നമ്മുടെ ശാശ്വതഭവനം (സഭാപ്രസംഗി 12:5)

ദൈവത്തിനു മഹത്വം

നമ്മുടെ ശാശ്വതഭവനം

.....
മനുഷ്യൻ തന്റെ ശാശ്വത ഭവനത്തിലേക്ക് പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും. സഭാപ്രസംഗി 12:5.

മനുഷ്യ ജീവിതത്തിന്റെ അവസാനകാലങ്ങളായ വാർദ്ധക്യാനുഭവങ്ങളെ  ഓർമിപ്പിച്ചുകൊണ്ട് മരണാനന്തരം മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്ക് പോകുമെന്ന് പറയുന്നു. കുറച്ചുകൂടെ വ്യക്തമാക്കിക്കൊണ്ട് മനുഷ്യശരീരം ഭൂമിയിലെ പൊടിയിൽനിന്ന് ഉണ്ടാക്കപ്പെട്ടതാകയാൽ പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരുമെന്നും ആത്മാവോ അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുമെന്നും പറയുന്നു (സഭാപ്രസംഗി 12:7). അങ്ങനെയെങ്കിൽ നമ്മുടെ മൺശരീരമല്ല നാം അഥവാ നമ്മിലെ ആത്മാവ് ദൈവത്തിങ്കലേക്ക്, നമ്മുടെ ശാശ്വതഭവനത്തിലേക്ക് മടങ്ങി പോകേണ്ടിയിരിക്കുന്നു. പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുന്ന ഒരു കൂട്ടരെക്കുറിച്ച് യേശു പറയുന്നു (മത്തായി 25:41). ആ സ്ഥലം ഭവനം എന്നല്ല നിത്യാഗ്നി എന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വർഗ്ഗസ്ഥനായ തന്റെ പിതാവിന് ഒരു ഭവനം ഉണ്ട് എന്നും ആ ഭവനത്തിൽ നമുക്കൊരു വാസസ്ഥലം താൻ ഒരുക്കുന്നു എന്നും യേശു നമ്മോട് പറയുന്നു. യേശു ആ സ്ഥലം ഒരുക്കിയാൽ താനിരിക്കുന്നിടത്തു നാമും ഇരിക്കേണ്ടതിന് പിന്നെയും വന്നു നമ്മെ തന്റെയടുക്കൽ ചേർത്തുകൊള്ളുമെന്നും നാം അറിയുന്നു (യോഹന്നാൻ 14:1-3). ആകയാൽ നമ്മുടെ ശാശ്വതഭവനം എന്നു പറയുന്നത് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന്റെ ഭവനമാണ്.

ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോൾ തന്നെപ്പോലെതന്നെ അഥവാ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് ആദാമിനെ  ഉണ്ടാക്കിയത് (ഉല്പത്തി 1:26). ആദിമനുഷ്യനായ ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചതായി വായിക്കുന്നു (ഉല്പത്തി 5:3). ആദാമിന് ശേത്ത് എന്നപോലെയാണ് ദൈവത്തിന്  ആദാം. അതുകൊണ്ടാണ് ആദാം ദൈവത്തിന്റെ മകൻ എന്നു പറയപ്പെടുന്നത് (ലൂക്കൊസ് 3:38). എന്നാൽ മനുഷ്യൻ പാപം ചെയ്തതു നിമിത്തമായി പാപത്തിന്റെ ദാസൻ ആയതിനാൽ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട് (ഉല്പത്തി 3:23) പിശാചിന് അടിമയായിത്തീരുന്നു (യോഹന്നാൻ 8:34-35). പിശാച് തന്റെ ബദ്ധന്മാരെ അവരുടെ വീട്ടിലേക്ക് അഴിച്ചുവിടാതെ ബന്ധിച്ചുവയ്ക്കുന്നു (യെശയ്യാവ് 14:17). ഈവിധമായ പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻതന്നെയാണ് ദൈവപുത്രൻ പ്രത്യക്ഷനായത് (1 യോഹന്നാൻ 3:8). കാൽവരി ക്രൂശിൽ യേശു നമുക്കായി ചൊരിഞ്ഞ തന്റെ നിയമരക്തം ഹേതുവായി യേശുവിന്റെ ബദ്ധന്മാരെ ദൈവം പിശാചിന്റെ വെള്ളമില്ലാത്ത കുഴിയിൽ നിന്നും വീട്ടിലേക്ക് വിട്ടയക്കുന്നു (സെഖര്യാവ്  9:11). പുത്രന്മാരാണ് എന്നേക്കും വീട്ടിൽ വസിക്കുന്നത് എന്ന് യേശു പറയുന്നു (യോഹന്നാൻ 8:35). ആകയാൽ പാപത്തിന്റെ, പിശാചിന്റെ ദാസരായിരുന്നവർക്ക് വീട്ടിലേക്ക് മടങ്ങി വരത്തക്കവണ്ണം യേശുവിനെ കൈകൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നതിനാൽ ദൈവമക്കൾ ആകുവാൻ യേശു അധികാരം കൊടുക്കുന്നു. (യോഹന്നാൻ 1:12). അവർ യേശുവിന്റെ നിയമരക്തം ഹേതുവായി  വീണ്ടെടുക്കപ്പെട്ട് ഉല്ലാസഘോഷത്തോടെ മടങ്ങി സീയോനിലേക്ക്, ദൈവസന്നിധിയിലേക്ക് ചെല്ലുന്നു (യെശയ്യാവ് 35:10).

യേശു തന്റെ പിതാവിന്റെ ഭവനത്തെക്കുറിച്ച് പറയുമ്പോൾ അവിടെ അനേകം വാസസ്ഥലങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്നാൽ യേശു തനിക്കുള്ളവർക്കായി ഒരു പ്രത്യേകസ്ഥലം ഒരുക്കുവാൻ പോകുന്നു എന്നും അവർക്കായി സ്ഥലം ഒരുക്കിയാൽ യേശു ഇരിക്കുന്നയിടത്ത് അവരും ഇരിക്കേണ്ടതിനു പിന്നെയും വന്നു തന്റെയടുക്കൽ അവരെ ചേർത്തുകൊള്ളും എന്നും പറയുന്നു (യോഹന്നാൻ 14:2-3). വെളിപ്പാട് പുസ്തകം ഇരുപത്തിയൊന്നാം അധ്യായം നാം ശ്രദ്ധിക്കുമ്പോൾ നിത്യതയുടെ അനുഭവത്തിൽ പുതിയ ഭൂമിയും പുതിയ ആകാശവും മാത്രമല്ല പുതിയ യെരുശലേമെന്ന വിശുദ്ധ നഗരവും വെളിപ്പെടുന്നതായി കാണാം. ഈ പുതിയ യെരുശലേം എന്ന വിശുദ്ധനഗരം കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയാണ് എന്നു പറയപ്പെടുന്നു (വെളിപ്പാട് 21:1-2, 9). വെളിപ്പാട് പുസ്തകം പത്തൊമ്പതാം അധ്യായത്തിൽ കുഞ്ഞാടിന്റെ കല്യാണം വന്നുവെന്നും തന്റെ കാന്തയും തന്നെത്താൻ ഒരുക്കിയെന്നും അവൾക്ക് ലഭിക്കുന്ന വിശേഷ വസ്ത്രം വിശുദ്ധന്മാരുടെ നീതി പ്രവർത്തികൾ ആണെന്നും വായിക്കുന്നു (വെളിപ്പാട് 19:7-8). ദൈവത്തിന്റെ കുഞ്ഞാടായ യേശു (യോഹന്നാൻ 1:29) മണവാളനായി വെളിപ്പെടുമ്പോൾ തന്നോടുകൂടെ ഇരുത്തപ്പെടുമെന്ന് പറയപ്പെട്ടിരിക്കുന്ന (യോഹന്നാൻ 14:2-3) നാമാണ് കാന്തയായ മണവാട്ടിയായി കാണപ്പെടുക. ആകയാൽ നാമാണ് ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന പുതിയ യെരുശലേം എന്ന വിശുദ്ധനഗരം. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നത് ഈ വിശുദ്ധനഗരം മനുഷ്യരോടുകൂടെയുള്ള ദൈവത്തിന്റെ കൂടാരം ആണെന്നും ദൈവം അവരോടുകൂടെ വസിക്കും എന്നുമാണ് (വെളിപ്പാട് 21:3). ആകയാൽ യേശു നമുക്കായി ഒരുക്കുന്ന നമ്മുടെ ശാശ്വതഭവനം എന്നത് ഈ പുതിയ യെരുശലേം എന്ന വിശുദ്ധനഗരമാണ്. മറ്റൊരു നിലയിൽ നാം ചിന്തിച്ചാൽ നിത്യതയിൽ ദൈവം വസിക്കുന്നത് ഈ പുതിയ യെരുശലേം എന്ന വിശുദ്ധനഗരത്തിൽ ആയിരിക്കയാൽ നാം യേശുവോടുകൂടി വസിപ്പാൻ പോകുന്ന നമ്മുടെ പിതാവിന്റെ ഭവനം എന്നത് ഈ വിശുദ്ധനഗരമാണ്

