ദുഷ്ട സിംഹാസനത്തോട് ഉടമ്പടിയോ ? (1 ശമൂവേൽ 11:1)
ദൈവത്തിന് മഹത്വം
ദുഷ്ട സിംഹാസനത്തോട് ഉടമ്പടിയോ ?
"അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരെ പാളയമിറങ്ങി; യാബേശ് നിവാസികളൊക്കെയും നാഹാശിനോട്: "ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം" എന്ന് പറഞ്ഞു." 1 ശമൂവേൽ 11:1
ഗിലെയാദിലെ യാബേശ് നിവാസികൾ യിസ്രായേൽ മക്കളിൽ ഉൾപ്പെട്ടവരാണ്, ദൈവമക്കളുടെ കൂട്ടത്തിൽ ഉൾപ്പെട്ട വിശ്വാസികളായ ഒരു കൂട്ടർക്ക് നിഴലായവർ. ഗിലെയാദിനെ നാം ശ്രദ്ധിച്ചാൽ കനാൻദേശത്തെ അവകാശമാക്കുവാനായി വരുന്ന യിസ്രായേൽ ജനം യോർദ്ദാൻനദിക്ക് ഇക്കരെ കീഴടക്കിയ ദേശങ്ങളിൽ പെട്ടതാണ്. അത് ആടുമാടുകൾക്ക് കൊള്ളാവുന്ന നല്ല ദേശം എന്ന് കണ്ട രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രക്കാരും ആ ദേശത്തെ അവകാശമായി ചോദിക്കുന്നു. യോർദ്ദാന് അക്കരെ തങ്ങളെ കൊണ്ടുപോകരുതേ എന്ന് അവർ പറയുന്നു (സംഖ്യാപുസ്തകം 32:1-5, 28-33, 40). അവരുടെ ആവശ്യപ്രകാരം മോശ ആ ദേശം അവർക്കു കൊടുക്കുന്നു. ഈ കാര്യത്തെ ആത്മീകമായി നാം ചിന്തിച്ചാൽ സ്വർഗ്ഗ കനാനിലേക്കുള്ള യാത്രാമധ്യേ ഈ ലോകമാകുന്ന ഗിലെയാദ് ദേശത്തെ കണ്ട് അത് തങ്ങൾക്കല്ല, തങ്ങളുടെ സമ്പത്തിന് (ആടുമാടുകൾക്ക്) നല്ല ദേശം എന്ന് കണ്ടു ഈ ലോകം വിട്ട് യോർദ്ദാന് അക്കരെയുള്ള കനാനാകുന്ന സ്വർഗ്ഗത്തിൽ പോകേണ്ട എന്ന് ചിന്തിക്കുന്നവർക്കു നിഴലാണിവർ.
യോർദ്ദാനെ കുറിച്ച് നാം മനസ്സിലാക്കുമ്പോൾ ജോർദ്ദാൻ്റെ ഒരു പ്രത്യേകത കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ നദി തീരമെല്ലാം കവിഞ്ഞ് ഒഴുകും എന്നതാണ് (യോശുവ 3:15). യിസ്രായേൽ മക്കൾ കനാനിലേക്ക് കടക്കുന്ന സമയത്തും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകി എന്ന് കാണുന്നു (യോശുവ 4:18). ആകയാൽ കൊയ്ത്തു കാലത്താണ് യിസ്രായേൽ മക്കൾ കനാനിലേക്ക് പ്രവേശിച്ചത്. കൊയ്ത്ത് ലോകാവസാനം എന്ന് പറയുന്ന യേശു കൊയ്ത്ത് സമയത്ത് കളകൾ ആകുന്ന തൻ്റെ രാജ്യത്തിലുള്ള എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും നരകത്തിൽ ഇട്ട് കളയുമ്പോൾ നീതിമാന്മാരായവർ ദൈവരാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നവരാകുമെന്നും പറയുന്നു (മത്തായി 13:39-43). അവരുടെ രൂപാന്തര ശരീരത്തിലുള്ള ദൈവതേജസ്സ് ആണ് അവരെ പ്രകാശിപ്പിക്കുന്നത് (മത്തായി 17:2). ആകയാൽ കൊയ്ത്തുകാലമാകുന്ന ജീവിതാവസാനത്തിൽ മരണ യോർദ്ദാൻ കടന്ന് ദൈവരാജ്യം ആകുന്ന കനാൻ ദേശത്ത് പ്രവേശിക്കുവാൻ ഇടയാകുന്നു. കൊയ്ത്ത് ഫലശേഖരത്തെയും കാണിക്കുന്നു (മർക്കൊസ് 4:29). നമ്മുടെ ജീവിതം വിലയേറിയ ഫലമായിത്തീരുമ്പോൾ (യക്കോബ് 5:7) കർത്താവിൻ്റെ പ്രത്യക്ഷതയിൽ കൃഷിക്കാരനായ കർത്താവിനാൽ കളപ്പുരയാകുന്ന നിത്യതയിൽ ചേർക്കപ്പെടുന്ന അനുഭവം നമുക്ക് ഉണ്ടാകുന്നു (മത്തായി 3:12).
