പ്രവർത്തികൾ നമ്മേ പിന്തുടരുമോ ? (വെളിപ്പാട് 14:13)

ദൈവത്തിന് മഹത്വം

പ്രവർത്തികൾ നമ്മേ പിന്തുടരുമോ ?

ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു; അത് പറഞ്ഞത്: "എഴുതുക, ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു" എന്ന് ആത്മാവ് പറയുന്നു. വെളിപ്പാട് 14:13.

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സൃഷ്ടിയുടെ ആരംഭത്തിൽ അവർ നഗ്നരായിരുന്നെങ്കിലും അവർക്ക് നാണം തോന്നാതവണ്ണം അവർ ദൈവതേജസ്സിനാൽ മൂടപ്പെട്ടിരുന്നു (ഉല്പത്തി 2:25). എന്നാൽ പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നപ്പോൾ (റോമർ 3:23) തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു (ഉല്പത്തി 3:7). ആകയാൽ അകൃത്യത്തിൽ ഉരുവായി പാപത്തിൽ ജനിക്കുന്ന സകലമനുഷ്യരും (സങ്കീർത്തനം 51:5) ഈ ലോകത്തിൽ നഗ്നരായി കാണപ്പെടുന്നു. ഈവിധമായി പാപത്തിൽ നഗ്നനായി ജീവിക്കുന്ന ഒരു വ്യക്തി ജീവിതത്തിൽ നഗ്നനായിട്ടല്ല ഉടുപ്പുള്ളവൻ ആയിരിപ്പാൻ ആഗ്രഹിക്കേണം (2 കൊരിന്ത്യർ 5:2). ഏദൻതോട്ടത്തിൽ അത്തിയില കൂട്ടിത്തുന്നി തങ്ങളുടെ നഗ്നത മറയ്ക്കുവാനാഗ്രഹിച്ച് അരയാട ഉണ്ടാക്കിയ മനുഷ്യനെ ദൈവം തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി ഉടുപ്പിച്ചു (ഉല്പത്തി 3:7, 21). അതുപോലെ  മാനസാന്തരപ്പെട്ട് സ്നാനമെടുക്കുന്നതിനാൽ പാപമോചനം പ്രാപിച്ച് (അപ്പൊ. പ്രവൃത്തി 2:38) യേശുവിനോട് ചേരുന്ന ഒരു വ്യക്തി ക്രിസ്തുവിനെ ധരിച്ചവനായി ദൈവത്താൽ ഉടുപ്പുള്ളവനായിത്തീരുന്നു (ഗലാത്യർ 3:27).

എന്നാൽ യേശുവിങ്കലേയ്ക്ക് വന്ന് ഉടുപ്പുള്ളവനായിരിപ്പാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി നഗ്നനായിതന്നെ അഥവാ പാപത്തിൽതന്നെ ജീവിച്ച് അവരുടെ പാപത്തിൽ അവർ മരിക്കുവാൻ ഇടയാകുന്നു (യോഹന്നാൻ 8:21). അങ്ങനെ നഗ്നനായി ലോകത്തിലേക്ക് വന്നു നഗ്നനായി തന്നെ ലോകത്തിൽ നിന്നു മടങ്ങുന്നു (ഇയ്യോബ് 1:21). അകൃത്യത്തിൽ ഉരുവായി പാപത്തിൽ ജനിച്ച മനുഷ്യൻ (സങ്കീർത്തനം 51:5) അതിക്രമങ്ങളിലും പാപങ്ങളിലും ജീവിച്ച് പാപത്തിൽ മരിച്ചവനായിത്തീരുമ്പോൾ (എഫെസ്യർ 2:1) അവർ നഗ്നരായി മടങ്ങുക മാത്രമല്ല തങ്ങളുടെ പ്രയത്നഫലമായി അവർ കയ്യിൽ ഒന്നും കൊണ്ടുപോകുന്നില്ല (സഭാപ്രസംഗി 5:15-16). ജീവിതകാലം മുഴുവനും ഉള്ള പ്രയത്നങ്ങൾ വൃഥാവായിട്ട് ദൈവമുമ്പാകെ പ്രതിഫലയോഗ്യമായത് ഒന്നും കൊണ്ടുപോകുവാൻ അവർക്ക് കഴിയാതെ വരുന്നു. പട്ടണത്തിലേക്കുള്ള, ദൈവത്തിങ്കലേക്കുള്ള വഴിയാകുന്ന യേശുവിനെ (യോഹന്നാൻ 14:6) അറിയാതെ ജീവിച്ചതിനാൽ അവർ തങ്ങളുടെ വ്യർത്ഥമായ പ്രയത്നങ്ങളിൽ ക്ഷീണിച്ചു പോകുന്നു (സഭാപ്രസംഗി 10:15). മാത്രമല്ല അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ അവർ (എഫേസ്യർ 2:1) കാലാവസാനത്തിലെ വെള്ളസിംഹാസന ന്യായവിധിയിങ്കൽ മരിച്ചവരായി കൊണ്ടുവരപ്പെടുന്നു. ജീവപുസ്തകത്തിൽ അവരുടെ പേര് ഇല്ലാത്തതിനാൽ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിനേറ്റവണ്ണം അവരുടെ തെറ്റായ നിഷ്ഫല പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായിട്ട് അവരെ തീപ്പൊയ്കയായ രണ്ടാം മരണമെന്ന നരകത്തിലേക്ക് തള്ളിയിടുന്നു (വെളിപ്പാട് 20:11-15).

എന്നാൽ കർത്താവിൽ മരിക്കുന്ന ഒരു വ്യക്തിക്ക് അവൻ ഭാഗ്യവാനാണ് എന്ന് പറയത്തക്കവണ്ണം അവരുടെ പ്രതിഫലയോഗ്യമായ നല്ല പ്രവൃത്തികൾ അവരെ പിന്തുടരുന്നു (വെളിപ്പാട് 14:13). കാരണം സ്നാനത്തിൽ ക്രിസ്തുവിനോടുചേർന്ന് ക്രിസ്തുവിനെ ധരിച്ചവനായ വ്യക്തി തന്റെ പ്രവൃത്തികളൊക്കെയും കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്തിട്ട് അവകാശമെന്ന പ്രതിഫലം കർത്താവ് തരുമെന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിക്കുന്നവനാണ് (കൊലൊസ്സ്യർ 3:23-24). ആകയാൽ അങ്ങനെയുള്ളവർ തങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നറിഞ്ഞ് കർത്താവിൻ്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരുന്നവരുമാണ് (1 കൊരിന്ത്യർ 15:58). അതുകൊണ്ട് ആദ്യത്തെ കൂട്ടർക്ക് അവരുടെ തെറ്റായ നിഷ്ഫലപ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായപ്പോൾ ഈക്കൂട്ടർക്ക് അവരവരുടെ സൽപ്രവൃത്തികൾക്കു തക്കവണ്ണം പ്രതിഫലം ലഭിക്കുവാൻ ഇടയാകുന്നു (വെളിപ്പാട് 22:12).

