ഭാഗ്യകരമായ നമ്മുടെ പ്രത്യാശ (തീത്തൊസ് 2:12)

ദൈവത്തിന് മഹത്വം

ഭാഗ്യകരമായ നമ്മുടെ പ്രത്യാശ

"
നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്....."  തീത്തൊസ് 2:12

നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം കാത്തിരിക്കുന്നതായ രണ്ടു കാര്യങ്ങളെ ഇവിടെ ഓർമ്മിപ്പിക്കുന്നു. കർത്താവിൻ്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായി മാത്രമല്ല നാം കാത്തിരിക്കുന്നത്, നമ്മുടെ ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും നാം കാത്തിരിക്കുന്നു. നമ്മുടെ ഈ ഭാഗ്യകരമായ പ്രത്യാശ എന്നു പറയുന്നത് നമ്മുടെ കർത്താവിൻ്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ നാം കർത്താവിനോട് സദൃശ്യരായി തേജസ്സ്ക്കരിക്കപ്പെടും എന്നതാണ്. അതിനായി നാം കർത്താവിനെ താൻ ഇരിക്കും പോലെ തന്നെ കാണേണ്ടതുണ്ട്  (1 യോഹന്നാൻ 3:2-3). അതായത് കർത്താവിൻ്റെ വരവിൽ തന്നെ കാണുവാൻ കഴിയുന്നവർ മാത്രമേ കർത്താവിന്നോട് സദൃശ്യരായി തീരുകയുള്ളൂ. ആകയാൽ നമ്മുടെ ജീവിതത്തിൽ കർത്താവിനെ കാണുവാൻ കഴിയുമെന്ന ഉറപ്പും ധൈര്യവുമുള്ളവരായി ജീവിക്കേണം. "പിതാവിനെ കാണിച്ചു തരേണം എന്നാൽ ഞങ്ങൾക്കു മതി" എന്നു ഫിലിപ്പൊസ് പറഞ്ഞതുപോലെ യേശുവിനെ കാണുന്നത് മാത്രം ജീവിതത്തിൽ മതി എന്ന് പറയാനാകണം (യോഹന്നാൻ 14:8). യേശുവിൽ ഭാഗ്യകരമായ ഈ പ്രത്യാശയുള്ള ഒരു വ്യക്തി യേശു നിർമ്മലനായിരിക്കുന്നതു പോലെ തന്നെത്താൻ നിർമ്മലീകരിക്കേണ്ടിയിരിക്കുന്നു (1 യോഹന്നാൻ 3:3). നിഷ്കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനുമായി ദൈവഭക്തനെന്ന് ദൈവത്താൽ സാക്ഷ്യം പ്രാപിച്ച ഇയ്യോബ് തൻ്റെ ജീവിതത്തിൽ തന്റെ നടപ്പിൻ്റെ നിർമ്മലത തൻ്റെ പ്രത്യാശയാക്കി ജീവിക്കുന്നു (ഇയ്യോബ് 4:6 ). ആകയാൽ ഇയ്യോബ് തൻ്റെ ജീവിതത്തിൽ ധൈര്യത്തോടെ പറയുന്നത് തന്നെ വീണ്ടെടുക്കുന്നവൻ വെളിപ്പെടുമ്പോൾ താൻ തന്നെ, അന്യനല്ല തൻ്റെ സ്വന്ത കണ്ണുകൊണ്ട് തന്നെ ആ വീണ്ടെടുപ്പുകാരനെ കാണുമെന്നാണ് (ഇയ്യോബ് 19:25-27). ഏതു നിലയിൽ കർത്താവിനെ കാണാമെന്ന് ഗ്രഹിച്ച് നമ്മെ ക്രമീകരിച്ചാൽ നമുക്കും നമ്മുടെ വീണ്ടെടുപ്പകാരനായ മഹാ ദൈവത്തെ കാണാനാകും.

