ദൈവവചനത്തിന്റെ പ്രായോഗികത (എബ്രായർ 4:2)
ദൈവത്തിന് മഹത്വം
ദൈവവചനത്തിന്റെ പ്രായോഗികത
"അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു, എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ട് കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല." എബ്രായർ 4:2
നിത്യരാജ്യമാകുന്ന സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ആദ്യം ലഭിച്ചവരുടെ ജീവിതത്തിൽ ആ വാഗ്ദത്തവചനം വിശ്വസിപ്പാൻ അവർക്ക് കഴിഞ്ഞില്ല. അതു നിമിത്തം കേട്ട വചനം അവർക്ക് ഉപകാരമായി വരായ്കയാൽ സ്വസ്ഥതയിൽ പ്രവേശിപ്പാനും കഴിഞ്ഞില്ല.അതേ സദ്വർത്തമാനം ദൈവം നമ്മെയും കേൾപ്പിക്കുമ്പോൾ ആ കാര്യം അവർക്ക് ദൃഷ്ടാന്തമായി ഭവിച്ചത് നമുക്ക് ബുദ്ധിയുപദേശത്തിനായി എഴുതിയിരിക്കുന്നു (1 കൊരിന്ത്യർ 10:11). അവർക്ക് സംഭവിച്ചത് നമുക്ക് ദൃഷ്ടാന്തമാക്കിയത് നാം അതുപോലെ ആകാതിരിപ്പാനാണ് (1 കൊരിന്ത്യർ 10:6). ആകയാൽ നാം കേൾക്കുന്നതായ സദ്വർത്തമാനങ്ങൾ അഥവാ ദൈവീകവാഗ്ദത്തമായ ദൈവവചനങ്ങൾ നമ്മുടെ ജീവിതത്തിൽ നമുക്ക് ഉപകാരമായി വരണം. റോമർ 10:17 - ൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു എന്ന് കാണാം. അതായത് നാം കേട്ടവർ ആയെങ്കിലേ നമ്മിൽ വിശ്വാസമുണ്ടാകൂ. കേൾക്കാത്തതിനാൽ വിശ്വസിക്കാൻ കഴിയുകയില്ല (റോമർ 10:14). എന്നാൽ ചെവിയുള്ള സകല മനുഷ്യർക്കും കേൾക്കാൻ കഴിയുകയില്ലയോ? കേൾക്കേണമെങ്കിൽ ഒന്നാമത് ദൈവവചനം കേൾക്കേണ്ടതിനായുള്ള വിശപ്പും ദാഹവും ഉള്ളവരായിത്തീരണം (ആമോസ് 8:11). ദൈവവചനം കേൾക്കേണം എന്നുള്ള ഒരു ആർത്തി നമുക്ക് ഉണ്ടായെങ്കിലേ തൃപ്തി ലഭിക്കുകയുള്ളൂ. രണ്ടാമത് ദൈവവചനം കേൾക്കേണ്ടതിനായി അതികാലത്തെ ദേവാലയത്തിൽ ദൈവസന്നിധിയിൽ കൂടി വരണം (ലൂക്കോസ് 21:38). അതിനായി ദൈവവചനം പ്രഘോഷിക്കുന്നിടത്ത് വന്ന് കേൾപ്പാൻ ഉത്സാഹിക്കണം. വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ ആയിരുന്നാൽ കേൾപ്പാൻ കഴിയുകയില്ല. ഇനിയും കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന് യേശു പലപ്പോഴും പറയുമ്പോൾ കേൾക്കത്തക്കതായ ചെവി ഉണ്ടാകണം (മത്തായി 11:15). വ്യക്തതയോടെ ശിഷ്യന്മാരെപ്പൊലെ കേൾക്കേണ്ടതിന് രാവിലെതോറും ദൈവം നമ്മുടെ ചെവി ഉണർത്തി ചെവിയെ തുറക്കുവാൻ ഇടയാകണം (യെശയ്യാവ് 50:4-5). അങ്ങനെയെങ്കിൽ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ (ആവർത്തനം 28:1), മനസ്സുവെച്ച് കേൾക്കുന്നവരാകാം (യെശയ്യാവ് 1:19).
