സ്വർഗ്ഗീയരുടെ സ്വർഗ്ഗീയാനുഭവങ്ങൾ (യോഹന്നാൻ 17:16)
ദൈവത്തിന് മഹത്വം
സ്വർഗ്ഗീയരുടെ സ്വർഗ്ഗീയാനുഭവങ്ങൾ
"ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല." യോഹന്നാൻ 17:16.
നമ്മുടെ കർത്താവായ യേശുക്രിസ്തു ലൗകികനല്ലാത്തതുകൊണ്ട് നാമും ലൗകികരല്ല. യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു ഏറ്റുപറയുന്ന ഒരു വ്യക്തി സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരനാകുന്നു (എബ്രായർ 3:1). ആകയാൽ ആ വ്യക്തി ലോകക്കാരൻ ആയിരിക്കാതവണ്ണം യേശു തന്നെ ലോകത്തിൽ നിന്ന് തിരഞ്ഞെടുക്കുന്നു (യോഹന്നാൻ 15:19). ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന് ലോകത്തിൽ ഏതുമില്ലാത്തവരെ ശ്രേഷ്ഠരായ സ്വർഗ്ഗീയരാക്കുവാൻ ലോകത്തിൽ നിന്ന് ദൈവം തെരഞ്ഞെടുക്കുന്നു (1 കൊരിന്ത്യർ 1:26-28). ആകയാൽ നമ്മുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പാക്കിക്കൊണ്ട് ജീവിച്ചാൽ നമുക്ക് യേശുക്രിസ്തുവിൻ്റെ നിത്യരാജ്യത്തിലേയ്ക്ക്, സ്വർഗ്ഗത്തിലേയ്ക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുവാനാകും (1 പത്രോസ് 10:11). കാരണം യേശുവിന്റെ രാജ്യം ഐഹികമല്ല സ്വർഗ്ഗീയമാണ് (യോഹന്നാൻ 18:36). മാത്രമല്ല ഒന്നാം മനുഷ്യനായ ആദം ഭൂമിയിൽ നിന്നുള്ളവനായിരുന്നു. എന്നാൽ രണ്ടാം മനുഷ്യനായ ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്. ആകയാൽ നാം ഭൂമിയിൽ നിന്നുള്ള ലൗകീകരാകാതെ സ്വർഗ്ഗീയനായ യേശുവിനെ പോലെ സ്വർഗ്ഗീയരാകണം (1 കൊരിന്ത്യർ 15:47-48). എന്തുകൊണ്ടെന്നാൽ നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് (ഫിലിപ്പിയർ 3:20). അതുകൊണ്ട് നാം ഈ ലോകത്തോട് ഒരു വിധത്തിലും അനുരൂപരാകാതെ സ്വർഗ്ഗീയരായിതന്നെ ജീവക്കേണം (റോമർ 12:2). അങ്ങനെ സ്വർഗ്ഗീയരായി ജീവിക്കുന്നവരുടെ ചില ആത്മിക അനുഭവങ്ങൾ നമുക്ക് ദൈവവചനത്തിൽ കാണുവാൻ കഴിയും.
