കൃപയാലുള്ള സൗഖ്യം (യാക്കോബ് 4:6)

ദൈവത്തിനു മഹത്വം

കൃപയാലുള്ള സൗഖ്യം

"
എന്നാൽ അവൻ അധികം കൃപ നൽകുന്നു; അതുകൊണ്ട് "ദൈവം നിഗളികളോട് എതിർത്തു നിൽക്കുകയും താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു" എന്ന് പറഞ്ഞിരിക്കുന്നു." യാക്കോബ് 4:6

ദൈവം ഏറ്റവും വെറുക്കുന്ന പാപമായ നിഗളത്തോട്  ദൈവം എതിർത്തു നിൽക്കുന്നു എന്ന് പറയപ്പെട്ടിരിക്കുമ്പോൾതന്നെ തന്റെ സന്നിധിയിൽ താഴ്മയുള്ളവർക്ക് കൃപ നൽകുന്ന ദൈവം അധികമായി കൃപ നൽകുമെന്നും പറയുന്നു.  ഇതേ കാര്യം പത്രോസ് അപ്പൊസ്തലൻ പറയുമ്പോൾ തമിഴ് ബൈബിളിൽ മനത്താഴ്‌മ ധരിച്ചുക്കൊൾവിൻ എന്നാണ് കാണുന്നത് (1 പത്രോസ് 5:5). പുറമേ താഴ്മയുടെ ഭാവം കാണിച്ചുകൊണ്ട് മനസ്സിൽ യഥാർത്ഥ താഴ്മയില്ലാത്തവരായി കാണപ്പെട്ടാൽ പ്രയോജനമില്ല. പകരം എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങത്തക്കവണ്ണം മനഃപൂർവ്വമായി മനസ്സോടെ തങ്ങളെ താഴ്ത്തുന്നവരാകണം. നാം യഥാർത്ഥമായി താഴ്മയുള്ളവരാകുവാൻ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുന്നവരാകണം (ഫിലിപ്പിയർ 2:3). അതാണ് യഥാർത്ഥമായ മനതാഴ്മ എന്ന് നമുക്ക് കാണാം. എന്നാൽ താഴ്മയുടെ മറ്റൊരു അനുഭവത്തെ നാം ഉണരുവാനിടയാകേണ്ടതിന് ദൈവം നമുക്ക് കൃപ നൽകുന്നത് എന്തിനായിട്ടാണ് എന്ന ഭാഗം കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്റെ കൃപ നിനക്ക് മതി എന്ന് കർത്താവ് പറയുമ്പോൾ ആ കൃപയാൽ നമുക്ക് ലഭിക്കുന്ന ശക്തി നമ്മുടെ ബലഹീനതയിൽ തികഞ്ഞു വരുന്നതിനായിട്ടാണ് (2 കൊരിന്ത്യർ 12:9). ക്രിസ്തു യേശുവിലുള്ള കൃപയാൽ ആണല്ലോ നാം ശക്തിപ്പെടുന്നത് (2 തിമൊഥെയൊസ്  2:1). അങ്ങനെയാണെങ്കിൽ ദൈവസന്നിധിയിൽ യഥാർത്ഥ മനത്താഴ്മയുള്ളവർക്ക് കർത്താവ് കൃപ നൽകിയിട്ട് അതിനാൽ അവർ ബലഹീനതയിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ ഇടയാകുന്നു. പൗലോസ് അപ്പൊസ്തലന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ജഡത്തിലെ ശൂലമായ ചില ശാരീരിക കഷ്ടങ്ങളുടെ മധ്യേയാണ് കർത്താവ് ഈ വാക്കുകൾ തന്നോട് സംസാരിക്കുന്നത്.

