ക്രിസ്തുവിന്റെ നിർമ്മല കന്യക (2 കൊരിന്ത്യർ 11:2-3)
ദൈവത്തിനു മഹത്വം
ക്രിസ്തുവിന്റെ നിർമ്മല കന്യക
"ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർമ്മല കന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൻ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു." 2 കൊരിന്ത്യർ 11:2-3
ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു അനുഭവമാണ് നമ്മുടെ പ്രാണപ്രീയനായ ക്രിസ്തുവുമായി നാം വിവാഹനിശ്ചയം ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ളത്. ക്രിസ്തുവിനോട് ചേരുവാനുള്ള ആഗ്രഹത്തോടെ സ്നാനമേൽക്കുന്ന നാം നമ്മെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കുന്നവരായിത്തീരുന്നു (ഗലാത്യർ 3:27). അങ്ങനെ സ്നാനപ്പെടുന്നവർക്ക് പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം നൽകുന്നു (അപ്പൊ.പ്രവൃത്തി 2:38). അതിനാൽ നാം ദൈവത്താൽ മുദ്രയിടപ്പെട്ടവരായി ആത്മാവ് എന്ന അച്ചാരം ഹൃദയത്തിൽ പ്രാപിക്കുന്നു (2 കൊരിന്ത്യർ 1:21-22). കർത്താവിന്റെ വരവിൽ വീണ്ടെടുക്കപ്പെട്ടവരായി, മഹത്വപൂർണ്ണരായി മാറുവാനായി നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ നാം മുദ്ര ഇടപ്പെടുന്നു (എഫെസ്സ്യർ 1:14). ഇങ്ങനെ ക്രിസ്തു എന്ന ഏക പുരുഷന് നിർമ്മല കന്യകയായി ഏല്പിപ്പാൻ നാം വിവാഹനിശ്ചയം ചെയ്യപ്പെടുന്നു. ആകയാൽ നമ്മുടെ കർത്താവ് നിർമ്മലനായിരിക്കുന്നതുപോലെ നാമും നിർമ്മലരായി ക്രിസ്തുവിനോടുള്ള ഏകാഗ്രതയോടെ നാം ജീവിക്കേണ്ടിയിരിക്കുന്നു (1 യോഹന്നാൻ 3:2-3) സാത്താൻ നമ്മെ ചതിച്ചിട്ട് നാം ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകരുത്.
ഇന്നത്തെ ലോക നടപ്പിനേറ്റവണ്ണം വിവാഹനിശ്ചയം ചെയ്യപ്പെടുന്ന ഒരു കന്യക വിവാഹത്തിലൂടെ ആ വ്യക്തിയുടെ ഭാര്യയായിത്തീരുന്നു. എന്നാൽ യഹൂദന്മാരുടെ വിവാഹരീതിക്ക് തക്കവണ്ണവും ദൈവവചനത്തിലെ പരാമർശനത്തിന് ഏറ്റവണ്ണവും നാം ശ്രദ്ധിക്കുമ്പോൾ വിവാഹനിശ്ചയം ചെയ്യപ്പെട്ട ഒരു കന്യക തന്റെ ഭാര്യ എന്ന് അറിയപ്പെടുന്നു. യേശുവിന്റെ അമ്മയായ മറിയ ജോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുന്നതിന് മുമ്പേ ഗർഭിണിയായി എന്ന് കണ്ടു ജോസഫ് അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നു. അപ്പോൾ ദൈവദൂതൻ ജോസഫിനോട് പറയുന്നത് തന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ട എന്നാണ് (മത്തായി 1:18-20). ജോസഫ് പേർവഴി ചാർത്തപ്പെടേണ്ടതിന് പോകുമ്പോൾ തനിക്ക് വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഭാര്യയോടുകൂടെയാണ് ബേത്ലഹേമിലേക്ക് പോയത് (ലൂക്കൊസ് 2:4). ഇവിടെ വിവാഹനിശ്ചയം ചെയ്യപ്പെട്ട മറിയ ജോസഫിന്റെ ഭാര്യ എന്ന് പറയപ്പെടുന്നതുപ്പോലെ ക്രിസ്തുവുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ട നാമും നമ്മുടെ കർത്താവിന് ഭാര്യയായി കാണപ്പെടുന്നു. സഭ എന്ന അനുഭവത്തിലും നാം ക്രിസ്തുവിന്റെ ഭാര്യ എന്ന അവസ്ഥയാണ് നമ്മെ ഓർമിപ്പിക്കുന്നത്. ക്രിസ്തു തന്റെ ഭാര്യയാകുന്ന സഭയെ പോറ്റിപ്പുലർത്തി സഭയോട് ചേർന്നിരിക്കുന്നു. ഭാര്യയും ഭർത്താവും ഒന്നായിരിക്കുന്നതുപോലെ സഭയും ക്രിസ്തുവും ഒന്നായിരിക്കുന്നു (എഫെസ്സ്യർ 5:22-32).