ഒന്നാമതായി നാം ചിന്തിക്കുമ്പോൾ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയർത്തെഴുന്നേൽപ്പിച്ച് അവരെ സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു (എഫെസ്യർ 2:7). അത് എന്തിനെന്നാൽ അവരെ ലോകത്തിൽ നിന്ന് തെരഞ്ഞെടുത്തിരിക്കയാൽ അവർ ഇനിയും ലൗകീകരാകാതിരിക്കുവാനാണ്. ആകയാൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നിടമായ, അവർ ഇരുത്തപ്പെട്ട സ്ഥലമായ ഉയരത്തിലുള്ളത് അന്വേഷിക്കുന്നവരാകണം. ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതു തന്നെ ചിന്തിക്കുന്നവരായും ജീവിക്കേണ്ടിയിരിക്കുന്നു (കൊലൊസ്സ്യർ 3:1-2). അങ്ങനെയുള്ളവർ വരുവാനുള്ള ലോകത്തിന്റെ ശക്തിയും അനുഭവങ്ങളും ആസ്വദിക്കുന്നവർ ആകും (എബ്രായർ 6:5). ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ല പരിശുദ്ധാത്മാവിൽ നീതിയും സമാധാനവും സന്തോഷവും (ഇംഗ്ലീഷ്) ആയിരിക്കയാൽ അതിൽ ക്രിസ്തുവിനെ സേവിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നവരാകും (റോമർ 14:17-18). മാത്രമല്ല അവർ അബ്രഹാമിനെ പോലെ കുടുംബമൊന്നായി ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളുമെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാൻ ഉത്സാഹിക്കും (എബ്രായർ 11:13). അവരെപ്പോലെ തങ്ങളുടെ ഈ ലോകത്തിലെ ഭവനങ്ങളെ വെറും കൂടാരങ്ങൾ ആയി കണ്ടുകൊണ്ട് ഈ ലോകത്തേക്കാൾ അധികം നല്ലതായതിനെ, സ്വർഗീയമായതിനെ തന്നെ കാംക്ഷിച്ചുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ ദൈവനഗരത്തിനായി തന്നെ കാത്തിരിക്കുന്നു (എബ്രായർ 11:9-10,16). ആകയാൽ ദൈവം നമുക്കുവേണ്ടി മുൻകരുതിയിരിക്കുന്ന ഈ ഏറ്റവും നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നെ കാത്തിരുന്നുകൊണ്ട് നമുക്ക് സ്വർഗീയരായി ജീവിക്കുന്നവരാകാം (എബ്രായർ 11:40).
രണ്ടാമതായി സ്വർഗ്ഗീയരായവർ തങ്ങളുടെ ദൈവത്തെ ദൈവമേ എന്നല്ല പിതാവേ എന്ന് വിളിക്കുന്നവരാകും. കാരണം യേശു പിതാവായ ദൈവത്തെ മനുഷ്യർക്ക് വെളിപ്പെടുത്തി കൊടുക്കുവാനായി ഇച്ഛിച്ചിട്ട് ലോകത്തിലേക്ക് വന്നപ്പോൾ (മത്തായി 11:27) തന്റെ ഉപദേശങ്ങളെ കേൾക്കുന്നവർക്ക് ദൈവത്തെ പരിചയപ്പെടുത്തിയത് പിതാവായിട്ടാണ് (മത്തായി 6:9-26). ജാതികളായവരിൽ നിന്നും തനിക്കുള്ളവരെ വേർതിരിച്ചു കാട്ടിയിട്ട് അവരുടെ സ്വർഗ്ഗീയ പിതാവ് എന്നവരോട് പറയുന്നു (മത്തായി 6:32). മാത്രമല്ല യേശു ഭൂമിയിൽ ജീവിച്ച കാലമെല്ലാം ദൈവത്തെ പിതാവേ എന്നാണ് വിളിച്ചത്. യേശു ക്രൂശിൽ പാപപരിഹാര യാഗമായിത്തീർന്നു മരിക്കുന്ന സമയത്ത് ഒരിക്കൽ മാത്രം യേശു പിതാവിനെ ദൈവമേ എന്നുതന്നെ വിളിക്കുന്നു (മത്തായി 27:45-50). കാരണം യേശു നമുക്കുവേണ്ടി ദൈവത്താൽ പാപമാക്കപ്പെട്ട് (2 കൊരിന്ത്യർ 5:21 ) ക്രൂശിൽ നമ്മുടെ പാപങ്ങളെ ചുമന്നു (1 പത്രോസ് 2:24) പാപത്തിന്റെ ശമ്പളമായ മരണം ഏറ്റു കൊണ്ട് പാപിയായി മരിക്കുമ്പോൾ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാനാകാത്തതിനാൽ ദൈവമേ എന്ന് വിളിക്കുന്നു. ആകയാൽ ജാതികളായി, ലൗകികരായി, പാപികളായി ജീവിക്കുന്നവരാണ് ദൈവത്തെ ദൈവമേ എന്ന് വിളിക്കുന്നത്. യഥാർത്ഥമായി സ്വർഗ്ഗീയനായ ഒരു ദൈവപൈതൽ ദൈവത്തെ എപ്പോഴും പിതാവേ എന്ന് വിളിക്കുന്നവൻ ആയിരിക്കും. വിശേഷാൽ പ്രാർത്ഥനകളിൽ എപ്പോഴും യേശു പഠിപ്പിച്ചതുപോലെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നവരാകും (മത്തായി 6:9, ലൂക്കോസ് 11:2). നാമും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് ധൈര്യമായി വിളിക്കതക്കവണ്ണം സ്വർഗ്ഗീയരായി തന്നെ ജീവിക്കുന്നവരാകാം.