ഒന്നാമതായി ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാരായി അവർ ദൈവത്തെ കാണും എന്ന് യേശു പറയുന്നു (മത്തായി 5:8). ഹൃദയശുദ്ധി എന്ന് പറയുമ്പോൾ നാമും ദൈവവുമായുള്ള ബന്ധത്തെ അത് കാണിക്കുന്നു. മനുഷ്യൻ തൻ്റെ കണ്ണിനു കാണുന്നതിന് ഏറ്റവണ്ണം പുറമേയുള്ളത് മാത്രമാണ് കാണുന്നത്. എന്നാൽ യഹോവയായ ദൈവമാണ് ഹൃദയത്തെ നോക്കുന്നത് (1 ശമൂവേൽ 16:7). ഇനിയും മനുഷ്യൻ തൻ്റെ ഹൃദയത്തിന് ഏറ്റവണ്ണമേ മനുഷ്യനെ കാണുകയുള്ളൂ (സദൃശവാക്യങ്ങൾ 27:19). മഞ്ഞപ്പിത്തം പിടിച്ചവൻ എല്ലാം മഞ്ഞനിറത്തിൽ കാണുന്നതുപോലെ തന്നെ. ആകയാൽ  ഈ കപടവും വിഷമവുമുള്ള ഹൃദയത്തെ ആരാഞ്ഞറിയുവാൻ ദൈവത്തിനല്ലാതെ ആർക്കും കഴികയില്ല. ദൈവം ഹൃദയങ്ങളെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് അറിയുന്നു (യിരെമ്യാവ് 17:9-10).  മാത്രമല്ല ദൈവം സർവ്വഹൃദയങ്ങളെയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കുകയും ചെയ്യുന്നവരാണ് (1 ദിനവൃത്താന്തം 28:9). നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം സ്നാനത്താൽ പാപമോചനം ലഭിച്ചവരായി പരിശുദ്ധാത്മാവിനെ പ്രാപിക്കുമ്പോൾ (അപ്പൊ. പ്രവൃത്തി 2:28) ഹൃദയങ്ങളെ അറിയുന്ന ദൈവം വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു എന്ന് ആത്മാവിനെ നൽകിക്കൊണ്ട് സാക്ഷി നിൽക്കുന്നു (അപ്പൊ. പ്രവൃത്തി15:8). തുടർന്ന് നാം ശുദ്ധഹൃദയവും നിർമ്മല മനസ്സാക്ഷിയും ഉള്ളവരായി ദൈവമുമ്പാകെ ജീവിക്കേണം (1 തിമൊഥെയൊസ് 1:5).

എന്നാൽ നാം ആദാമിനെ പോലെ നമ്മുടെ ലംഘനം മൂടി അകൃത്യം മാർവിടത്ത്  മറച്ചുവയ്ക്കുന്നവരായാൽ (ഇയ്യോബ് 31:33) അഥവാ ഹൃദയത്തിൽ അകൃത്യം കരുതുന്നവരായി ജീവിച്ചാൽ (സങ്കീർത്തനം 66:18) ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നത് നമ്മെ അശുദ്ധരാക്കും എന്നു യേശു പറയുന്നു (മർക്കൊസ് 7:21). അശുദ്ധമായത് യാതൊന്നും പ്രവർത്തിക്കുന്നവർ ആരും ദൈവത്തിന്റെ നിത്യരാജ്യത്തിൽ പ്രവേശിക്കയില്ല (വെളിപ്പാട് 21:27). അതുകൊണ്ട് ദൈവത്തോട് പാപം ചെയ്ത ദാവീദ് തൻ്റെ അകൃത്യങ്ങളെ ഒക്കെയും മായ്ച്ചു കളഞ്ഞ് നിർമ്മലമായ ഒരു ഹൃദയം തരണമേ എന്ന് പ്രാർത്ഥിച്ചതുപോലെ (സങ്കീർത്തനം 51:9-10) നാമും ദൈവത്തോട് പ്രാർത്ഥിക്കേണം.  എന്നാൽ ദുർമനസാക്ഷി നീങ്ങുമാറ് ഹൃദയത്തിൽ യേശുവിന്റെ രക്തം തളിക്കപ്പെട്ടവരാകും (എബ്രായർ 10:22). ദൈവം നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി യേശുവിന്റെ രക്തത്താൽ നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാൻ 1:7,9) ദൈവം നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നാം പാപമൊഴിഞ്ഞ് നിർമ്മലരായിരിക്കുന്നു എന്ന് നമുക്ക് പറയാം (സദൃശവാക്യം 20:9).