ഒരു മനുഷ്യൻ തന്റെ ഭാര്യയോട് പറ്റിച്ചേർന്ന് അവർ ഒരു ദേഹമായിത്തീരുന്നു എന്ന് നാം കാണുന്നു (എഫെസ്സ്യർ 5:31). ആയതുപോലെ ഒരുവൻ കർത്താവിനോട് പറ്റിച്ചേരുമ്പോൾ അവർ ഭാര്യാഭർത്താക്കന്മാർ എന്നപോലെ ഒന്നാകുന്നു. എന്നാൽ അവർ ഒരു ദേഹം എന്നല്ല ഏക ആത്മാവ് ആകുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് (1 കൊരിന്ത്യർ 6:17). ഭൗതിക ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ ഒന്നാകുന്നതുപോലെ ആത്മീയ ജീവിതത്തിൽ നാം കർത്താവിനോടുചേർന്ന് ആത്മാവിൽ ഒന്നാകുന്നു. നമ്മുടെ അക്ഷരീക ജീവിതത്തിൽ നാം ഭർത്താവായും ഭാര്യയായും അപ്പനായും അമ്മയായും മക്കളായും സഹോദരങ്ങളായും മറ്റുള്ളവരുമായി ചേർന്നിരിക്കുന്നവരായിരിക്കാം. അത് നമ്മുടെ ഭൗതിക ജീവിതമാണ്. എന്നാൽ നമ്മുടെ ആത്മീക ജീവിതത്തിൽ നാം ക്രിസ്തുവാകുന്ന യേശുവിന്റെ ഭാര്യയായി യേശുവുമായി ചേർന്ന് ഒരേ ആത്മാവാകുന്നു. ആ നിലയിൽ നാം യേശുവുമായി ചേർന്ന് ജീവിക്കുമ്പോൾ നമ്മുടെ ആത്മീക ജീവിതത്തിൽ യേശു നമുക്കുവേണ്ട എല്ലാ സഹായങ്ങളും അനുഗ്രഹങ്ങളും നൽകി നമ്മെ പോറ്റിപ്പുലർത്തുവാൻ ഇടയാകുന്നു (എഫെസ്സ്യർ 5:29). യേശു ഒരു അകൃത്യയാഗമായി തീർന്നിട്ട് സന്തതിയെ കാണുമെന്ന് പറഞ്ഞിരിക്കുന്നത് പോലെ നമ്മിലും യേശുവിന്റെ സന്തതി ഉരുവാകുവാൻ വേണ്ടിയാണിത് (യെശയ്യാവ് 53:10). സഭയാം സ്ത്രീയിൽ നിന്ന് ജയം പ്രാപിക്കുന്ന ആൺകുട്ടി എടുത്തുകൊള്ളപ്പെടുവാൻ ഇടയാകുന്നു (വെളിപ്പാട് 12:1-5) ആയതുപോലെ നമ്മുടെ ആത്മീക ജീവിതത്തിൽ ഒരു അകത്തെ മനുഷ്യൻ ഉരുവായി വളർന്നു ബലപ്പെടുന്നു (എഫെസ്സ്യർ 3:16). നമ്മുടെ പുറമേയുള്ള മനുഷ്യനായ ഭൗതികജീവിതം ക്ഷയിച്ചു പോകുന്നതാകുമ്പോൾ നമ്മുടെ അകമേയുള്ളവനായ ആത്മീകജീവിതം നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു (2 കൊരിന്ത്യർ 4:16) ക്രിസ്തുവിനാൽ നമുക്ക് ആത്മീകവർദ്ധനവ് ഉണ്ടായിട്ട് നാം ദൈവീകവളർച്ച പ്രാപിച്ച് ക്രിസ്തുവിനോളം സകലത്തിലും വളരുവാൻ ഇടയാകുന്നു. ജയം പ്രാപിക്കുന്നവരായി നാം, നമ്മിലെ അകത്തെ മനുഷ്യൻ കർത്താവിന്റെ വരവിൽ എടുത്തുകൊള്ളപ്പെടുവാൻ ഇടയാകുന്നു.
