ആശ്രയിക്കുന്നവരെ അറിയുന്ന ദൈവം (നാഹൂം 1:7)
ദൈവത്തിനു മഹത്വം
ആശ്രയിക്കുന്നവരെ അറിയുന്ന ദൈവം
"യഹോവ നല്ലവനും കഷ്ട ദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു." നാഹൂം 1 : 7
നമ്മുടെ ദൈവമായ യഹോവ നമുക്കു നല്ലവനാണ്. എന്നാൽ യഹോവ നല്ലവൻ എന്നതു നാം രുചിച്ചറിയേണ്ടിയിരിക്കുന്നു. അതിനായി നാം ദൈവത്തെ ശരണം പ്രാപിക്കുമ്പോഴാണ് ദൈവം നല്ലവൻ എന്നത് അനുഭവിച്ചറിയുവാൻ ഇടയാകുന്നത് (സങ്കീർത്തനം 34:8). മുകളിൽ നാം വായിക്കുന്നതുപോലെ അതിന് ഏറ്റവും പറ്റിയ സമയം നമ്മുടെ കഷ്ടദിവസങ്ങളാണ്. ആ സാഹചര്യങ്ങളിൽ ദൈവം നമുക്ക് ശരണം തന്നെയാണ്. കഷ്ടകാലത്ത് യഹോവയെ വിളിച്ചപേക്ഷിച്ചിട്ട് താൻ നമ്മെ വിടുവിക്കുമെന്ന് യഹോവ തന്നെ അരുളിച്ചെയ്യുന്നു (സങ്കീർത്തനം 50:15). പക്ഷേ പലപ്പോഴും നമ്മുടെ കഷ്ടങ്ങളിൽ നമുക്ക് ദൈവത്തിൽ ആശ്രയിപ്പാനോ തന്നിൽ ശരണപെടുവാനോ കഴിയാറില്ല എന്നതല്ലേ സത്യം ? എന്തുകൊണ്ട് കഷ്ടദിവസത്തിൽ നമ്മുടെ ശരണമായ ദൈവത്തിൽ നമുക്ക് ആശ്രയിപ്പാൻ കഴിയുന്നില്ല എന്നത് നാം വ്യക്തതയോടെ ഉണരേണം. അതിന്റെ ഒന്നാമത്തെ കാരണം നാം മനുഷ്യനിൽ ആശ്രയിക്കുകയും ജഡത്തെ നമ്മുടെ ഭുജമാക്കുകയും ചെയ്യുന്നതുകൊണ്ട് യഥാർത്ഥത്തിൽ നാം ഹൃദയം കൊണ്ട് യഹോവയെ വിട്ടുമാറുന്നവർ ആകുന്നു എന്നതാണ് (യിരെമ്യാവ് 17:5). രണ്ടുവിധത്തിൽ ഇത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും. ഒന്നാമത് നാം മനുഷ്യരിൽ ആശ്രയിക്കുന്നവരാകുന്നതിനാലാണ്. കഷ്ടകരമായ ഒരു കാര്യം നമുക്ക് ഉണ്ടാകുമ്പോൾ ആരായിരിക്കും നമ്മെ സഹായിക്കുക എന്ന ചിന്ത നമ്മിലുണ്ടാകുന്നു. യേശു നമ്മോടുകൂടെയുണ്ടെങ്കിലും മാർത്തയെപ്പോലെ പലതിനെ ചൊല്ലി വിചാരപ്പെട്ട് മനസ്സ് കലങ്ങുന്നവരായിത്തീർന്നിട്ട് (ലൂക്കോസ് 10:40-41) സഹായിക്കേണ്ടതിനായി മനുഷ്യരിലും പ്രഭുക്കന്മാരിലുമൊക്കെ നാം ആശ്രയിക്കുന്നവരാകുന്നു. ഒരുപക്ഷേ നാം പ്രാർത്ഥിക്കുന്നവരും മറ്റുള്ളവരോടു പ്രാർത്ഥിപ്പാൻ പറയുന്നവരും ഒക്കെ ആയിരിക്കാം. എങ്കിലും ചിന്തകളാൽ നമ്മുടെ മനസ്സ് ഭാരപ്പെട്ടുപതറിയിട്ട് ഹൃദയപൂർവ്വം ദൈവത്തോട് പ്രാർത്ഥിക്കുവാനോ ദൈവത്തിൽ ആശ്രയിക്കുവാനോ നമുക്ക് കഴിയാതെ പോകുന്നു. അതു നിമിത്തം സഹായത്തിനായി നാം മനുഷ്യരുടെ അടുക്കലേക്ക് ഓടുന്നവരാകുന്നു. യഹോവ നമ്മുടെ പക്ഷത്തുണ്ട് എന്ന് പറയുമ്പോൾ സത്യത്തിൽ നമ്മെ സഹായിക്കുന്നവരോടു കൂടെയാണ് യഹോവ നമ്മുടെ പക്ഷത്തുള്ളത് (സങ്കീർത്തനം 118:6-7). എന്നാൽ അതു നാം ആശ്രയിക്കുന്ന വ്യക്തികൾ അല്ല, നമ്മെ സഹായിപ്പാനായി ദൈവം എഴുന്നേൽപ്പിക്കുന്ന വ്യക്തികളാണ്. ഇതു നാം മനസ്സിലാക്കാതെ ആരു നമ്മെ സഹായിക്കുമെന്ന് ചിന്തിച്ച് മനുഷ്യരിൽ ആശ്രയിക്കുമ്പോൾ യഥാർത്ഥത്തിൽ നമുക്ക് ദൈവത്തിന്റെ സഹായം അനുഭവിപ്പാൻ കഴിയാതെ പോകുന്നു. മാത്രമല്ല നാം ഹൃദയം കൊണ്ട് യഹോവയെ വിട്ടുമാറുന്നവരായി ശപിക്കപ്പെട്ടവരാകുന്നു (യിരെമ്യാവ് 17:5). ആയതിനാൽ നമ്മുടെ പ്രശ്നങ്ങൾ വർധിക്കുന്നതല്ലാതെ കുറയുന്നില്ല. നാം അധികമായ കഷ്ടത്തിലായിത്തീരുന്നു.
രണ്ടാമത് ജഡത്തെ തന്റെ ഭുജമാക്കികൊണ്ട് നാം നമ്മുടെ സ്വന്തബലത്തിലും സ്വന്തജ്ഞാനത്തിലും ആശ്രയിക്കുന്നവരാകുന്നു. നമ്മുടെ പ്രയത്നത്താൽ വിടുതൽ പ്രാപിക്കാനാഗ്രഹിച്ച് അതിനുവേണ്ടി കഠിനമായി പ്രവർത്തിക്കുന്നു. എന്നാൽ നമ്മുടെ സ്വന്തഭുജംകൊണ്ട് നാം ജയം നേടുകയില്ല (സങ്കീർത്തനം 44:3). സ്വന്തകൈയുടെ പ്രവർത്തിയിൽ കുടുങ്ങുന്നത് ദൈവത്തെ മറക്കുന്ന ദുഷ്ടന്മാരാണ് (സങ്കീർത്തനം 9:16-17). ജഡത്തെ തന്റെ ഭുജം ആക്കുന്നവരുടെ കൈമിടുക്കൊക്കെയും ദൈവം താഴ്ത്തിക്കളയും (യെശയ്യാവ് 25:11). അതുകൊണ്ട് നാം നമ്മുടെ സ്വന്തവിവേകത്തിൽ ആശ്രയിക്കാതെ നാം പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നവരാകണം (സദൃശ്യവാക്യങ്ങൾ 3:5). ആകയാൽ നാം മനുഷ്യരിൽ ആശ്രയിക്കരുത്, നമ്മുടെ സ്വന്ത കഴിവിലും പ്രവർത്തിയിലും ആശ്രയിക്കരുത്. പകരം നമ്മുടെ ദൈവമായ യഹോവയിൽ തന്നെ ആശ്രയിക്കുന്നവരാകണം (യിരെമ്യാവ് 17:7). എങ്ങനെ നമുക്കതിനു സാധിക്കും എന്നതിന് താഴെ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ നാം കരുതുന്നവരാകണം.