എന്നാൽ നമ്മുടെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ല എങ്കിൽ (അപ്പൊ. പ്രവൃത്തി 8:21) നമ്മുടെ കർത്താവിനാൽ നാം കഴുകപ്പെടാത്തതിനാൽ നമുക്ക് കർത്താവിനോടുകൂടെ പങ്കും ഓഹരിയും ഇല്ലാതാകും (യോഹന്നാൻ 13:8), നാം നശിച്ചു പോകും. ഒരുപക്ഷേ മനുഷ്യരുടെ നോട്ടത്തിൽ നാം ഭക്തരും കർത്താവിന്റെ മുമ്പിൽ നിൽപ്പാൻ പ്രാപ്തരുമായി എടുത്തുകൊള്ളപ്പെടുവാൻ യോഗ്യരായി തോന്നിയേക്കാം. എന്നാൽ ഹൃദയങ്ങളെ നോക്കുന്ന ദൈവം നമ്മുടെ ഹൃദയം ദൈവസന്നിധിയിൽ നിർമ്മലമായതല്ലായെങ്കിൽ നമ്മെ ആ ശ്രേഷ്ഠമായ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാതെ തള്ളിക്കളയും (1 ശമുവേൽ 16:7-10), നാം കൈവിടപ്പെട്ടുപോകും. ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നാണ് വായ് സംസാരിക്കുന്നതെന്ന് യേശു പറയുന്നു (മത്തായി 12:34). ആകയാൽ അകൃത്യം കരുതാത്ത ഹൃദയത്തിൽ നിന്ന് (സങ്കീർത്തനം 66:18), കപടമില്ലാത്ത അധരങ്ങളിൽ നിന്നു തന്നെ പുറപ്പെടുന്ന കപടമില്ലാത്ത പ്രാർത്ഥന ദൈവം കേട്ടിട്ട് (സങ്കീർത്തനം 17:1 ) ദൈവം നമ്മെ മനുഷ്യപുത്രനു മുൻപിൽ നിൽപ്പാൻ പ്രാപ്തരാക്കിയിട്ട് (ലൂക്കൊസ് 21:36) നാം നമ്മുടെ ദൈവമായ കർത്താവിനെ കാണും.

