ദൈവത്തിന്റെ മാനപാത്രങ്ങൾ (റോമർ 9:21)
ദൈവത്തിന് മഹത്വം
ദൈവത്തിന്റെ മാനപാത്രങ്ങൾ
"അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?" റോമർ 9:21
മണ്ണുകൊണ്ട് പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ കുശവനെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമിക്കുന്ന ദൈവമാണ് നമ്മുടെ മനസ്സിൽ വരിക (ഉല്പത്തി 2:7). കുറിവാക്യത്തിന്റെ മുൻപും പിൻപും ഉള്ള വാക്യങ്ങളെ നാം ശ്രദ്ധിച്ചാലും ദൈവത്തെക്കുറിച്ചുള്ള പരാമർശമാണ് ഇത് എന്ന് നമ്മക്ക് മനസ്സിലാകും. ആകയാൽ ഇവിടെ വ്യക്തമാക്കപ്പെടുന്ന പാത്രങ്ങൾ എല്ലാംതന്നെ മനുഷ്യരാകുന്ന നാം ആണ്. അത് നിമിത്തം നമ്മുടെ ദൈവത്തിൻ്റെ വ്യക്തതയുള്ള പ്രവർത്തിയെയും അതിന് പാത്രീഭൂതരാകുന്ന നമ്മുടെ ജീവിതത്തിൻ്റെ വ്യത്യസ്തതയെയും നമുക്ക് ഗ്രഹിക്കാനാകും. കുശവൻ ഒരേ മണ്ണിൽ നിന്ന് തന്നെ ഒരു പാത്രം മാനത്തിനായും മറ്റൊരു പാത്രം അപമാനത്തിനായും ഉണ്ടാക്കുന്നു. ഇവിടെ കുശവൻ്റെ അധികാരത്തെ നമുക്ക് ഉണരാനാകും.എന്നാൽ അതെ സമയം ദൈവത്തിന്റെ പക്ഷപാതപരമായ പ്രവർത്തിയായും ഇത് വ്യാഖ്യാനിക്കപ്പെടാം. എന്നാൽ വ്യക്തമായി നാം പഠിച്ചാൽ അത് അങ്ങനെയല്ല എന്നു കാണാം. റോമർ 9:11-15 വാക്യങ്ങൾ നാം ശ്രദ്ധിച്ചാൽ യിസ്ഹാക് എന്ന ഏകനാൽ ജനിക്കത്തക്കവണ്ണം ഏശാവും യാക്കോബും ഒരേ ഗർഭപാത്രത്തിൽ ഉരുവാക്കപ്പെട്ടവരാണ്. എങ്കിലും അവരുടെ സ്വഭാവവും ജീവിതാനുഭവങ്ങളും വ്യത്യസ്തമായിരുന്നു (ഉല്പത്തി 25:27). ആകയാൽ ആ വ്യത്യസ്തതയ്ക്ക് ഏറ്റവണ്ണമാണ് ദൈവം യാക്കോബിനെ സ്നേഹിക്കുകയും ഏശാവിനെ ദ്വേഷിക്കയും ചെയ്യുന്നത് (റോമർ 9:13-15). പഴയനിയമത്തിൽ യെശയ്യാവ് 49:1 യിരെമ്യാവ് 1:4-5 എന്നീ വേദഭാഗങ്ങളിൽ നാം കാണുന്നതുപോലെ ഏതൊരു വ്യക്തിയും ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ ആ വ്യക്തിയെ അറിയുന്ന ദൈവം ആ വ്യക്തിയുടെ അവസ്ഥയ്ക്ക് ഏറ്റവണ്ണം ആണ് അവരിൽ പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ പക്കൽ അനീതിയോ (റോമർ 9:14), മുഖപക്ഷമോ ഇല്ല (റോമർ 2:11). ആകയാൽ ദൈവീകമായ അനുഭവങ്ങളോട് താല്പര്യവും ഉത്സാഹവും ഉള്ളവരോട് ദൈവത്തിന് മനസ്സുണ്ടായിട്ട് അവരോട് കരുണ തോന്നുന്നു. ദൈവീകതയോട് വിഘടിക്കുന്നവരോടോ ദൈവം കഠിനത കാണിച്ചിട്ട് അവരെ കഠിനരാക്കുന്നു. അത് നിമിത്തമാണ് ഒരു കൂട്ടർ മാനത്തിനും മറ്റൊരു കൂട്ടർ അപമാനത്തിനുമായി മാറുന്നത്.
ഈ മാന, അപമാനപാത്രങ്ങൾ ഇവിടെ കരുണപാത്രങ്ങൾ എന്നും കോപപാത്രങ്ങൾ എന്നും വിളിക്കപ്പെടുന്നു (റോമർ 9:22-24). ഇവിടെ പറയപ്പെട്ടിരിക്കുന്ന കരുണാപാത്രങ്ങളെകുറിച്ച് നാം പഠിക്കുമ്പോൾ ഇവ എങ്ങനെ കരുണാപാത്രങ്ങൾ ആയി എന്നു നമുക്ക് ഗ്രഹിക്കാം. പാപം ഒഴികെ സർവ്വത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവനാണ് യേശു. നമ്മുടെ ജഡത്താലുള്ള ബലഹീനത നിമിത്തം നാം പാപികളാകുമ്പോൾ താൻ നമ്മോടു സഹതാപം ഉള്ളവനായി കരുണ കാണിക്കേണ്ടതിനാണ് നാം തൻ്റെ അടുക്കലേക്ക് ചെല്ലുന്നത് (എബ്രായർ 4:15-16). പാപമോചനത്താലുള്ള രക്ഷയുടെ പരിജ്ഞാനം നമുക്ക് ഉണ്ടാകുന്നത് ദൈവത്തിൻ്റെ ഈ ആർദ്ര കരുണയാലാണ് (ലൂക്കോസ് 1:77). അതുകൊണ്ടാണ് വഴിയിലെ കുരുടനായ ബർത്തിമായിയും (മർക്കോസ് 10:46-48) പാപിയായ ചുങ്കക്കാരനും (ലൂക്കോസ് 18:13) തങ്ങളോട് കരുണയുണ്ടാകേണമേ എന്ന് യേശുവിനോട് നിലവിളിക്കുന്നത്. ഇങ്ങനെയുള്ളവരോട് ദൈവത്തിന് കരുണയും കനിവും തോന്നും എന്ന് ഭക്തനായ മോശെയോട് ദൈവം പറയുന്നു (റോമർ 9:15). ഈ വ്യക്തികളാണ് ദൈവത്തിൻ്റെ പ്രവർത്തിയാൽ മാനപാത്രമായി മാറുന്നത് അഥവാ കരുണാപത്രങ്ങൾ ആകുന്നത്.