യഥാർത്ഥത്തിൽ നമുക്ക് ദൈവത്തിൽ തന്നെ ആശ്രയിപ്പാൻ കഴിയാതെ പോകുന്നത് പലതിനെ ചൊല്ലി വിചാരപ്പെട്ട് നമ്മുടെ മനസ്സ് കലങ്ങുന്നതുകൊണ്ടാണ് (ലൂക്കൊസ് 10 : 41). സ്ഥിരമാനസരായി തീർന്നെങ്കിലെ യഹോവയിൽ ആശ്രയിക്കുവാൻ സാധിക്കുകയുള്ളൂ. അങ്ങനെയുള്ളവരെയാണ് ദൈവം പൂർണ്ണസമാധാനത്തിൽ കാക്കുന്നത് (യെശയ്യാവ് 26:3). ആകയാൽ നാം നമ്മുടെ മനസ്സിനെ ഉറപ്പിച്ചെങ്കിലെ നമുക്ക് ദൈവത്തിൽ പൂർണ പ്രത്യാശ വച്ചുകൊണ്ട് തന്നിൽ ആശ്രയിപ്പാൻ കഴിയുകയുള്ളൂ (1 പത്രോസ് 1:13). നാം മനം തിരിഞ്ഞ് അഥവാ മനസ്സിനെ സ്വസ്ഥതയുള്ളതാക്കി അടങ്ങിയിരുന്ന് ദൈവത്തിൽ തന്നെ ആശ്രയിച്ച് പ്രാർത്ഥിച്ചാലെ നാം രക്ഷ അഥവാ വിടുതൽ പ്രാപിക്കുകയുള്ളൂ. വിശ്രമിക്കുന്നതും ആശ്രയിക്കുന്നതുമാണ് നമ്മുടെ ബലം (യെശയ്യാവ് 30:15). ആശ്രയിച്ചിട്ട് ദൈവം നമുക്ക് വിശ്രമം നൽകുമെന്നല്ല നാം മനസ്സിലാക്കേണ്ടത്. ആകയാൽ ആദ്യം നമുക്ക് ഒരു വിശ്രമം ഉണ്ടായിട്ട് വേണം നാം ദൈവത്തിൽ ആശ്രയിക്കുവാൻ. സ്ഥിരമാനസനാണ് ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ കഴിയുന്നത്. അങ്ങനെയുള്ളവർക്കാണ് ദൈവം പൂർണ്ണ സമാധാനം നൽകുന്നത് (യെശയ്യാവ് 26 : 3). അതിനായി നാം ഗ്രഹിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
ഒന്നാമത് യഹോവ കല്പിച്ചിട്ടല്ലാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കയില്ല (വിലാപങ്ങൾ 3:37). ഇയ്യോബിന്റെ ജീവിതത്തിൽ ദൈവം സാത്താനെ അനുവദിച്ചപ്പോൾ മാത്രമാണ് പിശാചിന് അവനോട് ദോഷമായത് പ്രവർത്തിപ്പൻ കഴിഞ്ഞുള്ളൂ (ഇയ്യോബ് 1:11-12, 2:5-6 ). യഹോവ കല്പിച്ചിട്ടാണ് കൊടുങ്കാറ്റ് അടിക്കുന്നതും കഷ്ടതകളും ഞെരുക്കങ്ങളും ഉണ്ടാകുന്നതും (സങ്കീർത്തനം 107:25). ദൈവം തന്റെ തിരുവുള്ളത്തിന്റെ താൽപര്യം അനുഷ്ഠിക്കുകയും താൻ നിയമിച്ചിരിക്കുന്നത് നിവർത്തിക്കുകയും ചെയ്യുമ്പോൾ ദൈവത്തെ തടുക്കുവാൻ ആർക്കാണ് കഴിയുക (ഇയ്യോബ് 23:13). തന്റെ കൈയ്യിൽനിന്നു വിടുവിക്കാവുന്നവനോ തന്റെ പ്രവർത്തിയെ തടുക്കാകുന്നവനോ ആരുമില്ല (യെശയ്യാവ് 43:13). ആകയാൽ നാം അത് സന്തോഷത്തോടെ ഏറ്റുകൊള്ളുവാൻ ഒരുങ്ങണം. മാത്രമല്ല ഇതിൽ ഒന്നിലും നാം ദൈവത്തിന് ദോഷം ആരോപിക്കുന്നവരായി ദൈവത്തോട് പാപം ചെയ്യുന്നവരാകരുത് (ഇയ്യോബ് 1:22, 2:10). രണ്ടാമത് നമുക്കുണ്ടാകുന്ന പരീക്ഷകളാകുന്ന അഗ്നിശോധനകൾ ഒരു അപൂർവ്വകാര്യമായി നാം ചിന്തിക്കുന്നവരാകരുത് (1 പത്രോസ് 4:12). നമ്മുടെ ദൈവം വിശ്വസ്തനാകയാൽ മനുഷ്യർക്ക് നടപ്പില്ലാത്ത പരീക്ഷ നേരിടുവാൻ ദൈവം അനുവദിക്കുകയില്ല. മാത്രവുമല്ല ഓരോരുത്തർക്കും നേരിടുവാൻ കഴിയുന്ന അവസ്ഥയിലുള്ള കഷ്ടങ്ങളെ ദൈവം അവരവർക്ക് അനുവദിക്കുകയുള്ളൂ. തങ്ങൾക്ക് സഹിപ്പാൻ കഴിയാത്തത് ഒരിക്കലും നമുക്ക് വന്നു ഭവിക്കയില്ല. ഇനിയും നമ്മുടെ ദൈവം പരീക്ഷയോടുകൂടെ പോക്കുവഴിയും ഉണ്ടാക്കുന്നു (1 കൊരിന്ത്യർ 10:13). ആകയാൽ പരീക്ഷ സഹിക്കുന്നവരായി ഭാഗ്യവാന്മാരായിത്തീരുവാൻ നമുക്ക് ഇടയാകട്ടെ (യാക്കോബ് 1:12).
മൂന്നാമത് നാം ദൈവത്തിൽ നിന്ന് എപ്പോഴും നന്മ പ്രാപിക്കുവാൻ ഒരുക്കമുള്ളവരാണ്. എന്നാൽ ദൈവം ചിലപ്പോൾ മാത്രം നമുക്ക് തരുന്ന തിന്മകൾ പ്രാപിക്കുവാൻ മടിയുള്ളവരായി നാം പൊട്ടന്മാരെപോലെ കാണപ്പെടുന്നു (ഇയ്യോബ് 2:10). ആകയാൽ നന്മ മാത്രമല്ല തിന്മയും അനുഭവിപ്പാൻ നാം ഒരുക്കമുള്ളവർ ആകണം. ഉയർച്ചയിലും താഴ്ചയിലും ഇരിപ്പാനും സമൃദ്ധിയും ബുദ്ധിമുട്ടും അനുഭവിക്കാനും നാം ശീലിക്കുന്നവർ ആകണം (ഫിലിപ്പിയർ 4:12). എന്നാൽ കഷ്ടതയോ സങ്കടമോ ഉപദ്രവമോ നഗ്നതയോ ആപത്തോ വാളോ എന്തു വന്നാലും നാം സന്തോഷത്തോടെ അത് ഏറ്റുകൊണ്ട് ദൈവസ്നേഹത്തിൽ നിന്ന് അന്യപ്പെടാതെ ദൈവത്തിനു മഹത്വം കൊടുത്തു ജീവിക്കുന്നവർ ആകണം (റോമർ 8:35). സാധു കൊച്ചുകുഞ്ഞു ഉപദേശി പാടിയതുപോലെ ദുഃഖത്തിന്റെ പാനപാത്രം കർത്താവ് നമ്മുടെ കൈയ്യിൽ തരുമ്പോൾ നാം സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലുയാ പാടുന്നവർ ആകണം. നാലാമത് ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന അറിവ് നമുക്ക് ഉണ്ടായിരിക്കണം (റോമർ 8:28). ആദിയിങ്കിൽ കൈപ്പ് ആയിരിക്കാം പക്ഷേ അന്ത്യം മധുരമായിത്തീരും, സമാധാനം ആയിരിക്കും എന്ന വിശ്വാസത്തിൽ ധൈര്യപ്പെടണം (യെശയ്യാവ് 38:17). ഇയോബിന്റെ കഷ്ടങ്ങൾ തനിക്ക് ആദ്യം കൈപ്പായിരുന്നെങ്കിലും പിന്നീടത് തനിക്ക് ഇരട്ടി അനുഗ്രഹത്തിന് കാരണമായിത്തീരുന്നു (ഇയ്യോബ് 42:10). സഹോദരന്മാർ ജോസഫിന്റെ നേരെ ദോഷം ചെയ്തു എന്നാൽ ദൈവം പിന്നീടത് ഗുണമാക്കിത്തീർക്കുന്നു (ഉല്പത്തി 50:20). ശിമെയി ദാവീദിനെ ശപിക്കുന്ന സന്ദർഭത്തിൽ ദാവീദ് പറയുന്നത് യഹോവ തനിക്ക് ശാപത്തിന് പകരം അനുഗ്രഹം നൽകുമെന്നാണ് (2 ശമൂവേൽ 16:12). ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല, ദുഃഖകരമാണ്. എന്നാൽ പിന്നീട് അതിൽ അഭ്യാസം വന്നവർക്ക് അത് അനുഗ്രഹമായിത്തീരുന്നു (എബ്രായർ 12:11). ആകയാൽ നമ്മുടെ ദൈവം നമുക്ക് ഒരിക്കലും ദോഷം ചെയ്യുകയില്ല എന്ന് വ്യക്തമായി ഉണരുവാൻ ഇടയാകട്ടെ. അഞ്ചാമത് ഒരു പരീക്ഷയിലൂടെ ദൈവം നമ്മെ നടത്തുമ്പോൾ തീർച്ചയായും വിശ്വസ്തനായ ദൈവം ഒരു പോക്കുവഴി അഥവാ അതിൽ നിന്ന് വിടുതലിനുള്ള മാർഗ്ഗംകൂടെ ഉണ്ടാക്കുന്നുണ്ട് (1 കൊരിന്ത്യർ 10:13). നമ്മുടെ കഷ്ടങ്ങൾക്ക് ഒരു പരിഹാരം ദൈവത്താൽ ഉണ്ട് എന്നറിഞ്ഞ് സ്ഥിരചിത്തതയോടെ ദൈവത്തിൽ ആശ്രയിക്കുവാൻ നമുക്ക് ഇടയാകണം. നമ്മുടെ കഷ്ടങ്ങളിലാണ് യഥാർത്ഥമായി നമ്മുടെ ദൈവം നമുക്ക് ശരണം ആയിത്തീരുന്നത്.
മനസ്സിൽ കലക്കമില്ലാതെ വിശ്രാമമുള്ളവരായി, സ്ഥിരമാനസരായി നാം ദൈവത്തിൽ ആശ്രയിക്കുന്നവരാകുമ്പോൾ അത് നമ്മുടെ ബലമാകുന്നു (യെശയ്യാവ് 30:15). എങ്ങനെയെന്നാൽ ഈ വിധമായി നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ ദൈവം തന്നിൽ ആശ്രയിക്കുന്നവരെ അറിയുന്നു എന്നുള്ളതാണ് നമ്മുടെ ബലം (നാഹൂം 1:7). അഥവാ നാം യാചിക്കുന്നതിനു മുൻപേ നമ്മുടെ ആവശ്യങ്ങളെ ദൈവം അറിയുന്നു (മത്തായി 6:8). ദൈവം നമ്മുടെ സ്വർഗ്ഗീയ പിതാവാകയാൽ തന്റെ മക്കളായവരുടെ ആവശ്യങ്ങളൊക്കെയും ദൈവം അറിയുന്നു (മത്തായി 6:32). മാത്രമല്ല നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ തന്റെ വ്യാപാരശക്തിയാൽ ദൈവത്തിനു കഴിയും (എഫെസ്സ്യർ 3:20). തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കുവാനായി ദൈവം നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു (2 ദിനവൃത്താന്തം 16:9). ശക്തനായ ദൈവം നമുക്കുവേണ്ടി വലിയ കാര്യങ്ങളെ ചെയ്യും (ലൂക്കൊസ് 1:49). ആകയാൽ നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ സ്ഥിതിക്ക് ഭേദംവരുത്തി ഇരട്ടിയായി നമ്മെയും സഹായിക്കും (ഇയ്യോബ് 42:10). അതിനാൽ നമുക്കുണ്ടായ കഷ്ടതതന്നെ നാം മറക്കുന്നവരായി മാറും (ഇയ്യോബ് 11:16). ദൈവമായ കർത്താവ് നമ്മെ സഹായിച്ചിട്ട് നാം പൂർണ്ണ സമാധാനം ഉള്ളവരാകുവാൻ ഇടയാകട്ടെ.