മൂന്നാമതായി സ്വർഗ്ഗീയരായവർ ദൈവമക്കളാണ് എന്ന ചിന്തയോടെ തന്നെ ജീവിക്കുന്നവരുമായിരിക്കും. കാരണം നമ്മുടെ സ്വർഗ്ഗീയ പിതാവ് സൽഗുണ പൂർണനാകയാൽ നാമും സൽഗുണപൂർണരാകുവിൻ എന്ന് യേശു ആവശ്യപ്പെടുന്നു (മത്തായി 5:48). ആകയാൽ നാം ഈ ലോകത്തിൽ നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹം നഷ്ടപ്പെടതക്കവണ്ണം ലോകത്തെയും ലോകത്തിൽ ഉള്ളതിനെയും സ്നേഹിക്കരുത് (1 യോഹന്നാൻ 2:15-17). പകരം ലോകത്തിൻ്റെ മോഹത്താലുള്ള നാശം വിട്ട് ഒഴിഞ്ഞിട്ട് ദിവ്യ സ്വഭാവത്തിന് കൂട്ടാളികളായിത്തീരണം (2 പത്രോസ് 1:4). യേശു ഉദാഹരണമായി പറയുന്നതുപോലെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നവർ ആയിരിക്കാതെ ശത്രുക്കളെയും സ്നേഹിക്കുന്നവരായും ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരായും തീരുവാൻ ഇടയാകണം. അത് അവർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പുത്രന്മാരായി തീരേണ്ടതിനാണ് (മത്തായി 5:44-45). ലൂക്കോസ് സുവിശേഷത്തിൽ യേശു പറയുന്നതുപോലെ പകയ്ക്കുന്നവർക്ക് ഗുണം ചെയ്തും ശപിക്കുന്നവരെ അനുഗ്രഹിച്ചും പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കാതെയും ഒന്നും ഇച്ഛിക്കാതെ കടം കൊടുക്കുന്നവരായും, ചുരുക്കത്തിൽ മനുഷ്യർ തങ്ങൾക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതൊക്കെയും അവർക്ക് ചെയ്യുന്നവരായി കാണപ്പെടേണം. സ്വർഗ്ഗീയ പിതാവ് ദയാലുവും മനസ്സലിവും ഉള്ളവൻ ആകുന്നതുപോലെ സ്വർഗ്ഗീയരും ആയിത്തീരണം.(ലൂക്കോസ്6:27-36). ആകയാൽ മനുഷ്യരുടെ ലോകമോഹങ്ങൾക്കേറ്റവണ്ണം പാപികളായി, ജാതികളെപ്പോലെ ദുഃസ്വഭാവികളായി ജീവിക്കാതെ (1പത്രോസ് 4.2 -3), ലോകത്താലുള്ള കളങ്കം പറ്റാത്തവരായി തങ്ങളെ കാത്തുകൊണ്ട് സൽഗുണപൂർണരായി, സ്വർഗ്ഗീയരായി തന്നെ ജീവിക്കാം (യാക്കോബ് 1:27).
