സീയോനിൽ, ദൈവസന്നിധിയിൽ ചെന്നെത്തുവാൻ (സങ്കീർത്തനം 84 : 5 , 7)

ദൈവത്തിനു മഹത്വം

സീയോനിൽ, ദൈവസന്നിധിയിൽ ചെന്നെത്തുവാൻ

"
ബലം നിന്നിലുള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു." സങ്കീർത്തനം 84:5, 7.

ഫെലിസ്ത്യദേശത്ത് ആയിരുന്ന യഹോവയുടെ പെട്ടകം യിസ്രായേലിലേക്ക് മടക്കി അയക്കേണ്ടതിന് വണ്ടിയിൽ കയറ്റി വണ്ടി വലിക്കാൻ പശുക്കളെയും കെട്ടിയപ്പോൾ ആ വണ്ടി യിസ്രായേലിലേക്ക് തന്നെ പോകുവാൻ കാരണം ദൈവത്തിൻ ബലത്തിന്റെ പെട്ടകം (2 ദിനവൃത്താന്തം 6:41) ആ വണ്ടിയിൽ ഉണ്ടായിരുന്നതു കൊണ്ടാണ് (1 ശമൂവേൽ 6:11-12). യിസ്രായേൽ ജനത്തെ നാം ശ്രദ്ധിക്കുമ്പോൾ യാക്കോബിൻ്റെ ദൈവം അവരുടെ ബലമായിരുന്നു (സങ്കീർത്തനം 81:1). അതുകൊണ്ടുതന്നെ നമുക്കൊരു നിഴലായ തൻ്റെ ജനമായ യിസ്രായേലിനെ ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ച് മരുഭൂമി വഴിയായി കനാൻ ദേശത്തേയ്ക്ക് നടത്തുമ്പോൾ അവർക്ക് വഴി കാണിക്കേണ്ടതിന് ദൈവം അവരുടെ മുമ്പായി പോയ്ക്കൊണ്ടിരുന്നു (പുറപ്പാട് 13:21). അവരുടെ ബലമായ യഹോവ അവരുടകൂടെ ഉള്ളതിനാൽ അവരുടെ ഗോത്രങ്ങളിൽ യാതൊരു ബലഹീനരും ഉണ്ടായിരുന്നില്ല (സങ്കീർത്തനം 105:37). മാത്രമല്ല അവരുടെ ദൈവം അവരോടുകൂടെയിരുന്നതാൽ അവർക്ക് കാട്ടുപോത്തിന് തുല്യമായ ബലവും ഉണ്ടായിരുന്നു (സംഖ്യാപുസ്‌തകം 23:21-22). അവരുടെ ബലം തങ്ങളുടെ ദൈവമായിരുന്നതിനാൽ ദൈവം അവരെ കനാനിലേക്ക് വഴികാട്ടി നടത്തുന്നു. ആകയാൽ നമ്മുടെ ആത്മീക ജീവിതത്തിൽ നാമും എപ്പോഴും ദൈവത്തിൽ ബലപ്പെട്ട് ബലത്തോടെ ജീവിക്കേണം. അങ്ങനെയെങ്കിൽ ജീവങ്കലേയ്ക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവും ഉള്ളതെങ്കിലും (മത്തായി 7:14) ദൈവം സീയോനിലേക്കുള്ള വഴി നമ്മുടെ മനസ്സിൽ പെരുവഴികൾ ആക്കിത്തരും (സങ്കീർത്തനം 84:5). യാതൊരു ദുഃഖവും നെടുവീർപ്പും ഇല്ലാതെ ആനന്ദവും സന്തോഷവും പ്രാപിച്ചിട്ട് നിത്യാനന്ദം ഉള്ളവരായി ഉല്ലാസഘോഷത്തോടെ സീയോനിലേക്ക് യാത്ര ചെയ്യുവാൻ ഇടയാകും (യെശയ്യാവ് 35:10).