മറുഭാഗത്ത് ദൈവം തൻ്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനുമായി ചിലരെ അപമാനത്തിനായി കോപപാത്രങ്ങളാക്കുന്നതായി കാണാം (റോമർ 9:22-24). അവർ ആരെന്നാൽ ദൈവീക അനുഭവങ്ങളോട് താല്പര്യം ഇല്ലാത്തവരായി ദൈവത്തിൽ നിന്നകന്ന് പാപത്തിൽ ജീവിക്കുന്നവരാണ്. അവർ പാപമോചനത്തിനായി ദൈവത്തോട് കരുണയ്ക്കായി അപേക്ഷിപ്പാൻ ഉത്സാഹം ഇല്ലാതെ പാപതല്പരരായി പാപികളായി ജീവിക്കുമ്പോൾ ദൈവം അവരെ തൻ്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനുമായി
കോപപാത്രങ്ങൾ ആക്കുന്നു. അങ്ങനെയുള്ളവരുടെ ഹൃദയത്തെ ദൈവം കഠിനപ്പെടുത്തുന്നു (റോമർ 9:17-18). ഫറവോൻ്റെ ഹൃദയത്തെ ദൈവം ഓരോ പ്രാവശ്യവും കഠിനപ്പെടുത്തിയിട്ട് അതിനാൽ അവൻ തുടർച്ചയായി ദൈവത്തോട് പാപം ചെയ്യുന്നവൻ ആകുന്നു (പുറപ്പാട് 9:12). ഫറവോൻ്റെ ജാതിയായ അമോര്യരുടെ അതിക്രമം തികയുവോളം ദൈവം അവരെയും ഫറവോനെയും കഠിനപ്പെടുത്തി പാപത്തിന് ഏല്‌പ്പിച്ചതുപോലെ (ഉല്പത്തി 15:16) ഈ കോപപാത്രങ്ങളുടെ ജീവിതത്തിലും അവരെ ദൈവം കഠിനരാക്കുന്നു (റോമർ 9:18). രക്ഷിക്കപ്പെടുന്നതിനു മുമ്പ് മറ്റുള്ളവരെപോലെ നാം ജീവിച്ച കാലത്തെക്കുറിച്ച് പറയുമ്പോൾ ജഡമോഹങ്ങളിൽ നടന്ന് ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമുള്ളത് ചെയ്തതിനാൽ നാമും കോപത്തിൻ്റെ മക്കൾ ആയിരുന്നു എന്നാണ് (എഫേസ്യർ 2:1-3). അങ്ങനെയുള്ളവർ തങ്ങളുടെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് തങ്ങൾക്ക് തന്നെ ദൈവകോപം ചരതിച്ചുവെച്ചുകൊണ്ട് ന്യായവിധിയിൽ അകപ്പെടുന്നു (റോമർ 2:5).
അവരുടെ പാപം തികയുവോളം ദൈവം അവരെ വളരെ ദീർഘക്ഷമയോടെ സഹിക്കുന്നു എന്നുള്ളതാണ് സത്യം (റോമർ 9:24). ഇവർ നാശയോഗ്യരാണെങ്കിലും നാശയോഗ്യനായ യൂദായെ യേശു സഹിച്ചു കൂടെകൊണ്ട് നടന്നതുപോലെ ദൈവവും അവരെ സഹിക്കുന്നു (യോഹന്നാൻ 17:12). യിസ്രായേൽ മക്കളുടെയും ദുശാഠ്യത്തോടുകൂടിയ ദുസ്വഭാവത്തെ ദൈവം നാല്പതു സംവത്സരത്തോളം സഹിച്ചതായി കാണുന്നു (അപ്പൊ: പ്രവൃത്തികൾ 13:18). രാജസ്ഥാനത്തുനിന്ന് തള്ളപ്പെട്ട ശൗലിനെയും ദീർഘവർഷം ദൈവം സഹിച്ചശേഷമാണ് നാശയോഗ്യനാകയാൽ നശിപ്പിച്ചത് (1ശാമുവേൽ 15:23, 1ദിനവൃത്താന്തം 10:13-14). ഹൃദയ കാഠിന്യം സംഭവിച്ചവർ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന് തങ്ങളെതന്നെ ഏൽപ്പിക്കുന്നവരായി ആ കാര്യങ്ങളിൽ അത്യാഗ്രഹത്തോടെ ഉത്സാഹിക്കുന്നു (എഫേസ്യർ 4:18 -19). അവരുടെ അകൃത്യങ്ങളുടെ പൂർണ്ണതയിൽ ഫറോവനെ ദൈവം നശിപ്പിച്ചതുപോലെ അവരെയും നശിപ്പിക്കും. ആകയാൽ ഒരു കോപപാത്രമായി ദൈവത്താൽ അപമാനിക്കപ്പെട്ടവരായി അവസാനിക്കാതിരിക്കാൻ ദൈവം ദീർഘക്ഷമയോടെ സഹിക്കുന്ന കാലഘട്ടത്തിൽ എങ്കിലും മാനസാന്തരത്തിന് ഉത്സാഹിക്കാം. ദൈവം ദീർഘക്ഷമ കാണിക്കുന്നത് മാനസാന്തരപ്പെടാൻ ആണെന്ന് അറിഞ്ഞ് മാനസാന്തരപ്പെട്ടാൽ ദൈവത്തിന്റെ ദീർഘക്ഷമ അവർക്ക് രക്ഷയായി മാറുവാൻ ഇടയാകും, നശിച്ചു പോകാതെ രക്ഷ പ്രാപിക്കാനാകും (2പത്രോസ് 3:9,14).