ഇനിയും യേശുവിനെ ധരിച്ചവരായി ഉടുപ്പുള്ളവരായവരെ നാം സൂഷ്മമായി പഠിക്കുമ്പോൾ അവിടെയും ഒരു വേർതിരിവ് കാണാം. ഒരു കൂട്ടർ യേശുവിൻ്റെ അടുക്കൽവന്ന് യേശുവിന്റെ വചനങ്ങളെ കേട്ട് ചെയ്യുന്നവർ. മറ്റൊരു കൂട്ടർ യേശുവിൻ്റെ അടുക്കൽവന്ന് തന്റെ വചനങ്ങളെ കേൾക്കുന്നവരെങ്കിലും ആ വചനങ്ങൾക്കേറ്റവണ്ണം ചെയ്യാത്തവർ (മത്തായി 7:24-27). ദൈവത്തിന്റെ ജനമായി അവർ ദൈവസന്നിധിയിൽ കൂടിവന്നിട്ട് ദൈവവചനം കേൾക്കുന്നവരെങ്കിലും അവർ അവയെ ചെയ്യുന്നില്ല. അവർ വായ്കൊണ്ട് വളരെ സ്നേഹം കാണിക്കുന്നവരെങ്കിലും അവരുടെ ഹൃദയം ദുരാഗ്രഹത്തെ പിന്തുടരുന്നു (യെഹെസ്കേൽ 33:31). അവർ അധരംകൊണ്ട് ബഹുമാനിക്കുന്നവരെങ്കിലും തങ്ങളുടെ ഹൃദയത്തെ ദൂരത്ത് അകറ്റിവച്ചിരിക്കുന്നു. കാരണം അവരെ പഠിപ്പിക്കുന്ന മന:പ്പാഠമാക്കിയ അഥവാ പരിചയിച്ചു പഴകിയ തങ്ങളുടെ പാരമ്പര്യമായ മാനുഷിക കല്പനകളെയാണ് അവർ അനുസരിക്കുന്നത് (യെശയ്യാവ് 29:13). യേശുവിന്റെ വചനങ്ങളാകുന്ന ഉപദേശങ്ങളെ ഹൃദയപൂർവ്വം അവർ അനുസരിക്കുന്നില്ല (റോമർ 6:17). ചുരുക്കത്തിൽ ദൈവവചനം അനുസരിക്കുന്നവരും അനുസരിക്കാത്തവരും എന്നിങ്ങനെ രണ്ടായി തിരിയുന്നു.

ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം (മലാഖി 3:18) വീണ്ടും കാണത്തക്കവണ്ണം നല്ല ഇടയനാകുന്ന നമ്മുടെ യേശു തൻ്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ ഇവർ രണ്ട് വ്യത്യസ്ത കൂട്ടരായി വെളിപ്പെടുന്നു. യേശുവിന്റെ ശബ്ദം കേട്ട് ഒരു ആട്ടിൻകൂട്ടവും ഒരിടയനുമായി ജീവിച്ചവരെങ്കിലും (യോഹന്നാൻ 10:16) അനുസരണമുള്ള ചെമ്മരിയാടുകളായും അനുസരണമില്ലാത്ത കോലാടുകളായും വേർതിരിക്കപ്പെടുന്നു (മത്തായി 25:31-46). യേശു കല്പിച്ച പ്രവർത്തികളെ അവസാനത്തോളം അനുഷ്ഠിച്ചവർ യേശുവിനെപ്പോലെ അധികാരം പ്രാപിച്ച് (വെളിപ്പാട് 2:26-27) ദൈവരാജ്യത്തെ അവകാശമാക്കുന്നു (മത്തായി 25:34). കാനാൻദേശത്തേക്കുള്ള മരുഭൂമിയാത്രയിൽ മന്നയാകുന്ന ദൈവവചനത്തെ വെറുത്തുകൊണ്ട്  (സംഖ്യാപുസ്തകം 21:5) അത് തങ്ങൾക്കുവേണ്ട എന്നും ഭൗതികമായ നന്മയും അനുഗ്രഹങ്ങളും മതി എന്നും പറഞ്ഞ് അതു ചോദിച്ച യിസ്രായേൽ ജനത്തെ (സംഖ്യാപുസ്തകം 11:4-6) ദൈവം തൻ്റെ കോപത്തിന്റെ ജ്വാലയാൽ ഒരു മഹാബാധകൊണ്ട് സംഹരിച്ചു (സംഖ്യാപുസ്തകം 11:33). ആയതുപോലെ തന്റെ ഇടത്തുള്ളവരെ അഗ്നിജ്വാലയുള്ള നിത്യാഗ്നിയിലേക്ക് തള്ളിക്കളയുന്നു (മത്തായി 25:41). മനസ്സുവെച്ച് കേട്ട് അനുസരിക്കുന്നുവെങ്കിൽ ദൈവരാജ്യത്തിന്റെ നന്മ അനുഭവിക്കാം. മറുത്തു മത്സരിക്കുന്നു എങ്കിലോ വചനമാകുന്ന വാളിന്നിരയായി  (യെശയ്യാവ് 1:19-20) നരകത്തിലേക്ക്, നിത്യനാശത്തിലേക്ക് പോകുവാൻ ഇടയാകും.

