പൂർണ്ണസമാധാനത്തിൽ കാക്കപ്പെടുവാൻ (യെശയ്യാവ് 26:3)
ദൈവത്തിന് മഹത്വം
പൂർണ്ണസമാധാനത്തിൽ കാക്കപ്പെടുവാൻ
"സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ട് നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു." യെശയ്യാവ് 26:3
നമ്മുടെ ക്രിസ്തീയ ജീവിതം സമാധാന പൂരിതമായിരിക്കണം എന്നു മാത്രമല്ല പൂർണ്ണ സമാധാനത്തോടെ ജീവിക്കുവാനും നമുക്ക് കഴിയണം. എന്തുകൊണ്ടെന്നാൽ സമാധാനത്തിൽ ജീവിപ്പാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് (1 കൊരിന്ത്യർ 7:15). യേശു തന്റെ അടുക്കൽ ഉണ്ടായിട്ടും പലതിനെ ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയും മാർത്ത കാണപ്പെടുന്നു (ലൂക്കൊസ് 10:41). ആയതുപോലെ യേശു നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടും പലവിധമായ പ്രശ്നങ്ങളും പ്രതികൂലങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാമറിയാതെതന്നെ ഭാരപ്പെട്ട് കലങ്ങുന്നവരും നിരാശപ്പെട്ട് ദുഃഖിക്കുന്നവരും ആകുന്നു. അതു നിമിത്തം നമ്മുടെ ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടവരായി നാം മാറ്റപ്പെടുന്നു. രണ്ടു കാരണങ്ങളാലാണ് ഈ സമാധാനമില്ലായ്മ നമ്മിൽ ഉണ്ടാകുന്നത്. ഒന്നാമത് നാം ദൈവത്തിൽ ആശ്രയിക്കുന്നവർ എന്ന് പറയുന്നു എങ്കിലും പലപ്പോഴും മനുഷ്യരിലും പ്രഭുക്കന്മാരിലും ഒക്കെ ആശ്രയിക്കുന്നവരാണ്. അത് നമുക്ക് പരാജയമായി തീരുന്നു. കാരണം അവർ നമ്മെ സഹായിപ്പാൻ കഴിയാത്തവരാണ് (സങ്കീർത്തനം 146:3). ആകയാൽ തന്നെ മനുഷ്യരിലും പ്രഭുക്കന്മാരിലും ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത് എന്നു നാം ഉണരേണം (സങ്കീർത്തനം 118:8-9). മാത്രമല്ല മനുഷ്യനിൽ ആശ്രയിക്കുന്നതിനാൽ നാം ഹൃദയം കൊണ്ട് യഹോവയെ വിട്ടു മാറിയിട്ട് ശപിക്കപ്പെട്ടവരാകുന്നു (യിരെമ്യാവ് 17:5). ഈ ശാപം നിമിത്തം നമ്മുടെ സമാധാനം നഷ്ടപ്പെട്ടിട്ട് കലക്കം ഉള്ളവരായി നാം ദുഷ്ടരായി മാറുന്നു. എങ്ങനെയെന്നാൽ ആരാണ് നമ്മെ സഹായിക്കുക എന്നറിയാതെ സഹായത്തിനായി അവിടെയും ഇവിടെയും അലഞ്ഞ് എല്ലാവരെയും നാം ആശ്രയിക്കുന്നവരാകുന്നു. ഇങ്ങനെ സംശയിക്കുന്നവർ കാറ്റടിച്ച് അലയുന്ന കടൽതിരയ്ക്കു തുല്യരായി തീരുന്നു. അവർ ഇരുമനസ്സുള്ളവരാകയാൽ ദൈവത്തിൽനിന്ന് ഒന്നും പ്രാപിക്കുവാൻ അവർക്ക് കഴിയുകയില്ല (യാക്കോബ് 1:6-8). അതു നിമിത്തം സമാധാനം ഇല്ലാത്ത ദുഷ്ടന്മാരെപ്പോലെ അടങ്ങിയിരിപ്പാൻ കഴിയാതെ കലക്കമുള്ളവരായി അലയുന്നവരാകുന്നു (യെശയ്യാ 57:20-21). ഇവരുടെ ദുഷ്ടത എന്തെന്നാൽ ഇവർ ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയത്തക്കവണ്ണം അവിശ്വാസമുള്ള ദുഷ്ടഹൃദയം ഉള്ളവരാകുന്നു എന്നതാണ് (എബ്രായർ 3:12). ആകയാൽ അവർക്ക് ദൈവത്തിൽ ആശ്രയിപ്പാൻ കഴിയാതെ പോകുന്നു.
