നിത്യതയിലെ ജീവവൃക്ഷം (വെളിപ്പാട് 22:14)

നിത്യതയിലെ ജീവവൃക്ഷം (വെളിപ്പാട് 22:14)
: :

ദൈവത്തിന് മഹത്വം

നിത്യതയിലെ ജീവവൃക്ഷം

ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളിൽക്കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. വെളിപ്പാട് 22:14.

         
ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോൾ മണ്ണുകൊണ്ട് ഉണ്ടാക്കിയ മനുഷ്യന്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊണ്ട് (ഉല്പത്തി 2:7) മനുഷ്യനെ ജീവനുള്ളവനാക്കുന്നു. പിന്നീട് അവൻ ജീവനിൽ വളർന്ന് സമൃദ്ധിയായ ജീവനുള്ളവനായി നിത്യജീവനോടെ എന്നേക്കും ജീവിക്കേണ്ടതിന് (ഉത്പത്തി 2:9,3:22) ദൈവം ഏദെനിലെ തോട്ടത്തിൽ ജീവവൃക്ഷത്തെ നിലത്തു നിന്ന് മുളപ്പിക്കുന്നു. എന്നാൽ പാപം നിമിത്തം ഈ ദൈവീകജീവൻ മനുഷ്യന് നഷ്പ്പെട്ടപ്പോൾ പിന്നെ അവനിൽ ജീവനില്ലാത്തതിനാൽ, ജീവനിൽ വളരുവാൻ കഴിയാത്തതിനാൽ (ഉല്പത്തി 3:24) ജീവവൃക്ഷഫലം അവനു ദൈവം വിലക്കുന്നു. മനുഷ്യനു നഷ്ടപ്പെട്ട ജീവൻ വീണ്ടുകൊടുക്കുവാൻ വന്ന യേശു (യോഹന്നാൻ 10:10) മനുഷ്യൻ ജീവനുള്ളവനും സമ്യദ്ധിയായ ജീവനുള്ളവനുമാകുവാൻ അവനെ സഹായിക്കുന്നു.  (റോമർ 6:3-5) അതിന്നായി മനുഷ്യനെ യേശുവിൻ്റെ മരണ, അടക്ക, പുനരുത്ഥാനകളുടെ സാദൃശ്യത്തോട് ഏകീഭവിപ്പിക്കുന്ന സ്നാനത്താൽ ജീവൻ്റെ പുതുക്കം ഉള്ളവനാക്കുന്നു. പുതുജീവൻ ലഭിച്ച മനുഷ്യന് ആവശ്യമായ അനുഭവങ്ങൾ സഭയാം തോട്ടത്തിൽ കൊടുത്ത് അവനെ (യോഹന്നാൻ 10:10) ജീവൻ്റെ സമൃദ്ധിയിലേക്കും (യോഹന്നാൻ 6:27) നിത്യജീവങ്കലേയ്ക്കും നടത്തുന്നു. (യോഹന്നാൻ 11:25 -26) അങ്ങനെ ഒരുനാളും മരിക്കാത്തവൻ ആക്കി മനുഷ്യനെ യേശു മാറ്റുന്നു.

         
നാം ഒന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഉല്പത്തി പുസ്തകത്തിൽ ഏദെനിലെ തോട്ടത്തിൽ കാണുന്ന മനുഷ്യനും ജീവവൃക്ഷവും നിത്യതയിൽ (വെളിപ്പാട് 22:14) പുതിയ യെരുശലേമെന്ന വിശുദ്ധ നഗരത്തിലും കാണപ്പെടുന്നു. ആകയാൽ ദൈവസൃഷ്ടിയിൽ നിത്യമായത് മനുഷ്യനും ജീവവൃക്ഷവും മാത്രമാണെന്ന് കാണുവാൻ കഴിയും. അതുകൊണ്ട് മനുഷ്യനെയും ജീവവൃക്ഷത്തെയും നമുക്ക് താരതമ്യം ചെയ്തു പഠിക്കാൻ കഴിയും. അത് നമ്മുടെ ആത്മീക ജീവിതത്തിൽ ജീവന്റെ സമ്യദ്ധി പ്രാപിച്ച് നിത്യജീവൻ ഉള്ളവരായി നിത്യതയിൽ ചെന്നുചേരുവാൻ നമ്മെ സഹായിക്കും.