പാർപ്പാൻ തക്കതായ ഈ പട്ടണത്തിൽ ചെല്ലേണ്ടതിന് ദൈവം നമ്മെ ചൊവ്വയുള്ള വഴിയിൽ നടത്തുന്നു (സങ്കീർത്തനം 107:7). എന്നാൽ പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചു പോകുന്നു (സഭാപ്രസംഗി 10:15). കാരണം മൂഢൻ തന്റെ ഹൃദയത്തിൽ ദൈവം ഇല്ല എന്നു പറയുന്നതിനാൽ ദൈവത്തിന് അവനെ നടത്തുവാൻ കഴിയുന്നില്ല (സങ്കീർത്തനം 53:1). എന്നാൽ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്റെ (സങ്കീർത്തനം 53:2) ജീവിതയാത്ര എപ്പോഴും മേലോട്ടാകുന്നു. താഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകുന്നു (സദൃശ്യവാക്യങ്ങൾ 15:24). ആത്മീക ജീവിതത്തിൽ ഈ ബുദ്ധിമാന്മാർ യേശുവിന്റെ വചനങ്ങളെ കേട്ട് ചെയ്യുന്നവരാണെന്ന് യേശു പറയുന്നു (മത്തായി 7:24). അങ്ങനെയുള്ളവരുടെമേൽ ദൈവം ദൃഷ്ടിവച്ച് അവർക്ക് ആലോചന പറഞ്ഞുതരികയും ദൈവം അവരെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി അവർക്ക് കാണിച്ചുതരികയും ചെയ്യും (സങ്കീർത്തനം 32:8). മറ്റൊരു നിലയിൽ ദൈവം അവരെ തന്റെ നല്ല ആത്മാവിനാൽ നേർനിലത്തിൽ നടത്തി (സങ്കീർത്തനം 143:10), സത്യത്തിന്റെ ആത്മാവിനാൽ അവരെ സകല സത്യത്തിലും വഴി നടത്തുന്നു (യോഹന്നാൻ 16:13). എങ്ങനെയെന്നാൽ പരിശുദ്ധാത്മാവ് സകലവും അവർക്ക് ഉപദേശിച്ചുതരികയും യേശു അവരോട് പറഞ്ഞതൊക്കെയും അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യും (യോഹന്നാൻ 14:26). അങ്ങനെ അവർ യേശുവിന്റെ വചനങ്ങളെ കേട്ട് ചെയ്യുന്ന ബുദ്ധിമാന്മാരായിത്തീർന്നിട്ട് (മത്തായി 7:24) പാർപ്പാൻതക്ക പട്ടണത്തിൽ ചെല്ലുന്നു.

