ചത്തു എങ്കിലോ വളരെ വിളവുണ്ടാകും (യോഹന്നാൻ 12:24)
ദൈവത്തിനു മഹത്വം
ചത്തു എങ്കിലോ വളരെ വിളവുണ്ടാകും
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവ് ഉണ്ടാകും." യോഹന്നാൻ 12:24
നാം ദൈവത്തെ തെരഞ്ഞെടുത്തതല്ല ദൈവം നമ്മെ തിരഞ്ഞെടുത്ത് തന്റെ സഭയാം തോട്ടത്തിൽ ആക്കി വെച്ചിരിക്കുന്നത് നാം ഫലം കായ്ക്കേണ്ടതിനും നമ്മുടെ ഫലം നിത്യതയിൽ നിലനിൽക്കേണ്ടതിനും ആയിട്ടാണ് (യോഹന്നാൻ 15:16). വീശുമുറം കയ്യിലുള്ള കർത്താവ് ഗോതമ്പുമണികളെയാണ് കളപ്പുരയിൽ കൂട്ടി വയ്ക്കുന്നത് (മത്തായി 3:12). അതുകൊണ്ട് നാം മരിക്കുന്നതിനുമുമ്പ് നമ്മുടെ ജീവിതം നിറഞ്ഞ മണികൾ ഉള്ളതായ കറ്റക്കൂമ്പാരമായിത്തീരേണം, ഗോതമ്പുമണികളൊന്നുമില്ലാത്ത കച്ചിക്കൂമ്പാരമായി മാറരുത് (ഇയ്യോബ് 5:26). ഫലമുള്ളവർ ആകുവാനായി നമ്മെ തിരഞ്ഞെടുത്താക്കിയ ദൈവം നാം ഫലമുള്ളവരാകത്തക്കവണ്ണം നമുക്ക് ആവശ്യമായതൊക്കെ നൽകി നമ്മെ സഹായിക്കുമെന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. ഒരു മനുഷ്യൻ വിത്ത് ഭൂമിയിൽ എറിഞ്ഞശേഷം ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയുമായി വിളയിക്കുന്നു (മർക്കൊസ് 4:26-28). ഒരു വിത്ത് വിളവാകേണ്ടതിന് മൂന്ന് ഘട്ടങ്ങളായി ആ വിത്തിനെ ഭൂമി സഹായിക്കുന്നതായി നാം കാണുന്നു . ഇങ്ങനെ ദൈവം നമ്മെ വിവിധ നിലകളിൽ സഹായിച്ചിട്ട് നാം നൂറുമേനി ഫലം കൊടുക്കുന്നവരാകുവാൻ ഇടയാകും (ലൂക്കൊസ് 8:8).
ഒന്നാമതായി ആ വിത്ത് ഞാറായിത്തീരുന്നു. നമ്മുടെ ജീവിതം ഗോതമ്പിന്റെയോ മറ്റു വല്ലതിൻ്റെയോ വെറും മണിയായിരിക്കെ ദൈവം തൻ്റെ ഇഷ്ടപ്രകാരം നമുക്ക് ഒരു ആത്മീക ശരീരം നൽകുന്നു (1കൊരിന്ത്യർ 15:37). അഥവാ ഫലമുള്ളവരാകത്തക്കവണ്ണം നമുക്കൊരു ആത്മീക ജീവിതം നൽകുന്നു. ഈ ലോക ജീവിതത്തിൽ ദൈവേഷ്ടം ചെയ്‌തുതന്നെ ജീവിച്ചു നാം ദൈവരാജ്യത്തിൽ കടക്കേണ്ടവരാണ് (മത്തായി 7:21). യേശുവിനെപ്പോലെ നാം ആത്മീക ലോകത്തിലേക്ക് വരുമ്പോൾ ദൈവേഷ്ടം ചെയ്‌തു ജീവിക്കത്തക്കതായ ഒരു ശരീരം, ആത്മീകജീവിതം തന്റെ ഇഷ്ടപ്രകാരം ദൈവം നമുക്ക് തരുന്നു (എബ്രായർ 10:5-7). ആത്മീക മണ്ഡലത്തിൽ ശുശ്രൂഷകരായിട്ടെങ്കിൽ അതിനേറ്റവണ്ണവും അപ്പൊസ്‌തലന്മാരായോ, പ്രവാചകന്മാരായോ, സുവിശേഷകന്മാരായോ, ഇടയന്മാരായോ, ഉപദേഷ്ടാക്കന്മാരായോ ദൈവം നിയമിച്ചിട്ട് (എഫെസ്സ്യർ 4:11) ആ സ്ഥാനത്തിന് ഏറ്റവണ്ണവും ജീവിക്കുവാൻ വേണ്ടതായ അനുഭവങ്ങളും, അനുഗ്രഹങ്ങളും, സാഹചര്യസൗകര്യങ്ങളൊക്കെയും നൽകിത്തരുന്നു. അല്ല വിശ്വാസികളായിട്ടാണെങ്കിൽ അതിനേറ്റവണ്ണമുള്ള ഒരു ശരീരം അഥവാ നൂറുമേനി ഫലം കൊടുക്കത്തക്കവണ്ണം നല്ല നിലത്തിന്റെ അനുഭവങ്ങളായ ജീവിതാവസ്ഥകൾ ദൈവം നൽകുന്നു. അതൊരുപക്ഷേ വ്യത്യസ്‌ത കൃപാവരങ്ങളോ ശുശ്രൂഷകളോ വീര്യപ്രവർത്തികളോ ഒക്കെ ആകാം (1 കൊരിന്ത്യർ 12:4-6). മാത്രമല്ല ഓരോ വിത്തിന് അതതിന്റെ ശരീരം കൊടുക്കുന്നു എന്ന് പറയുമ്പോൾ ഗോതമ്പിനും യവത്തിനും ഒക്കെ അതിനേറ്റവണ്ണമുള്ള ശരീരം നൽകുന്നു (1കൊരിന്ത്യർ 15:38). അത് ഓരോരുത്തനു അവനവന്റെ പ്രാപ്തിയ്ക്കു ഏറ്റവണ്ണം താലന്തുകൾ ലഭിക്കുന്നതുപോലെ (മത്തായി 25:15) അവരവരുടെ അവസ്ഥക്ക് ഏറ്റ നിലയിലുള്ള ജീവിതം ദൈവം തരുന്നു. പക്ഷേ ഓരോരുത്തരിൽ നിന്നും ദൈവം ആഗ്രഹിക്കുന്നത് നൂറുമേനി വിളവാണ് എന്നതാണ് സത്യം. അഞ്ചു ലഭിച്ചവൻ അഞ്ചും രണ്ട് ലഭിച്ചവൻ രണ്ടും നേടിയത് പോലെ നാം ഗോതമ്പായാലും യവമായാലും അതതിനേറ്റ ശരീരമാകയാൽ നൂറുമേനി വിളവു തന്നേ ദൈവം ആഗ്രഹിക്കുന്നു (ലൂക്കൊസ് 8:8). അതുകൊണ്ട് ദൈവം തൻ്റെ ഇഷ്ടപ്രകാരവും നമ്മുടെ പ്രാപ്തി പോലെയും നമുക്കു നൽകിയിരിക്കുന്ന ശരീരമാകുന്ന ആത്മീക ജീവിതത്തിൽ, നാമാകുന്ന ശരീരത്തിൽ ഉത്സാഹത്തോടെ ജീവിക്കുവാൻ ഇടയാകട്ടെ.