റോമർ 10:17 -ൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻ്റെ വചനത്താലും എന്ന് കാണുന്നതിനാൽ നാം കേൾക്കുന്നത് ക്രിസ്‌തുവിന്റെ വചനങ്ങൾ തന്നെയായിരിക്കണം. ഇന്ന് അനേകർ മാനുഷിക കല്‌പനകളായ ഉപദേശങ്ങളെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ വ്യർത്ഥമായി ഭജിക്കുന്നവരാകുന്നു (മത്തായി 15:9, മാർക്കോസ് 7:7). ആകയാൽ അവർ കേൾപ്പിക്കുന്നതായ വചനങ്ങളും ഉപദേശങ്ങളും കേൾവിക്കാരിൽ വിശ്വാസമായിത്തീരുന്നില്ല. താൻ കല്പിച്ചവയെ ഉപദേശിപ്പാൻ ആണ് തന്റെ ശിഷ്യന്മാരോട് യേശു ആവശ്യപ്പെടുന്നത് (മത്തായി 28:20). അതുകൊണ്ടുതന്നെ അപ്പൊസ്തലനായ പൗലോസ് തന്റെ അനുഭവം പറയുമ്പോൾ തനിക്കൊരു പ്രത്യേക ധൈര്യം ഉണ്ടായിരുന്നു. താൻ മനുഷ്യരോട് പ്രാപിച്ചിട്ടില്ല, പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചത് എന്ന് ധൈര്യമായി പറയുന്നു (ഗലാത്യർ 1:12). കർത്താവിന്റെ അന്ത്യഅത്താഴത്തിൽ താൻ പങ്കെടുത്തില്ല എങ്കിലും കർത്തൃമേശയുടെ അനുഭവത്തെ പൗലോസ് കർത്താവിൽ നിന്ന് പ്രാപിച്ച് നമുക്ക് ഏൽപ്പിച്ചു തരുന്നു (1 കൊരിന്ത്യർ 11:23). ആ കാലത്ത് സർവ്വജനത്തിനും ബഹുമാനമുള്ള ഗമാലിയേൽ എന്ന ധർമ്മോപദേഷ്ടാവ് യെരുശലേമിൽ ഉണ്ടായിരുന്നു (അപ്പൊ: പ്രവൃത്തി 5:34). അപ്പൊസ്തലനായ പൗലോസ് തൻ്റെ കാൽക്കലിരുന്ന് ന്യായപ്രമാണത്തെ സൂഷ്മതയോടെ അഭ്യസിച്ചവനാണ് (അപ്പൊ: പ്രവൃത്തി 22:3). എന്നാൽ താൻ ദൈവഭാഗത്തേക്ക് വന്ന് യേശുവിൻ്റെ ശിഷ്യനായപ്പോൾ പ്രമാണികളായവർ തനിക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ല എന്നു പറയുന്നു (ഗലാത്യർ 2:6). മനുഷ്യരോട് പഠിക്കുകയോ പ്രാപിക്കുകയോ ചെയ്യാതെ യേശുക്രിസ്തുവിന്റെ വെളിപ്പാടിനാലാണ് പ്രാപിച്ചത് എന്നു താൻ അഭിമാനിക്കുന്നു (ഗലാത്യർ 1:12). ആകയാൽ ദൈവത്തിന്റെ തൃക്കൈയിലിരിക്കുന്ന അവൻ്റെ വിശുദ്ധന്മാരായ ശുശ്രൂഷകർ എല്ലാവരും തന്റെ തൃക്കാല്ക്കലിരുന്നു തിരുവചനങ്ങളെ പ്രാപിക്കുന്നവർ ആകണം (ആവർത്തനം 33:3). ദൈവത്തിന്റെ ആലോചനാസഭയിൽനിന്ന് ദൈവവചനം ശ്രദ്ധയോടെ കേട്ട് അതു ജനത്തെ കേൾപ്പിക്കുന്നവാൻ ഉത്സാഹിക്കുന്നവരാകണം (യിരെമ്യാവ് 23:18, 22). അങ്ങനെ ചെയ്യുമ്പോൾ ദൈവം തൻ്റെ ജനത്തോട് അവരവരുടെ അവസ്ഥയ്ക്ക് ഏറ്റവണ്ണം ഇടപെടുന്നു. മഞ്ഞുപോലെയും ഇളംപുല്ലിന് പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ദൈവീക ഉപദേശങ്ങളും വചനങ്ങളും ഇവരിലൂടെ ദൈവം നൽകും (ആവർത്തനം 32:1-2). ദൈവത്താൽ, ദൈവാത്മാവിനാൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് അത് തങ്ങളുടെ ഭാഷയിൽ തങ്ങളോടുതന്നെ സംസാരിക്കുന്നതായി തോന്നിയിട്ട് അവരിൽ ഈ ക്രിസ്തുവിൻ്റ വചനം വിശ്വാസമായിത്തീരും (അപ്പൊ: പ്രവൃത്തി 2:6-11). മറ്റൊരു നിലയിൽ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയുള്ള ഇടയന്മാർ (സദ്യശ്യവാക്യം 27:23) അതിനേറ്റ വചനങ്ങളെ, ഉപദേശങ്ങളെ ദൈവത്തിൽനിന്ന് വാങ്ങി ജനത്തിന് കൊടുക്കുമ്പോൾ അത് അവരുടെ ജീവിതത്തിൽ ഉപകാരമാകത്തക്കവണ്ണം വിശ്വാസമായി പരിണമിക്കും. തൻ്റെ കുടുംബക്കാരെയൊക്കെയും സ്നേഹിതരെയും ഭവനത്തിൽ കൂട്ടിവരുത്തിയ കൊർന്നേലിയോസ് പത്രോസിനോട് പറഞ്ഞതുപോലെ ദൈവസന്നിധിയിൽ വരുന്നതായ ദൈവമക്കൾ "കർത്താവ് നിന്നോട് കൽപിച്ചതൊക്കേയും കേൾപ്പാൻ ഞങ്ങളെല്ലാവരും ഇവിടെ ദൈവത്തിന്റെ മുൻപാകെ കൂടിയിരിക്കുന്നു" എന്ന മനോഭാവത്തോടെ കൂടിവരുന്നവരാകണം (അപ്പൊ: പ്രവൃത്തി 10:24,33). ദൈവത്തിൻ്റെ കല്പനകൾക്കായി വാഞ്ചിക്കുന്നവരായി ദൈവസന്നിധിയിൽ വായിതുറന്ന് ദൈവം താങ്കളുടെ ജീവിതനിലവാരത്തിനും അവസ്ഥക്കും ഏറ്റവണ്ണം സംസാരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നവർ ആകണം (സങ്കീർത്തനം 119:132). അങ്ങനെയെങ്കിൽ യഹോവയുടെ മനസ്സ് തിരുസനിധിയിലിരുന്ന് ആരാഞ്ഞറിയുന്ന ശുശ്രൂഷകരെ ദൈവം നമുക്ക് നൽകും (യെശയ്യാവ് 40:13). അഥവാ യഹോവയുടെ മനസ്സിനൊത്ത ഇടയന്മാരേ ദൈവം നൽകിയിട്ട് അവർ ദൈവീകജ്ഞാനത്തോടും ബുദ്ധിയോടും സഭയെ നടത്തതക്കവണ്ണം (യിരെമ്യാവ് 3:15) ദൈവശബ്ദം കേൾപ്പിക്കയാൽ അത് ജനത്തിന്റെ ജീവിതത്തിൽ വിശ്വാസമായി പരിണമിക്കും, പ്രയോജനമായിയിത്തീരും.
ഇനിയും യാക്കോബ് 2:14-ൽ ഒരുത്തന് വിശ്വാസം ഉണ്ട് എന്ന് പറയുകയും അവന് പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്‌താൽ അതുകൊണ്ട് എന്ത് ഉപകാരം എന്ന് ചോദിക്കുന്നു. ആകയാൽ പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വതവേ നിർജ്ജീവവും അതിനാൽ തന്നെ അത് നിഷ്ഫലവും ആണെന്ന് നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു (യാക്കോബ് 2:17,20). ആകയാൽ നമ്മുടെ വിശ്വാസം നമുക്ക് ഉപകാരമായി വരേണമെങ്കിൽ നമ്മുടെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചിട്ട് പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായിത്തീരണം. അബ്രഹാമിനെക്കുറിച്ച് തന്റെ മകനെ യാഗപീഠത്തിൽ അർപ്പിച്ചിട്ട് പ്രവൃത്തിയാൽ താൻ നീതീകരിക്കപ്പെട്ടതിനാൽ തൻ്റെ വിശ്വാസം തനിക്ക് നീതിയായി കണക്കിട്ടു എന്ന തിരുവെഴുത്ത് നിവൃത്തിയായി