         
നിത്യതയിൽ ജീവവൃക്ഷത്തെ നാം കാണുന്നത് (വെളിപ്പാട് 22:1-2) ജീവജലനദിയുടെ ഇരുകരകളിലുമാ ണ്. യെഹെസ്കേൽ പ്രവചനം 47:7,12 -ലും നദിക്കരയിൽ നിൽക്കുന്നതായി ജീവവൃക്ഷത്തോട് സദൃശ്യമായ വൃക്ഷങ്ങളെ  കാണുവാൻ കഴിയുന്നു. ഉല്പത്തി പുസ്തകത്തിലും (ഉല്പത്തി 2:9-10) ജീവവൃക്ഷത്തെ നനയ്ക്കുവാൻ ഒരു നദി പുറപ്പെടുന്നതായി വായിക്കുന്നു. ആത്മീക ജീവിതത്തിൽ നാമും ജീവവൃക്ഷമായി വളരുവാൻ യോഹന്നാൻ 7:37-39 -ൽ യേശു പരിശുദ്ധാത്മാവ് ആകുന്ന ജീവജലനദികളെ വാഗ്ദത്തം ചെയ്യുന്നു. ക്രിസ്തീയ ജീവിതത്തിൻ്റെ ആരംഭമായ മാനസാന്തര സ്നാനത്തിനു ശേഷം (അപ്പൊസ്തല പ്രവൃത്തി 2:33,38) പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം യേശു പിതാവിങ്കൽനിന്ന് വാങ്ങി നമുക്ക് നൽകുന്നു.  ഈ പരിശുദ്ധാത്മാവ് നമ്മെ പുഷ്ടിപെടുത്തി വളർത്തുന്നു.

         
വീണ്ടും ജീവവൃക്ഷത്തെ നാം ശ്രദ്ധിക്കുമ്പോൾ (വെളിപ്പാട് 22:1-2) അത് ഫലങ്ങൾ ഉള്ള ഒരു വൃക്ഷമായി നമുക്കു കാണാം. ഈ അനുഭവത്തെ മൂന്ന് വിധത്തിൽ നമുക്ക് മനസ്സിലാക്കാം. ഒന്നാമത് (യോഹന്നാൻ 15:16)  നമ്മെ തെരഞ്ഞെടുക്കുന്ന യേശു നാം ഫലം കായ്ക്കുന്നവരാകുവാനായി തന്റെ സഭയാം തോട്ടത്തിൽ ആക്കിവെച്ചിരിക്കുന്നു. ആകയാൽ ലൂക്കോസ് 13:6-7 -ൽ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്ന അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചിട്ട് കാണായ്കയാൽ അതിനെ വെട്ടിക്കളയുവാൻ പറയുന്നതുപോലെ ഫലമില്ലായ്കയാൽ നാമും വെട്ടപെടരുത്. യോഹന്നാൻ: 15:2 ലും മുന്തിരിവള്ളിയിലെ കായിക്കാത്ത കൊമ്പൊക്കെയും വെട്ടി നീക്കി കളയുന്നതായി കാണുന്നു. ആകയാൽ നാം ജീവവൃക്ഷമായി തീരണമെങ്കിൽ ഫലമുള്ളവരായി കാണപ്പെടണം. നാം ശ്രദ്ധിച്ചാൽ ജീവവൃക്ഷത്തിന് അല്ല അതിൻ്റെ ഫലത്തിനാണ് പ്രാധാന്യമെന്ന് നമുക്ക് മനസ്സിലാകും. (ഉൽപ്പത്തി 3.22) ജീവവൃക്ഷത്തിൻ്റെ ഫലത്താൽ ആണ് എന്നേക്കും ജീവിക്കുവാൻ ഇടയാകുന്നത്. നാമും ഫലമില്ലാത്തവർ ആയിരുന്നാൽ നിത്യതയിൽ കാണപ്പെടുവാൻ ഇടയാകാതെ (യോഹന്നാൻ 15:4-6, വെളിപ്പാട് 20:15) നിത്യനരകം ആകുന്ന തീപ്പൊയ്കയിൽ ഇടപെടും. ഇനിയും നാം ഫലമുള്ളവർ ആയിരിക്കണമെന്നു പറയുമ്പോൾ മത്തായി 3:10-ൽ യോഹന്നാൻ സ്നാപകൻ പറയുന്നത് നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടും എന്നാണ്. (മത്തായി 12:33-35) വൃക്ഷം നല്ലതായെങ്കിലെ ഫലവും നല്ലതാകൂ. ഫലംകൊണ്ടാണ് വൃക്ഷത്തെ അറിയുന്നത്. ആകയാൽ ചീത്ത ഫലം കായ്ക്കുന്നവരായാലും വെട്ടി തീയിലിടപ്പെടും. അതുകൊണ്ട് നല്ല മനുഷ്യരായിരുന്നു നാം നല്ല ഫലങ്ങളെ പുറപ്പെടുവിക്കുവരാകുവാൻ ഇടയാകട്ടെ.

