വെളിച്ചമായി പ്രകാശിതരാകുവാൻ (സങ്കീർത്തനം 34:5)
ദൈവത്തിനു മഹത്വം
വെളിച്ചമായി പ്രകാശിതരാകുവാൻ
"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല." സങ്കീർത്തനം 34:5
ദൈവമക്കളായ നമ്മുടെ രക്ഷിക്കപ്പെടുന്നതിന് മുമ്പുള്ള ജീവിതം ഇരുളായിരുന്നു എന്ന് ബൈബിൾ പറയുന്നു. എന്നാലോ ഇന്ന് നാം വെളിച്ചമായിരിക്കുന്നു (എഫെസ്യർ 5:8). എങ്ങനെ നാം വെളിച്ചമായി പ്രകാശിക്കുന്നവർ ആയിത്തീർന്നു എന്നുള്ളത് നാം അറിയുന്നു. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നമ്മൾ (എഫെസ്യർ 2:1) മരണത്തിന്റെ ദേശത്തിലും നിഴലിലുമായി ഇരുട്ടിൽ ഇരിക്കുമ്പോൾ വലിയൊരു വെളിച്ചം കണ്ടു (മത്തായി 4:14-15). ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശു ആയിരുന്നു ആ വെളിച്ചം (യോഹന്നാൻ 1:9). മറ്റൊരു നിലയിൽ നാം നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും ആയിരുന്നപ്പോൾ (സങ്കീർത്തനം 40:2) നമ്മുടെ പ്രാണനെ കുഴിയിൽ നിന്ന് കരേറ്റേണ്ടതിനും ജീവന്റെ പ്രകാശംകൊണ്ട് നമ്മെ പ്രകാശിപ്പിക്കേണ്ടതിനും ദൈവം യേശുവിനെ ലോകത്തിലേക്ക് അയച്ചു (ഇയ്യോബ് 33:30). "തിരുമുഖം അടിയന്റെമേൽ പ്രകാശിപ്പിക്കേണമേ; അങ്ങയുടെ ദയയാൽ എന്നെ രക്ഷിക്കേണമേ. അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാൻ ലജ്ജിച്ചു പോകരുതേ. " എന്ന് യേശുവിങ്കലേക്ക് നോക്കി പ്രാർത്ഥിക്കുവാൻ നമുക്കിടയാകുന്നു (സങ്കീർത്തനം 31:16). അങ്ങനെ യേശുവിങ്കലേക്ക് നോക്കി പ്രാർത്ഥിച്ച് യേശുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ്കൊണ്ട് കർത്താവ് എന്ന് ഏറ്റുപറയും ചെയ്യുമ്പോൾ നാം രക്ഷിക്കപ്പെടുന്നു (റോമർ 10:9). അതിനാൽ നാം ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് നമ്മുടെ പ്രാണനെ മരണത്തിൽ നിന്ന് ദൈവം വിടുവിക്കുന്നു (സങ്കീർത്തനം 56:13). നമ്മുടെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കത്തക്കവണ്ണം നമ്മുടെ പ്രാണനെ കുഴിയിൽ നിന്ന് രക്ഷിച്ചിട്ട് (ഇയ്യോബ് 33:28) ക്രിസ്തുവാകുന്ന പാറമേൽ നമ്മുടെ കാലുകളെ നിറുത്തുന്നു (സങ്കീർത്തനം 40:2). അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേക്ക് വിളിക്കപ്പെട്ട നാം (1 പത്രോസ് 2:9) ലജ്ജിതരാകാതെ യേശുവിനെ അനുഗമിക്കുന്നതിനാൽ ജീവന്റെ വെളിച്ചമുള്ളവരാകുന്നു (യോഹന്നാൻ 8:12).