എന്ന് കാണുന്നു (യാക്കോബ് 2:21-23). അങ്ങനെ നമ്മുടെ വിശ്വാസം നമുക്ക് ഉപകാരമായി തീർന്നു എന്നത് നമ്മിലും നിവർത്തിക്കപ്പെടും. ഉദാഹരണമായി സങ്കീർത്തനം നൂറ്റിമുപ്പത്തിമൂന്നിൽ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് ഏറ്റവും ശുഭവും മനോഹരവുമായി കാണപ്പെട്ടിട്ട് അവിടെ ദൈവം അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നു എന്ന് വായിക്കുന്നു. ഈ വചനം കേട്ട് വിശ്വസിക്കുന്ന ഒരു വ്യക്തി ആ അനുഗ്രഹങ്ങളെയും ശാശ്വതജീവനെയും പ്രാപിക്കത്തക്കവണ്ണം ആ വചനങ്ങൾ തനിക്ക് ഉപകാരമായി വരേണമെങ്കിൽ അവിടെ പറയപ്പെട്ടിരിക്കുന്നതുപോലെ തൻ്റെ കുടുംബം ഐക്യത്തിൽ തികഞ്ഞവരാകത്തക്കവണ്ണം ഒരുമനസ്സാേടും സന്തോഷത്തോടും ഒത്തൊരുമിച്ച് വസിക്കുന്നവരാകണം. പാലമരത്തിൻ്റെ കായ പിരിഞ്ഞിരിക്കുന്നത് പോലെ പിരിഞ്ഞ് ജീവിച്ചാൽ വചനം ഉപകാരമായി വരികയില്ല. ഏശാവും യാക്കോബും പോലെ ഹൃദയത്തിൽ പകയും ഉപായവും വെച്ചുകൊണ്ടുതന്നെ ഒരമ്മയുടെ മക്കളായി ഒരു വീട്ടിൽ ഒരുമിച്ച് ജീവിച്ചാലും ഹൃദയങ്ങളെ അറിയുന്ന ദൈവം അവരെ തമ്മിൽ വേർപിരിക്കയല്ലാതെ അനുഗ്രഹിക്കുകയില്ല. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ സൂക്ഷിക്കുന്നവർ ആകുമെങ്കിൽ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും (എഫെസ്യർ 4:3). റോമർ നാലാം അധ്യായത്തിൽ പൗലോസ് അപ്പൊസ്തലൻ പ്രവൃത്തികൂടാതെ വശ്വാസത്താൽ നീതീകരിക്കപ്പെടുന്ന കാര്യം പറയുമ്പോൾ റോമർ 4:3-16 വാക്യങ്ങൾ ശ്രദ്ധിച്ചാൽ വിശ്വാസത്താലുള്ള നീതീകരണം കൃപയായി കണക്കിട്ട് കൃപാദാനത്താൽ ഒരുത്തൻ രക്ഷ പ്രാപിക്കുന്ന കാര്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ ദാനമായ രക്ഷ പരിച്ചേദനയാലോ മറ്റ് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലുമല്ല കൃപയാൽ യേശുക്രിസ്തുവിങ്കലെ വിശ്വാസം മൂലമാണ് നമുക്ക് ലഭ്യമാകുന്നത് (എഫേസ്യർ 2:8-9). എന്നാൽ മർക്കോസ് 16:16 - ൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും എന്ന് പറയുന്ന യേശു വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നുകൂടെ ഓർമ്മിപ്പിക്കുന്നു. വിശ്വാസമില്ലാത്തവൻ അതിൻ്റെ പ്രവൃത്തിയായ സ്നാനം ഏൽക്കായ്കയാൽ കൃപയാലുള്ള രക്ഷാദാനം എന്ന വാഗ്‌ദത്തം തനിക്ക് ഉപകാരമായി തീരാത്തെ ശിക്ഷാവിധി വരുന്നു. റോമർ 6:17-18 വാക്യങ്ങളിൽ അപ്പൊസ്‌തലൻ നമ്മോട് പറയുമ്പോൾ മുമ്പേ പാപത്തിന് ദാസരായിരുന്നവർ തങ്ങളെ പഠിപ്പിച്ച സ്നാനമെന്ന ഉപദേശരൂപത്തെ വിശ്വസിച്ചിട്ട് ഹൃദയപൂർവ്വം