹന്നാൻ 15:16 -ൽ നാം പോയി ഫലം കായിപ്പാനും നമ്മുടെ ഫലം നിലനിൽക്കേണ്ടതിനായും നമ്മെ തെരഞ്ഞെടുത്തു എന്ന് യേശു പറയുന്നു. ഫലം കായ്ക്കാത്തവരെ ദൈവം തന്നെ നീക്കി കളയും എന്നുള്ളതാണ് സത്യം (യോഹന്നാൻ 15:2). ദൈവം തന്റെ സൃഷ്ടിയിൽ വൃക്ഷങ്ങളെ മുളപ്പിച്ചപ്പോൾ വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളെയാണ് സൃഷ്ടിച്ചത് (ഉല്പത്തി 1:11-12). ആകയാൽ നാം ഫലമില്ലാത്ത വൃക്ഷങ്ങൾ ആകരുത് (യൂദാ1:12). ദൈവചനമാകുന്ന വിത്തുള്ള ഫലവൃക്ഷങ്ങൾ, ദൈവവചനപ്രകാരം ഫലം കൊടുക്കുന്ന വൃക്ഷങ്ങൾ ആയിത്തീരാം. കൃഷിക്കാരനായ നമ്മുടെ കർത്താവ് ഭൂമിയുടെ വിലയേറിയ ഫലത്തിനായിട്ടാണ് കാത്തിരിക്കുന്നത് എന്ന് ഉണർന്നുകൊണ്ട് (യാക്കോബ് 5:7) നാം നമ്മുടെ കർത്താവിൽ വസിക്കുന്നതിനാൽ വളരെ ഫലം കായ്ക്കുന്നവർ ആകാം (യോഹന്നാൻ 15:5). മാത്രമല്ല നമ്മുടെ ഫലം നിലനിൽക്കുന്നതായും കാണപ്പെടേണ്ടിയിരിക്കുന്നു. പഴയതും പുതിയതുമായതൊന്നും കളയാതെ നാം സംഗ്രഹിച്ചു വെച്ചുകൊണ്ട് സകലവിശിഷ്ടഫലങ്ങളും ഉള്ളവരായി ഫലത്തെ ചേർപ്പാൻ വരുന്ന നമ്മുടെ കർത്താവിന്റെ മുൻപിൽ നമുക്ക് നിൽക്കാം (ഉത്തമഗീതം7:14). ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം, നിത്യമായ തീരുമാനം നിലനിൽക്കുന്നു. കർത്താവ് തനിക്കുള്ളവരെ വ്യക്തമായി അറിയുന്നു (2 തിമൊഥെയൊസ് 2:19). ആകയാൽ കർത്താവ് ഉണ്ടാക്കുവാനുള്ള തന്റെ പ്രത്യക്ഷതയുടെ ദിവസത്തിൽ, തന്റെ നിക്ഷേപത്തെ ചേർക്കുവാൻ വരുന്നനാളിൽ തമിഴ് ബൈബിളിൽ വായിക്കുന്നതുപോലെ നാം തനിക്കുള്ളവരായി തന്റെ അടുക്കൽ ചേർക്കപ്പെടുവാൻ ഇടയാകണം (മലാഖി 3:17). നമ്മുടെ ദൈവമായ കർത്താവ് നമ്മേ ഏവരെയും അതിനു സഹായിച്ചൊരുക്കി അനുഗ്രഹിക്കുമാറാകട്ടെ.