ഇനിയും മാനപാത്രത്തെ കുറിച്ച് നാം പഠിക്കുമ്പോൾ ദൈവം വിളിച്ച് തേജസ്സിനായി മുന്നൊരുക്കുന്ന കരുണപത്രങ്ങളായ ഇവരിൽ തൻ്റെ തേജസ്സിന്റെ ധനത്തെ ദൈവം വെളിപ്പെടുത്തുന്നു എന്ന് കാണാം (റോമർ 9:23-24). ദൈവീകമായ മുൻനിർണയം പ്രാപിച്ച് ദൈവത്തിന്റെ കരുണ പ്രാപിക്കുന്നവരെ വിളിക്കുന്ന ദൈവം അവരെ നീതീകരണത്തിലേക്കും തുടർന്ന് തേജസ്സിലേക്കും നടത്തുന്നു (റോമർ 8:30). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാൻ വിളിക്കപ്പെട്ടവരാണിവർ (2തെസ്സലൊനീക്യർ 2:14). നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ ഇവരും തേജസ്സിൽ വെളിപ്പെടും (കൊലൊസ്സ്യർ 3:4). യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ നാളിലാണ് തേജസും മാനവും പുകഴ്ചയും എല്ലാം ഉണ്ടാകുന്നത് (1പത്രോസ് 1:7). ആകയാൽ അന്നവർ മാനപാത്രങ്ങളായി യേശുവോടുകൂടെ കാണപ്പെടും.
ഇങ്ങനെ ദൈവം നമ്മെ മാനപാത്രങ്ങൾ ആക്കുവാൻ അഥവാ നാം മാനപാത്രങ്ങൾ ആകേണ്ടതിന് എന്ത് ചെയ്യണം എന്നത് നാം വ്യക്തതയോടെ ഗ്രഹിക്കേണം. വ്യത്യസ്ത ഉപയോഗങ്ങൾക്കായി വിവിധങ്ങളായ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കപ്പെട്ട പാത്രങ്ങൾ ഒരു വലിയ വീട്ടിൽ ഉണ്ട് (2തിമൊഥെയൊസ് 2:20-21). എന്നാൽ അവയെ മാന്യകാര്യത്തിനുള്ളതെന്നും ഹീനകാര്യത്തിനുള്ളതെന്നും രണ്ടായി തിരിക്കുന്നു. ഈ ഏത് ഗണത്തിൽ പെട്ടതായിരുന്നാലും ഇവയെ വിട്ടകന്ന് എന്ന് പറയുമ്പോൾ നാം മാന്യരാണ് എന്നുള്ള നമ്മുടെ പുകഴ്ചയോ നാം മോശമാണ് എന്നുള്ള നമ്മുടെ വ്യാകുലതയോ നമ്മിൽ ഉണ്ടാകാതെ ഈ രണ്ട് അനുഭവങ്ങളെയും വിട്ടകലണം. ജീവിക്കുന്നതു ഇനി ഞാനല്ല എന്ന ഒരു അവസ്ഥയിലേക്ക് വന്നിട്ട് (ഗലാത്യർ 2:20) നാം ക്രിസ്തുവിനുള്ളവരാകത്തക്കവണ്ണം അഥവാ ക്രിസ്തു നമ്മിൽ ജീവിക്കത്തക്കവണ്ണം നാം നമ്മെ തന്നെ വെടിപ്പാക്കണം. മറ്റുള്ളവർ അല്ല നമ്മെ ശുദ്ധീകരിക്കുന്നത്. നാം തന്നെ ദൈവത്തോടുള്ള പ്രാർത്ഥനയിലൂടെ നമ്മുടെ ജീവിതത്തെ ആരാഞ്ഞറിഞ്ഞ് വെടിപ്പാക്കണം.