എന്നാൽ ദൈവത്തെ വിട്ട് പിന്മാറിയാൽ ദൈവം നമ്മോടുകൂടെയില്ലായ്കയാൽ നാം ബലഹീനപെടും. യിസ്രായേൽജനം വഴിയിൽ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ ദൈവം അവരോടുകൂടെ ഇല്ലായ്കയാൽ അമാലേക്ക് വന്നു ദൈവത്തെ ഭയപ്പെടാതെ അവരുടെ പിമ്പിൽ പിന്നണിയിൽ ഉള്ള ബലഹീനരെ ഒക്കെയും സംഹരിക്കുന്നു (ആവർത്തനം25:17-18). ആയതുപോലെ നാമും ബലഹീനപ്പെട്ടാൽ ആരെ വിഴുങ്ങേണ്ടു എന്ന് ചുറ്റി തിരിയുന്ന നമ്മുടെ പ്രതിയോഗിയായ പിശാച് നമ്മെയും വിഴുങ്ങിക്കളയും (1 പത്രോസ് 5:8). ജീവിതയാത്രയിൽ നമുക്ക് ശത്രുവായി വഴിയിൽ പതിയിരുന്ന് നമ്മെ നശിപ്പിച്ചുകളയുവാൻ ഇടയാകും (എസ്ര 8:31). ആകയാൽ ശുഭയാത്ര ഉണ്ടാകേണ്ടതിന് ഉപവസിച്ചും പ്രാർത്ഥിച്ചും (എസ്ര 8:21) യഹോവയ്ക്കായി കാത്തിരുന്ന് ശക്തിയെ പുതുക്കുന്നവരായാൽ നാം ക്ഷീണിച്ചു പോകാതെ നടന്നും  തളർന്നു പോകാതെ ഓടിയും സീയോനിലേക്ക് കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറുന്നവരാകും (യെശയ്യാവ് 40:31). പട്ടണത്തിലേക്ക് പോകുന്ന വഴിയറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്ന‌ങ്ങളിൽ ക്ഷീണിച്ചു പോകുന്നു (സഭാപ്രസംഗി 10:15). അവർ പാർപ്പാനൊരു പട്ടണവും കണ്ടെത്താതെ വഴിയിൽ ഉഴന്നു നടക്കുമ്പോൾ നമ്മുടെ ബലമായ ദൈവം നമ്മെ പാർപ്പൻതക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ചൊവ്വയുള്ള വഴിയിൽ നടത്തുന്നു (സങ്കീർത്തനം 107:4, 7).