അനുസരിച്ചപ്പോൾ അവർ നീതിക്ക് ദാസരായി നീതികരിക്കപ്പെട്ടവർ ആകുന്നു എന്ന് ബോധ്യപ്പെടുത്തുന്നു. റോമർ 4:17 -ൽ അബ്രഹാം വിശ്വസിച്ച ദൈവത്തെക്കുറിച്ച് പറയുമ്പോൾ രണ്ട് വ്യക്തതകൾ പറയുന്നു. ഒന്ന് മരിച്ചവരെ ജീവിപ്പിക്കുന്ന ദൈവം. രണ്ട് ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്ന ദൈവം. ഇതിൽ രണ്ടാമത്തതിനെക്കുറിച്ച് പൗലോസ് അപ്പൊസ്‌തലൻ പറയുമ്പോൾ അബ്രഹാമിന് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചുകൊണ്ട് വാഗ്ദത്തം ചെയ്തത് പ്രവൃത്തിപ്പാൻ ശക്തൻ എന്ന് പൂർണമായി ഉറച്ചു വിശ്വസിച്ചിട്ട് ദൈവത്തിന് മഹത്വം കൊടുക്കുക (റോമർ 4:18-22) എന്നതല്ലാതെ തനിക്ക് മറ്റൊന്നും പ്രവൃത്തിക്കേണ്ടതില്ലായിരുന്നു. ഇവിടെ താൻ നീതീകരിക്കപ്പെട്ടു എന്ന് പറയുമ്പോൾ അത് നീതീകരണത്തിന്റെ ഒന്നാം ഭാഗമായി മാത്രം നമുക്ക് കാണാം. താൻ വിശ്വസിച്ച ദൈവത്തിന്റെ മറ്റൊരു വ്യക്തതയായ മരിച്ചവരെ ജീവിപ്പിക്കുന്നവൻ (റോമർ 4:17) എന്ന അനുഭവമായി വിശ്വാസത്തിന്റെ രണ്ടാം ഭാഗമാണ് യാക്കോബ് 2:21-24 -ൽ കാണുന്നത്. മരിച്ചവരെ ജീവിപ്പിക്കും എന്ന് വിശ്വസിക്കുന്നതിനാൽ യിസ്ഹാക്കിനെ യാഗപീഠത്തിൽ അർപ്പിക്കേണ്ട പ്രവൃത്തി ചെയ്തു എങ്കിലേ തൻ്റെ വിശ്വാസം വെളിപ്പെടുവാൻ ഇടയാകയുള്ളൂ. അങ്ങനെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചിട്ട് പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി തീർന്നപ്പോൾ വിശ്വാസം നീതിയായി കണക്കിട്ടു എന്ന തിരുവെഴുത്തിന് നിവർത്തിവരുവാൻ ഇടയാകുന്നു. യിസ്‌ഹാക്കിന്റെ ജനനത്തിങ്കൽ വിശ്വസിച്ച് ദൈവത്തിന് മഹത്വം കൊടുത്തു വിശ്വാസത്തിന്റെ ആദ്യഭാഗം വെളിപ്പെടുത്തിയ അബ്രഹാം യിസ്‌ഹാക്കിനെ യാഗമർപ്പിച്ചുകൊണ്ട് വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് വരുമ്പോഴാണ് നീതീകരിക്കപ്പെട്ടു എന്ന തിരുവെഴുത്ത് നിവൃത്തിയാകുന്നത്. ആകയാൽ നമ്മുടെ ജീവിതത്തിൽ കേൾക്കുന്നതായ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മിൽ വിശ്വാസമായി പരിണമിച്ചിട്ട് നാം അതിനേറ്റ പ്രവൃത്തികളെ ചെയ്തുകൊണ്ട് ആ വിശ്വാസം നമ്മിൽ പൂർണ്ണപ്പെടുവാൻ ഇടയാകുന്നു. അപ്പോൾ ദൈവം തൻ്റെ വചനത്തെ നമുക്കായി നിവർത്തിച്ചിട്ട് അതിനാലുള്ള അനുഗ്രഹങ്ങളെ പ്രാപിച്ച് നമുക്ക് ആ ദൈവവചനം ഉപകാരമായി വരുന്നു (യെശയ്യാവ് 55:10-11). നമ്മുടെ പിതാവായ ദൈവം ഈ അനുഭവങ്ങൾക്ക് നമ്മെ യോഗ്യമാക്കിത്തീർത്ത് തൻ്റെ അനുഗ്രഹപൂർണ്ണതയാൽ നിറച്ച് തിരുനാമം മഹത്വപെടുത്തുമാറാകട്ടെ.