നിത്യതയിലേയ്ക്കുള്ള ഓട്ടം (യെശയ്യാവ് 40:31)

ദൈവത്തിന് മഹത്വം

നിത്യതയിലേയ്ക്കുള്ള ഓട്ടം

"എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെ പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും." യെശയ്യാവ് 40:31

ഒരു മനുഷ്യന് തൻ്റെ ജീവിതത്തിൽ സ്വയമായി ചെയ്യാവുന്ന അഞ്ച് കാര്യങ്ങളെ നമുക്കറിയാം.

1.കിടക്കുക
2.ഇരിക്കുക
3.നിൽക്കുക
4.നടക്കുക
5.ഓടുക.

ആത്മികമായി ഇവയെ നാം ശ്രദ്ധിക്കുമ്പോൾ ഈ അഞ്ചു അനുഭവങ്ങളിലും ജീവിക്കുന്നവരെ നമ്മുടെ മധ്യേ നമുക്ക് കാണുവാൻ കഴിയും. അവരിൽ ഒന്നാമത് കിടക്കുക എന്നു പറയുന്ന നിലയിൽ മരിച്ചു കിടക്കുന്നവരും ഉറങ്ങിക്കിടക്കുന്നവരും ആണ് (എഫെസ്യർ 5:14). ഒരു കൂട്ടർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായവർ (എഫെസ്യർ 2:1). മറ്റൊരു കൂട്ടർ ആത്മിക ജീവിതത്തിൽ പിന്മാറ്റക്കാരായി പാപികളോട് ചേർന്ന് പാപികളായി ജീവിക്കുന്ന ആത്മീക മരണം സംഭവിച്ചവർ (വെളിപ്പാട് 3:1). അഥവാ മരിച്ചവരെപ്പോലെയായി മരിച്ചവരുടെ ഇടയിൽ കിടന്ന്  ഉറങ്ങുന്നവർ (എഫെസ്യർ 5:14). പിന്മാറ്റത്തിലേക്ക് പോയി ശപിക്കപ്പെട്ടവരായിത്തീർന്ന ഇവരെ മാനസാന്തരത്തിലേക്ക് പുതുക്കുവാൻ കഴിവുള്ളതല്ലാത്തതിനാൽ അവർ നരകയോഗ്യരാകുന്നു (എബ്രായർ 6:4-8). യാതൊരു പ്രത്യാശയുമില്ലാത്ത തള്ളപ്പെടുന്ന കൂട്ടർ. രണ്ടാമത് ഇരിക്കുന്നവർ. ആത്മീയ ജീവിതത്തിൽ ക്ഷീണിച്ചും തളർന്നും ഇരിക്കുന്നവർ (ആവർത്തനം 25:17). പട്ടണത്തിലേക്കുള്ള വഴി അറിയാത്ത മൂഡന്മാരായി തങ്ങളുടെ പ്രയത്നങ്ങളിൽ ക്ഷീണിച്ച് തളർന്നു പോകുന്നവർ (സഭാപ്രസംഗി  10:15) സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മാവിനാൽ അത്രേ എന്ന് അറിയാതെ തങ്ങളുടെ പ്രയത്നങ്ങളിൽ ദൈവരാജ്യത്തിൽ ചെന്നെത്തുവാൻ പരിശ്രമിച്ച് ക്ഷീണിച്ചും തളർന്നും ഇരിക്കുന്നവർ (സെഖര്യാവ് 4:6). ഈ കൂട്ടർ ദൈവത്തിൽ ബലപ്പെട്ട് മേൽക്കുമേൽ ബലം പ്രാപിച്ചാൽ സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്താം (സങ്കീർത്തനം 84:5,7) എന്നാൽ അവർ തങ്ങളുടെ ക്ഷീണം നിമിത്തം തളർന്നുപോയിട്ട്  ജീവിതയാത്രയിൽ പിന്നണിയിൽ ബലഹീനരായിത്തീർന്നാൽ പ്രതിയോഗിയായ പിശാചിനാൽ സംഹരിക്കപ്പെടും (ആവർത്തനം 25:17). ഇവർ വലിയ വിശേഷത ഉള്ളവരല്ല.

