വിളിക്കുന്നവന്റെ വിശ്വസ്തത (1 തെസ്സലൊനീക്യർ 5:24)

വിളിക്കുന്നവന്റെ വിശ്വസ്തത (1 തെസ്സലൊനീക്യർ 5:24)
: :

ദൈവത്തിന് മഹത്വം

വിളിക്കുന്നവന്റെ വിശ്വസ്തത

നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാകുന്നു: അവൻ അത് നിവർത്തിക്കും. 1 തെസ്സലൊനീക്യർ 5:24

2
തിമൊഥെയൊസ് 2:13 -ൽ വിശ്വാസയോഗ്യമായതായി നാം വായിക്കുന്ന ഒരുകാര്യം നാം അവിശ്വസ്തരായിരുന്നാലും ദൈവം നമുക്ക്  വിശ്വസ്തനാകുന്നു എന്നതാണ്.  ദൈവത്തിന് തന്റെ സ്വഭാവം ത്യജിപ്പാൻ കഴിയുകയില്ല എന്നുള്ളതാണതിന്റെ കാരണം. നമ്മുടെ കുറിവാക്യത്തിൽ ഒരു വിശേഷത കൂടെ നമുക്കു കാണാം. ദൈവം ആരെ വിളിക്കുന്നുവോ അവർക്ക് താൻ വിശ്വസ്തൻ ആണെന്നു മാത്രമല്ല തൻ്റെ വിളിയുടെ ഉദ്ദേശം ദൈവം അവരിൽ നിവർത്തിക്കുമെന്നും വാഗ്ദത്തം ചെയ്യുന്നു. വിശുദ്ധ സഹോദരന്മാരായി സ്വർഗീയവിളിക്ക് ഓഹരിക്കാരായവർക്ക് ദൈവം നൽകുന്ന ഉറപ്പാണിത് (എബ്രായർ 3:1). ആകയാൽ ഈ സഹോദരന്മാരോട് ദൈവവചനം ആവശ്യപ്പെടുന്നത് അവർ ഇടറി പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുവാൻ തക്കവണ്ണം തങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിക്കണമെന്നാണ് (2 പത്രോസ് 1:10-11). എഫെസ്യർ 1:18-19 -ൽ നാം അറിയേണ്ടതായ ചില  കാര്യങ്ങൾ പറയുന്നു. ദൈവത്തിൻ്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ ദൈവീക അവകാശത്തിൻ്റെ മഹിമാധനം എന്താണ് എന്നും നാം അറിയേണം. അതായത് യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന അറിവ് നമുക്ക് ഉണ്ടാകണം (2 തെസ്സലൊനീക്യർ 2:14). മറ്റൊന്ന് ഈ അനുഭവം നാം പ്രാപിക്കേണ്ടതിന്  നമുക്കുവേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പവും നാം അറിയേണം എന്നതാണ്. കാരണം യേശുക്രിസ്തുവിന്റെ മഹത്വം നാം പ്രാപിക്കുന്നത് നമ്മുടെ കഴിവുകൊണ്ടല്ല ദൈവത്തിന്റെ അത്യന്തശക്തി ഒന്നുകൊണ്ട് മാത്രമാണ്.

റോമർ 8:28-30 വാക്യങ്ങളിൽ ദൈവത്തെ സ്നേഹിക്കുന്ന ഒരു കൂട്ടരേ ദൈവം തൻ്റെ മുന്നറിവിനും മുൻനിർണയത്തിനും ഏറ്റവണ്ണം വിളിക്കുന്നതായി കാണുന്നു. സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞു കിടന്ന ദൈവീക മർമ്മത്തിന്റെ വ്യവസ്ഥ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണയപ്രകാരം സഭ മുഖാന്തരം ദൈവം വെളിവാക്കുന്നു. ആ ദൈവീക നിർണയം നാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കുക എന്നതാകയാൽ (2 തെസ്സലൊനീക്യർ 2:14) ആ മഹത്വം പ്രാപിക്കുവാനായി ദൈവം തന്റെ  സുവിശേഷഘോഷണത്താൽ നമ്മെ രക്ഷയ്ക്ക് വിളിക്കുന്നു.