നാലാമതായി അവർ സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളാലും ക്രിസ്തുവിൽ അനുഗ്രഹിക്കപ്പെട്ടവരാകും (എഫേസ്യർ 1:3). സ്വർഗസ്ഥനായ പിതാവിൻ്റെ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ മൂത്ത പുത്രനായ യേശുക്രിസ്തുവിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. പിതാവായ യിസ്ഹാക്കിന്റെ അനുഗ്രഹം ലഭിക്കുവാനായി ഇളയമകനായ യാക്കോബ് മൂത്തമകനായ ഏശാവിന്റെവസ്ത്രം ധരിച്ചുകൊണ്ടുപോയി ആ വസ്ത്രത്തിൻ്റെ വാസനയാൽ അനുഗ്രഹിക്കപ്പെടുന്നു (ഉല്പത്തി 27:15-27). അതുപോലെ ക്രിസ്തുവിനോട് ചേരുവാൻ സ്നാനമേറ്റവരായ നാം ക്രിസ്തുവിനെ ധരിച്ചവരായിത്തീരുന്നു (ഗലാത്യർ 3:27). അങ്ങനെ നാം ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസനയാകയാൽ ദൈവം നമ്മെ അനുഗ്രഹിക്കുന്നു (2 കൊരിന്ത്യർ 2:15). ആ അനുഗ്രഹം സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളാണ് (എഫേസ്യർ 1:3), ഭൗതികമായ, ലൗകികമായ അനുഗ്രഹങ്ങൾ അല്ല. ലൗകിക അനുഗ്രഹങ്ങളൊക്കെയും ലോകമനുഷ്യർ ദൈവമക്കളെക്കാൾ അധികമായി പ്രാപിക്കുന്നുണ്ട്. അതുകൊണ്ട് ഒരു സ്വർഗ്ഗീയ മനുഷ്യനുള്ള അനുഗ്രഹങ്ങൾ ഒരിക്കലും ഭൗതികമായതല്ല സ്വർഗ്ഗത്തിലെ ആത്മീയ അനുഗ്രഹങ്ങൾ തന്നെയായിരിക്കും. ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നവർ ആകയാൽ ദൈവം അവർക്ക് ഭൗതികമായ നന്മകളോക്കെയും നൽകുന്നു എന്നു മാത്രമല്ല ദൈവരാജ്യവും അവർക്ക് നൽകുവാൻ ദൈവം പ്രസാദിക്കുന്നു (ലൂക്കോസ്12:31-32). ആകയാൽ അവർ യാക്കോബിനെ പോലെ ഭൗതിക നന്മകൾക്ക് പ്രാധാന്യം കൊടുക്കാതെ സ്വർഗീയ അനുഗ്രഹങ്ങൾക്കായി ദൈവത്തോട് പോരാടി പ്രാർത്ഥിക്കുന്നവർ ആയിരിക്കും (ഉല്പത്തി 32:26). സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും പ്രാർത്ഥനയാൽ പ്രാപിച്ച് നമുക്കും സ്വർഗ്ഗീയരായി തന്നെ ജീവിക്കാം.