ഈ ശുദ്ധീകരണം നമ്മിൽ നടക്കുവാൻ മൂന്നു വഴികൾ 1കൊരിന്ത്യർ 11:28-31-ൽ നാം കാണുന്നു. ഒന്നാമത് തന്നെത്താൻ ശോധന ചെയ്യണം. ആത്മികൻ തന്റെ ജീവിതത്തിലുള്ള സകലത്തെയും വിവേചിച്ചറിയുന്നു അഥവാ പരിശോധിച്ചറിയുന്നു. എന്നാൽ താൻ മറ്റാരാലും വിവേചിക്കപ്പെടുന്നില്ല (1കൊരിന്ത്യർ 2:15). രണ്ടാമത് തന്റെ ശരീരത്തെ വിവേചിക്കണം. ജഡത്തിന്റെ പ്രവർത്തികളായ അശുദ്ധമായ കാര്യങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തികളിൽ ഉണ്ടോ (ഗലാത്യർ 5:19-21) എന്ന് നാം നോക്കി ജഡീകമായ എല്ലാ ശരീരത്തിൻ്റെ പ്രവർത്തികളെയും ആത്മാവിനാൽ മരിപ്പിക്കുന്നവർ ആകണം (റോമർ 8:12-13). മൂന്നാമത് നാം നമ്മെ തന്നെ വിധിക്കുന്നവർ ആകണം. നാം നമ്മെതന്നെ നീതീകരിക്കുന്നവരായി നമുക്ക് വെളിപ്പെടുന്ന കുറവുകളെ മറയ്ക്കുന്നവരാകരുത്. ആ തെറ്റുകളെ സമ്മതിച്ച് കുറ്റക്കാരാണെന്ന് നമ്മെത്തന്നെ വിധിച്ചു കൊണ്ട് ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവർ ആകണം (സദൃശ്യവാക്യം 28:13). അങ്ങനെയുള്ളവർക്ക് ദൈവത്തിന്റെ കരുണ ലഭിച്ചിട്ട് അവർ കരുണാപാത്രങ്ങളായി, മാനപാത്രങ്ങളായി മാറുവാൻ ഇടയാകും.