         
രണ്ടാമതായി യോഹന്നാൻ: 15:16-ൽ നാം ഫലമുള്ളവർ ആയിരുന്നാൽ മാത്രം പോരാ നിലനിൽക്കുന്ന ഫലമുള്ളവരാകണം. മർക്കോസ് 11:13 -ൽ നാം കാണുന്ന അത്തിവൃക്ഷം ഫലം കായ്ക്കുന്ന അത്തിയായിരിക്കാം. എന്നാൽ അത്തിപ്പഴത്തിന്റെ കാലമല്ലാത്ത സമയത്താണ് യേശു അതിൽ ഫലം തേടിയത്. അതിനാൽ തന്നെ അതിൽ ഫലം ഇല്ലായിരുന്നു. ആകയാൽ യേശു ശപിച്ചിട്ടു അതു ഉണങ്ങി പോകുന്നു. നാമും പ്രത്യേക സമയത്തോ കാലത്തോ സാഹചര്യങ്ങളിലോ മാത്രം ഫലമുള്ളവർ ആയിരിപ്പാനല്ല, എപ്പോഴും ഫലമുള്ളവർ ആയിരുന്നു നിലനിൽക്കുന്ന ഫലങ്ങൾ ഉള്ളവരായിത്തീരണം. നാം പ്രാപിക്കുന്ന ആത്മീയ അനുഭവങ്ങൾ ആകുന്ന ഫലങ്ങളെ എപ്പോഴും പ്രാപിച്ചുകൊണ്ട്, വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കുവാനിടയാകണം.