യേശുവിലേക്ക് നോക്കി പ്രകാശിതരായിത്തീർന്ന നമ്മുടെ ജീവിതത്തിൽ തുടർന്ന് ജ്ഞാനം നമ്മുടെ മുഖത്തെ പ്രകാശിപ്പിക്കുന്നു (സഭാപ്രസംഗി 8:1). എങ്ങനെയെന്നാൽ നാം തിരുവെഴുത്തുകളെ ദിനംപ്രതി പരിശോധിക്കുകയും അതിനാൽ നമ്മുടെ ജ്ഞാനം വർദ്ധിക്കുകയും ചെയ്യുന്നു (ദാനിയേൽ 12:4). ഇങ്ങനെ ദൈവത്തിൽനിന്ന് നമുക്ക് ജ്ഞാനം ആയിത്തീർന്ന യേശുവിനെക്കുറിച്ചുള്ള (1 കൊരിന്ത്യർ 1:30) ആദ്യവചനം വിട്ട് പരിജ്ഞാനപൂർത്തി പ്രാപിക്കുവാൻ നമുക്കിടയാകുന്നു (എബ്രായർ 6:2). നമ്മിൽ ബുദ്ധിയും വിശേഷജ്ഞാനവും കാണപ്പെടുമ്പോൾ നാം പ്രകാശവും ഉള്ളവരായിത്തീരുന്നു (ദാനിയേൽ 5:14). മാത്രമല്ല ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചുമുള്ള വ്യക്തമായ നമ്മുടെ അറിവ് യേശുവിനെപ്പോലെ ദൈവമുമ്പാകെ ഭയഭക്തിയോടെ ജീവിക്കുവാൻ നമ്മെ സഹായിക്കുന്നു (എബ്രായർ 5:7). ഈ ദൈവഭയത്തോടുകൂടിയ ജീവിതം നമ്മെ പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യരാക്കുന്നു (2 ശമൂവേൽ 23:3-4).
ജീവന്റെ വെളിച്ചമുള്ളവരാകുവാനായി യേശുവിനെ അനുഗമിക്കുന്ന നമ്മുടെ ജീവിതത്തിൽ (യോഹന്നാൻ 8:12) യേശു നമുക്ക് നിത്യജീവന്റെ വചനങ്ങളെ ധാരാളമായി നൽകുന്നു (യോഹന്നാൻ 6:68). ഈ ജീവന്റെ വചനങ്ങളെ പ്രമാണിച്ചുകൊണ്ട് ലോകത്തിൽ നമുക്ക് ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുവാൻ കഴിയുന്നു (ഫിലിപ്പിയർ 2:15). മാത്രമല്ല നാം ദൈവത്തിന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു (എഫെസ്യർ 2:10). നമ്മെ സകല അധർമ്മത്തിൽ നിന്നും വീണ്ടെടുത്തത് നാം സൽപ്രവർത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി ജീവിക്കുവാനാണ് (തീത്തൊസ് 2:14). അതിനായി ദൈവശ്വാസീയമായ തിരുവെഴുത്തുകളിലൂടെ ദൈവത്തിന്റെ മനുഷ്യരായ നാം സകല സൽപ്രവർത്തിക്കും വക പ്രാപിക്കുന്നു (2 തിമൊഥെയൊസ് 3:16). അതുനിമിത്തമായി നാം ചെയ്യുന്ന എല്ലാ നല്ലപ്രവർത്തികളും കണ്ടു മനുഷ്യർ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിനു അവ നമ്മുടെ വെളിച്ചമായി അവരുടെ മുമ്പാകെ പ്രകാശിക്കുന്നു (മത്തായി 5:16). ഇനിയും യേശുവിന്റെ വചനങ്ങളെ കേട്ട് ചെയ്യുന്നവരെക്കുറിച്ച് അവർ ബുദ്ധിയുള്ളവരാണെന്ന് യേശു പറയുന്നു (മത്തായി 7:24). ആവിധമായ ബുദ്ധിമാന്മാരായുള്ള ജീവിതം നമ്മെ നിത്യതയിൽ ആകാശമണ്ഡലത്തിന്റെ പ്രഭപോലെ എന്നും എന്നേക്കും പ്രകാശിക്കുന്നവരാക്കും (ദാനിയേൽ 12:3).
നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ഓരോനാളും ദൈവം തന്റെ ആലോചനയാൽ നടത്തുന്നതിനാലാണ് നാം പിന്നത്തേതിൽ മഹത്വത്തിൽ ചേർക്കപ്പെടുന്നത് (സങ്കീർത്തനം 73:24). ആകയാൽ ഓരോ നാളും ദൈവം നമ്മുടെമേൽ ദൃഷ്ടിവച്ച് നമുക്ക് ആലോചന പറഞ്ഞ് തരേണ്ടിയിരിക്കുന്നു (സങ്കീർത്തനം 32:8). അതിനായി നാം ദൈവസന്നിധിയിൽ ശമൂവേൽ ബാലനെപ്പോലെ "യഹോവേ, അരുളിചെയ്യേണമേ അടിയന് കേൾക്കുന്നു" എന്ന് പറഞ്ഞ് പ്രാർത്ഥിക്കുന്നവരാകണം (1 ശമൂവേൽ 3:9-10). ദൈവം നമ്മോട് അരുളിച്ചെയ്യുന്നത് കേൾക്കുന്നവരാകുമ്പോൾ മോശയെപ്പോലെ നമ്മുടെയും മുഖത്തിന്റെ ത്വക്ക് പ്രകാശിക്കും (പുറപ്പാട് 34:30). തുടർന്ന് നമ്മുടെ ജീവിതത്തിൽ നാം ദൈവത്തിന്റെ ആലോചന കേട്ട് സ്നാനപ്പെടുന്നതിൽ തുടങ്ങി (ലൂക്കൊസ് 7:30) നമ്മെ പഠിപ്പിക്കുന്ന ഉപദേശരൂപങ്ങളെ ഹൃദയപൂർവ്വം അനുസരിച്ച് നീതിക്ക് ദാസന്മാരായിത്തീരുന്നു (റോമർ 6:17-18). ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നവരായി നീതിമാന്മാരാകുന്നു (മത്തായി 3:15). അങ്ങനെയുള്ള നീതിമാന്മാരുടെ വെളിച്ചമാണ് അവരുടെ മുഖതേജസ്സായി പ്രകാശിക്കുന്നത് (സദൃശ്യവാക്യങ്ങൾ 13:9). മാത്രമല്ല അന്ന് നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും (മത്തായി13:43).
യേശു നമ്മെക്കുറിച്ച് അരുളിച്ചെയ്യുന്നത് നാം ലോകത്തിന്റെ വെളിച്ചമാകുന്നു എന്നാണ് (മത്തായി 5:14). നമ്മുടെ പ്രകാശം വന്നിരിക്കയാൽ ഈ നാളുകളിൽ നാം എഴുന്നേറ്റു പ്രകാശിക്കേണ്ടിയിരിക്കുന്നു (യെശയ്യാവ് 60:1). അതിനായി ഉറക്കത്തിൽ നിന്ന് ഉണർന്നുകൊണ്ട് ആത്മീകമായ മയക്കം മാറ്റിക്കളവാൻ നമുക്കിടയാകട്ടെ. മാത്രമല്ല മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽക്കത്തക്കവണ്ണം ജീവിതത്തിന്റെ പിന്മാറ്റാവസ്ഥകളെയും നീക്കുന്നവരാകട്ടെ. അപ്പോൾ ക്രിസ്തു നമ്മുടെമേൽ പ്രകാശിക്കും (എഫെസ്യർ 5:14). ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിക്കുന്നതിനാൽ നമുക്കിത് സാധിക്കും (റോമർ 12:11). രണ്ടുവിധത്തിൽ നമുക്ക് ഇതിനായി കർത്താവിനുവേണ്ടി പ്രവർത്തിക്കുവാനാകും. ഒന്നാമതായി ദൈവത്തിന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ദൈവം നമ്മെ ജാതികൾക്ക് പ്രകാശമാക്കിവെച്ചിരിക്കുന്നു എന്ന് കാണാം (യെശയ്യാവ് 49:6). അപ്പൊസ്തലന്മാർ ജാതികളോട് സുവിശേഷം അറിയിക്കുവാനായി തുടങ്ങുമ്പോൾ ഈ കാര്യം എടുത്തു പറയുന്നു (അപ്പൊ.പ്രവൃത്തി 13:46-47). ഭൂമിയുടെ അറ്റത്തോളവും തന്റെ സാക്ഷികളാകുവാൻ യേശുവും നമ്മോട് ആവശ്യപ്പെടുന്നു (അപ്പൊ.പ്രവൃത്തി 1:8). ഈവിധമായി യേശുവിനെ അറിയിച്ചുകൊണ്ട് പലരെയും നീതിയിലേക്കു തിരിക്കുന്നവർ നിത്യതയിൽ നക്ഷത്രങ്ങളെപ്പോലെ എന്നും എന്നേക്കും പ്രകാശിക്കും (ദാനിയേൽ 12:3).