അഞ്ചാമതായി സ്വർഗ്ഗീയരായവർ മറ്റു ലോകമനുഷ്യരെപ്പോലെ ജഡീകർ ആയിരിക്കാതെ സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും അനുഭവിക്കുന്ന ആത്മീകന്മാർ തന്നെ ആയിരിക്കും (1 കൊരിന്ത്യർ 3:1-3). പ്രാകൃതരായ ലോക മനുഷ്യർക്ക് ദൈവാത്മാവിന്റെ ഉപദേശം ഭോഷത്തമായി തോന്നുകയാല്‍ അവർക്ക് അത് കൈക്കൊള്ളുവാൻ കഴിയുന്നില്ല, ആത്മീകമായി വിവേചിക്കേണ്ടതാകയാൽ അത് ഗ്രഹിപ്പാനും സാധിക്കുകയില്ല. എന്നാൽ ദൈവം നമുക്ക് നൽകിയതിനെ അറിയുവാനായി ദൈവത്തിൽ നിന്നുള്ള ആത്മാവിനെ പ്രാപിച്ചവർ മാനുഷിക ജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നെ ആത്മീകമായതു പ്രസ്താവിക്കുന്നു. അങ്ങനെ ആത്മീകമായത് ആത്മീകന്മാർക്ക് തെളിയിക്കപ്പെടുന്നതിനാൽ ആത്മീകൻ സകലത്തെയും വിവേചിച്ച് അറിയുന്നു. ആയതിനാൽ ആത്മീകരായവർ ദൈവാത്മാവിനാൽ ഉപദേശിക്കപ്പെട്ടവരായി ആത്മീയമായതു ഗ്രഹിച്ചു വളരുന്നു (1കൊരിന്ത്യർ 2:13). യിസ്രായേൽ മക്കൾ മരുഭൂമി യാത്രയിൽ മന്നാ കൊണ്ട് ഉപജീവിച്ചതുപോലെ ദൈവം അവർക്ക് സ്വർഗ്ഗീയ ധാന്യമാകുന്ന ആത്മാവിന്റെ ഉപദേശങ്ങൾ നൽകി പോഷിപ്പിക്കുവാൻ ഇടയാകുന്നു (സങ്കീർത്തനം 78:24).ഈ ആത്മീക ഉപദേശങ്ങെളെല്ലാം സ്വർഗ്ഗീയമായതാകയാൽ സ്വർഗീയരായി തന്നെ ജീവിക്കാൻ നമുക്കിടയാകും.
ആറാമതായി സ്വർഗ്ഗീയരായവർ ഒരിക്കലും ഈ ഭൂമിയിൽ തങ്ങൾക്കായി നിക്ഷേപം സ്വരൂപിക്കുന്നവരാകയില്ല. മറിച്ച് സ്വർഗ്ഗത്തിൽ തങ്ങളുടെ നിക്ഷേപം സ്വരൂപിക്കുന്നവരായിരിക്കും (മത്തായി 6:19-20). അതിനായി യേശു പറയുന്ന മാർഗം തങ്ങൾക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക എന്നാണ്. എന്നാലാണ് അവർക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകുക ( മർക്കോസ് 10:21, ലൂക്കോസ് 12:33). യേശുവും തന്റെ ശിഷ്യന്മാരിലൂടെ ദരിദ്രർക്ക് കൊടുത്തു സഹായിക്കുന്നവരായിരുന്നു (യോഹന്നാൻ 13:29). ആകയാൽ തങ്ങളുടെ ഇടയിലെ ദരിദ്രരെ ഓർത്തുകൊണ്ട് അവരെ സഹായിക്കാൻ സ്വർഗ്ഗീയർ എപ്പോഴും ഉത്സാഹിക്കുന്നവരാകും (ഗലാത്യർ 2:10). അത് സ്വർഗ്ഗത്തിൽ അവർക്ക് നിക്ഷേപമായി മാറും. മാത്രമല്ല സ്വർഗ്ഗത്തിൽ തങ്ങൾക്ക് നിലനിൽക്കുന്ന ഉത്തമ സമ്പത്ത് ഉണ്ട് എന്നറിഞ്ഞിട്ട് ഭൂമിയിലെ തങ്ങളുടെ സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിക്കുന്നവർ ആയിരിക്കും. (എബ്രായർ 10:34) ഇനിയും ഈ ലോകത്തിൽ തങ്ങൾക്ക് തന്നെ നിക്ഷേപിച്ചിട്ട് അനുഭവിപ്പാൻ കഴിയാതെ പെട്ടെന്ന് ലോകം വിട്ടുപോകേണ്ടിവരുന്ന മൂഡരായിരിക്കാതെ ദൈവവിഷയമായി സമ്പന്നരാകുവാൻ ഉത്സാഹിച്ച് പ്രവർത്തിക്കുന്നവരുമാകും (ലൂക്കോസ് 12:20-21). ആകയാൽ കർത്താവിന്റെ വരവിങ്കൽ തന്നിൽ നിന്ന് കൂലിയും പ്രതിഫലവും പ്രാപിപ്പാൻ (യെശയ്യാവ് 40:10) പ്രവർത്തികളിൽ ഉത്സാഹികളായി നമുക്കും സ്വർഗ്ഗീയരായി തന്നെ ജീവിക്കുന്നവരാകാം.
