സ്നേഹിതനു വേണ്ടി മൂന്ന്‌ അപ്പം (എഫെസ്യർ: 3:20)

ദൈവത്തിന് മഹത്വം

സ്നേഹിതനു വേണ്ടി മൂന്ന്‌ അപ്പം

"എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്"  എഫെസ്യർ: 3:20

നമ്മുടെ ദൈവം നമുക്കുവേണ്ടി പ്രവർത്തിപ്പാൻ ശക്തനായ ദൈവമാണ്. അതിനായി തന്റെ അത്യന്തശക്തി നമ്മിൽ വ്യാപരിക്കുന്നുമുണ്ട്. ആകയാൽ ദൈവം നമുക്കായി ചെയ്യുന്ന കാര്യങ്ങൾ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായാണ് എന്ന് ഈ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. എന്നാൽ അത് നമുക്ക് അനുഭവമാകുവാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാര്യം മാത്രം അപേക്ഷിക്കുകയും അത് തന്നെ ആഗ്രഹിക്കുകയും ചെയ്യുന്നതായ ഒരു രീതി നമ്മിൽ ഉണ്ടാകേണ്ടിയിരിക്കുന്നു (സങ്കീർത്തനം 27:4). കർത്താവ് ഇതേക്കുറിച്ച് പറയുമ്പോൾ പലതിനെ ചൊല്ലി വിചാരപ്പെട്ട് മനസ്സ് കലങ്ങുന്നതിനേക്കാൾ അല്പമേ വേണ്ടൂ അല്ല ഒന്ന് മതി എന്നാണ് പറയുന്നത് (ലൂക്കൊസ് 10:41-42). ശലോമോൻ രാജാവും തന്റെ ജീവിതത്തിൽ ദൈവം അവനെ ആക്കി വെച്ച സ്ഥാനത്തിന് ഏറ്റ ഒരു കാര്യം മാത്രം ചോദിച്ചതുകൊണ്ട് ദൈവം അവനിൽ പ്രസാദിക്കുന്നു. മാത്രമല്ല ചോദിച്ചതിലും അധികമായി പല കാര്യങ്ങളും നൽകുന്നു (1 രാജാക്കന്മാർ 3:10-13). നമ്മുടെ ആത്മീക ജീവിതത്തിൽ നാം ചിന്തിച്ച് ആഗ്രഹിക്കേണ്ടതും  പ്രാർത്ഥിച്ചു പ്രാപിക്കേണ്ടതുമായ  ഒരു കാര്യം പരമവിളിയുടെ വിരുതനായി ലാക്കിലേക്ക് സ്ഥിരതയോടെ ഓടി അത് പ്രാപിക്കുക എന്നതാണ്. ആകയാൽ നാമും ദൈവസന്നിധിയിൽ ദൈവത്തിൻ്റെ പരമവിളിയുടെ വിരുതു മാത്രം ആഗ്രഹിച്ച് പ്രാർത്ഥിക്കുവാൻ ഇടയാകട്ടെ (ഫിലിപ്പിയർ 3:14-15). യേശുവിൻ്റെ രണ്ടാം വരവിൽ താൻ ഇരുക്കുന്നിടത്ത് നാമും ഇരിക്കുവാൻ തക്കവണ്ണം നമ്മേ തൻ്റെ അടുക്കൽ ചേർക്കുവാൻ ഇടയാകണം (യോഹന്നാൻ 14:2-3). ഇത് ഒന്ന് മാത്രമാകട്ടെ നമ്മുടെ പ്രാർത്ഥനാവിഷയം. ആ ഒരേ ആഗ്രഹത്തോടെ നാം ദൈവത്തോട് നിലവിളിക്കുമെങ്കിൽ തീർച്ചയായും ആ നിത്യ രക്ഷ ദൈവം നമുക്ക് നൽകും. (സങ്കീർത്തനം 145:19).