ഈ അനുഭവങ്ങളെല്ലാം പ്രാപിച്ചുകൊണ്ട്  വാർദ്ധക്യംവരെയും ജീവിച്ചിരുന്നശേഷമാണ് മനുഷ്യൻ തന്റെ  ശാശ്വതഭവനത്തിൽ പോയിചേരുന്നത് (സഭാപ്രസംഗി 12:3-7). എന്നാൽ അതിദുഷ്ടന്മാരായവരും മൂഢന്മാരായവരും കാലത്തിനു മുമ്പേ മരിക്കുന്നു എന്നു ദൈവവചനം പറയുന്നു (സഭാപ്രസംഗി 7:17) ആകയാൽ ദൈവം നമുക്ക് തരുന്ന ആയുഷ്കാലമൊക്കെയും യേശുവിന്റെ വചനങ്ങളെ കേട്ട് ഗുണമുള്ള നമ്മുടെ നല്ല ഹൃദയത്തിൽ സംഗ്രഹിച്ച് ജീവിതനാളുകളിൽ ക്ഷമയോടെ ഫലം കൊടുക്കുന്നവരായി നൂറുമേനി വിളയുന്നവരാകാം (ലൂക്കൊസ് 8:8,15). അങ്ങനെയുള്ളവരുടെ ജീവിതത്തിൽ ഇയ്യോബിനെപോലെ നിറയെ മണികൾ ഉള്ളതായ കറ്റകൂമ്പാരം തക്കസമയത്ത്  അടുക്കിവയ്ക്കുന്നതുപോലെ അവർ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും (ഇയ്യോബ് 5:26). ഈ തക്കസമയമെന്നത് ദൈവമല്ലാതെ മറ്റാരും പുത്രനുംകൂടെ അറിയാത്ത (മത്തായി 24:36) യേശുവിന്റെ പ്രത്യക്ഷതയുടെ സമയമാണ്. (1 തിമൊഥെയൊസ് 6:16). ദൈവത്തിന്റെ വചനം സകലസൽപ്രവർത്തിക്കും വകപ്രാപിച്ച് നാം തികഞ്ഞവരാകേണ്ടതിന് പ്രയോജനം ഉള്ളതാകയാൽ (2 തിമൊഥെയൊസ് 3:16) നമുക്ക് ലഭിക്കുന്ന പ്രബോധനങ്ങളും ഉപദേശങ്ങളും  ഹൃദയപൂർവ്വം കൈക്കൊണ്ട് അനുസരിച്ച് ക്രിസ്തുവിൽ തികഞ്ഞവരായിത്തീരും (കൊലൊസ്സ്യർ 1:28). അങ്ങനെയുള്ളവരെ ചേർക്കുവാൻ വരുന്ന കർത്താവ് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റേതായ തക്കസമയത്ത് പൂർണ്ണ വാർദ്ധക്യത്തിൽതന്നെ നമ്മെ തന്റെ അടുക്കൽ ചേർത്തുകൊള്ളും. ഇങ്ങനെ നാം എന്നും കർത്താവിനോടുകൂടെ നമ്മുടെ പിതാവിന്റെ ഭവനത്തിൽ വസിപ്പാനിടയാകും (1 തെസ്സലൊനീക്യർ 4:17). ആകയാൽ ദീർഘായുസ്സ്കൊണ്ട് നമുക്ക് തൃപ്തിവരുത്തുന്ന ദൈവം നമുക്ക് ദീർഘായുസ്സ് തന്നിട്ട് ദൈവീക അനുഭവങ്ങളുടെ പൂർണ്ണത പ്രാപിച്ച് കർത്താവ് നമുക്കൊരുക്കുന്ന നിത്യരക്ഷ കണ്ട് അത് പ്രാപിക്കുവാൻ നമുക്കിടയാകണം (സങ്കീർത്തനം 91:16). ദൈവമായ കർത്താവ് നമ്മെ ഏവരെയും ദീർഘായുസ്സോടെയിരുന്ന് ഈ ശ്രേഷ്ടാനുഭവങ്ങളെ പ്രാപിക്കുവാൻ സഹായിച്ചൊരുക്കുമാറാകട്ടെ.