ഏഴാമതായി സ്വർഗീയ പൗരത്വമുള്ള സ്വർഗ്ഗീയരായവർ സ്വർഗ്ഗത്തിൽ നിന്ന് കർത്താവായ യേശുക്രിസ്തു രക്ഷിതാവായിവരും എന്നു കാത്തിരിക്കുന്നവരാകും (ഫിലിപ്പിയർ 3:20). സ്വർഗ്ഗാരോഹണം ചെയ്തു സ്വർഗ്ഗത്തിലേക്കുപോയ യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെതന്നെ വീണ്ടും വരും എന്നത് നമ്മുടെ പ്രത്യാശയും ധൈര്യവും ആണ് (അപ്പൊ. പ്രവൃത്തി 1:11). ഈ ലോകത്തെ വിട്ടു പിരിഞ്ഞാൽ സ്വർഗ്ഗത്തിൽ ക്രിസ്തുവിനോട് കൂടെ വസിക്കാൻ ആഗ്രഹിക്കുന്നത് അത്യുത്തമം ആണ് (ഫിലിപ്പിയർ 1:23). ആകയാൽ സ്വർഗ്ഗീയനായവൻ ക്രിസ്തു വീണ്ടും വന്ന് തന്നെ തന്റെ അടുക്കൽ ചേർത്തുകൊള്ളുന്ന ആ സുദിനത്തിനായി ആകാംക്ഷിയോടെ കാത്തിരിക്കുന്നവനാകും. തനിക്കായി കാത്തുനിൽക്കുന്നവരുടെ രക്ഷയ്ക്കായിട്ടാണ് യേശു രണ്ടാമതും പ്രതിഷ്ഠനാകുന്നത് (എബ്രായർ 9:28). യേശു പ്രത്യക്ഷനാകുമ്പോൾ നാം യേശുവിനോട് സദൃശ്യന്മാരാകും (1യോഹന്നാൻ 3:2). അഥവാ സ്വർഗ്ഗീയനെപോലെ ജീവിക്കുന്ന സ്വർഗ്ഗീയരായവർ സ്വർഗ്ഗീയന്റെ പ്രതിമ ധരിക്കുവാൻ ഇടയാകും (1കൊരിന്ത്യർ 15:28-49). സ്വർഗ്ഗീയ ശരീരമുള്ളവരായി, തേജസ്കരിക്കപ്പെട്ടവരായി സ്വർഗ്ഗത്തിൽ യേശുവോടുകൂടെ നിത്യം നിത്യമായി വസിക്കും (1കൊരിന്ത്യർ 15:40)). ആകയാൽ നാം യേശുവിനെപോലെ ലൗകികരല്ലാത്തവർ ആകയാൽ ഈ അനുഭവങ്ങളോടെ സ്വർഗ്ഗീയരായി ജീവിക്കുവാൻ ദൈവം നമ്മെ സഹായിച്ച് ഒരുക്കുമാറാകട്ടെ.