ശമൂവേൽ പ്രവാചകന്റെ ഒന്നാം പുസ്തകം ആറാം അധ്യായത്തിൽ ശ്രദ്ധിക്കുമ്പോൾ അവിടെ വണ്ടി വലിച്ചതായ പശുക്കൾ യിസ്രായേലിലേക്കുള്ള പെരുവഴിയിലൂടെതന്നെ പോകുവാൻ കാരണം (1 ശമൂവേൽ 6:11-13) യഹോവയുടെ ബലത്തിന്റെ പെട്ടകം ആ വണ്ടിയിൽ ഉണ്ടായതാണ് (സങ്കീർത്തനം 132:8). ആകയാൽ യഹോവയെയും അവന്റെ ശക്തിയെയും തേടുന്നവർ ആകുമെങ്കിൽ (1 ദിനവൃത്താന്തം 16:11) നമുക്കും സീയോനിലേക്കുള്ള പെരുവഴിയിലൂടെ തന്നെ യാത്ര ചെയ്യാം. മാത്രമല്ല അങ്ങനെ യാത്ര ചെയ്യുവാൻ തക്കവണ്ണം ആ പശുക്കളിലുള്ള ചില വിശേഷതകൾ നമുക്കും ലഭിക്കുവാൻ ഇടയാകും. ഒന്നാമത്തേതായി അവർ തങ്ങളുടെ കിടാക്കളെ തേടി പോകുന്നില്ല (1 ശമൂവേൽ 6:10). ദൈവം നമ്മുടെ ബലമായി നമ്മെ വഴി നടത്തുന്നതിനാൽ നാം ദൈവത്തേക്കാൾ അധികമായി മകനെയോ മകളെയോ പ്രിയപ്പെടുന്നില്ല (മത്തായി 10:37). മറ്റെല്ലാവരെക്കാളും അധികമായി ദൈവത്തെ സ്നേഹിക്കുന്നു (യോഹന്നാൻ 21:15). രണ്ടാമത്തെതായി അപ്പോൾ കൊയ്ത്തുകാലം ആകയാൽ (1 ശമൂവേൽ 6:13) വൈക്കോൽ കിട്ടുമെന്നിരിക്കെ അവ ആഹാരത്തിനായി വയലിലേക്ക് തിരിയുന്നില്ല. എന്തുതിന്നും എന്തുകുടിക്കും എന്തുടുക്കും എന്നിങ്ങനെ ഭൗതികമായതിനെക്കുറിച്ച് വിചാരപ്പെടാത്തവരായി മുമ്പേ ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവരാകുന്നു (മത്തായി 6:31-33). ദൈവം നോക്കിക്കൊള്ളും, കരുതി കൊള്ളും എന്ന ധൈര്യത്തോടെ അബ്രഹാമിനെപ്പോലെ മുമ്പോട്ടു പോകുന്നു (ഉല്‌പത്തി 22:8). മൂന്നാമതായി അവ കരഞ്ഞുകൊണ്ട് യാത്രചെയ്യുന്നു (1 ശമൂവേൽ 6:12). യേശു തന്റെ ഐതിഹ്യ ജീവിതകാലത്ത് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ ദൈവത്തോടു അപേക്ഷയും അഭയയാചനയും കഴിക്കുന്നു (എബ്രായർ 5:7). ആയതുപോലെ നമുക്കും തിരുമുമ്പാകെ നിൽപ്പാൻ പ്രാപ്‌തരാകെണ്ടതിന് സദാക്കാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കാൻ കഴിയുന്നു (ലൂക്കോസ് 21:36). നാലാമതായി അവ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നില്ല. (1 ശമൂവേൽ 6:12) ദൈവീക പ്രമാണം ഒക്കെയും അനുസരിക്കുന്നവരാകുന്നതിനാൽ ദൈവവചനം വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറുവാൻ ഇടയാകുന്നില്ല (യോശുവ 1:7). ദൈവം നമ്മുടെ ഹൃദയത്തെ വിശാലമാക്കിയതിനാൽ നാം ദൈവകല്പനകളുടെ വഴിയിലൂടെ ഓടുന്നവരാകുന്നു (സങ്കീർത്തനം 119:32). ദൈവം കല്പിച്ച പ്രമാണങ്ങളെ അവസാനത്തോളം അനുഷ്ഠിക്കുന്നവരായി നിത്യതയിൽ ചെല്ലുവാൻ ഇടയാകുന്നു (വെളിപ്പാട് 2:26).

ആകയാൽ നമ്മുടെ ജീവിതത്തിൽ നാം മേല്ക്കുമേൽ ബലം പ്രാപിക്കുന്നവർ ആകണം. എന്നാലേ സീയോനിൽ, ദൈവസന്നിധിയിൽ ചെന്നെത്തുവാൻ നമുക്ക് ഇടയാകുകയുള്ളൂ (സങ്കീർത്തനം 84:7). അതിന് ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി അകൃത്യത്തിൽ ജീവിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല (യെഹെസ്കേൽ 7:13). കാരണം നമ്മുടെ അകൃത്യങ്ങൾ നമ്മെയും നമ്മുടെ ബലമായ യഹോവയെയും തമ്മിൽ ഭിന്നിപ്പിക്കുന്നു (യെശയ്യാവ് 59:1-2). മാത്രവുമല്ല നമ്മുടെ അകൃത്യം നിമിത്തം നമ്മിലെ ബലം ക്ഷയിച്ചും നാം ക്ഷീണിച്ചും ഇരിക്കുന്നവരാകും (സങ്കീർത്തനം 31:10). ദൈവം നമ്മുടെ അകൃത്യങ്ങളൊക്കെയും നീക്കി നമ്മെ നിർമ്മലീകരിച്ചെങ്കിലേ നാം ശക്തി പ്രാപിച്ചു പട്ടണത്തിലേക്ക് ചെന്നിട്ട് ദൈവം നമ്മെ പട്ടണത്തിൽ പാർപ്പിക്കുകയുള്ളൂ (യെഹെസ്കേൽ 36:33).