രണ്ടാമതായി ഞാറ് കതിരായി തീരുവാൻ ഇടയാകുന്നു. നാം നമ്മുടെ ആത്മീക ജീവിതത്തിൽ ഫലമില്ലാത്തവരായിത്തീർന്നാൽ വെട്ടിക്കളഞ്ഞിട്ട് നിത്യനരകമാകുന്ന തീയാൽ നമ്മെ നശിപ്പിക്കുന്നു (മത്തായി 21:19, ലൂക്കൊസ് 13:7-9, യോഹന്നാൻ 15:2). ആകയാൽ തോട്ടക്കാരനായ ദൈവം നാം ഫലമുള്ളവരാകത്തക്കവണ്ണം നമുക്ക് രണ്ട് കാര്യങ്ങൾ ചെയ്‌തുതരുന്നു. ഒന്ന് ചുറ്റും കിളയ്ക്കുന്നു (ലൂക്കൊസ് 13:8). കഠിനമായ ജീവിതത്തിന്റെ അവസ്ഥയിൽനിന്ന് ദൈവം നമ്മെ വിടുവിക്കുന്നു. കല്ലായുള്ള ഹൃദയം മാറ്റി മാംസളമായ ഒരു ഹൃദയം നമുക്ക് ദൈവം തരുന്നു (യെഹെസ്കേൽ 11:19). കല്ല് പെറുക്കിക്കളഞ്ഞ് നല്ല നിലമാക്കുന്നു (യെശയ്യാവ് 5:2). ദുർഗുണങ്ങളിൽ നിന്നൊക്കെ വിടുവിച്ച് ദിവ്യസ്വഭാവത്തിന് കൂട്ടാളികളാക്കിത്തീർത്തിട്ട് (2 പത്രൊസ് 1:4) ഗുണമുള്ള നല്ല ഹൃദയമുള്ളവരായി ഫലം കൊടുക്കുന്നവരാക്കുന്നു (ലൂക്കൊസ് 8:15). രണ്ടാമത് വളം ഇടുന്നു (ലൂക്കൊസ് 13:8). ദൈവം തൻ്റെ ദിവ്യശക്തിയാൽ ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്ക് ദാനമായി നൽകുന്നു (2 പത്രൊസ് 1:3). ജീവനുവേണ്ടിയത് എന്നു പറയുമ്പോൾ തിന്നുവാനും കുടിപ്പാനും ആവശ്യമായത് അഥവാ നമ്മുടെ ജീവിതത്തിലെ ഭൗതീകമായ എല്ലാ ആവശ്യങ്ങളും ആണ് (മത്തായി 6:25). ഭക്തിക്ക് വേണ്ടിയത് എന്ന് പറയുമ്പോൾ ആത്മീക ജീവിതത്തിനായുള്ള സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളും ആണ് (എഫെസ്യർ 1:3). അതിലും മുഖ്യമായ മറ്റൊരു കാര്യം നാം ദൈവത്തിന്റെ കൃഷിയാകയാൽ ദൈവം നമുക്ക് ആവശ്യമായതൊക്കെ നൽകിയിട്ട് നമ്മെ വളരുമാറാക്കുന്നു എന്നതാണ് (1കൊരിന്ത്യർ 3:6-9). ദൈവത്തിൽ നിന്നാണ് നാം വളർച്ച പ്രാപിക്കുന്നത് (എഫെസ്യർ 4:16). മറ്റൊരുനിലയിൽ തലയായ ക്രിസ്‌തുവിൽ നിന്നും സന്ധികളും ഞരമ്പുകളും ആകുന്ന ശുശ്രൂഷകരിലൂടെ ചൈതന്യം പ്രാപിച്ചു ദൈവീകമായി വളർച്ച പ്രാപിക്കുന്നു (കൊലൊസ്സ്യർ 2:19). അങ്ങനെ ദൈവത്തിനും മനുഷ്യർക്കും പ്രീതിയുള്ളവരായി വളരുന്നു (1 ശമൂവേൽ 2:26). ദൈവശുശ്രൂഷകർ നമ്മെ കർത്താവിൻ്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി വളർത്തിയിട്ട് നാം തികഞ്ഞ പൂരുഷത്വവും ക്രിസ്‌തുവിൻ്റെ സമ്പൂർണ്ണതയായ പ്രായത്തിൻ്റെ അളവും പ്രാപിച്ച് ക്രിസ്‌തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും (എഫെസ്യർ 6:4, 4:12-15).