നമ്മുടെ ആത്മീക ജീവിതത്തിൽ നാം ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകാതെ നമ്മെത്തന്നെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങേണ്ടു എന്ന് ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നു (1 പത്രോസ് 5:8) സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നാം ചതിക്കപ്പെടുവാൻ സാധ്യതകൾ വളരെയാണ്. (2 കൊരിന്ത്യർ 11:3). നാം കർത്താവുമായി ഏകാത്മാവ് ആകുന്ന അനുഭവം പറഞ്ഞിരിക്കുന്ന വേദഭാഗത്ത് അതിന് ചേർച്ചയായി പറയേണ്ടിയിരുന്നത് ഭാര്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏക ദേഹമാകും എന്ന കാര്യമാണ്. എന്നാൽ ഇവിടെ നാം കാണുന്നത് വേശ്യയോട് പറ്റിച്ചേരുന്ന കാര്യം പറഞ്ഞിട്ടാണ് അവർ ഏക ശരീരമാകും എന്ന് വ്യക്തമാക്കുന്നത് (1 കൊരിന്ത്യർ 6:16-17). ഇതിന്റെ ആത്മീക അനുഭവത്തെ നാം ചിന്തിക്കുമ്പോൾ നാം ക്രിസ്തുവിന്റെ ഭാര്യയായി അവനുമായി ചേർന്ന് ജീവിക്കേണ്ടവരാണ്. ഒരിക്കലും വേർപിരിപ്പാൻ പാടില്ലാത്ത ഭാര്യാഭർതൃബന്ധമാണത് (മത്തായി 19:6). പക്ഷേ നമ്മുടെ ആത്മീക ജീവിതത്തിൽ നാം പലതിലും തെറ്റിപ്പോകുന്നവരാണ് (യാക്കോബ് 3:2). ആവിധമായി തെറ്റിലകപ്പെടുന്നവർ ആ തെറ്റ് വിട്ട്പോരുവാൻ കഴിയാതെ വേശ്യയോട് ചേർന്ന് ഏക ശരീരമായി ഒരു ദേഹമായിത്തീരുന്നതുപോലെ ആയിത്തീർന്നാൽ ക്രിസ്തുവുമായി നാം വേർപെട്ടുപോകുന്നവരാകും. പരസംഗം നിമിത്തമായി ഭാര്യയെ ഉപേക്ഷിക്കാം എന്ന് യേശു പറയുന്നു (മത്തായി 19:9). ക്രിസ്തുവിനോട് നാം വേർപെട്ടു പോയാൽ അതിനാൽ നാം ശാപഗ്രസ്തരാകും (റോമർ 9:3). എന്നാൽ നാം ശ്രദ്ധിക്കേണ്ടത് നാം പറ്റിച്ചേരുന്ന തെറ്റിനെക്കുറിച്ച് ഭാര്യയോട് എന്നല്ല വേശ്യയോട് എന്ന് പറഞ്ഞിരിക്കയാൽ അത് താല്ക്കാലിക ബന്ധവും വേഗത്തിൽ വിട്ടുപോരാവുന്നതുമാണ്. യിസ്രായേൽ ജനം ദൈവത്തെ വിട്ടു പിന്മാറിയപ്പോഴൊക്കെയും അവർ പരസംഗം ചെയ്യുന്നവരും വ്യഭിചാരണികളും എന്നാണ് അവരെക്കുറിച്ച് ദൈവം പറഞ്ഞിരിക്കുന്നത് (യിരെമ്യാവ് 3:8). അവരുടെ ഭർത്താവായ ദൈവത്തിങ്കലേക്ക് അവരെ മടക്കി വരുത്തുവാൻ ദൈവമാഗ്രഹിക്കുന്നതായും