മൂന്നാമത് നിൽക്കുന്ന അവസ്ഥ. ശീമോനെ പോലെ സ്നാനമേറ്റ് അപ്പൊസ്തലന്മാരോടും ദൈവജനത്തോടും ചേർന്ന് നിൽക്കുന്നവർ (അപ്പൊ. പ്രവൃത്തി 8:13). ഈ കൂട്ടർ ദൈവസഭയോടും ശുശ്രൂഷകരോടും ചേർന്ന് നിൽക്കുന്നവരെങ്കിലും അവരുടെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലാത്തതായി കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടവരായി വഷളത്വം പ്രവർത്തിച്ച് ജീവിക്കുന്നവരാണ് (അപ്പൊ. പ്രവൃത്തി 8:21-23). ഭക്തിയും അഭക്തിയും കൂടിക്കലർന്നതായി ഒരു നാമധേയ ക്രിസ്ത്യാനി എന്ന നിലയിലുള്ള ജീവിതം. അവർ തങ്ങളുടെ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിച്ചാൽ ദൈവം അവരോട് ക്ഷമിക്കും (അപ്പൊ.പ്രവൃത്തി 8:22). അതല്ലായെങ്കിൽ  ഗോതമ്പിനോടുകൂടെ കളകളായി കാണപ്പെടുന്നവരായി ഇവർ കൊയ്ത്തോളും വളരുമെങ്കിലും കൊയ്ത്തുകാലത്ത് കെട്ടുകളായി കെട്ടി ചുട്ടുകളയും എന്നു പറയുന്നു, നരകയോഗ്യരായിത്തീരുന്നു. ( മത്തായി 13:24-30). ഈ കൂട്ടരും വലിയ വിശേഷതയുള്ളവരല്ല. നാലാമത് നടക്കുന്നവരാണ്. തങ്ങളുടെ ആത്മിക ജീവിതത്തിൽ ദൈവത്തോട് കൂടെ നടക്കുന്നവർ (ഉല്പത്തി 5:22).  അവർ ദൈവത്തോട് ചേർന്ന് ജീവിച്ച് ദൈവത്തിൽ നിന്നുള്ള അനുഭവങ്ങളും അനുഗ്രഹങ്ങളുമൊക്കെ പ്രാപിക്കുന്നതിനാൽ ജീവിതത്തിൽ  ദൈവീകമായ വളർച്ചയുള്ളവരായിത്തീരുന്നു (കൊലൊസ്യർ 2:19). ഇവർ വളരെ വിശേഷതയുള്ളവരാണ്.