മൂന്നാമതായി വളർന്ന് കതിരായ നമ്മെ നിറഞ്ഞ മണികളാക്കുന്നു. കൃഷിക്കാരനായ ദൈവം നമ്മിൽ നിന്ന് വിലയേറിയ ഫലത്തെ കാത്തുകൊണ്ട് മുന്മഴയ്ക്കായും പിന്മഴയ്ക്കായും പ്രവർത്തിക്കുന്നു (യാക്കോബ് 5:7). ദൈവം തക്കഅളവായും തക്കസമയത്തും നമുക്കാവശ്യമായ മുന്മഴയും പിന്മഴയും പെയ്യിച്ചുതരുന്നു (യോവേൽ 2:23). തൻ്റെ ഉപദേശങ്ങളും വചനങ്ങളുമാകുന്ന മഴ ഓരോ വൃക്ഷത്തിനും അതിനേറ്റ നിലയിൽ നൽകുന്നു. സസ്യത്തിന്മേൽ മാരിയായും ഇളമ്പുല്ലിന്മേൽ പൊടി മഴയായും മഞ്ഞുപ്പോലെ വേണ്ടവയ്ക്ക് ആ നിലയിലും മഴയാകുന്ന ഉപദേശങ്ങളും വചനങ്ങളും നൽകുന്നു (ആവർത്തനം 32:2). ആത്മീകത്തിൽ ശിശുക്കളായവർക്ക് പാലാകുന്ന ദൈവത്തിന്റെ അരുളപ്പാടുകളാകുന്ന ഉപദേശങ്ങളുടെ ആദ്യപാഠങ്ങളെ നൽകുന്നു. പിന്നീട് തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവർക്ക് കട്ടിയായ ആഹാരമായ (എബ്രായർ 5:12-14) പഥ്യോപദേശത്താലുള്ള പ്രബോധനങ്ങൾ ലഭിക്കുന്നു (തീത്തൊസ് 1:9). അങ്ങനെ ആത്മീക ജീവിതത്തിനാവശ്യമായ ഉപദേശങ്ങളും പ്രബോധനങ്ങളും ലഭിച്ച് നാം ക്രിസ്‌തുവിൽ തികഞ്ഞവരാകുന്നു (കൊലൊസ്സ്യർ 1:28), അഥവാ നിറഞ്ഞ മണികളാകുന്നു. നമ്മുടെ പ്രാണപ്രിയനായ യേശുവിനായി നമ്മുടെ ജീവിതത്തിൽ സകലവിധ വിശിഷ്ട ഫലങ്ങളും ഉള്ളവരായിത്തീരാം (ഉത്തമഗീതം 7:14).
നാം യേശുവിൻ്റെ വചനങ്ങളെ ശ്രദ്ധിക്കുമ്പോൾ ഗോതമ്പുമണി നിലത്തുവീണ് ചത്തു എങ്കിലേ ഈ വിധമായി വളരെ വിളവുള്ളവരാകുവാൻ സാധിക്കുകയുള്ളൂ. ചത്തില്ല എങ്കിൽ അതു തനിയേ ഇരിക്കുന്നു (യോഹന്നാൻ 12:24). നാം യേശുവിനോട് കൂടെ മരിച്ചു എങ്കിലേ കൂടെ ജീവിക്കുകയുള്ളൂ അഥവാ മുളയ്ക്കുകയുള്ളൂ (2 തിമൊഥെയൊസ് 2:11). ക്രിസ്തുവിനോട് ചേരുവാൻ ഉള്ള സ്നാനത്തിൽ അവനോട് കൂടെ മരിച്ചടക്കപ്പെട്ട് ഉയർക്കുന്നതിനാൽ ജീവന്റെ പുതുക്കമുള്ളവരായി, യേശുവോടുകൂടെ ജീവിക്കുന്നവരായി നാം മാറുന്നു (റോമർ 6:3-5). മരിക്കുക എന്നതിൻ്റെ മറ്റ് അനുഭവങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ ഒന്നാമത് നമ്മുടെ ആത്മിക ജീവിതത്തിൽ നാം മരിച്ചു നമ്മുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു എന്ന അവസ്ഥയിൽ ജീവിക്കുവാൻ ഇടയാകട്ടെ. അതിനാൽ നാം ഉയരത്തിലുള്ളതു അന്വേഷിക്കുന്നവരായി, ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിക്കുന്നവർ ആയിത്തീരുവാൻ നമുക്ക് സാധിക്കും (കൊലൊസ്സ്യർ 3:1-3). രണ്ടാമതായി എല്ലാവർക്കും വേണ്ടി യേശു