കൂടുതൽ വ്യക്തതയോടെ നാം ചിന്തിച്ചാൽ മനുഷ്യന്റെ ജനനത്തിനു മുൻപേ അവന്റെ അവസ്ഥകളെ അറിയുന്ന ദൈവം അവരുടെ സ്വഭാവങ്ങൾക്കേറ്റവണ്ണം അവരെ മുന്നറിയുകയും മുൻ നിയമിക്കുകയും ചെയ്യുന്നു (യിരെമ്യാവ് 1:5). ഉദാഹരണമായി  ഏശാവിന്റെയും യാക്കോബിന്റെയും സ്വഭാവങ്ങൾക്കേറ്റവണ്ണം (ഉല്പത്തി 25:27) ദൈവം ഏശാവിനെ ദ്വേഷിക്കയും യാക്കോബിനെ സ്നേഹിക്കുകയും ചെയ്യുന്നു (റോമർ 9:13). റോമർ 8:28-30 -ൽ ദൈവം മനുഷ്യരെ നോക്കുമ്പോൾ ചിലർ ദൈവത്തെ സ്നേഹിക്കുന്നവരായി, തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ യേശുക്രിസ്തുവിൻ്റെ മഹത്വം പ്രാപിപ്പാൻ ഉത്സാഹിച്ചു അത് പ്രാപിക്കും എന്ന് ദൈവം മുന്നറിയുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ അവരോടുക്കൂടെ തേജസ്സിൽ വെളിപ്പെടും (കൊലൊസ്സ്യർ 3:4) എന്ന പ്രത്യാശയുള്ള (1 യോഹന്നാൻ 3:2-3) ഈ മുന്നറിഞ്ഞവരെയാണ് ദൈവം മുൻനിയമിക്കുന്നത്. ഇങ്ങനെ ദൈവം മുൻനിയമിച്ചവരെ തന്റെ സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരാക്കി സുവിശേഷഘോഷണത്താൽ രക്ഷയ്ക്ക് വിളിക്കുന്നു (എബ്രായർ 3:1). അവർ വിശ്വസികയും സ്‌നാനമേല്കയും ചെയ്യുമ്പോൾ രക്ഷിക്കപ്പെട്ടു (മർക്കൊസ് 16:16) വിശ്വാസത്താലുള്ള നീ‌തീകരണം പ്രാപിക്കുന്നു. (ഗലാത്യർ 2:16) തുടർന്ന് ദൈവം തന്റെ പരിശുദ്ധാത്മാവിനെ അവർക്ക് നൽകിക്കൊണ്ട് ആത്മാവിനാൽ അവരെ വിശുദ്ധികരിച്ച് (1 പത്രോസ്‌ 1:2) വിശുദ്ധസഹോദരന്മാർ ആക്കുന്നു. യേശുക്രിസ്തു ക്രൂശിൽ തന്നെത്താൻ  ഏൽപ്പിച്ചു കൊടുത്തത് സഭയെ തേജസ്സോടെ തനിക്കുതന്നെ മുൻനിർത്തേണ്ടതിന് ആകയാൽ (എഫെസ്യർ 5:26-27) ഈ വിശുദ്ധസഹോദരന്മാരെ സഭയിൽ ഉൾപ്പെട്ടവർ ആക്കുന്നു.  അതിന്നായി  ദിനംപ്രതി കർത്താവുതന്നെ രക്ഷിക്കപ്പെട്ടവരെ സഭയോട് ചേർക്കുന്നു (അപ്പൊസ്തല പ്രവർത്തി 2:47). ഇങ്ങനെ വിളിച്ചവരെ  നീതീകരിക്കുന്ന ദൈവം നീതീകരിച്ചവരെ തേജസ്ക്കരണത്തിലേക്കു നടത്തികൊണ്ട് (റോമർ 8:30) തൻ്റെ വിശ്വസ്തത വിളിക്കപ്പെട്ടവർക്കായി വെളിപ്പെടുത്തുന്നു.

ശലോമോൻ രാജാവ് ദൈവത്താൽ മുന്നറിഞ്ഞ് മുൻ നിയമിക്കപ്പെട്ടവനും (1 ദിനവൃത്താന്തം 22:9-10) ദൈവത്താൽ സ്നേഹിക്കപ്പെട്ടവനും (2 ശമൂവേൽ 12:24-25) ആണെങ്കിലും പിന്നീട് തള്ളപ്പെടുവാൻ ഇടയായി.  ആദാമ്യപാപത്താൽ നന്മ തിന്മകളെ തിരിച്ചറിയുവാൻ തക്കവണ്ണം ദൈവത്തെപ്പോലെയായ മനുഷ്യന്റെ അവസ്ഥയെ നാം ചിന്തിക്കുമ്പോൾ (ഉല്പത്തി 3:22) മനുഷ്യന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണങ്ങൾ എല്ലായിപ്പോഴും ദോഷമുള്ളതാകയാൽ അവൻ നന്മയല്ല തിന്മയെത്രേ എപ്പോഴും തിരഞ്ഞെടുക്കുന്നത് (ഉല്പത്തി 6:5). ശലോമോൻ രാജാവും യഹോവയെ വിട്ട് തന്റെ ഹൃദയം തിരിക്കയും തിന്മ തെരഞ്ഞെടുത്ത്  യഹോവ കൽപ്പിച്ചത് പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ട് ദൈവം അവനെ തള്ളിക്കളയുന്നു (2 രാജാക്കന്മാർ 11:9-10). ഇത് നമുക്കും ഒരു ഗുണപാഠമാണ്.