നമ്മുടെ ശരീരത്തിലെ ബലഹീനത എന്നുള്ള കാര്യത്തെ നാം പഠിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ വരേണ്ടിയിരിക്കുന്നു. യേശുവിന്റെ അടുക്കൽ കൊണ്ടുവരപ്പെട്ട സകല ദീനക്കാരെയും യേശു സൗഖ്യമാക്കുന്നു (മത്തായി 8:16-17). എന്നിട്ട് യെശയ്യാ പ്രവാചകന്‍ പറഞ്ഞ യേശുവിനെക്കുറിച്ചുള്ള പ്രവചനം നിവർത്തിയായി എന്നു പറഞ്ഞുകൊണ്ട് യേശു നമ്മുടെ ബലഹീനതകളെ എടുത്ത് വ്യാധികളെ ചുമന്നു എന്ന് പറയുന്നു (യെശയ്യാവ് 53:4). ആകയാൽ നമ്മിൽ ഉണ്ടാകുന്ന വ്യാധികളും ദീനങ്ങളും അതിനാലുളവാകുന്ന കഷ്ടങ്ങളും പ്രയാസങ്ങളുമല്ലേ  ഇവിടെ ബലഹീനതയായി പറയപ്പെടുന്നത്. രോഗപീഡകൾ നമ്മിൽ ഉണ്ടാകുമ്പോഴാണ് നമ്മുടെ ശരീരം ഏറ്റവും ബലഹീനപ്പെടുന്നത്. കൊരിന്ത്യ ലേഖനത്തിൽ ബലഹീനരും രോഗികളും എന്ന് കാണുന്നു (1 കൊരിന്ത്യർ 11:30). ആകയാൽ തന്നെ യേശു തന്റെ  കൃപ നമുക്ക് നൽകി നമ്മെ ബലപ്പെടുത്തിയിട്ട് നമ്മുടെ ബലഹീനതകളെ എടുത്ത് വ്യാധികളെ ചുമക്കുന്നു. താൻ നമ്മുടെ രോഗങ്ങളെ ചുമന്ന് നമ്മെ വിടുവിക്കുന്നു (മത്തായി 8:16-17). യെശയ്യാവിന്റെ പ്രവചനത്തിൽ  യേശുവിനെ കുറിച്ചുള്ള പ്രവചനമായി സാക്ഷാൽ നമ്മുടെ രോഗങ്ങളെ യേശു വഹിച്ചുകൊണ്ട് നമ്മുടെ രോഗത്താൽ ഉള്ള വേദനകളെ യേശു ചുമക്കുന്നതായി കാണാം. യേശു രോഗങ്ങളെ ശീലിച്ചവനായും ഇരുന്നു എന്നു പറയുമ്പോൾ യേശു തന്റെ  ഐഹിക ജീവിതത്തിൽ രോഗിയായിരുന്നു എന്നല്ല. യേശു നമ്മുടെ രോഗങ്ങളെ തന്റെ ശരീരത്തിൽ ചുമന്നുകൊണ്ട് രോഗത്തെ ശീലിക്കുന്നവൻ ആയിത്തീരുന്നു. തുടർന്ന് നാം ഇവിടെ വായിക്കുമ്പോൾ യേശു നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നവനും ആയിരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ യേശുവിന്മേൽ ആയിട്ട് തന്റെ മുറിവുകളാൽ അഥവാ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു (യെശയ്യാവ്  53:3-6). ഇതേ കാര്യം പത്രോസിന്റെ ലേഖനത്തിൽ നമുക്ക് കാണാൻ കഴിയും. യേശു രോഗങ്ങളെ ചുമന്നു എന്നതിന് പകരം പാപങ്ങളെ ചുമന്ന് ക്രൂശിന്മേൽ കയറി എന്നു വായിക്കുന്നു. അങ്ങനെ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരം വരുത്തിയിട്ട് തന്റെ അടിപ്പിണരുകളാൽ സൗഖ്യം വന്നിരിക്കുന്നു എന്ന് ഇവിടെയും കാണാം (1 പത്രോസ് 2:24). ആകയാൽ നമ്മുടെ രോഗത്തിന് കാരണമായ പാപങ്ങളെ പരിഹരിച്ച് യേശു ആ പാപങ്ങൾക്ക് ശിക്ഷയായിട്ട് അനുഭവിച്ച മുറിവുകളാൽ, അടിപ്പിണരുകളാൽ നമ്മെ സൗഖ്യമാക്കുന്നു. പാപത്തിന് പരിഹാരം വന്നപ്പോൾ രോഗത്തിന് സൗഖ്യവും ഉണ്ടാകുന്നു (സങ്കീർത്തനം 103:3).