ആകയാൽ ഗിലെയാദ് നിവാസികളെ കുറിച്ച് നാം ചിന്തിക്കുമ്പോൾ ഈ ലോകസമൃദ്ധി കണ്ടിട്ട് ഇവിടെതന്നെ വസിക്കുവാൻ ആഗ്രഹിക്കുന്നവരാണവർ. മരണത്താൽ ഈ ലോകം വിട്ടുപോകണം എന്നുണരാതെ ഭൂമിയിൽ തന്നെ നിത്യമായി താമസിക്കുവാൻ ഉത്സാഹിക്കുന്ന ദൈവരാജ്യത്തിലെ കളകളായ ലൗകികരായവർ. ഗിലെയാദിലെ നിവാസികളായ രൂബേന്യരും (ഉല്പത്തി 29:32) ഗാദ്യരും (ഉല്പത്തി 30:10-11) മനശ്ശെയരും (ഉല്പത്തി 41:51) യിസ്രായേലിന്റെ മക്കളിൽ ആദ്യജാതന്മാരായി ജനിച്ചവരുടെ തലമുറയാണ്. അവർ സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിൽ ഉൾപ്പെട്ടവർക്ക് നിഴലാണ് (എബ്രായർ 12:23). സ്വർഗ്ഗകനാനിൽ അവകാശം പ്രാപിക്കത്തക്കവണ്ണം ദൈവത്താൽ വിളിക്കപ്പെട്ടവർ. അഥവാ പുതുയെറുശലേം എന്ന വിശുദ്ധ നഗരത്തിൽ അവകാശം പ്രാപിക്കാനായി ദൈവത്താൽ വിളിക്കപ്പെട്ട് നീതീകരിക്കപ്പെട്ട് തേജസ്ക്കരണത്തിലേയ്ക്കു നടത്തപ്പെടുന്നവർ (റോമാർ 8:30). എങ്കിലും ഗിലെയാദാകുന്ന ഈ ലോകത്തിൽ സ്ഥിരതാമസം ആഗ്രഹിച്ച് സ്വർഗ്ഗ കനാനിൽ തങ്ങളെ കൊണ്ടുപോകരുതേ എന്ന് പറഞ്ഞുകൊണ്ട് ഗിലെയാദ്യർ അഥവാ ലൗകീകർ എന്ന് അറിയപ്പെട്ടു ജീവിക്കുന്നവർ. അവർ ദൈവത്തിന്റെ ജനമെന്ന്, യിസ്രായേല്യർ എന്ന് അറിയപ്പെടുവാൻ ആഗ്രഹിക്കുന്നില്ല (യെശയ്യാവ് 44:5).