ദാവീദിൻ്റെ അപേക്ഷയും ആഗ്രഹവും ഇതൊക്കെതന്നെയായിരുന്നു. യഹോവയുടെ മനോഹരത്വം കണ്ട് ധ്യാനിച്ച് ആലയത്തിൽ എന്നേക്കും പാർക്കുക (സങ്കീർത്തനം 27:4). ഈ ഒരു കാര്യത്തെ നാം ശ്രദ്ധിക്കുമ്പോൾ ദാവീദ് മൂന്ന് കാര്യങ്ങളായി അതിനെ തിരിച്ചാണ് പ്രാർത്ഥിക്കുന്നത് എന്ന് കാണാം. മനോഹരത്വം കാണണം, മന്ദിരത്തിൽ ധ്യാനിക്കണം, ആലയത്തിൽ പാർക്കണം. ഈ കാര്യങ്ങളെ നാം ആത്മീയമായി മറ്റൊരു നിലയിൽ ചിന്തിച്ചാൽ തൻ്റെ സ്നേഹിതനു വേണ്ടി അപ്പം എന്ന ഒരു കാര്യം ചോദിപ്പാൻ പോയപ്പോൾ മൂന്ന് അപ്പം ചോദിക്കുന്നതു പോലെ ഒരു കാര്യത്തിൻ്റെ മൂന്ന് അനുഭവങ്ങളായി നമുക്ക് ചിന്തിക്കാൻ കഴിയും (ലൂക്കൊസ് 11:5-8). അപ്പം എന്ന ഒരു കാര്യം മാത്രമാണ് ചോദിക്കുന്നത്, പക്ഷേ അത് മൂന്നെണ്ണം വേണമെന്ന് പറയുന്നു.

ഇവിടെ പറയപ്പെടുന്ന മൂന്ന് സ്നേഹിതരെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ  ദൈവവും നാമും നമ്മുടെ ശരീരവും ആണ് ഈ മൂന്ന് വ്യക്തികൾ എന്ന് കാണാം. അബ്രഹാമിനെ ദൈവം തൻ്റെ സ്നേഹിതൻ എന്നു പറയുന്നു (യെശയ്യാവ് 41:8). യേശുവും നമ്മെ സ്നേഹിതരെന്ന് പറയുന്നു. യേശു ദൈവത്തിൽ നിന്ന് കേട്ടതൊക്കെയും നമുക്ക് അറിയിച്ചു തന്നിരിക്കയാൽ ദൈവവും യേശുവും നമ്മുടെ സ്നേഹിതരെന്ന് പറയുവാൻ കഴിയും (യോഹന്നാൻ 15:15). ഇനിയും നമ്മുടെ ശരീരത്തെക്കുറിച്ച് നാം ചിന്തിച്ചാൽ മനുഷ്യനു തക്ക തുണയെ ഉണ്ടാക്കി കൊടുക്കുന്ന ദൈവം സ്ത്രീയെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ മനുഷ്യൻ ഭാര്യയോട് പറ്റിച്ചേർന്ന് ഒരു ശരീരമായി ഒന്നായിത്തീരുന്നു (ഉല്പത്തി 2:18,22-24). പുരുഷൻ സ്ത്രീയുടെ തലയായും സ്ത്രീ പുരുഷൻ്റെ ശരീരമായും ഒന്നായി കാണപ്പെടുന്നു (1 കൊരിന്ത്യർ 11:3). ആകയാൽ നാം എന്ന പുരുഷനു തക്ക തുണയായി ഈ ഭൂമിയിൽ കുടിയിരിക്കുവാൻ ദൈവം നൽകിയിരിക്കുന്ന സ്നേഹിതനാണ് നമ്മുടെ ശരീരം. സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു എന്ന് പറയുമ്പോൾ (1കൊരിന്ത്യർ 11:7) ദൈവം തന്റെ വ്യാപാരശക്തി കൊണ്ട് മഹത്വമുള്ളതാക്കി രൂപാന്തരപ്പെടുത്തുന്നത് ഈ ശരീരത്തെയാണ് (ഫിലിപ്പിയർ 3:21). എന്നാൽ ദൈവീക ക്രമീകരണപ്രകാരം നാം തലയായും ശരീരം താഴെയായും കാണപ്പെട്ട് ശരീരം നമുക്ക് കീഴ്പെട്ടിരുന്നാലാണ് ശരീരം നമ്മുടെ സ്നേഹിതൻ ആകുന്നത്. ശരീരം നമുക്ക് തലയായി നാം ശരീരത്തെ അനുസരിച്ച് ജീവിക്കുന്നവർ ആകുമ്പോൾ ശരീരം നമുക്ക് ശത്രുവാകുന്നു. കാരണം ശരീരത്തെ അനുസരിച്ച് നാം ജീവിച്ചാൽ  നിത്യമായ മരണത്തിന് അധീനരാകും (റോമർ 8:12-13). അങ്ങനെ സംഭവിക്കാതിരിക്കാൻ  നാം ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കേണ്ടിവരുന്നു (1 കൊരിന്ത്യർ 9:27). എന്നാൽ സഭയാം ശരീരം ക്രിസ്തുവിന്  കീഴടങ്ങിയിരിക്കുന്നതു പോലെ (എഫെസ്യർ 5:24) നമ്മുടെ ശരീരം നമുക്ക് കീഴടങ്ങി നമ്മോട് ചേർന്ന് ഒന്നായി ജീവിച്ചാൽ തീർച്ചയായും ആ ശരീരം ഒരു തക്ക തുണയാണ്, നല്ല സ്നേഹിതനാണ്. ആകയാൽ നാം നമ്മുടെ സ്നേഹിതനായ ശരീരത്തിനുവേണ്ടി ദൈവത്തോട് മൂന്ന് അപ്പം ചോദിച്ചു വാങ്ങേണ്ടിയിരിക്കുന്നു.