യാക്കോബ് അപ്പൊസ്തലൻ നമ്മെ ഓർപ്പിക്കുന്നത് നമുക്ക് രോഗശാന്തി വരേണ്ടതിന് തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കണം എന്നും അങ്ങനെ പാപക്ഷമ പ്രാപിച്ച നീതിമാന്റെ പ്രാർത്ഥനയാൽ രോഗി പാപം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവനോടു ക്ഷമിച്ച് അവന് സൗഖ്യം വരുത്തിക്കൊടുക്കും എന്നുമാണ് (യാക്കോബ് 5:14-16). ദൈവം നമ്മുടെ അകൃത്യമൊക്കെയും  മോചിച്ചിട്ടാണ് സകല രോഗങ്ങളെയും സൗഖ്യമാക്കുന്നത് (സങ്കീർത്തനം 103:3). നമ്മുടെ ജഡത്തിന്റെ ബലഹീനതയാൽ ന്യായപ്രമാണം അനുസരിച്ച് കല്പനകളെ പ്രമാണിച്ച് ജീവിക്കുവാൻ കഴിയാത്തതിനാൽ നമ്മെ വിടുവിക്കുവാനായി യേശു ലോകത്തിലേക്ക് വന്നിട്ട് ദൈവം യേശുവിന്റെ ശരീരത്തിൽ പാപത്തിന് ശിക്ഷ വിധിച്ചു എന്ന് വായിക്കുമ്പോൾ (റോമർ 8:3) യേശു തന്റെ ശരീരത്തിൽ വഹിച്ച രോഗങ്ങളല്ലേ ശിക്ഷയായി തനിക്ക് കൊടുക്കപ്പെട്ടത് ? (യെശയ്യാവ് 53:4-5). നാം ദൈവത്തിന്റെ കല്പനകളെ അനുസരിച്ച് തന്റെ സകലവിധികളും പ്രമാണിച്ചാൽ മിസ്രയീമ്യർക്ക് വരുത്തിയ വ്യാധികളൊന്നും വരുത്താതെ ദൈവം നമ്മെ സൗഖ്യമാക്കുന്ന യഹോവ എന്നാണല്ലോ പറഞ്ഞിരിക്കുന്നത് (പുറപ്പാട് 15:26). ദൈവം നമ്മോട് ആജ്ഞാപിക്കുന്ന തന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ച് നടക്കാഞ്ഞാൽ  ശിക്ഷയായി ശാപമൊക്കെയും നമുക്ക് വന്ന് ഭവിക്കുമെന്നും പറയുന്നു (ആവർത്തനം 28:15). അത് മിസ്രയീമ്യർക്ക് വരുത്തിയ രോഗങ്ങൾ (ആവർത്തനം 28:21-22, 27-28) ആകയാൽ കല്പനാലംഘനമെന്ന പാപത്തിന്റെ ശിക്ഷ രോഗമാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടാണ് യേശു രോഗം ശീലിച്ചവനായും രോഗങ്ങളെ വഹിച്ചുകൊണ്ട് വേദനകളെ ചുമക്കുന്നവനായും തീരുന്നത് (യെശയ്യാവ് 53:3-4). അഥവാ യേശു തന്റെ ശരീരത്തിൽ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിൻമേൽ കയറി എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ പാപത്താൽ ഉളവാകുന്ന രോഗങ്ങളെയും താൻ ചുമന്നവനായിട്ടാണ് ക്രൂശിൽ കാണപ്പെടുന്നത്. ആകയാൽതന്നെ തന്റെ അടിപിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു (1 പത്രോസ്  2 : 24).

ഇനിയും കൃപയെക്കുറിച്ച് നാം പഠിക്കുമ്പോൾ ദൈവം അധികമായ കൃപ നൽകുന്നത് താഴ്മയുള്ളവർക്കാണ്. നിഗളികളായി തന്നെത്താൻ ഉയർത്തുന്നവരോട് ദൈവം എതിർത്തു നിൽക്കുന്നു. എന്നാൽ തന്നെത്താൻ താഴ്ത്തി താഴ്മ ധരിച്ചു കൊള്ളുന്നവർക്കാണ് ദൈവം കൃപ നൽകുന്നത്. ഈ താഴ്മയുടെ അനുഭവം നമ്മിൽ എങ്ങനെ ഉണ്ടാകും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പരീശനും ചുങ്കക്കാരനും പ്രാർത്ഥിപ്പാൻ ദേവാലയത്തിൽ പോയ അനുഭവത്തെ യേശു നമ്മെ ഓർപ്പിക്കുന്നു. ഇവിടെ തന്നെത്താൻ ഉയർത്തുന്നവനായ പരീശന്റെ  പ്രാർത്ഥനയിൽ താൻ കുറവുകുറ്റങ്ങൾ ഒന്നുമില്ലാത്ത നീതിമാൻ എന്ന നിഗളത്തോടെ നിവർന്നു നിന്ന് പ്രാർത്ഥിക്കുന്നവനാകുന്നു. എന്നാൽ ചുങ്കക്കാരനെ നാം ശ്രദ്ധിക്കുമ്പോൾ താൻ പാപിയാണെന്ന് വ്യക്തമായ ബോധ്യമുള്ളവനാകയാൽ സ്വർഗ്ഗത്തിലേക്ക് നോക്കുവാൻ പോലും തുനിയാതെ തന്നെത്താൻ താഴ്ത്തി പ്രാർത്ഥിക്കുന്നു (ലൂക്കൊസ് 18:10-12). ഇവിടെ പാപത്തെക്കുറിച്ച് ബോധമില്ലാത്തവൻ നിഗളത്തോടെ തന്നെത്താൻ ഉയർത്തുന്നവനായി കാണപ്പെടുമ്പോൾ പാപിയാണെന്ന ചിന്തയുള്ളവൻ തന്നെത്താൻ താഴ്ത്തി താഴ്മയോടെ തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നു.