തുടർന്ന് യേശുവിൻ്റെ വചനങ്ങളെ കേട്ടനുസരിച്ച് ദൈവരാജ്യം അവകാശമാക്കുന്ന മുകളിൽ പറയപ്പെട്ട ആദ്യത്തെ കൂട്ടരെ നാം നോക്കിയാൽ അവരിലും രണ്ടു വ്യത്യസ്ത അനുഭവം കാണാം.  ഒന്ന് കൊരിന്ത്യർ മൂന്നാം അധ്യായം നാം ശ്രദ്ധിക്കുമ്പോൾ യേശുവിൻ്റെ വചനം കേട്ട് ചെയ്യുന്നവരായി പാറമേൽ പണിയുന്ന ബുദ്ധിയുള്ളവരെ (മത്തായി 7:24), ക്രിസ്തുവാകുന്ന അടിസ്ഥാനത്തിന്മേൽ മാത്രം പണിയുന്നവരെ കാണാം. അവരിൽ ചിലർ പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നിങ്ങനെ വിശേഷതയുള്ളതും നിലനിൽക്കുന്നതുമായ വസ്തുക്കൾകൊണ്ട് പണിയുമ്പോൾ മറ്റു ചിലർ അതെ അടിസ്ഥാനത്തിന്മേൽ വിലകുറഞ്ഞതും നശിക്കുന്നതുമായ മരം, പുല്ല്, വൈക്കോൽ എന്നീ വസ്തുക്കളെക്കൊണ്ട് പണിയുന്നു (1 കൊരിന്ത്യർ 3:10-15). ക്രിസ്തീയജീവിതത്തെ നാം ശ്രദ്ധിച്ചാൽ ദൈവം നമ്മെ വിലയേറിയവരായി സ്നേഹിച്ചിരിക്കയാൽ (യെശയ്യാവ് 43:4) നമുക്കൊരു വിലയേറിയ വീണ്ടെടുപ്പ് നൽകുവാനായി (സങ്കീർത്തനം 49:9) യേശുവിൻ്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കുന്നു (1 പത്രോസ് 1:19). നമ്മുടെ ജീവിതകാലം മുഴുവൻ നാം വിലയേറിയവരായി ജീവിപ്പാൻ ആഗ്രഹിക്കുന്ന ദൈവം നമ്മിലെ വിലയേറിയ ഫലത്തിനായി കാത്തിരുന്നിട്ട് (യാക്കോബ് 5:7) നമ്മുടെ മരണം തനിക്ക് വിലയേറിയതായിത്തീരുന്നു (സങ്കീർത്തനം 116:15). നാം ആവിധമായി വിശേഷിക്കപ്പെട്ടവരും വിലയേറിയവരുമാകുവാനായി യേശുക്രിസ്തുവാകുന്ന ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലുമായി ഒരു അടിസ്ഥാനക്കല്ല് ദൈവം നമുക്കു നൽകിയിരിക്കുന്നു (യെശയ്യാവ് 28:16). യേശുവിൽ വിശ്വസിച്ചവരായ നാം ഓടിപ്പോകാതെ സ്ഥിരതയോടെ നിൽപ്പാനായി വിലയേറിയ വിശ്വാസം നൽകിയ ദൈവം (2 പത്രോസ് 1:1) ദിവ്യമായ അനുഭവങ്ങൾക്ക് കൂട്ടാളികളായിത്തീരുവാൻവേണ്ടി വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നമുക്ക് നൽകിയിരിക്കുന്നു (2 പത്രോസ് 1:4). അതിനേറ്റതായ ഒരു ശ്രേഷ്ഠവും ഉൽകൃഷ്ടവുമായ ജീവിതം നമ്മിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. മാത്രമല്ല നാം പൊന്നുപോലെ വിലയേറിയവരാകവാൻ വിലയേറിയ വിശ്വാസത്തിൻ്റെ പരിശോധനയും നമുക്ക് നൽകിയിരിക്കുന്നു (1 പത്രോസ് 1:7). അതിനാൽ നാം കൊള്ളാകുന്നവരായി, ദൈവത്തെ സ്നേഹിച്ചു തന്റെ കല്പനകളെ അനുസരിക്കുന്നവരായി (യോഹന്നാൻ 14:21) ജീവകിരീടം പ്രാപിപ്പാൻ ഇടയാകുന്നു (യാക്കോബ് 1:12). ചുരുക്കത്തിൽ ദൈവവചനപ്രകാരം തന്നെ ജീവിക്കുന്നവരായി, അതിൻ്റെതായ ശ്രേഷ്ഠമായ പ്രവൃത്തികളെ ചെയ്യുന്നവരുടെ പ്രവൃത്തികൾ നിലനിൽക്കുന്നതായി  കർത്താവിന്റെ വരവിൽ അവർ പ്രതിഫല യോഗ്യരായിരുന്നു (വെളിപ്പാട് 22:12), പൂർണ്ണ പ്രതിഫലം വാങ്ങുവാൻ ഇടയാകുന്നു (രൂത്ത് 2:12).