ഈ നാലു കൂട്ടരെ നാം ചിന്തിക്കുമ്പോൾ ഒന്നാമത്തെ കൂട്ടർ നരകയോഗ്യരായി തള്ളപ്പെട്ടവരാകയാൽ അവരെ ഒഴിവാക്കി ബാക്കി മൂന്ന് കൂട്ടരെ വിശേഷതയുള്ളവരായി കണക്കാക്കാം. ഒന്നാം സങ്കീർത്തനത്തിൽ അവർക്കുള്ള ബുദ്ധിയുപദേശങ്ങളെ നമുക്ക് കാണാം (സങ്കീർത്തനം 1:1). മൂന്നാമത്തെ കൂട്ടർ വളരെ വിശേഷതയുള്ളവരാകയാൽ അവരോടാണ് ഒന്നാമത് പറയുന്നത് അവർ ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കരുത് എന്ന്. ദുഷ്ടത പ്രവർത്തിക്കാനുള്ള ആലോചന അവരുടെ നാശത്തിനായിത്തീരും (2 ദിനവൃത്താന്തം 22:3-4). ആകയാൽ ദൈവത്തിൻ്റെ ആലോചനപ്രകാരം നടന്ന് മഹത്വത്തിൽ പ്രവേശിക്കാൻ ഇടയാകണം (സങ്കീർത്തനം 73:24). ദൈവത്തോടു കൂടെ നടന്നാൽ എടുത്തു കൊള്ളപ്പെടുവാൻ ഇടയാകും (ഉല്പത്തി 5:24). രണ്ടാമതായി അടുത്ത കൂട്ടരോട് പറയുന്നത് പാപികളുടെ വഴിയിൽ നിൽക്കരുത് എന്നാണ്. ദൈവത്തോട് കൂടെ നിൽക്കാത്തവരായ യിസ്രായേൽ ജനം മുടിഞ്ഞു പോയതുപോലെ മുടിഞ്ഞു പോകാതെയിരിക്കാൻ  കാലേബിനെയും യോശുവയെയും പോലെ ദൈവത്തോട് പറ്റി നിൽക്കുന്നവരാകാം (സംഖ്യാപുസ്തകം 32:11-13). മൂന്നാമത്തെ കൂട്ടരോട് പറയുന്നത് പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത് എന്നാണ്. പരിഹാസികളോടു കൂടെ ഇരുന്ന് അവകാശം ലഭിക്കാതെ പുറത്താക്കപ്പെടും എന്നതിനാൽ അത് ചെയ്യരുത് (ഉല്പത്തി 21:9-10). ദൈവം നമ്മോടുകൂടെ എപ്പോഴും ഇരിക്കത്തക്കവണ്ണം നാം ദൈവസന്നിധിയിൽ ഇരിക്കുന്നവരാകണം (പുറപ്പാട് 18:19). ഈ ബുദ്ധിപദേശങ്ങളെ പാലിച്ചനുസരിച്ചാൽ ദൈവസന്നിധിയിൽ ചെന്നെത്താം.

ഇവിടെ പ്രത്യേകമായി നാം ശ്രദ്ധിക്കുമ്പോൾ ഇരിക്കരുത്, നിൽക്കരുത്, നടക്കരുത് എന്നിങ്ങനെ പറയുമ്പോൾ പിന്നെ ശേഷിക്കുന്നത് ഓടുക എന്നതാണ്. മുമ്പേ നാം ചിന്തിച്ചതായ അഞ്ചു കാര്യങ്ങളിൽ അഞ്ചാമത്തേതും ഓടുകയെന്നതാണ്. ക്രിസ്തീയ ജീവിതത്തിലെ വളരെ മുഖ്യമായ ഒരു കാര്യം ഓടുക എന്നതാണ്. പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തു യേശുവിൽ ദൈവത്തിന്റെ പരമ വിളിയുടെ വിരുതനായി ലാക്കിലേക്ക് ഓടുക എന്നുള്ളത് നാം ചെയ്യേണ്ടതായ പ്രാധാന്യമുള്ള ഒരു കാര്യമാണ് (ഫിലിപ്പിയർ 3:14). ആകയാൽ നാം വിരുത് പ്രാപിക്കുവാൻ തക്കവണ്ണം എപ്പോഴും ഓട്ടക്കളത്തിൽ ഓടുന്നവർ ആയിരിക്കണം (1 കൊരിന്ത്യർ 9:24). ഒരു ഓട്ടമത്സരം നടക്കുന്ന സ്ഥലം നാം ശ്രദ്ധിച്ചാൽ ഓട്ടമത്സരത്തിൽ താല്പര്യമില്ലാത്ത അനേകർ ആ സ്ഥലത്തേക്ക് പോലും വരാത്തവരായി കാണാം. എന്നാൽ താല്പര്യമുള്ള വളരെ പേർ കാഴ്ചക്കാരായി അവിടെ കൂടി വന്നിട്ടുണ്ടാകും. പിന്നെ മറ്റുള്ളവരെ ഓടുവാൻ സഹായിക്കുന്ന സംഘാടകരായും പരിശീലകരായും കുറെ പേരും മൈതാനത്തുണ്ടായിരിക്കും. എന്നാൽ വളരെ കുറച്ചു പേർ മാത്രമേ ഓടുവാൻ ആഗ്രഹിച്ച് ഓട്ടക്കളത്തിൽ ട്രാക്കിൽ കാണപ്പെടുകയുള്ളൂ. ഓർക്കണേ, സമ്മാനം കിട്ടാൻ സാധ്യത അഥവാ വിരുത് പ്രാപിപ്പാൻ സാധ്യത ഈ ട്രാക്കിൽ കാണപ്പെടുന്നവർക്ക് മാത്രമാണ്. മറ്റാർക്കും ഒരിക്കലും വിരുത്, കിരീടം ലഭിക്കുകയില്ല. ആകയാൽ നാം തീർച്ചയായും ഓട്ടക്കളത്തിലെ ട്രാക്കിൽ തന്നെ കാണപ്പെടുന്നവരാകുവാൻ ഇടയാകട്ടെ.