തേജസ്ക്കരണം എന്ന ദൈവീക ഉദ്ദേശം നമ്മിൽ നിവർത്തിക്കുവാനായി ദൈവം ചെയ്യുന്ന രണ്ട് കാര്യങ്ങൾ 1 തെസ്സലൊനീക്യർ 5:23 -ൽ നമുക്ക് കാണാനാകും. ഒന്നാമത് സമാധാനത്തിന്റെ ദൈവം താൻ വിളിക്കുന്നവരെ മുഴുവനും ശുദ്ധീകരിക്കുന്നു. ദൈവത്തിൽനിന്ന് ജനിച്ചവനിൽ ദൈവത്തിന്റെ വിത്ത് വസിക്കുന്നതിനാലും (1 യോഹന്നാൻ 3:9) അവൻ തന്നത്താൻ സൂക്ഷിക്കുന്നതിനാലും പാപം ചെയ്യുന്നില്ല (1 യോഹന്നാൻ 5:18). നാം പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട് (1യോഹന്നാൻ 2:1).  നാം നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുന്നു എങ്കിൽ ദൈവം നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി യേശുവിന്റെ രക്തത്താൽ നമ്മെ കഴുകി ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആണ് (1 യോഹന്നാൻ 1:7-9). ആകയാൽ നാം ശരിയായ മാനസാന്തരത്തോടും അനുതാപത്തോടും കൂടെ നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുമ്പോൾ നീതിമാനായ യേശുക്രിസ്തു നമുക്ക് പിതാവിന്റെ അടുക്കൽ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി നമ്മെ അതിൽ നിന്ന്  വിടുവിക്കുന്നു (1 യോഹന്നാൻ 2:2). എഫെസ്യർ 5:27-ൽ യേശു തന്റെ രക്തത്താൽ നമ്മെ കറയോ മറ്റു മാലിന്യങ്ങളോ ഒന്നുമില്ലാതെ ശുദ്ധരാക്കിത്തീർക്കുന്നു. നമ്മുടെ കർത്താവ് നമ്മെ ഒന്നാമതായി കറ ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിക്കുന്നതിനാൽ (2 പത്രോസ് 3:14) കുഞ്ഞാടിൻ്റെ കാന്തയായി നിർത്തപ്പെടുന്ന നാളിൽ നമുക്ക് ശുദ്ധമായ വസ്ത്രം ധരിപ്പാൻ കൃപ ലഭിക്കും (വെളിപ്പാട് 19:7-8). ഈ കൃപ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ നാളിൽ തൻ്റെ കാന്തയ്ക്ക് മാത്രമായി അന്ന് വെളിപ്പെടുന്നതാകയാകയാൽ (1 പത്രോസ് 1:13) ആ കൃപയിൽ നാം ഇപ്പോഴേ പൂർണപ്രത്യാശ വെച്ചുകൊള്ളുന്നവരാകട്ടെ.