ഒന്നാമത്തെ അപ്പത്തെ കുറിച്ച് നാം ചിന്തിക്കുമ്പോൾ ഈ ലോകത്തിൽ ശുഭമായും സുഖമായും ഇരിക്കുവാൻ നമുക്ക് ആരോഗ്യമുള്ള ഒരു ശരീരം അത്യാവശ്യമാണ് (3 യോഹന്നാൻ 1:2). യൗവ്വനത്തിലെപ്പോലെ വാർദ്ധക്യത്തിലും ആരോഗ്യമുണ്ട് എന്ന് കാലേബിനോടുചേർന്നു പറയാൻ കഴിയണം (യോശുവ 14:11). വാർദ്ധക്യത്തിലും ഫലം കായ്ക്ക തക്കവണ്ണം എപ്പോഴും പച്ചപിടിച്ചും പുഷ്ടിവെച്ചും കാണപ്പെടണം (സങ്കീർത്തനം 92:14). രോഗാത്മാവ് ബാധിച്ചിട്ടോ (ലൂക്കോസ് 13:10) ദുരാത്മാക്കളാലോ ദീനക്കാരായി, രോഗികളായി തീരുവാൻ ഇടയാകരുത് (മത്തായി 8:16). യേശു ഇങ്ങനെയുള്ളവരെ സൗഖ്യമാക്കുന്ന അനുഭവത്തെക്കുറിച്ച് പറയുമ്പോൾ മക്കളുടെ അപ്പം എന്നു പറയുന്നു (മത്തായി 15:26). ആകയാൽ ദൈവമക്കളായ നാം ദൈവത്തിൽ നിന്ന് നമ്മുടെ ശരീരത്തിനു വേണ്ടി ഈ അപ്പം ചോദിച്ചു വാങ്ങണം. നാം നമ്മുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുന്നവർ ആയിട്ട് ദൈവം നമ്മുടെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിച്ച് രോഗത്തെ നമ്മുടെ നടുവിൽ നിന്ന് അകറ്റി കളയും (പുറപ്പാട് 23:25). അതിനാൽ നാം ആരോഗ്യമുള്ള ഒരു ശരീരത്തോടെ ശുഭമായും സുഖമായും ജീവിക്കാം. ഒന്നാമത്തെ അപ്പമായി മക്കളുടെ അപ്പം എന്ന രോഗശാന്തിയും ആരോഗ്യവും ദൈവത്തിൽ നിന്ന് പ്രാപിച്ച് സമാധാനത്തിൻ്റെയും സത്യത്തിന്റെയും സമൃദ്ധി അനുഭവിച്ച് ജീവിക്കുവാൻ ഇടയാകട്ടെ (യിരെമ്യാവ് 33:6).