         
മൂന്നാമത് നാം ജീവവൃക്ഷത്തെ ശ്രദ്ധിക്കുമ്പോൾ (വെളിപ്പാട് 22:2, യെഹെസ്കേൽ: 47:12) അത് മാസംതോറും പുതിയ ഫലം കായ്ക്കുന്നതായി പന്ത്രണ്ടുമാസവും അതതുഫലം കൊടുക്കുന്നു. നാമും ആത്മീയ ജീവിതത്തിൽ നാം വളരുംതോറും പുതിയ പുതിയ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർ ആകണം. (മത്തായി 3:8) മാനസാന്തരത്തിന് യോഗ്യമായ ഫലങ്ങൾ കായിപ്പിൻ എന്നു പറയുമ്പോൾ, മാനസാന്തരപ്പെടുന്നതിനാൽ 2 കൊരിന്ത്യർ: 7:10-11-ൽ പറയപ്പെട്ട ഫലങ്ങൾ നമ്മിൽ ഉണ്ടാകണം. വീണ്ടും സ്നാനപ്പെടുമ്പോൾ (ഗലാത്യർ: 3:27-28) യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും ക്രിസ്തുവിൽ ഒന്നായിരിക്കുന്ന അനുഭവം നമ്മിൽ ഉളവാകണം. പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസരാകുമ്പോൾ (റോമർ: 6:22) വിശുദ്ധീകരണമെന്ന് ഫലം ലഭിക്കുന്നു. പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ആത്മനടത്തിപ്പിൽ ജീവിക്കുമ്പോൾ (ഗലാത്യർ: 5:22-23) ആത്മാവിന്റെ ഫലങ്ങൾ നമ്മിൽ ഉളവാകുന്നു. സത്യമായ ദൈവ വചനപ്രകാരം ജീവിക്കുമ്പോൾ  (എഫെസ്യർ 4:24) നീതിയും വിശുദ്ധിയും എന്ന ഫലം ലഭിക്കുന്നു. ഇങ്ങനെ വിവിധങ്ങളായ ആത്മീയ അനുഭവങ്ങളാൽ ഓരോരോ പുതിയ ഫലങ്ങൾ നമുക്കു ലഭിച്ചുകൊണ്ടിരിക്കണം. ഇങ്ങനെ നാം ഓരോ പുതിയ അനുഭവങ്ങളെ പ്രാപിച്ചുകൊണ്ടിരിക്കുകയും പഴയതായിത്തീർന്ന മുൻപ് ലഭിച്ച ഫലങ്ങളെ കളയാതിരിക്കുകയും വേണം. അപ്പോൾ ഉത്തമഗീതം. 7:14-ൽ പറയുന്നതുപോലെ നമ്മുടെ പ്രാണപ്രിയനായ യേശുവിനു വേണ്ടി പഴയതും പുതിയതുമായ സകല വിശിഷ്ടഫലങ്ങളും സംഗ്രഹിച്ച് വച്ചിരിക്കുന്നവരായി നാം മാറുന്നു. (കൊലൊസ്സ്യർ 2:9) ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യേശുവിലൂടെ നാം (എഫെസ്യർ 4::12) ക്രിസ്തു‌വിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവ് അഥവാ തികഞ്ഞ പുരുഷത്വം പ്രാപിക്കുവാൻ ഇടയാകുന്നു. (യാക്കോബ് 5:7) ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് ദീർഘക്ഷമയോടെ ഇരിക്കുന്ന കൃഷിക്കാരനായ നമ്മുടെ ദൈവം നാം വിശിഷ്ട ഫലങ്ങൾ ഉള്ളവരായി, വിലയേറിയവരായി തീർന്നിട്ട് നമ്മെ ഒരു നിക്ഷേപമാക്കി (മലാഖി 3:17) തന്റെയടുക്കൽ ചേർത്തുകൊള്ളും.

          
കുറച്ചുകൂടി നാം ആഴമായി പഠിച്ചാൽ ജീവവൃക്ഷം തഴച്ചു വളരുവാനും ഫലം കൊടുക്കുവാനും കാരണം അത് വെള്ളത്തിനരികെ നട്ടിരിക്കുന്നു എന്നുള്ളതാണ്. ദൈവം നമ്മെ തൻ്റെ മുന്തിരിതോട്ടത്തിൽ (യെഹെസ്കേൽ: 19:10) ഫലപ്രദവും തഴച്ചതുമാകുവാൻ തക്കവണം വളരെ വെള്ളത്തിനരികെ നട്ടിരിക്കുകയാണ്. (യെഹെസ്കേൽ: 17:5,8) ഫലം കായിപ്പാൻ തക്കവണം വളരെ വെള്ളത്തിനരികെയുള്ള നല്ലനിലത്ത് നട്ടിരിക്കുന്നു. (യെഹെസ്കേൽ: 31:5,7) ആകയാൽ നാം വളർന്ന് വലുതായി ശോഭയോടെ കാണപ്പെട്ടിട്ട് (ലൂക്കൊസ് 8:8) നമ്മുടെ ജീവിതത്തിൽ നൂറുമേനി ഫലം കൊടുക്കേണ്ടവരാണ്. എന്നാൽ നാം യിസ്രായേൽ ജനത്തെപ്പോലെ (യിരെമ്യാവ് 17:13) ജീവനുള്ള വെള്ളത്തിൻ്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചു കളയരുത്. (യെഹെസ്കേൽ: 17:5-10) കാരണം ദൈവമത്രേ വളരുമാറാക്കുന്നത്.(1 കൊരിന്ത്യർ 3:6) അങ്ങനെ ചെയ്‌താൽ നാമാകുന്ന മുന്തിരിവള്ളി വാടി ഉണങ്ങി പോകും. ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കുവാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം

        
ആദ്യമായി യിരെമ്യാവ് 17:7-8 വാക്യങ്ങളിൽ കാണുന്നതുപോലെ നാം വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരുന്നിയിരിക്കുന്നതുമായ വൃക്ഷം പോലെ ആകുവാൻ യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയം ആയിരിക്കയും ചെയ്യുന്നവരാകണം. (സങ്കീർത്തനം 118:8-9) മനുഷ്യരിലും പ്രഭുക്കന്മാരിലും ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതായതുകൊണ്ട് മാത്രം യഹോവയിൽ ആശ്രയിക്കുന്നവർ ആകരുത്. (സങ്കീർത്തനം 146:3) അവർ നമ്മെ സഹായിക്കുകയില്ല എന്നുള്ളതിനാലും നാം ദൈവത്തിൽ ആശ്രയിക്കുന്നവർ ആകരുത്. യഹോവയിൽ തന്നെ ആശ്രയിക്കുന്നവർ ആകണം.(യിരെമ്യാവ്: 17:5-6) മനുഷ്യനിൽ ആശ്രയിച്ച് ഹൃദയം കൊണ്ട് യഹോവയെ വിട്ട് മാറുന്നവൻ ശപിക്കപ്പെട്ടവൻ ആകും. ആകയാൽ (സങ്കീർത്തനം: 20:7) മറ്റുള്ളവർ ആരിൽ ആശ്രയിച്ചാലും നാം യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ട് (സങ്കീർത്തനം 115:9-11) നമ്മുടെ സഹായവും പരിചയുമായ യഹോവയിൽ ആശ്രയിക്കുന്നവർ ആകണം. (സങ്കീർത്തനം 125:1) അവർക്ക് മാത്രമേ ഉറച്ചുനിന്നു അഥവാ നിവർന്നുനിന്ന് വളരുവാൻ സാധിക്കയുള്ളൂ. എന്നാൽ നാം ഫലം കായ്ക്കുന്നവരാകുവാൻ യഹോവയിൽ ആശ്രയിച്ചാൽ മാത്രം പോരാ. യിരെമ്യാവ് 17:7-ൽ കാണുന്നതുപോലെ യഹോവയിൽ തന്നെ ആശ്രയിക്കുന്നവർ ആകണം. പൂർണ്ണമായി ദൈവത്തിൽ തന്നെ ആശ്രയിക്കുന്നവരായാൽ (സങ്കീർത്തനം 52:8) അവർ എന്നും എന്നേക്കും യഹോവയിൽ ആശ്രയിക്കുന്ന തഴച്ചിരിക്കുന്ന വൃക്ഷങ്ങളായി കാണപ്പെടും. (യിരെമ്യാവ് 17:8) അവർക്കാണ് ഉഷ്‌ണം തട്ടുമ്പോൾ പേടിക്കാതെ ഇല പച്ചയായിരുന്നു വരൾച്ചയുള്ള കാലത്തും വാട്ടം ഉണ്ടാകാതെ ഫലം കായ്ച്ചു കൊണ്ടിരിക്കുവാൻ കഴിയുന്നത്. ആകയാൽ നമുക്ക് നമ്മുടെ ദൈവമായ യഹോവയിൽ തന്നെ ആശ്രയിക്കാം.