ഇനിയും ദൈവത്തിൽ ആശ്രയിക്കുന്നവരെന്ന് പറയുന്നവരെ നാം ശ്രദ്ധിച്ചാൽ അവർക്ക് സ്ഥിരതയോടെ ദൈവത്തിൽ ആശ്രയിപ്പാൻ കഴിയുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം. നാം യഹോവയിൽ ആശ്രയിക്കുക മാത്രമല്ല യഹോവയിൽ തന്നെ ആശ്രയിക്കുന്നവരാകണം (യിരെമ്യവ് 17:7). സ്ഥിരമാനസന്മാരായവർക്ക് മാത്രമേ യഹോവയിൽതന്നെ ആശ്രയിക്കുവാൻ സാധിക്കുകയൊള്ളു (യെശയ്യാവ് 26:3). നമ്മുടെ മനസ്സിന് ഒരു സ്ഥിരതയില്ല എങ്കിൽ അത് ഒരു കുരങ്ങിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കും. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോഴും പലവിധചിന്തകളാലും വിചാരങ്ങളാലും ഏകാഗ്രത നഷ്ടപ്പെട്ടവരായി വേണ്ടുംവണ്ണം പ്രാർത്ഥിക്കാൻ കഴിയാത്തവരായിത്തീരുന്നു. സ്ഥിരമാനസരായി യഹോവയിൽ ആശ്രയിക്കുന്നവർക്കാണ് പൂർണ്ണസമാധാനം ലഭിക്കുന്നത്.
മാനുഷികമായി നമുക്കിത് എളുപ്പത്തിൽ സാധ്യമല്ല എന്നതാണ് സത്യം. ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായ പരീക്ഷയുടെ മധ്യേ താൻ ഇരുമനസ്സുള്ളവനായി ദൈവത്തോടുള്ള ഏകാഗ്രത നഷ്ടപ്പെടുത്തി പാപം ചെയ്യുവാൻ ഇടയാകുന്നു (2 ശമൂവേൽ 11:2-5). അപ്പോൾ താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് നിർമ്മലമായ ഒരു ഹൃദയം തന്നിൽ ദൈവം സൃഷ്ടിക്കേണമേ എന്നാണ്. അതോടൊപ്പം സ്ഥിരമായ ഒരാത്മാവിനെ തന്നിൽ പുതുക്കുവാനും പ്രാർത്ഥിക്കുന്നു. മനസ്സൊരുക്കമുള്ള ആത്മാവിനാൽ ദൈവം തന്നെ താങ്ങുമ്പോൾ തനിക്ക് ദൈവസന്നിധിയിൽ സ്ഥിരമാനസനായി കാണപ്പെടാം. കൂട്ടത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ തന്നിൽനിന്ന് എടുക്കരുതേ എന്നും പ്രാർത്ഥിക്കുന്നു (സങ്കീർത്തനം 51:10-12). ആകയാൽ നമ്മുടെ മനസ്സൊരുക്കമുള്ള ആത്മാവും ദൈവത്തിന്റെ പരിശുദ്ധാത്മാവും ചേർന്നിട്ട് നമുക്ക് ദൈവത്തിൽതന്നെ ആശ്രയിച്ച് പ്രാർത്ഥിക്കുവാൻ ഇടയാകും.
വേണ്ടുംവണ്ണം പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്ന് നാം അറിയാത്തവരായി കാണപ്പെടുന്നതുകൊണ്ടാണ് സ്ഥിരതയോടെ ദൈവത്തിൽ ആശ്രയിച്ച് സമാധാനം പ്രാപിക്കുവാൻ കഴിയാതെ പോകുന്നത്. ആകയാൽ നമ്മിലുള്ള പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയ്ക്ക് തുണനിന്നുകൊണ്ട് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമർ 8:26). നാമും അഥവാ മനസ്സൊരുക്കമുള്ള നമ്മിലെ ആത്മാവും നമ്മുടെ ഉള്ളിൽ ഞരങ്ങുന്നതായി നമുക്ക് തിരുവെഴുത്തിൽ കാണാം (റോമ 8:23). അങ്ങനെ ദൈവത്തിൽനിന്നുള്ള പരിശുദ്ധാത്മാവും മനസ്സൊരുക്കമുള്ള നമ്മുടെ ആത്മാവും അഥവാ നമ്മുടെ മനസ്സും ചേർന്ന് ഒരുമിച്ച് ഒന്നായി ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥിക്കുവാൻ ഇടയാകുന്നു. രണ്ടുപേർ ഐക്യമത്യപ്പെട്ട് പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ ദൈവം നമുക്ക് ഉത്തരം നൽകുന്നു (മത്തായി 18:19).