അമ്മോന്യനായ നാഹാശ് എന്നവൻ ഗിലെയാദ് നിവാസികൾക്ക് എതിരായി യുദ്ധം ചെയ്യുവാനായി പാളയം ഇറങ്ങുന്നു. അമ്മോന്യരെകുറിച്ച് നാം പഠിക്കുമ്പോൾ മോവാബ്യരും അമ്മോന്യരും ലോത്തിന് തന്റെ രണ്ടു പെൺമക്കളിൽ ജനിച്ചവരാണ് (ഉല്പത്തി 19:36-38). യിസ്രായേൽ ജനത്തിന്റെ മരുഭൂപ്രയാണത്തിന്റെ അവസാനകാലംവരെ ദൈവത്തിനു സഹതാപവും കരുതലുമുള്ള ജനങ്ങളായിരുന്നു ഇവർ. ദീർഘനാൾ മരുഭൂമിയിൽ ചുറ്റിതിരിഞ്ഞ് കനാനിലേക്ക് യാത്രയാകുന്ന യിസ്രായേൽ മക്കൾ ആർ എന്ന മോവാബ്യ ദേശത്തുകൂടി കടന്നുപോകുമ്പോൾ ദൈവം ആ ദേശം ലോത്തിൻ്റെ മക്കൾക്ക് അവകാശമായി കൊടുത്തിരുന്നതാകയാൽ അവരെ ഞെരുക്കരുത്, അവരോട് പടയെടുക്കയും അരുത് എന്ന് പറയുന്നു. അമ്മോന്യരുടെ ആ ദേശം യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുകയില്ല എന്നും ദൈവം പറയുന്നു (ആവർത്തനം 2:16-19). എന്നാൽ പിന്നീട് അവർ യിസ്രായേൽ മക്കൾക്ക് വിരോധമായി പ്രവർത്തിച്ചപ്പോൾ ദൈവവും അവർക്ക് വിരോധമായി തീരുന്നു. മിസ്രയിമിൽ നിന്ന് വന്ന യിസ്രായേൽ ജനത്തെ അപ്പവും വെള്ളവും കൊടുത്ത് എതിരേൽക്കായ്കയാലും അവരെ ശപിക്കുവാൻ ബിലെയാമിനെ കൂലിക്ക് വിളിച്ചതിനാലും ദൈവം അവർക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു (ആവർത്തനം 23:3-6). മാത്രമല്ല യിസ്രായേൽ ജനത്തിന്റെ പരാജയകാലത്ത് അത് നന്നായി എന്നു പറഞ്ഞ് കൈകൊട്ടി നൃത്തം ചെയ്ത് അവർ സന്തോഷിച്ചതുകൊണ്ട് ദൈവം അവരെ നശിപ്പിച്ച് കളയും എന്നു പറയുന്നു (യെഹെസ്കേൽ 25:1-7). ഇവർ യഥാർത്ഥത്തിൽ പിശാചിനെയും അവന്റെ ദൂതന്മാരെയും കാണിക്കുന്നു. നാഹാശ് എന്ന വാക്കിന് പാമ്പ് എന്നാണ് അർത്ഥം. ആദി മനുഷ്യരെ ഏദെൻ തോട്ടത്തിൽ വീഴ്ത്തി അവരുടെ വീഴ്ചയിൽ സന്തോഷിച്ച പഴയ പാമ്പായ സാത്താൻ (വെളിപ്പാട് 12:9). അവൻ്റെ കൂടെയുള്ള തള്ളപ്പെട്ടവരായ അവന്റെ ദൂതന്മാരെ കുറിച്ച് പഠിക്കുമ്പോൾ തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ ദൈവമവർക്ക് കൊടുത്ത സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്ന് എഴുതിയിരിക്കുന്നു (യൂദാ 1:6). ഇന്നും ചില വ്യക്തികൾ നിത്യതയിലെ തങ്ങളുടെ നിത്യവാസസ്ഥലത്തെ തള്ളിക്കളഞ്ഞുകൊണ്ട് പിശാചിൻ്റെ ദൂതന്മാരായി ജീവിക്കുന്നു. പിശാചിനെപോലെ അവരും ദൈവമക്കൾക്ക് വിരോധമായി അപവാദം പറഞ്ഞു അവരെ കുറ്റപ്പെടുത്തുന്നവരും അവരുടെ പരാജയങ്ങളിൽ സന്തോഷിക്കുന്നവരും ആകുന്നു (വെളിപ്പാട് 12:10). സാത്താനെ നാശകൂപത്തിൻ്റെ അടിയിലേക്ക് തള്ളിക്കളയുമ്പോൾ (യെശയ്യാവ് 14:15) ദൈവം ഇവരെയും പിശാചിനും അവൻ്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പറഞ്ഞുവിടും (മത്തായി 25:41). എന്നാൽ ഇവർ ആവിധമായി എറിയപ്പെടുമ്പോൾ അവരാൽ കുറ്റപ്പെടുത്തപ്പെട്ടവർ തന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങി വിശ്രമിക്കുവാൻ ഇടയാകുന്നു (യെശയ്യാവ് 14:18-19).