എന്നാൽ മറ്റൊരു കൂട്ടർ യേശുക്രിസ്തുവാക്കുന്ന അടിസ്ഥാനത്തിന്മേൽ വിലകുറഞ്ഞതും നശിക്കുന്നതുമായ മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു. അങ്ങനെയുള്ളവർ തങ്ങളുടെ ജീവിതത്തിൽ യേശുവിനെയും (ലൂക്കൊസ് 23:11) ദൈവത്തിന്റെ പ്രമാണങ്ങളെയും നിസ്സാരമാക്കിക്കൊണ്ട് (ലേവ്യപുസ്തകം 22:9) ദൈവവചനത്തിൻ്റെ ശ്രേഷ്ഠതയ്ക്ക് ഏറ്റവണ്ണം ജീവിക്കാതെ തങ്ങളുടെ ജീവിതം നിസ്സാരമാക്കി, വിലയില്ലാത്തതാക്കി തീർക്കുന്നു. അവരുടെ പ്രവൃത്തികൾ വെന്തുപോയിട്ട് അവർക്ക് നഷ്ടം വരുവാൻ ഇടയാകും. എന്നാൽ അവർ നരകത്തിൽ പോകയില്ല, രക്ഷിക്കപ്പെടും (1 കൊരിന്ത്യർ 3:15). അഥവാ  ദൈവവചനത്തെ നിസ്സാരമാക്കിക്കൊണ്ട് അങ്ങനെ പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്നവൻ ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനായി കാണപ്പെടുന്നു. എന്നാൽ ദൈവകല്പനകളെ അതിനേറ്റനിലയിൽതന്നെ പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നവൻ ദൈവരാജ്യത്തിൽ വലിയവനായിത്തീരുന്നു (മത്തായി 5:19). നാമിവിടെ ചെയ്യുന്നതു നല്ലതാകിലും തീയതാകിലും അതിനേറ്റവണ്ണം പ്രാപിക്കുവാൻ ക്രിസ്തുവിൻ്റെ ന്യായാസനത്തിനു മുമ്പിൽ വെളിപ്പെടുമ്പോൾ (2 കൊരിന്ത്യർ 5:10) നമ്മുടെ നല്ല പ്രവർത്തികൾക്കു തക്കവണ്ണം പ്രതിഫലം ലഭിപ്പാൻ നമുക്ക് ഇടയാകട്ടെ. ദൈവം നമുക്കായി കരുതിയിരിക്കുന്ന ഏറ്റവും നല്ലതൊന്ന് പ്രാപിപ്പാൻ തക്കവണ്ണം ആഗ്രഹിച്ചു വചനത്തിനേറ്റവണ്ണംതന്നെ ജീവിച്ച് നല്ലദാസരായിത്തീരാം (എബ്രായർ 11:40). നല്ല പ്രവൃത്തികൾക്കുവേണ്ട സ്ഥിരതയുള്ളവരായി തേജസ്സ് പ്രാപിക്കാം (റോമർ 2:7). ദൈവമായ കർത്താവ് ഏവരെയും അതിനായി സഹായിച്ചൊരുക്കുമാറാകട്ടെ.