രണ്ടാമത്തെ അപ്പത്തെക്കുറിച്ച് നാം ശ്രദ്ധിക്കുമ്പോൾ നമ്മുടെ കർത്താവ് വേഗം വരുന്നത് നമ്മുടെ പ്രവർത്തികൾക്കേറ്റ പ്രതിഫലം തരുവാനാണ് (വെളിപ്പാട് 22:12). ആകയാൽ ആരോഗ്യമുള്ള നമ്മുടെ ശരീരം കൊണ്ട് പ്രതിഫല യോഗ്യമായ നല്ല പ്രവർത്തികളെ ചെയ്യുവാൻ നമുക്ക് സാധിക്കണം. ഉപജീവനത്തിനായി എത്ര കഠിനമായി പ്രവർത്തിച്ചാലും അത് വ്യർത്ഥമാണ് എന്ന് തിരുവെഴുത്തു പറയുന്നു (സങ്കീർത്തനം 127:2). അതിനാൽ കർത്താവിലുള്ള പ്രയത്നങ്ങൾ വ്യർത്ഥമല്ല എന്നറിഞ്ഞ് കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ച് വരുന്നവർ ആകണം (1കൊരിന്ത്യർ 15:58). ആ നിലയിൽ കർത്താവിനെ സേവിച്ചാൽ ആണ് കർത്താവ് അവകാശം എന്ന പ്രതിഫലം തരികയുള്ളൂ (കൊലൊസ്സ്യർ 3:24). കർത്താവിൽ വളരെ അധ്വാനിക്കുന്നവരെന്ന് ചിലരെക്കുറിച്ച് പറഞ്ഞിരിക്കുന്നു (റോമർ 16:12). നാമും മറ്റെല്ലാവരേക്കാളും അത്യന്തം അധ്വാനിക്കുവാൻ ദൈവകൃപയുണ്ടെങ്കിലേ നമക്കു സാധിക്കു (1കൊരിന്ത്യർ 15:10). കാരണം ക്രിസ്തുയേശുവിലുള്ള ഈ കൃപ നമ്മെ ശക്തികരിക്കും (2 തിമൊഥെയൊസ് 2:1). അഥവാ നമ്മെ ശക്തനാക്കുന്ന ക്രിസ്തുവിനാൽ എല്ലാം ചെയ്യാൻ നമുക്ക് ബലം ഉണ്ടാകും (ഫിലിപ്പിയർ 4:13 ഇംഗ്ലീഷ് ). ആകയാൽ ദൈവം യിസ്രായേലിന് കൊടുക്കുന്ന ശക്തിമാന്മാരുടെ അപ്പത്തെ, സ്വർഗീയ ധാന്യത്തെ ദൈവം നമുക്കും നൽകേണം (സങ്കീർത്തനം 78:24-25). നമ്മുടെ ശരീരമാകുന്ന സ്നേഹിതന് വേണ്ടി ഈ രണ്ടാമത്തെ അപ്പമായ ശക്തിമാന്മാരുടെ അപ്പം നാം ദൈവത്തിൽ നിന്ന് പ്രാപിക്കണം. അതിനായി നമ്മുടെ ദൈവമായ യഹോവയിൽ നാം ആശ്രയിക്കുമെങ്കിൽ ദൈവം നമ്മെ ശക്തികരിച്ചിട്ട് നമുക്ക് ദൈവത്തിൽ നിന്ന് പൂർണ്ണ പ്രതിഫലം വാങ്ങത്തക്കവണ്ണം ദൈവത്തിന് പ്രസാദമുള്ള പ്രവർത്തികളെ ചെയ്യുവാൻ കഴിയും (രൂത്ത് 2:12).