നാം ദൈവത്തിൻ്റെ സർവായുധവർഗ്ഗം ധരിച്ചുകൊണ്ട് പിശാചിനോടും അവന്റെ ദുഷ്ടാത്മസേനകളോടും പോരാടേണ്ടവരാണ് (എഫെസ്യർ 6:11-12). എന്നാൽ ഗിലെയാദിലെ യാബേശ് നിവാസികൾ അവർക്ക് എതിരായി വന്നു പാളയം ഇറങ്ങിയവരോട് യുദ്ധം ചെയ്യാതെ നാഹാശിനോട് ഉടമ്പടി ചെയ്ത് അവരെ സേവിക്കുവാൻ ആഗ്രഹിക്കുന്നു (1 ശമൂവേൽ 11:1). അത് അവരുടെ കുഴപ്പമല്ല അവർ ആയിരിക്കുന്ന ഗിലെയാദ് ദേശം ഉടമ്പടിയുടെ ദേശമാണ്. ലാബാൻ ദൈവഭക്തനായ യാക്കോബിനെക്കൊണ്ട് ഉടമ്പടി ചെയ്യിച്ച സ്ഥലമാണത് (ഉല്പത്തി 31:44-47). ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചാണ് അവർ ഉടമ്പടി ചെയ്തത് (ഉല്പത്തി 31:25). ഈ ലോകത്തിൽ ജീവിച്ചുകൊണ്ട് ഈ ലോകത്തിന്റെ അധിപതിയായ പിശാചിനോടും അവന്റ ദുഷ്ട സിംഹാസനത്തോടും സഖ്യത ചെയുന്ന അനുഭവം. ( സങ്കീർത്തനം 94:20) ലോകക്കാർ അല്ലാത്തവർക്കേ ലോകത്തോട് എതിർത്തു നിൽക്കുവാൻ സാധിക്കുകയുള്ളൂ. അവരെയാണ് ലോകവും പകയ്ക്കുന്നത് (യോഹന്നാൻ 15:19). എന്നാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവരൊക്കെ അവർ ദൈവത്തിന് ശത്രുവാണെന്ന് അറിയാതെ ഈ ലോകത്തിന്റെ അധിപതി ആയവനോട് ഉടമ്പടി ചെയ്യുന്നു (യാക്കോബ് 4:4). അവർ ഈ ലോകത്തോട് അനുരൂപരാകുവാൻ ഉത്സാഹിക്കുന്നു (റോമർ 12 :2). ഈ സന്ദർഭത്തിൽ ഗിലെയാദ്യരായ യാബേശ് നിവാസികൾ മറന്നുപോയതും ദൈവമക്കളായ നാം ഓർക്കേണ്ടതുമായ ഒരു കാര്യമുണ്ട്. ലാബാൻ യാക്കോബിനോട് ഉടമ്പടി ചെയ്യുന്നതിന് മുൻപ് പറയുന്ന ഒരു കാര്യം. യാക്കോബിനോട് ദോഷം ചെയ്യുവാൻ ലാബാന് ശക്തിയുണ്ട് എങ്കിലും യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യരുതെന്ന് ദൈവം ലാബാനോട് കല്പിച്ചിരിക്കുന്നു എന്ന കാര്യം (ഉല്പത്തി 31:29). സാത്താൻ ഇയ്യോബിനെ കഷ്ടങ്ങളാൽ പീഡിപ്പിച്ച് പരീക്ഷിക്കുമ്പോൾ ദൈവം സാത്താനോട് പറയുന്നത് അവന്റെ പ്രാണനെ മാത്രം തൊടരുത് എന്നാണ് (ഇയ്യോബ് 2:6). പ്രാണനെ നശിപ്പിക്കുവാൻ കഴിയാതെ ദേഹത്തെ മാത്രം നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ട എന്നാണ് യേശുവും പറയുന്നത് (മത്തായി 10:28). ആകയാൽ ഇവർക്ക് നാഹാശിനെ അഥവാ പിശാചിനെ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാൽ അവർ ലോകസ്നേഹികളാകയാലാണ് ഉടമ്പടി ചെയ്ത് ഈ ലോകത്തിൻ്റെ പ്രഭുവായ, പഴയപാമ്പായ സാത്താനെ സേവിക്കുവാൻ ആഗ്രഹിക്കുന്നത്.