രണ്ടാമതായി യേശുവിന്റെ ഏറ്റവും ചെറിയവരായവരെ സഹായിക്കുന്ന കാര്യം യേശുതന്നെ നമ്മെ ഓർമിപ്പിക്കുന്നു (മത്തായി 25:40). എല്ലാ നുകത്തെയും തകർത്തു അന്യായബന്ധനങ്ങളെ അഴിച്ചുകൊണ്ട് പീഡിതരെ സ്വതന്ത്രരായി വിട്ടയക്കുന്നതാണ് ദൈവത്തിന് ഇഷ്ടമുള്ള ഉപവാസം. വിശപ്പുള്ളവന് അപ്പം കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ ഉടുപ്പിക്കുന്നതും നമ്മുടെ മാംസരക്തങ്ങൾ ആയിരിക്കുന്നവർക്ക് നമ്മെത്തന്നെ മറയ്ക്കാതിരിക്കുന്നത്തിലുമാണ് ദൈവത്തിന് പ്രസാദമുള്ളത്. അങ്ങനെ ചെയ്താൽ നമ്മുടെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും (യെശയ്യാവ് 58:6-8). തേജസ്സിന്റെ സിംഹാസനമുമ്പിൽ വലതുഭാഗത്ത് നിൽക്കുന്നവർ യേശുവിന്റെ ഏറ്റവും ചെറിയ സഹോദരന്മാർക്ക് ഈ കാര്യങ്ങൾ ചെയ്തതിനാലാണ് അവർ ദൈവരാജ്യത്തിന് അവകാശികളായത് (മത്തായി 25:34-40). ആയതുപോലെ നാമും വിശപ്പുള്ളവനോട് താല്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ നമ്മുടെ പ്രകാശം ഇരുളിൽ ഉദിക്കും (യെശയ്യാവ് 58:10).
ഇരുളിൽനിന്ന് വെളിച്ചം പ്രകാശിക്കണം എന്ന് അരുളി ചെയ്ത ദൈവം മുമ്പേ ഇരുളായിരുന്ന നമ്മുടെ ജീവിതത്തിൽ കർത്താവിങ്കലേക്ക് നോക്കി പ്രകാശിതരായിത്തീരുവാൻ നമുക്ക് ഇടയാക്കുന്നു. തുടർന്ന് യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം നമ്മിൽ വിളങ്ങിക്കേണ്ടതിന് നമ്മുടെ ഹൃദയങ്ങളിൽ ദൈവം പ്രകാശിക്കുന്നു (2 കൊരിന്ത്യർ 4:6). യേശു രൂപാന്തരമലയിൽ ശിഷ്യന്മാരുടെ മുമ്പാകെ രൂപാന്തരപ്പെടുമ്പോൾ യേശുവിന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ച് അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായിത്തീരുന്നു (മത്തായി 17:2). ഈ ക്രിസ്തുയേശുവിന്റെ മഹത്വം പ്രാപിക്കുവാൻ നാം വിളിക്കപ്പെട്ടവരാകയാൽ ആ തേജസ്സ് പ്രാപിപ്പാൻ നമ്മെ ദൈവം സഹായിക്കുന്നു (2 തെസ്സലൊനീക്യർ 2:14). അതിനായി ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം നമ്മുടെ മനസ്സിൽ ശോഭിക്കുവാൻ ഇടയാക്കുന്നു (2 കൊരിന്ത്യർ 4:4). ഇങ്ങനെ യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം പ്രാപിച്ചവരായ നമ്മെ ദൈവം സത്യത്തിന്റെ ആത്മാവിനാൽ ഈ ദൈവീക സത്യത്തിലൂടെ വഴിനടത്തുന്നു (യോഹന്നാൻ 16:13). അങ്ങനെ നാം നമ്മുടെ മുഖത്ത് കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാമെല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു (2 കൊരിന്ത്യർ 3:18). ആകയാൽ കർത്താവിങ്കലേക്ക് നോക്കി പ്രകാശിതരാകുന്ന നാം കർത്താവ് പ്രത്യക്ഷനാകുമ്പോൾ തന്റെ സന്നിധിയിൽ നമ്മുടെ മുഖം ലജ്ജിച്ചു പോകാതെ (1 യോഹന്നാൻ 2:28) യേശുവിന്റെ പ്രത്യക്ഷതയിൽ ധൈര്യത്തോടെ നിന്ന് യേശുവോട് സദൃശ്യരായി നിത്യതയിൽ ചേർക്കപ്പെടുന്നു (1 യോഹന്നാൻ 3:2). അന്ന് നാം നമ്മുടെ കർത്താവിനെപ്പോലെയായി നമ്മുടെ മുഖം സൂര്യനെപോലെ ശോഭിച്ചു നമ്മുടെ വസ്ത്രവും വെളിച്ചംപോലെ വെള്ളയായിത്തീർന്നു പ്രകാശിതരാകും (മത്തായി17:2). ദൈവമായ കർത്താവ് നമ്മെ അതിശ്രേഷ്ഠ തേജസ്സിനായി സഹായിച്ച് ഒരുക്കുമാറാകട്ടെ.