രണ്ടാമതായി യഹോവയിങ്കലേ സന്തോഷം നമ്മുടെ ബലം ആകുന്നു (നെഹമ്യാവ് 8:10). അന്ന് എസ്രാ പുരോഹിതന്റെ കാലത്ത് വിശാലസ്ഥലത്ത് കൂടിയിരുന്ന ജനത്തിന് അവർ ന്യായപ്രമാണത്തെ പൊരുൾ തിരിച്ചു കൊടുക്കുന്നു. ന്യായപ്രമാണത്തെ തെളിവായി വായിച്ചു കേൾപ്പിക്കുകയും ഗ്രഹിക്കത്തക്കവണ്ണം അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തു. (നെഹമ്യാവ് 8:8-9). ന്യായപ്രമാണം വായിച്ചു കേട്ടപ്പോൾ അവർ അത് ഗ്രഹിച്ചവരായി തങ്ങളുടെ അകൃത്യങ്ങളൊക്കെയും ഉണർന്നിട്ട് അവ ഏറ്റുപറഞ്ഞ് കരയുന്നു (നെഹമ്യാവ് 9:1-3). അങ്ങനെ കരഞ്ഞവരോടാണ് നിങ്ങൾ ദുഃഖിക്കരുതെന്നും ആ ദിവസം കർത്താവിന് വിശുദ്ധമാകയാൽ യഹോവ അവരെ ശുദ്ധീകരിച്ചിരിക്കകൊണ്ട് യഹോവയിൽ സന്തോഷിച്ച് ബലപ്പെടുവിൻ എന്നും പറയുന്നത് (നെഹമ്യാവ് 8:9-10) ദാവീദ് തൻ്റെ അകൃത്യങ്ങൾ ഒക്കെയും ഏറ്റുപറഞ്ഞു അതു മായിച്ചുകളഞ്ഞ് തന്നെ നിർമ്മലീകരിക്കേണ്ടതിനായി പ്രാർത്ഥിക്കുമ്പോൾ അതോടൊപ്പം ആനന്ദവും സന്തോഷവും തന്നെ കേൾപ്പിച്ച് രക്ഷയുടെ സന്തോഷം തനിക്ക് തിരികെ തരേണമേ എന്ന് പറയുന്നു (സങ്കീർത്തനം 51:7-12). ദൈവം നമ്മോട് അകൃത്യവും പാപവുമൊക്കെ ക്ഷമിച്ചുതന്നതിനാൽ ദൈവം നമ്മെ ബലപ്പെടുത്താൻ തൻ്റെ ഉല്ലാസഘോഷംകൊണ്ട് നമ്മെ ചുറ്റിയിട്ട് നാം സൂക്ഷിക്കപെടുവാൻ ഇടയാകുന്നു. മാത്രമല്ല ദൈവം നമ്മെ ഉപദേശിച്ചിട്ട് നാം നടക്കേണ്ടുന്ന വഴി നമുക്ക് കാണിച്ചു തരുന്നു (സങ്കീർത്തനം 32:5-8). ആകയാൽ ദൈവം നമ്മേ രട്ടുടുത്തും കരഞ്ഞു വിലപിച്ചും മാനസാന്തരത്തിന് വിളിക്കുമ്പോൾ നാം തിന്നു കുടിച്ച് സന്തോഷിച്ച് ആനന്ദിക്കുന്നവരാകരുത്. അങ്ങനെ ചെയ്താൽ നമ്മുടെ അകൃത്യങ്ങൾ നാം മരിക്കുന്നതുവരെ മോചിക്കപ്പെടുകയില്ല (യെശയ്യാവ് 22:12-14). നാം ഉപവസിച്ചു പ്രാർത്ഥിച്ച് നമ്മുടെ അകൃത്യങ്ങൾ ഒക്കെയും ഏറ്റുപറഞ്ഞ് ശുദ്ധീകരണം പ്രാപിച്ചിട്ട് നിർമ്മലരായി കർത്താവിനോട് അടുത്തുചെന്ന് എപ്പോഴും കർത്താവിൽ സന്തോഷിച്ച് ബലപ്പെടുവാൻ ഇടയാകണം (ഫിലിപ്പിയർ 4:4). ദൈവസന്നിധിയിൽ ആണ് സന്തോഷത്തിന്റെ പരിപൂർണ്ണതയുള്ളത്. ആകയാൽ യഹോവയിങ്കലെ സന്തോഷം നമ്മുടെ ബലമായി തീർന്നു നാം ബലപ്പെടുന്നതിനാൽ ദൈവം നമുക്ക് ജീവന്റെ വഴി കാണിച്ചു തരും (സങ്കീർത്തനം 16:11).