എന്നാൽ നാഹാശ് (പിശാച്) അവരോട് ആവശ്യപ്പെടുന്നത് അവരുടെ വലതുകണ്ണൊക്കെയും ചൂഴ്ന്നെടുക്കുകയും എല്ലാ യിസ്രായേൽമേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഉടമ്പടി ചെയ്യാം എന്നാണ് (1 ശമൂവേൽ 11:2). യാബേശിലെ മുപ്പന്മാരോടാണ് ഇത് ആവശ്യപ്പെടുന്നത് (1 ശമൂവേൽ 11:3). അവർ ആട്ടിൻകുട്ടത്തെ ഉപേക്ഷിച്ചു കളയുന്ന തുമ്പുകെട്ട ഇടയന്മാരായി ജനത്തെ ദോഷത്തിലേക്ക് നടത്തുന്നവരാകയാൽ ദൈവം പറയുന്നത് അവരുടെ വലംകണ്ണിന് വരൾച്ചയും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ എന്നാണ് (സെഖര്യാവ് 11:17). ശത്രുവിനാൽ പിടിക്കപ്പെട്ട ശിംശോൻ്റെ കണ്ണ് അവർ കുത്തിപ്പൊട്ടിച്ചിട്ടാണ് ബന്ധിക്കപ്പെട്ടവനായി അവനെ കാരാഗ്രഹത്തിൽ മാവ് പൊടിക്കുവാൻ ആക്കുന്നത് (ന്യായാധിപന്മാർ 16:21). പിശാച് നമ്മുടെ സ്വർഗീയ ദർശനം നഷ്ടപ്പെടുത്തിയിട്ട് നമ്മെ ലൗകീകരാക്കി ഭൗതിക നന്മകൾക്കായി മാത്രം ജീവിക്കുന്നവർ ആക്കുന്നു. കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നവരായി ലോക നന്മകൾക്കും സമ്പത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പിശാചിന്റെ അടിമകളാക്കി അവൻ്റെ തടവറയിലാക്കാനുള്ള സാത്താൻ്റെ തന്ത്രമാണിത് (സങ്കീർത്തനം 127:2). മാത്രവുമല്ല തങ്ങളുടെ കണ്ണ് ചൂഴ്ന്നെടുക്കപ്പെടുമോ എന്നുള്ള ഒരു ചിന്ത എപ്പോഴും മറ്റു ചിലരുടെ മനസ്സിൽ അവരെ ഭരിച്ചുകൊണ്ടിരിക്കും (സംഖ്യാപുസ്തകം 16:14). ആത്മിക ദർശനം നഷ്ടപ്പെട്ടുപോയോ എന്നുള്ള ഭയത്തോടെ ജീവിക്കുന്ന അനുഭവം. ആത്മീക വരൾച്ചയായിരിക്കും അവരുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകുക. യാബേശ് എന്ന വാക്കിൻ്റെ അർത്ഥവും വരൾച്ച എന്നാണ്. യാബേശിലെ മൂപ്പന്മാർ ഈവിധമായി ഉത്സാഹിച്ചു എങ്കിലും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തണം എന്നുള്ളതാണ് നാഹാശിന്റെ ആവശ്യം (1 ശമൂവേൽ 11:3). എന്നാൽ യിസ്രായേല്യർ ദൈവത്തിനുള്ളവരാകയാൽ ദൈവം അത് അനുവദിക്കുന്നില്ല (യെശയ്യാവ് 44:5). ഈ ദോഷകരമായ കാര്യം രാജാവായ ശൗൽ കേട്ടപ്പോൾ ദൈവത്തിൻ്റെ ആത്മാവ് ശക്തിയോടെ അവന്റെ മേൽ വന്നിട്ട് അവൻ ഏറ്റവും കോപിക്കുന്നു (1 ശമൂവേൽ 11:6). തന്റെ പിന്നാലെ തന്നോട് കൂടെ വന്നവരെ ചേർത്ത് അമ്മോന്യരോട് യുദ്ധം ചെയ്തു അവരെ സംഹരിക്കുന്നു (1 ശമൂവേൽ 11:11). നമ്മുടെ രാജാവും കർത്താവുമായ യേശു ഈ ലോകത്തിന്റെ പ്രഭുവിനോട് ഒരു കാര്യവും ഇല്ലാത്തവനും ഒരു ഉടമ്പടിയും സമ്മതിക്കാത്തവനുമാണ് (യോഹന്നാൻ 14:30). താൻ ലോകത്തെ ജയിച്ചവൻ ആകയാൽ ലോകത്തിൽ നമുക്ക് കഷ്ടങ്ങളും പോരാട്ടങ്ങളും ഉണ്ടെങ്കിലും നമ്മെ ധൈര്യപ്പെടുത്തി നമുക്ക് വേണ്ടി യുദ്ധം ചെയ്തു നമുക്ക് ജയം നേടിത്തരുന്നു (യോഹന്നാൻ 16:33). തീർച്ചയായും നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലമാണ് ദൈവം നമുക്ക് ജയം നൽകുന്നത് (1 കൊരിന്ത്യർ 15:57).
ശൗലിൻ്റെയും ശമൂവേലിന്റെയും പിന്നാലെ വരാത്തവൻ്റെ കാളകളെ നശിപ്പിക്കുമെന്ന് ശൗൽ പറയുമ്പോൾ ഗിലെയാദ് ദേശം തങ്ങളുടെ കന്നുകാലികൾക്ക് നല്ല ദേശം എന്ന് കണ്ട് കാനാൻദേശം വേണ്ട എന്ന് പറഞ്ഞ ഗിലെയാദ്യരെപോലെ ആകാതെ രാജാവായ ശൌലിന്റെയും ദൈവശുശ്രൂഷകനായ ശമൂവേലിന്റെയും പിന്നാലെ ചെല്ലേണമെന്നും അല്ലായെങ്കിൽ കന്നുകാലികൾ അഥവാ ഭൗതിക സമ്പത്തൊക്കെയും നശിപ്പിക്കും എന്നുമാണ് മനസ്സിലാക്കേണ്ടത് (1 ശമൂവേൽ 11:6). ഭൗതിക നന്മകൾ ദൈവം നശിപ്പിച്ചിട്ട് വായ്പ വാങ്ങി കടക്കാരായി ശപിക്കപ്പെട്ടവരാകുവാൻ കാരണം ദൈവകല്പനകളെ അനുസരിച്ച് ജീവിക്കാത്തതുകൊണ്ടാണ് (ആവർത്തനം 28:44-45). ആകയാൽ നാം തുമ്പുകെട്ട ഇടയന്മാരായ ലൗകീകരായി, ലോകത്തെ സ്നേഹിച്ച്, ലോകത്തെയും പിശാചിനെയും സേവിക്കുവാൻ ആഗ്രഹിക്കുന്നവരുടെ പിന്നാലെ പോകരുത്. നമ്മുടെ രാജാവായ യേശുവിൻ്റെയും ദൈവം കൂടെയിരുന്ന് തൻ്റെ വചനങ്ങളെ കൊടുത്തു നടത്തുന്ന ദൈവത്തിന്റെ വിശ്വസ്തരായ ശുശ്രൂഷകരുടെയും (1 ശമൂവേൽ 3:19-20) പിന്നാലെ പോകുവാൻ നമുക്ക് ഉത്സാഹിക്കാം (1 ശമൂവേൽ 11:7). എന്നാൽ നാം ഈ ലോകത്തിൽ നിന്ദിതരാകാതെ ലോകത്തെ ജയിച്ച യേശുവോടു കൂടെ ജയാളികൾ ആയിത്തീരും. ദൈവമായ കർത്താവ് നമ്മെ അതിന് സഹായിച്ച് അനുഗ്രഹിച്ച് തിരുനാമത്തെ മഹത്വപ്പെടുത്തുമാറാകട്ടെ.