മൂന്നാമത്തെ അപ്പത്തെ നാം നോക്കിയാൽ യേശുവോടുകൂടെ ഇരിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തിൽ നാം ജയിക്കുന്നവരാകണം (വെളിപ്പാട് 3:21). ഈ ശരീരത്തിൽ ഇരുന്നുകൊണ്ട് തന്നെ നാം ലോകത്തോടും ജഡത്തോടും പാപത്തോടും പോരാടി ജയിക്കേണ്ടിയിരിക്കുന്നു. നാം കർത്താവിലും അവിടത്തെ അമിത ബലത്തിലും ശക്തിപ്പെട്ട് പിശാചിന്റെ തന്ത്രങ്ങളോടും അവന്റെ ദുഷ്ടാത്മ സേനകളോടും  ദുർദിവസങ്ങളിൽ എതിർത്ത് നിൽപ്പാനായി ദൈവത്തിന്റെ സർവായുധവർഗ്ഗം ധരിച്ചവരാകണം (എഫേസ്യർ 6:10-13). അങ്ങനെ നല്ല പോർ പൊരുതുന്നവരായ നമ്മുടെ ജീവിതത്തിൽ (2 തിമൊഥെയൊസ് 4:7) ജയം ദൈവത്തിൻ്റെ കൈവശത്തിലാകയാൽ നമുക്ക് ജയം നൽകേണ്ടത് ദൈവമാണ് (സദൃശ്യവാക്യം 21:31). ദൈവം മിദ്യാന്യരുടെ മേൽ ഗിദെയോന് ജയം നൽകുന്ന കാര്യം വെളിപ്പെടുത്തുന്നത് ഒരു യവ അപ്പത്തെ കാണിച്ചാണ്. ഈ യവ അപ്പം ജയത്തിന്റെ അപ്പമായി ദൈവം ശത്രുവിനെ നമ്മുടെ കയ്യിൽ ഏൽപ്പിക്കുന്നതിനെ കാണിക്കുന്നു (ന്യായാധിപന്മാർ 7:13-14). നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ഒരു ദൈവമുള്ളതിനാൽ (1കൊരിന്ത്യർ 15:57) നാം ഈ ജയത്തിന്റെ അപ്പം ദൈവത്തിൽ നിന്ന് നമ്മുടെ സ്നേഹിതനായ ശരീരത്തിനു വേണ്ടി ചോദിച്ച് വാങ്ങണം. അതിനാൽ നാമും ജയിക്കുന്നവരായി ജയിച്ച യേശുവോടു കൂടെ (വെളിപ്പാട് 3:21) ദൈവ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുവാൻ ഇടയാകും (എബ്രായർ 12:2). അത് കർത്താവ് നമുക്ക് ഒരുക്കുന്ന സ്ഥലവും (യോഹന്നാൻ 14:3) കുഞ്ഞാടിൻ്റെ കാന്തയായ മണവാട്ടിക്ക്, രാജ്ഞിക്ക് ഉള്ള സ്ഥാനവും (സങ്കീർത്തനം 45:9) ആകയാൽ അതുമാത്രം ആഗ്രഹിച്ചു നാം പ്രാർത്ഥിക്കുന്നവരാകട്ടെ.

ഇനിയും നാം അപ്പം ലഭിക്കുന്ന അനുഭവത്തെ മനസ്സിലാക്കുമ്പോൾ നാം ദൈവത്തിന്റെ സ്നേഹിതരാണെന്നോ മറ്റ് എന്തെങ്കിലും യോഗ്യതകൾ നമുക്ക് ഉണ്ട് എന്നോ പറഞ്ഞാലും അപ്പം ലഭിക്കുകയില്ല, പകരം ലജ്ജ കൂടാതെ മുട്ടിപ്പായി യാചിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ (ലൂക്കോസ് 11:8). അപ്പം ചോദിച്ചാൽ കല്ല് തരാത്ത പിതാവ് ആണെങ്കിലും തന്നോട് യാചിക്കുന്നവർക്കാണ് വളരെ അധികമായി, വേണ്ടുന്നിടത്തോളം കൊടുക്കുന്നത് (മത്തായി 7:9-11). ആകയാൽ യേശുവിനെപ്പോലെ ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയ യാചനയും കഴിക്കുമെങ്കിൽ (എബ്രായർ 5:7) നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ദൈവം നമുക്ക് ചെയ്തു തരും (എഫേസ്യർ 3:20). നമ്മുടെ ഈ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തിയിട്ട് (ഫിലിപ്പിയർ 3:21) നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം പ്രാപിപ്പാൻ ഇടയാകും. അതിനായി ഉള്ളിൽ ഞെരങ്ങി കാത്തിരിക്കാം (റോമർ 8: 23). സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കാം. നമ്മുടെ ദൈവമായ കർത്താവ് നമ്മെ അതിന് സഹായിക്കുമാറാകട്ടെ.