മൂന്നാമതായി സ്‌നാനപെട്ട് പാപമോചനം പ്രാപിച്ച പൗലോസ് അപ്പൊസ്‌തലൻ ആഹാരം കൈകൊണ്ട് ബലം പ്രാപിച്ചതായി നാം കാണുന്നു (അപ്പൊ. പ്രവൃത്തി 9:18). ഭക്ഷിക്കാൻ ഒന്നുമില്ലാതെ പട്ടിണിയായി മുമ്പോട്ട് ജീവിച്ചാൽ വഴിയാത്രയിൽ നാം തളർന്നു പോകുമെന്ന് യേശു പറയുന്നു (മത്തായി 15:32). എന്നാൽ ഭക്ഷിച്ച് ജീവിക്കേണ്ടതായ ആഹാരം ഭൗതികമായ അപ്പം മാത്രമല്ല ദൈവത്തിന്റെ വായിൽനിന്നും വരുന്ന സകലവചനംകൊണ്ടും നാം ജീവിക്കണം എന്നും യേശു പറയുന്നു (മത്തായി 4:4). ആകയാൽ നാം നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല നിത്യജീവിങ്കിലേക്ക് നിലനിൽക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിക്കുമെങ്കിൽ യേശു അത് നമുക്ക് നൽകും (യോഹന്നാൻ 6:27). ആകയാൽ ദൈവത്തിന്റെ വചനങ്ങൾ നമുക്ക് സന്തോഷവും ആനന്ദവും ആകത്തക്കവണ്ണം നാം ദൈവവചനങ്ങളെ കണ്ടെത്തി ഭക്ഷിക്കേണം (യിരെമ്യാവ് 15:16). യഹോവയുടെ വചനങ്ങൾ ആകുന്ന വിധികൾ പൊന്നിലും വെള്ളിയിലും ആഗ്രഹിക്കതക്കവയും തേനിലും തേൻകട്ടയിലും മാധുര്യമുള്ളവയുമാണ്. അവയാൽ പ്രബോധനം ലഭിച്ച് അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട് (സങ്കീർത്തനം 19:9-11). അതുകൊണ്ട് ദൈവവചനത്തെ നമ്മുടെ അക്ഷരീക ആഹാരത്തേക്കാൾ നാം സൂക്ഷിക്കുന്നവരായി ദൈവത്തിന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറാതെ അവയെ പ്രമാണിക്കുന്നവരാകാം (ഇയ്യോബ് 23:11-12). നാം അവൻ്റെ ചുവടു തുടർന്ന് ചെല്ലുന്നവരായി വിട്ടുമാറാതെ അവൻ്റെ വഴി പ്രമാണിച്ചുകൊണ്ട് കല്പനകളുടെ വഴിയിൽ നടന്നാൽ അത് സീയോനിലേക്കുള്ള പെരുവഴിയാകയാൽ നാം മേൽക്കുമേൽ ബലം പ്രാപിച്ച് നമുക്കു സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്താം. നമ്മുടെ ദൈവമായ കർത്താവ് നമ്മെ അതിന് സഹായിച്ച് ഒരുക്കുമാറാകട്ടെ