        
അടുത്തതായി (സങ്കീർത്തനം1:1-3) നമ്മുടെ ജീവിതത്തിൽ ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും ക്ഷീണിച്ചിട്ട് പാപികളുടെ വഴിയിൽ നിൽക്കാതെയും തുടർന്ന് തളർന്നു പോയിട്ട് പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും തങ്ങളേതന്നെ കാത്തുകൊള്ളുന്നവരാക്കണം, (1 യോഹന്നാൻ 5:18) അങ്ങനെയുള്ളവർ ദൈവത്തിൽനിന്ന് ജനിച്ചവരാകയാൽ തങ്ങളെത്തന്നെ സൂക്ഷിക്കുന്നു. (സങ്കീർത്തനം1:1-3) അവരുടെ ജീവിതത്തിൽ മറ്റ് പാപസന്തോഷങ്ങൾ ഒന്നുമില്ലാതെ അവർ യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവർ ആയിത്തീരുന്നു. ഈ വിധമായി ജീവിതത്തിൽ ദൈവവചനത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് ദിവസവും അത് വായിച്ച് ധ്യാനിക്കുന്നവരാണ് ആറ്റരികെ നട്ടിരിക്കുന്നവരായി ഇലവാടാതെ ഫലം കായ്ക്കുന്ന വൃക്ഷമായി തീരുന്നത്.  (യെഹെസ്കേൽ 31:16) ഇങ്ങനെയുള്ള വെള്ളം കുടിക്കുന്ന ശ്രേഷ്ഠവും ഉത്തമവുമായ സകല വൃക്ഷങ്ങളും (യെശയ്യാവ് 66:13) പുതിയയെരുശലേം എന്ന വിശുദ്ധ നഗരത്തിൽ ചെന്ന് ആശ്വാസം പ്രാപിക്കും.

         
ഉല്പത്തി 3:22-24-ൽ എദേനിലെ തോട്ടത്തിൽ ജീവൻ്റെ വൃക്ഷത്തിൻ്റെ ഫലം അന്ന് മനുഷ്യന് നഷ്ടപ്പട്ടിട്ട് അതിൽ അവന് പങ്കില്ലാതായി. എന്നാൽ വെളിപ്പാട് 22:14 -ൽ നിത്യതയിൽ ആ ജീവൻ്റെ വൃക്ഷത്തിൽ മനുഷ്യന് അധികാരമുണ്ടാകുമെന്ന് നാം കാണുന്നു. ആകയാൽ അത് പ്രാപിക്കുവാൻ ഈ ലോകജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട മൂന്നാമതൊരു കാര്യം ഉണ്ട്. വെളിപ്പാട്: 22:14 വാക്യത്തിൻ്റെ തമിഴ് ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ കാണുന്നതുപോലെ നാം ദൈവത്തിൻ്റെ കൽപ്പനകളെ അനുസരിക്കുന്നവരാകണം എന്നുള്ളതാണത്. (മത്തായി 7:21-27) വീണു പോകാതെ നിലനിൽക്കുന്നവരായി ദൈവരാജ്യത്തിൽ കടക്കുവാൻ യേശുവിൻ്റെ വചനങ്ങളെ കേട്ട് ചെയ്യുന്നവർ ആകണം. ആകയാൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിൽ തന്നെ ആശ്രയിച്ചു കൊണ്ട്, ദൈവവചനത്തെ രാപ്പകൽ ധ്യാനിക്കുന്നവരായി, വചനപ്രകാരം ജീവിക്കുന്നതിനാൽ നമുക്ക് ഗോപുരങ്ങളിൽക്കൂടി നഗരത്തിൽ കടക്കുവാനും ജീവൻ്റെ വൃക്ഷത്തിൽ അധികാരമുള്ളവരായിത്തീരുവാനും കഴിയുന്നു. (സങ്കീർത്തനം: 22:29) ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും നിത്യതയിൽ ജീവൻ്റെ വൃക്ഷത്തിൽ അധികാരം ഉള്ളവരായി അതിൻ്റെ ഫലങ്ങളെ ഭക്ഷിച്ചു (ഉല്പത്തി 3:22) എന്നേക്കും ജീവിക്കുന്നവരായി (വെളിപ്പാട് 22:3) ദൈവത്തെ ആരാധിക്കും. ദൈവമായ കർത്താവ് നമ്മേ ഏവരേയും അതിന് സഹായിച്ച് അനുഗ്രഹിക്കുമാറാകട്ടെ.