വീണ്ടും ഈ മാനപാത്രങ്ങളെ നാം ശ്രദ്ധിച്ചാൽ മൂന്നു കാര്യങ്ങൾ അവരിൽ കാണുവാൻ കഴിയും. തന്നെത്താൻ വെടിപ്പാക്കുന്നവൻ ദൈവത്തിൽ നിന്നുള്ള ഈ മൂന്ന് അനുഭവങ്ങളെ പ്രാപിച്ച് തന്നിൽ അത് വെളിപ്പെടുത്തുമ്പോഴാണ് താൻ മാനപാത്രമാണോ അല്ലയോ എന്ന് വ്യക്തമാകുന്നത് (2തിമൊഥെയൊസ് 2:21). ഒന്നാമത് താൻ വിശുദ്ധനാകുന്നു. യേശുവാണ് നമ്മെ വിശുദ്ധീകരിക്കുന്നത് (എബ്രായർ 2:11). യേശു പരിദ്ധാത്മാവിനെ പിതാവിൽനിന്ന് വാങ്ങി നമുക്ക് തന്നുകൊണ്ട് (അപ്പൊ പ്രവൃത്തികൾ 2:33) പരിശുദ്ധാത്മാവിനാൽ നമ്മെ വിശുദ്ധീകരിക്കുന്നു (റോമർ 15:15). മാത്രമല്ല ദൈവവചനത്താലും പ്രാർത്ഥനയാലും നമ്മുടെ ജീവിതം വിശുദ്ധമാക്കപ്പെടുന്നു (1തിമൊഥെയൊസ് 4:5). രണ്ടാമത് ഉടമസ്ഥനായവന് ഉപയോഗമുള്ളവരായി കാണപ്പെടും. ഉപയോഗമുള്ളവരെയാണ് ചേർത്തുനിർത്തുന്നത് (2തിമൊഥെയൊസ് 4:11). അല്ലാത്തവരെ എല്ലാം ഉപേക്ഷിക്കും, പാത്രങ്ങൾ ആയാലും ഉപകരണങ്ങൾ ആണെങ്കിലും കളയുവാൻ ഇടയാകും. താൻ അറിഞ്ഞ് മാനപാത്രം ആക്കുന്നവരെ ദൈവം ഉപയോഗമുള്ള ഉപകരണങ്ങളാക്കി തന്റെ കൈയ്യിലും പൂണിയിലും സൂക്ഷിക്കുന്നു (യെശയ്യാവ് 49:1-2). അങ്ങനെ നാം ദൈവത്തിനും മനുഷ്യർക്കും നല്ല പ്രയോജനം ഉള്ളവരാകും (ഫിലമോൻ 1:11). മൂന്നാമത് നല്ല വേലയ്ക്കൊക്കെയും ഒരുങ്ങിയിരിക്കുന്നവരാകും. ദൈവത്താൽ ഉപയോഗിക്കപ്പെട്ടിട്ട് നല്ല പ്രവർത്തികൾ ചെയ്യുന്നവരാകും. ദൈവം ചെയ്തതൊക്കെയും എത്രയും നല്ലതായിരുന്നു (ഉല്പത്തി 1:31). യേശുവും സകലവും നന്നായി ചെയ്യുന്നു (മർക്കൊസ് 7:37). ആകയാൽ നാം ദൈവത്തിന്റെ നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുമ്പോൾ നാം ചെയ്യുന്നതും നമ്മിലൂടെ വെളിപ്പെടുന്നതും എല്ലാം നല്ലതു തന്നെയായിരിക്കും. മാത്രമല്ല എല്ലാ തിരുവെഴുത്തും നമുക്ക് പ്രയോജനമുള്ളതാകയാൽ ദൈവവചനത്തിലൂടെ നാം നടത്തപ്പെട്ടിട്ട് സകല സൽപ്രവർത്തിക്കും വക പ്രാപിച്ചവരാകുന്നു (2തിമൊഥെയൊസ് 3:16). അങ്ങനെ സൽപ്രവർത്തികളിൽ ശുഷ്കാന്തിയുള്ളൊരു ദൈവത്തിന്റെ സ്വന്തജനമാകും (തീത്തൊസ് 2:14). ഈ മൂന്ന് അനുഭവങ്ങളും നമ്മിൽ വ്യക്തതയോടെ വെളിപ്പെടുമ്പോഴാണ് നാം ദൈവത്താൽ മാനപാത്രങ്ങൾ ആകുന്നത്. ആകയാൽ നമ്മെ തന്നെ പരിശോധിച്ചു ക്രമീകരിച്ചു നമുക്ക് ദൈവത്താൽ ഉരുവാക്കപ്പെട്ട മാനപാത്രങ്ങൾ ആയിത്തീരാം. കർത്താവിന്റെ പ്രത്യക്ഷയിൽ മാനിക്കപ്പെടുന്നവരായി കാണപ്പെടാം. ദൈവമായ കർത്താവ് നമ്മെ അതിന് സഹായിച്ച് ഒരുക്കുമാറാകട്ടെ.