ഇനിയും നാം ഓട്ടക്കളത്തിൽ ആണോ അല്ലയോ എന്ന് എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ എബ്രായ ലേഖനത്തിൽ ചില കാര്യങ്ങൾ കാണാം. ഒന്നാമത് സകല ഭാരവും വിട്ട് ഓടുന്നവർ ആകണം (എബ്രായർ 12:1).  ചിന്താഭാരം (2 കൊരിന്ത്യർ 11:28) അഥവ ചിന്തകളാൽ ഭാരപ്പെടുന്നവരാകരുത് (ലൂക്കൊസ് 21:34). പലതിനെ ചൊല്ലി വിചാരപ്പെട്ട് മനസ്സ് കലങ്ങി ഇരിക്കുന്നവരായി (ലൂക്കൊസ് 11:41) ടെൻഷൻ അഥവാ ചിന്താകുലം ഉള്ളവർ ഓട്ടക്കളത്തിൽ ഓടുന്നവരല്ല. നാം ഒന്നിനെക്കുറിച്ചും വിചാരപ്പെടാതെ പ്രാർത്ഥനയാൽ എല്ലാം ദൈവത്തോട് അറിയിക്കുന്നവരാകണം (ഫിലിപ്പിയർ 4:6). സകല ചിന്താകുലങ്ങളും ദൈവത്തിന്മേൽ ഇടുന്നവരാകണം (1പത്രോസ് 5-6).  ദൈവം നമ്മെ പുലർത്തേണ്ടതിന് നമ്മുടെ ഭാരങ്ങളൊക്കെയും യഹോവയുടെ മേൽ വച്ചുകൊണ്ട് ഓട്ടം ഓടുന്നവർ ആകണം (സങ്കീർത്തനം 55:22).