രണ്ടാമതായി 1 തെസ്സലൊനിക്യർ 5:23 -ൽ നമ്മുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുവാൻ തക്കവണ്ണം കാക്കപ്പെടുവാനിടയാകും. നാം  ദൈവത്തിന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ലോകസ്ഥാപനത്തിന് മുമ്പേയുള്ള ദൈവത്തിന്റെ അനാദിനിർണയത്തിന് ഏറ്റവണ്ണം നമ്മെ തിരുഹിതത്തിൻ്റെ പ്രസാദപ്രകാരം തന്റെ സ്നേഹത്തിൽ മുൻനിയമിച്ചിട്ട് ദൈവം നമ്മെ യേശുക്രിസ്തുവിൽ തെരഞ്ഞെടുത്തിരിക്കന്നു (എഫെസ്യർ 1:4-6). നമ്മുടെ രക്ഷിതാവായ ആ ദൈവം വീഴാതവണ്ണം നമ്മെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയിൽ തേജസ്സിൻ്റെ പ്രത്യക്ഷതയിങ്കൽ കളങ്കമില്ലാത്തവരായി ആനന്ദനത്തോടെ നിർത്തുവാൻ ശക്തനാണ് (യൂദാ 1:24-25). ആകയാൽ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നമ്മുടെ ആത്മാവും പ്രാണനും ദേഹവും മുഴുവനും അശേഷം അനിന്ദ്യമായി വെളിപ്പെടുവാൻ തക്കവണ്ണം ദൈവം നമ്മെ കാത്തുകൊള്ളും (1 തെസ്സലൊനീക്യർ 5:23). സഭയെ ചുളുക്കം മുതലായതൊന്നുമില്ലാതെ നിഷ്കളങ്കയായി യേശു മുൻനിർത്തും (എഫെസ്യർ 5:27). നമ്മുടെ കർത്താവ് നമ്മെ രണ്ടാമതായി കളങ്കമില്ലാത്തവരായി കാണ്മാൻ ഉത്സാഹിക്കുന്നതിനാൽ (1 പത്രോസ് 3:14) തൻ്റെ പ്രത്യക്ഷതയിൽ വെളിപ്പെടുന്ന കൃപയാൽ ശുഭ്രമായ വസ്ത്രം ധരിക്കാൻ ഇടയാക്കും (വെളിപ്പാട് 19:8). എഫെസ്യർ 5:27-ൽ രണ്ടു കാര്യങ്ങളോടെ മുൻനിർത്തും. ഒന്ന് ശുദ്ധയായി, രണ്ട് നിഷ്കളങ്കയായി. വെളിപ്പാട് 19.8-ൽ രണ്ട് വിശേഷതയുള്ള വസ്ത്രം ധരിപ്പാൻ കൃപ ലഭിക്കും. ഒന്ന് ശുദ്ധമായത്, രണ്ട് ശുഭ്രമായത്. നമ്മെ ശുദ്ധീകരിച്ച് നിഷ്കളങ്കരാക്കുവാൻ വിശ്വസ്തനായ ദൈവത്താൽ ഈ രണ്ട് അനുഭവങ്ങളും നമുക്ക് പ്രാപിക്കാനിടയാകട്ടെ.

ദൈവം നമ്മെ സൂക്ഷിക്കുവാൻ തക്കവണ്ണം കോഴി തൻ്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നമ്മുടെ മക്കളെ, (നമ്മെയല്ല, നമ്മുടെ മക്കളെ) ചേർത്തുകൊൾവാൻ എത്രയോ വട്ടം മനസ്സുള്ളവൻ ആയിരിക്കുന്നു (മത്തായി 23:37). ഈ നമ്മുടെ മക്കൾ എന്നത് നമ്മുടെ അകമേയുള്ളവനാണ്, (2 കൊരിന്ത്യർ 4:16) അകത്തെ മനുഷ്യനാണ് (എഫേസ്യർ 3:16). അഥവാ ദൈവത്തിങ്കലേക്കും ദൈവ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുത്തുകൊള്ളപ്പെടുന്ന ആൺകുട്ടിയാണ്. (വെളിപ്പാട് 12:5) യേശു തൻ്റെ ചിറകിൻകീഴിൽ ചേർക്കുവാൻ എത്രയോവട്ടം മനസ്സുള്ളവൻ ആയിരിക്കുമ്പോൾ നാം മനസ്സില്ലാത്തവരാകരുത്.  മനസ്സുണ്ടായിരുന്നവർ എങ്ങനെ മനസ്സില്ലാത്തവരായിത്തീരുന്നു എന്ന് ചിന്തിച്ചാൽ ചില കാര്യങ്ങൾ നമുക്ക് വ്യക്തമാകും. യേശു അവരെക്കുറിച്ച് പറയുന്ന കാര്യം അവർ പ്രവാചകന്മാരെ കൊല്ലുകയും തങ്ങളുടെ അടുക്കൽ അയക്കപ്പെട്ട ശുശ്രൂഷകരെ കല്ലെറിയുകയും ചെയ്യുന്നവരാണെന്നാണ് (മത്തായി 23:37). പ്രവചനത്തിലൂടെയും നമ്മോട് അറിയിക്കുന്ന ദൈവാലോചനയിലൂടെയും നമുക്ക് ലഭിക്കുന്ന ദൈവീക ഉപദേശങ്ങളെ, ദൈവവചനങ്ങളെ നാം തള്ളികളയുന്നവരാകരുത്. നാമൊരിക്കലും പ്രവചനത്തെ തുച്ഛീകരിക്കരുത് (1തെസ്സലോനിക്കർ 5:20). അത് ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല ദൈവ കല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ (2 പത്രോസ് 1:21). പരിശുദ്ധാത്മാവിൻ്റെ നേരെ ദൂഷണം പറയുന്നവന് ഒരു നാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകുമെന്ന് യേശു തന്നെ സത്യമായിട്ടു നമ്മോട് പറയുന്നു (മർക്കോസ് 3:29). മാത്രമല്ല യേശു നമ്മോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിക്കുവാനായി നിയമിക്കപ്പെട്ട ശുശ്രൂഷകരെ (മത്തായി 28:20) നാം കുറ്റപ്പെടുത്തുന്നവരും കളിയാക്കി അപമാനിക്കുന്നവരും ആകരുത്. അവരെ കൈക്കൊള്ളാതെ ഇരുന്നാൽ നാം യേശുവിനെയും അതുവഴി ദൈവത്തെയും തള്ളിക്കളയുന്നവരാകുന്നു (മത്തായി 10:40). ആകയാൽ അവർക്ക് ബഹുമാനം കൊടുത്തുകൊണ്ട് അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കേണ്ടിയിരിക്കുന്നു.

ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരായി അവർ പറയുന്നതുപോലെ ചെയ്യുന്നില്ല എങ്കിലും യേശു പറയുന്നത് അവർ മോശയുടെ പീഠത്തിൽ ഇരിക്കുന്നവരാകയാൽ അവർ പറയുന്നതൊക്കെയും പ്രമാണിച്ച് ചെയ്യുവിൻ എന്നാണ് (മത്തായി 23:1-3). ആകയാൽ ദൈവം യേശുവിനെ അയച്ചതുപോലെ യേശുവിനാൽ അയക്കപ്പെട്ട ശുശ്രൂഷകരെ (യോഹന്നാൻ 17:18, 20:21) നാം ഒരിക്കലും കല്ലെറിയാതെ അവരെ സന്തോഷത്തോടെ ഏറ്റുകൊണ്ട് അവരുടെ ഉപദേശങ്ങൾക്കേറ്റവണ്ണം, ദൈവവചനപ്രകാരം ജീവിക്കുവാൻ ഉത്സാഹിക്കേണം. യേശുവിന്റെ ആടുകളായവർ തന്റെ ശബ്ദം കേട്ട് യേശുവിനെ അനുഗമിക്കുന്നവരാകയാൽ അവരെയാണ് യേശുവും ദൈവവും തന്റെ കരങ്ങളിൽ മറച്ച് സൂക്ഷിക്കുന്നത്. അവർ ഒരുനാളും നശിച്ചു പോകാതെ യേശു അവർക്ക് നിത്യജീവൻ നൽകുന്നു (യോഹന്നാൻ 10:26-29). ദൈവത്തിൻ്റെ വചനങ്ങളോട് താൽപര്യമുള്ളവർക്ക് വീഴ്ചയ്ക്ക് സംഗതി ഏതുമില്ലാത്തവരായി ദൈവം അവരെ സൂക്ഷിക്കും (സങ്കീർത്തനം 119 : 165). മാത്രമല്ല അവർ മഹാസമാധാനം ഉള്ളവരായിട്ട് കർത്താവിൻ്റെ പ്രത്യക്ഷതയിൽ സമാധാനത്തോടെ കാണപ്പെടുവാൻ ഇടയാകും. (2 പത്രോസ് 3:14) ഈ വിധമായി നമ്മെ അഥവാ തന്റെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി നിർത്തുവാൻ വിശ്വസ്തനായ ദൈവം (എഫെസ്യർ 5:27) അവരെ വിളിച്ചത് യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കാൻ (2 തെസ്സലൊനീക്യർ 2:14) ആകയാൽ അവരെ തേജസ്സോടെ തനിക്കുതന്നെ മുൻനിർത്തും. കാരണം ദൈവമാണ് അനേകം പുത്രന്മാരെ തേജസ്സിലേയ്ക്ക് നടത്തുന്നത് (എബ്രായർ 2:10). റോമർ 8:30 - ൽ വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു എന്നാണല്ലോ നാം വായിക്കുന്നത്.  ആകയാൽ നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നാം സഭയായി തന്നോടുകൂടെ തേജസിൽ വെളിപ്പെടും (കൊലൊസ്സ്യർ 3:4). നമ്മെ വിളിക്കുന്ന ദൈവം വിശ്വസ്തനായാൽ തൻ്റെ വിളിയാലുള്ള ആശ നമ്മിൽ നിറവേറ്റും. വിശ്വസ്തനായ നമ്മുടെ ദൈവം അതിന് ഏറ്റവണ്ണം നമ്മെ നടത്തി അനുഗ്രഹിച്ചു തന്റെ വിശ്വസ്തതയെ നിവർത്തിക്കുമാറാകട്ടെ.