രണ്ടാമതായി എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിക്കേണം. കാരണം ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രായർ 12:14). ഇവിടെ നാമും മറ്റുള്ളവരും തമ്മിലുള്ള ശുദ്ധീകരണത്തെ കാണിക്കുന്നു. മറ്റുള്ള മനുഷ്യർ നമ്മുടെ പ്രതിയോഗികളായി തീരത്തക്കവണ്ണം മറ്റുള്ളവർക്ക് ദോഷം ചെയ്യുന്ന അവസ്ഥ പലപ്പോഴും നമ്മിൽ ഉണ്ടാകുന്നു. അതിനാൽ നാം കുറ്റക്കാരായിട്ട് ന്യായാധിപനാൽ തടവിലാക്കപെടേണ്ടുന്ന വിധത്തിൽ ജീവിക്കുന്നവരാകും (മത്തായി 5:23-26). നമ്മുടെ വാക്കിലോ പ്രവൃത്തിയിലോ എന്തെങ്കിലും തരത്തിൽ മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നാം അവരോട് ക്ഷമ ചോദിച്ച് നിരന്നു കൊള്ളുവാൻ നമുക്ക് ഇടയാകണം. അങ്ങനെ നിരപ്പ് പ്രാപിച്ചിട്ട് മാത്രമേ ദൈവസന്നിധിയിൽ വരാവൂ (മത്തായി 5.24). മറുഭാഗത്ത് ആരെങ്കിലും തങ്ങളുടെ തെറ്റ് സംബന്ധിച്ച് ക്ഷമ ചോദിച്ചാൽ അവരോട് മന:പ്പൂർവമായി ക്ഷമിക്കുകയും വേണം. എത്ര പ്രാവശ്യമായാലും മാനസാന്തരപ്പെടുന്നു എന്ന് പറഞ്ഞാൽ ക്ഷമിക്കണം (ലൂക്കൊസ് 17:3-4). നാം ഹൃദയപൂർവ്വം മറ്റുള്ളവരോട് ക്ഷമിച്ചാലേ ദൈവം നമ്മോടും ക്ഷമിക്കുകയുള്ളൂ (മത്തായി 18:35). എന്നാൽ തൻ്റെ കൂട്ടുകാരനോട് വ്യാജ്യം കാണിച്ചുകൊണ്ട് കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ സംസാരിക്കുന്നവരും ഉണ്ട് (സങ്കീർത്തനം 12:2). പുറമേ ആടുകളുടെ വേഷം ധരിച്ച് അകമേ കടിച്ചുകീറുന്ന ചെന്നായ്ക്കളെ പോലെയുള്ളവർ (മത്തായി 7:15). ഇവർ അന്തരംഗത്തിൽ സഹോദരനു വിരോധമായി നാശകരമായത് കരുതിക്കൊണ്ട് നാവുകൊണ്ട് മധുരവാക്കു പറയുന്നവരായി കാണപ്പെടുന്നു (സങ്കീർത്തനം 5:9). അധരങ്ങളാൽ തേൻ പോലെ മധുരമായും എണ്ണപോലെ മൃദുവായും സംസാരിക്കുന്നു. പിന്നത്തേതിൽ കാഞ്ഞിരം പോലെ കൈപ്പും ഇരുവായ്തല വാൾ പോലെ മൂർച്ചയും ഉള്ളവരായി ദോഷം ചെയ്യുന്നവരായി ഇവർ മാറും (സദൃശവാക്യം 5:3-4). എന്നാൽ നാം ചെയ്തിരിക്കുന്നതുപോലെ ദൈവം നമ്മോടും ചെയ്യുന്ന ഒരു അവസരം വന്നാൽ (ഓബദ്യാവ് 1:15), സർവ്വശക്തൻ നമ്മിൽ അത്യന്തം കൈപ്പായത് പ്രവർത്തിച്ചാൽ  (രൂത്ത് 1:20) തീർച്ചയായും നമ്മുടെ ജീവിതം ദുരിതപൂർണമാകും. ആകയാൽ ആരോടും കൈപ്പായിരിക്കാതെയും ആർക്കും ദോഷം ചെയ്യാതെയും നാം ജീവിക്കേണം (കൊലൊസ്സ്യർ 3:19). എന്നാൽ നമുക്ക് ദൈവസന്നിധിയിൽ ചെല്ലുവാൻ സാധിക്കും (സങ്കീർത്തനം 15:2-4). യേഹൂ യോനാദാബിനോട് ചോദിക്കുന്നതുപോലെ പരമാർത്ഥഹൃദയം ഉള്ളവരായി ഹൃദയം ഹൃദയത്തോട് ചേർന്നിരിക്കുന്ന അവസ്ഥ നമ്മിൽ ഉണ്ടാകട്ടെ (2 രാജാക്കന്മാർ 10:15). പെന്തെക്കൊസ്ത് സഭകളിലെ ആദ്യകാല വിശ്വാസികൾ തമ്മിൽ കാണുമ്പോൾ സ്തോത്രം പറഞ്ഞു കൈ കൊടുക്കുമായിരുന്നത് അവരുടെ ഹൃദയ  പരമാർത്ഥതയോടെയുള്ള കൂട്ടായ്മയുടെ ഐക്യതയെ കാണിക്കുന്നതായിരുന്നു. ഈ കാലത്തും തമ്മിൽ തമ്മിൽ സമാധാനം ആചരിച്ച് ഹൃദയത്തെ ശുദ്ധീകരിച്ചുകൊണ്ട് ജീവിക്കാം.  അങ്ങനെ ഹൃദയ പരമാർത്ഥതയോടെ ജീവിച്ചാൽ ദൈവം നമ്മിൽ പ്രസാദിക്കും (1 ദിനവൃത്താന്തം 29:17).