ദൈവം താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപം ഉള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെ വസിക്കുന്നു എന്നു പറയുമ്പോൾ മനസ്താപവും മനോവിനയവും ചേർന്നു വരുന്നതായി കാണാം (യെശയ്യാവ് 57:15). അഥവാ മനസ്താപം ഉള്ളവർക്കാണ് മനോവിനയം ഉണ്ടാവുക. പാപത്തെക്കുറിച്ച് ബോധമില്ലായ്കയാല്‍ മനസ്താപമില്ലാത്തവർ താഴ്മയുടെ, മനോവിനയത്തിന്റെ അനുഭവം ഇല്ലാത്തവരായിരിക്കും. ആകയാൽ മനസ്താപത്തോടെ തങ്ങളെത്തന്നെ താഴ്ത്തി താഴ്മയോടെ ശരിയായ മനോവിനയത്തോടെ തന്നെ ദൈവത്തോട് അടുക്കുന്നവർക്ക്, പ്രാർത്ഥിക്കുന്നവർക്ക് ദൈവം അധികമായ കൃപ നൽകിക്കൊണ്ട് അവരോടുകൂടെ വസിക്കുന്നു. തങ്ങളുടെ മരണകരമായ രോഗത്താലുള്ള (2 രാജാക്കന്മാർ 13:14) ശാരീരിക ബലഹീനതയിൽ ശിംശോനെപ്പോലെ തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം കൃപയുടെ ഉറവ തുറന്നു ധാരാളമായി കൃപ നൽകിയിട്ട് (യോഹന്നാൻ1:16) അവർ ആ ദൈവകൃപ അനുഭവിക്കുന്നതിനാൽ മരിക്കാതെ ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിക്കുന്നു (ന്യായാധിപന്മാർ 15:19).  തങ്ങളുടെ പാപങ്ങളെ കുറിച്ച് അനുതാപമുള്ളവരായി മനസ്താപത്തോടെ തങ്ങളെ താഴ്ത്തി മനോവിനയത്തോടെ താഴ്മയായി ദൈവത്തോട് പ്രാർത്ഥിക്കുന്നതിനാൽ ദൈവം തന്റെ കൃപയെ അവർക്ക് നൽകിയിട്ട് അവർ തങ്ങളുടെ രോഗാവസ്ഥയിൽ ബലപ്പെട്ടു സൗഖ്യം പ്രാപിക്കുന്നു. തങ്ങളുടെ രോഗത്തിന്റെ ബലഹീനാവസ്ഥകളിൽ ദൈവകൃപയാൽ ദൈവശക്തി അവരിൽ തികഞ്ഞു വന്നിട്ട് ആ ദൈവശക്തിയിൽ ദൈവം അവരെ ശക്തീകരിച്ച് ബലപ്പെടുത്തി സൗഖ്യമുള്ളവരാക്കി മാറ്റുന്നു. നമ്മുടെയും ജീവിതത്തിൽ ഈ നിലയിൽ കൃപയാലുള്ള സൗഖ്യം പ്രാപിക്കുവാനായി ദൈവസന്നിധിയിൽ താഴ്മയോടും മനോവിനയത്തോടും കൂടെ ജീവിക്കുവാൻ ദൈവം നമ്മെയും സഹായിക്കുമാറാകട്ടെ.