കാണാം (യിരെമ്യാവ് 3:14). ദൈവം ഉപേക്ഷണം വെറുക്കുന്നു. ആകയാൽ നാം നമ്മുടെ കർത്താവിനോട് അവിശ്വസ്തത കാണിച്ച് കർത്താവിനെ വിട്ടു പിന്മാറി പോകരുത്. അങ്ങനെയെങ്കിൽ മാത്രമേ ദൈവം വാഗ്ദാനം ചെയ്ത സന്തതി നമ്മിൽ ഉരുവാകുകയുള്ളൂ (മലാഖി 2:14-16). ആകയാൽ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും നാം സൂക്ഷിക്കുന്നവരാകണം.
ഈ ലോകത്തിന്റെ അധിപതിയായ പിശാച് ഉപായത്താൽ നമ്മെ ചതിക്കുന്ന മറ്റൊരു അനുഭവം നമുക്ക് കാണാം. ദൈവത്തെ വിട്ടു പിന്മാറി ലോകത്തിന്റെ പിന്നാലെ പോകുന്നവനെ വ്യഭിചാരണി എന്നാണ് വിളിച്ചിരിക്കുന്നത്. ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവരെല്ലാം ദൈവത്തിന് ശത്രുവാകുന്നു (യാക്കോബ് 4:4). ആകയാൽ നാം ലോകത്തെ സ്നേഹിക്കുന്നവർ ആയിത്തീരുമ്പോൾ ലോകത്തിൽ നിന്നുള്ളതായ ജഡമോഹങ്ങളും കൺമോഹങ്ങളും ജീവനത്തിന്റെ പ്രതാപങ്ങളും (1 യോഹന്നാൻ 2:15-16) നമ്മെ അടിമപ്പെടുത്തിയിട്ട് നാം പിശാചിന്റെ ചതിയിൽ അകപ്പെടുന്നവരാകുന്നു. ക്രിസ്തുവിനോടുള്ള ഏകാഗ്രത വിട്ട് വഷളായി പോകുന്നു. നമ്മുടെ ഭർത്താവായ ദൈവമായ യഹോവ അഥവാ നമ്മുടെ കർത്താവായ ക്രിസ്തു അല്ലാതെ മറ്റൊരു ദൈവങ്ങളും നമുക്കുണ്ടാകരുത് (യിരെമ്യാവ് 3:14). ദൈവത്തെ സേവിക്കാതെ മാമോനെ (ഉലക പൊരുൾക്കൾ- തമിഴ്) സേവിക്കുന്നവരാകരുത് (മത്തായി 6:24). വയറിനെ ദൈവമാക്കി ജീവിക്കുവാനും ഇടയാകരുത് (ഫിലിപ്പിയർ 3:19). അതുനിമിത്തം ഉപജീവനചിന്തകളാൽ ഭാരപ്പെട്ടിട്ട് കർത്താവിന്റെ വരവ് കണിയായി നാം കൈവിടപ്പെട്ടുപോകും (ലൂക്കൊസ് 21:34). സ്വന്തം ശക്തിയെ നാം ദൈവമാക്കരുത് (ഹബക്കൂക് 1:11). ദൈവത്തിൽ ആശ്രയിക്കാതെ സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവരും ആകരുത് (സാദൃശ്യവാക്യം 3:5). ജഡത്തെ തന്റെ ഭുജമാക്കി മാനുഷിക കഴിവിനെ ദൈവമാക്കി ആശ്രയിച്ചാൽ നാം ഹൃദയം കൊണ്ട് ദൈവത്തെ വിട്ടുമാറി ശപിക്കപ്പെട്ടവരാകും (യിരെമ്യാവ് 17:5). വിഗ്രഹാരാധനയായ ദ്രവ്യാഗ്രഹവും (എഫെസ്യർ 5:5) അത്യാഗ്രഹവും (കൊലോസ്യർ 3:5) എല്ലാം നമ്മുടെ ദൈവത്തെ വിട്ടുപോകുന്ന അനുഭവങ്ങളായിത്തീരുന്നു.
ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് നാം അന്യമായതിന്റെ പിന്നാലെ പോയാൽ വഷളായി പോകുന്നവരാകുമെന്ന് കാണാം (2 കൊരിന്ത്യർ 11:3). ദീനയുമായി ശെഖേം പരസംഗം ചെയ്തപ്പോഴും (ഉല്പത്തി 34:5) അമ്നോൻ താമാറിനോട് ചേർന്നപ്പോഴും (2 ശമൂവേൽ 13:10-12) അത് വഷളത്തമെന്ന് പറഞ്ഞിരിക്കുന്നു. യിസ്രായേൽ ജനം വിഗ്രഹം വാർത്തുണ്ടാക്കിയപ്പോഴും അവരെക്കുറിച്ച് ദൈവം പറയുന്നത് അവർ തങ്ങളെ തന്നെ വഷളാക്കി എന്നാണ് (ആവർത്തനം 9:12). ചുരുക്കത്തിൽ നാം നമ്മുടെ പ്രാണപ്രിയനായ കർത്താവിനെ വിട്ടുപോകുമ്പോൾ അത് ഏതുവിധത്തിൽ ആയിരുന്നാലും നമ്മെതന്നെ വഷളാക്കി നാം വഷളന്മാരുടെ കൂട്ടത്തിൽ ആയിത്തീരും. നാം ദൈവത്തിന്റെ ചട്ടങ്ങളും വിധികളും കല്പനകളും പ്രമാണിക്കാതിരിക്കുന്നതും ദൈവത്തോടുള്ള വഷളത്തമാണ് (നെഹമ്യവ് 1:7). നാം കൈപ്പുള്ള പകയിലും അനീതിയുടെ, പാപത്തിന്റെ ബന്ധനത്തിലും ആകുമ്പോഴും നാം വഷളത്തമുള്ളവരാകുന്നു. ആകയാൽ നമ്മുടെ എല്ലാ വഷളത്തങ്ങളും വിട്ടു മാനസാന്തരപ്പെട്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ആകണം. എന്നാൽ ദൈവം നമ്മോട് ക്ഷമിക്കും (അപ്പൊ.പ്രവൃത്തി 8:22-23).
നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം ക്രിസ്തുവിന്റെ നിർമ്മല കന്യകയായി കാണപ്പെടേണ്ടവരാണ്. മറ്റൊരു നിലയിൽ നമ്മുടെ കർത്താവ് നിർമ്മലനായിരിക്കുന്നതുപോലെ നാമും നിർമ്മലരായി കാണപ്പെടണം. അതിനായി നാം നമ്മെ തന്നെ നിർമ്മലീകരിക്കേണ്ടിയിരിക്കുന്നു (1 യോഹന്നാൻ 3:3). നിർമ്മലരാകേണ്ടതിനായി ഒന്നാമത് നാം കഴുകപ്പെട്ട് ശുദ്ധീകരിക്കപെടേണ്ടിയിരിക്കുന്നു (സങ്കീർത്തനം 51:7). നാം നമ്മുടെ പാപങ്ങളെ ഏറ്റു പറയുമ്പോൾ ദൈവം നമ്മോട് പാപങ്ങളെ ക്ഷമിച്ച് തന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ കഴുകി സകല അശുദ്ധിയും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7, 9). ദൈവം നമ്മുടെ അകൃത്യങ്ങളൊക്കെയും നീക്കി നമ്മെ നിർമ്മലീകരിക്കുന്നു (യെഹെസ്കേൽ 36:33). രണ്ടാമതായി നാം ശുദ്ധീകരിക്കപ്പെട്ടു നിർമ്മലരായിത്തീരണം (ദാനിയേൽ 11:35,12:10). അലക്കുന്നവരുടെ ചാരവെള്ളം പോലെ ദൈവം നമ്മെ കഴുകി ശുദ്ധീകരിച്ചശേഷം ഊതിക്കഴിക്കുന്നവനെപ്പോലെ ഇരുന്നുകൊണ്ട് നമ്മെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും (മലാഖി 3:2-3). നിലത്ത് ഉലയിൽ ഉരുക്കി ഏഴ് പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ പൂർണ്ണ നിർമ്മലത വരുത്തുന്നു (സങ്കീർത്തനം 12:6). മൂന്നാമതായി നാം നിർമ്മലരാകേണ്ടതിന് ഭയത്തോടെ കൂടിയ നിർമ്മലമായ ഒരു നടപ്പു (1 പത്രോസ് 3:1) നമുക്കുണ്ടായിട്ട് നടപ്പിന്റെ നിർമ്മലത നമ്മുടെ പ്രത്യാശ ആകണം (ഇയ്യോബ് 4:6). നമ്മുടെ നടപ്പിനെ നിർമ്മലമാക്കുവാൻ ദൈവവചന പ്രകാരം അതിനെ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു (സങ്കീർത്തനം 119:9). നാം ദൈവവചനം ആകുന്ന സത്യത്തെ (യോഹന്നാൻ 17:17) അനുസരിക്കയാൽ നമ്മുടെ ആത്മാക്കളെയും നാം നിർമ്മലീകരിക്കുന്നു (1 പത്രോസ് 1:22). തുടർന്ന് നാം നമ്മെ തന്നെ നിർമ്മലരായി കാത്ത് സൂക്ഷിക്കേണം (1 തിമൊഥെയൊസ് 5:22). കന്യകയായവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിനുള്ളത് ചിന്തിക്കുന്നു (1 കൊരിന്ത്യർ 7:34). അഥവാ നിർമ്മലമായതൊക്കെയും ചിന്തിച്ചുകൊണ്ട് (ഫിലിപ്പിയർ 4:8) നിർമ്മല മനസ്സാക്ഷിയോടെ ദൈവത്തെ ആരാധിക്കുന്നവരാകണം (2 തിമൊഥെയൊസ് 1:4). ഫനുവേലിന്റെ മകളായ ഹന്നായെപ്പോലെ ദേവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ദൈവത്തെ ആരാധിച്ചു ദൈവത്തോട് ചേർന്ന് ജീവിക്കുന്നു (ലൂക്കൊസ് 2:37). അങ്ങനെ നാം ക്രിസ്തുവിന്റെ നാളിലേക്ക് നിർമ്മലരായി കാക്കപ്പെടുവാൻ ഇടയാകുന്നു (ഫിലിപ്പിയർ 1:10). ഈവിധമായി ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും നിർമ്മലതയിലും നമ്മെതന്നെ സൂക്ഷിച്ചുകൊണ്ട് ക്രിസ്തു എന്ന ഏകപുരുഷന് നിർമ്മല കന്യകയായി തിരുമുമ്പാക നിറുത്തപ്പെടുവാൻ നമ്മെ എല്ലാവരെയും ദൈവമായ കർത്താവ് സഹായിക്കുമാറാകട്ടെ.