പുനരുത്ഥാനത്തിനായി ആശയോടെ കാത്തിരിക്കുന്ന പൗലോസ് അപ്പൊസ്തലൻ തൻ്റെ പ്രത്യാശ നിമിത്തമായി ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായിപ്പോഴും ഉണ്ടായിരിപ്പാൻ ശ്രമിക്കുന്നു (അപ്പൊ. പ്രവൃത്തി 24:15-16). അതിനാൽതന്നെ തന്റെ ജീവിതത്തിൽ ഓരോ ദിവസവും കേവലം നല്ലമനസാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടക്കുവാൻ തനിക്ക് കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 23:1). ദൈവം സർവ്വശക്തിയുള്ള ദൈവമാകയാൽ അബ്രഹാമിനോടു താൻ ആവശ്യപ്പെടുന്നത്  അബ്രഹാമിന് വേണ്ടി ദൈവം പ്രവർത്തിക്കുവാൻ ദൈവമുമ്പാകെ നടന്ന് നിഷ്കളങ്കൻ ആയിരിക്ക എന്നാണ് (ഉല്പത്തി 17:1). അങ്ങനെ ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പ്പോഴും ഉണ്ടാകുവാൻ ശ്രമിച്ചുകൊണ്ട് ജീവിക്കാം. അങ്ങനെയെങ്കിൽ ദൈവമുമ്പാകെ ശുദ്ധഹൃദയവും നിർമ്മല മനസ്സാക്ഷിയും ഉള്ളവരായി കാണപ്പെടും (1 തിമൊഥെയൊസ് 1:4). അതിനാൽ ദൈവം നമ്മെ ശുദ്ധീകരിക്കുക മാത്രമല്ല നാം ദൈവത്താൽ നീതീകരണവും പ്രാപിക്കുന്നു (1 കൊരിന്ത്യർ 6:11). ആർക്കും കുറ്റം ചുമത്തുവാനോ ശിക്ഷ വിധിക്കുവാനോ കഴിയാതവണ്ണം ശുദ്ധരായവരെയാണ് ദൈവം തെരഞ്ഞെടുത്ത് നീതീകരിക്കുന്നത്. (റോമർ 8:33) ആകയാൽ നാം നീതിയിൽ ദൈവത്തിന്റെ മുഖം കാണത്തക്കവണ്ണം യോഗ്യരായി പുനരുത്ഥാനത്തിൻ്റെ പ്രഭാതത്തിൽ ഉണർന്ന് ദൈവത്തെ കാണുവാൻ ഇടയാകും (സങ്കീർത്തനം 17:15). ഇങ്ങനെ കർത്താവിൻ്റെ വരവിങ്കൽ നാം കർത്താവിനെ കാണുന്നവരും തന്നോട് സദൃശ്യരായി തീരുന്നവരും ആകതക്കവണ്ണം ഭാഗ്യകരമായ പ്രത്യാശയുള്ളവരായി ജീവിക്കുവാൻ ദൈവമായ കർത്താവ് നമ്മെ ഏവരെയും സഹായിച്ച് ഒരുക്കുമാറാകട്ടെ.