നമ്മിൽ ഞരക്കം ഉണ്ടാകുന്നത് നാം ദുഃഖത്തോടെ ഇരിക്കുമ്പോഴാണ്. നമ്മുടെ ആവശ്യങ്ങളുടെയും പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും മധ്യേ മനസ്സിന്റെ ഏകാഗ്രതയോടെ മനസ്സ് തകർന്നവരായി നെടുവീർപ്പിട്ട് ഞരുങ്ങുന്നവരാകുവാൻ നമുക്ക് സാധിക്കണം. യേശുവും സ്വർഗ്ഗത്തിലേക്ക് നോക്കി നെടുവീർപ്പിട്ട് പ്രാർത്ഥിക്കുന്നതായി കാണാം (മർക്കൊസ് 7:34) അങ്ങനെയെങ്കിൽ മനസ്സ് തകർന്നവരെ നിരസിക്കാതെ സമീപസ്ഥനായി വന്ന് അവരെ രക്ഷിക്കുന്ന ദൈവം നമ്മെയും സഹായിക്കും (സങ്കീർത്തനം 34:18, 51:17). മനോവ്യസനം ഉള്ളവളായി തന്റെ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യം നിമിത്തം ദൈവസന്നിധിയിൽ ഹന്ന ഹൃദയം പകർന്നു പ്രാർത്ഥിക്കുന്നു (1 ശമൂവേൽ 1:15-18). ദൈവം അവളുടെ പ്രാർത്ഥന കേട്ട് ഉത്തരം അരുളിയതു നിമിത്തം മനോദുഃഖം (നെഹെമ്യാവ് 2:2) മാറിയിട്ട് അവളുടെ മുഖം പിന്നെ വാടാതവണ്ണം ദൈവം സഹായിക്കുന്നു.
നാം ഏകാഗ്രചിത്തന്മാരായി, സ്ഥിരമാനസരായി ദൈവാശ്രയത്തോടെ പ്രാർത്ഥനയാൽ ദൈവസന്നിധിയിൽ കാണപ്പെടുമ്പോൾ ദൈവം നമുക്കുവേണ്ടി തന്നെത്താൻ ബലവാനെന്ന് കാണിക്കുന്നു (2 ദിനവൃത്താന്തം 16:9). അതിനാൽ നമുക്ക് രണ്ട് കാര്യങ്ങൾ സാധിക്കുന്നു. ഒന്നാമത് നാം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനത്തിൽ നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാത്തുകൊള്ളും (ഫിലിപ്പിയർ 4:6-7). നമുക്ക് പൂർണ്ണ സമാധാനം നൽകും. രണ്ടാമതായി നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ സന്തോഷവും സമാധാനവും പൂർണ്ണമാകത്തക്കവണ്ണം നമ്മുടെ പ്രാർത്ഥന കേട്ട് പ്രാർത്ഥനാ വിഷയങ്ങളിൽ നമുക്കു വേണ്ടി പ്രവർത്തിക്കുന്നു (യോഹന്നാൻ 16:24). നമ്മുടെ ദൈവം സർവ്വ ശക്തിയുള്ള ദൈവമാണ് (ഉല്പത്തി 17:1). ആ സർവ്വശക്തനായ ദൈവം നമുക്കു വേണ്ടി പ്രവർത്തിച്ചിട്ട് ദൈവത്തിൽ നിന്ന് വലിയ കാര്യങ്ങളെ പ്രാപിക്കുവാൻ നമുക്കിടയാകുന്നു (ലൂക്കൊസ് 1:49). മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് യേശു പറയുന്നു (മർക്കൊസ് 10:27). ആകയാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യാൻ ശക്തിയുള്ള ദൈവം നമ്മുടെ ആവശ്യങ്ങളിൽ നമുക്കുവേണ്ടി പ്രവർത്തിക്കുന്നു (എഫെസ്യർ 3 20). നമ്മുടെ സന്തോഷം പൂർണ്ണമാകത്തക്കവണ്ണം ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് അതിനേറ്റവണ്ണം നമ്മെ സഹായിച്ചിട്ട് നമുക്കു പൂർണ്ണ സമാധാനം ലഭിക്കുന്നു. ദൈവമായ കർത്താവ് നമ്മെ എല്ലാവരെയും ഈ വിധമായി സമാധാനം പ്രാപിക്കുവാൻ സഹായിക്കുമാറാകട്ടെ.