മരിച്ചിരിക്കെ നാം എല്ലാവരും മരിച്ചു എന്നും ഇനി തങ്കൾക്കായിട്ടല്ല യേശുവിനായിതന്നെ ജീവിക്കേണ്ടവരാണെന്നും നമ്മെ ഉണർത്തുന്നു. ആകയാൽ നാം ജഡത്തിൽ ആരെയും അറിയാത്തവരായി ജഡപ്രകാരം ജീവിക്കാതെ ആത്മീകരായിതന്നെ ജീവിക്കുവാൻ നമുക്കിടയാകുന്നു. (2 കൊരിന്ത്യർ 5:15-16). ഇനിയും മൂന്നാമത് മുഖ്യമായതായി നാം ദൈവത്തിനു ഫലം കായിക്കുന്നവരാകുവാൻ തക്കവണ്ണം യേശുവിൻ്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചവരാകണം (റോമർ 7:4). ന്യായപ്രമാണം എന്നു പറയുമ്പോൾ ആത്മാവിന്റെ പുതുക്കത്തിൽ ദൈവത്തെ സേവിക്കുവാൻ കഴിയാതവണ്ണം നമ്മെ പിടിച്ചടക്കിയിരിക്കുന്നതായി നമ്മുടെ അവയവങ്ങളിൽ വ്യാപരിക്കുന്ന അക്ഷരത്തിന്റെ പഴക്കത്തിലുള്ള, പഴയ മനുഷ്യനിലുള്ളതായ പാപത്തിന്റെയും ലോകത്തിന്റെയും ജഡത്തിന്റെയും രാഗമോഹങ്ങളാണ്. ഇവയ്ക്ക് നാം പൂർണമായി മരിച്ചവരാകണം. പാപ സംബന്ധമായി മരിച്ചവരായി നാം ഇനി അതിൽ ജീവിക്കാതെ (റോമർ 6:2), പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന് നാം യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട് മരിച്ചവരാകണം (റോമർ 6:6-7). നാം ജഡത്തെ അനുസരിച്ച് ജീവിക്കേണ്ടവർ അല്ലാത്തതിനാൽ ജഡത്തിന്റെ പ്രവർത്തികളെ (റോമർ 8:12-13), ആ വിധമായ പ്രവർത്തി ചെയ്യുന്ന നമ്മുടെ ഭൂമിയിലുള്ള അവയവങ്ങളെ മരിപ്പിക്കേണം (കൊലൊസ്സ്യർ 3:5). അതിന് ക്രിസ്‌തുയേശുവിനുള്ളവരായി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിക്കുന്നവരാകണം (ഗലാത്യർ 5:24). നാം ക്രിസ്‌തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ച് മരിച്ചവരാകുവാൻ (കൊലൊസ്സ്യർ 2:20) നാം ലോകത്തിനും ലോകം നമുക്കും ക്രൂശിക്കപ്പെട്ടു മരിക്കേണം (ഗലാത്യർ 6:14). ചുരുക്കത്തിൽ ദൈവത്തിനായി ജീവിച്ച് ഫലം കായ്ക്കുന്നവരാകുവാൻ ന്യായപ്രമാണസംബന്ധമായി മരിച്ചവർ ആകേണ്ടതിന് (റോമർ 7:4) ക്രിസ്‌തുവിനോടുകൂടെ ക്രൂശിക്കപ്പെട്ട് (ഗലാത്യർ 2:19-20) ക്രൂശിൽ മരിക്കാം (ഫിലിപ്പിയർ 2:8). ഇനി ജീവിക്കുന്നത് നാമല്ല ക്രിസ്‌തുവാണ് നമ്മിൽ ജീവിക്കുന്നത് എങ്കിൽ നാം ക്രിസ്‌തുവിലൂടെ ദൈവത്തിനു ഫലം കായ്ക്കുന്നവരായിത്തീരും. വിലയേറിയ വിശിഷ്ട ഫലങ്ങളായിത്തീർന്നിട്ടു ദൈവം നമ്മെ തന്റെ അടുക്കൽ ചേർക്കുമ്പോൾ നാം നിത്യ നിത്യമായി നമ്മുടെ കർത്താവിനോട് കൂടെയിരിക്കാം. ദൈവമായ കർത്താവ് നമ്മെ ഈ വിശിഷ്ട ഫലങ്ങൾക്കായി സഹായിച്ചൊരുക്കുമാറാകട്ടെ.