രണ്ടാമത് മുറുകെപ്പറ്റുന്ന പാപം വിട്ട് ഓടണം (എബ്രായർ 12:1). ക്രിസ്തീയ ജീവിതം പാപം കൂടാതെ ജീവിക്കേണ്ടതിനായുള്ളതാണ്. നാം സ്നാനപ്പെടുമ്പോൾ നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെട്ടു കഴുകപ്പെട്ട് പാപമോചനം പ്രാപിക്കുന്നു (അപ്പൊ. പ്രവൃത്തി 2:38). തുടർന്ന് നമ്മിൽ എന്തെങ്കിലും പാപമുണ്ടായാൽ നാമത് ദൈവത്തോട് ഏറ്റുപറഞ്ഞ് യേശുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട് ശുദ്ധീകരണം പ്രാപിക്കുന്നു (1 യോഹന്നാൻ 1:7-9). എന്നാൽ പാപം കൂടാതെ ജീവിക്കുവാൻ കഴിയാത്തവണ്ണം ചില മുറുകെപ്പറ്റുന്ന പാപങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ട്. ഇവയെ സ്വമേധാപാപങ്ങൾ എന്നു പറഞ്ഞിരിക്കുന്നു (സങ്കീർത്തനം 19:13). അത് നമ്മെ മുറുകെപ്പറ്റുന്നത് ആകയാൽ വിട്ടുകളയാൻ കഴിയാതെ സ്വമേധയാ ചെയ്യുന്ന പാപങ്ങളാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചിട്ട് ദൈവം അവയെ നമ്മിൽനിന്ന് അകറ്റി നമ്മെ കാക്കുന്നതിനാൽ നാം പാപം ഇല്ലാത്തവരായി ഓട്ടകളത്തിൽ ഓടുന്നവരാകണം. പാപസ്വഭാവത്തിന് അടിമപ്പെട്ട് പാപത്തിൽ ജീവിക്കുന്നവർ ഓട്ടക്കളത്തിൽ ഓടുന്നവരല്ല. മൂന്നാമത് സ്ഥിരതയോടെ ഓടണം (എബ്രായർ 12:1). സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും ഏറ്റവണ്ണം ചാഞ്ഞും ചരിഞ്ഞും അല്ല, ക്ഷീണിച്ചും തളർന്നുമല്ല, ഉത്സാഹത്തോടും ഊർജ്ജസ്വലതയോടും കൂടെ ഓടുന്നവരാകണം. മറ്റുള്ളവരുടെ നിർബന്ധത്താലും പ്രേരണയാലും അല്ല സ്ഥിരോത്സാഹത്തോടെ വേണം ഓടുവാൻ. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും ഓട്ടക്കളത്തിലും അസ്ഥിരൻ ആയിരിക്കും (യാക്കോബ് 1:8). അവർക്കും ഓട്ടക്കളത്തിൽ ഓടുന്നവരാകുവാൻ സാധ്യമല്ല.

വീണ്ടും ചില കാര്യങ്ങളെ ശ്രദ്ധിച്ചാൽ പിന്നിലുള്ളത് മറന്നുകൊണ്ട് നാം നമ്മുടെ ഓട്ടം ഓടണം (ഫിലിപ്പിയർ 3:14). ജീവരക്ഷയ്ക്ക് ആയിട്ടാണ് ഓടുന്നത് എന്നതിനാൽ വഴിയിൽ നിൽക്കുന്നവരും പുറകോട്ട് നോക്കുന്നവരുമാകരുത് (ഉല്പത്തി 19:17). വിട്ടു പോന്നതിനെയും ഉണ്ടായിരുന്നവരെയും ഓർത്താൽ മടങ്ങി പോകുവാൻ ഇടയാകും (എബ്രായർ 11:15). മാത്രമല്ല കർത്താവ്‌ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുന്നവനാകയാൽ നാം നമ്മുടെ ബലഹീനതകളോ വീഴ്ചകളോ കുറവുകുറ്റങ്ങളോ കഴിവില്ലായ്മകളോ ഒന്നും ഓർക്കുവാൻ ഇടയാകാതെ ഓടുന്നവരാകണം (എബ്രായർ 4:15). അതിനായി കർത്താവിലും തൻ്റെ അമിതബലത്തിലും ശക്തിപ്പെട്ട്  വേണം ഓടുവാൻ. (എഫെസ്യർ 6:10). ഇനിയും മുൻപിലുള്ളതിന് ആഞ്ഞുകൊണ്ട് പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടണം(ഫിലിപ്പിയർ 3:14). ഓട്ടകളത്തിൽ ഓടുന്നവരിൽ ഒരുവനാണ് വിരുതെന്ന ചിന്തയോടെ നാമും പ്രാപിക്കുവാൻ തക്കവണ്ണം ഓടുന്നവരാകണം (1കൊരിന്ത്യർ 9:24). ആരും നമ്മുടെ വിരുത് തെറ്റിക്കുവാനിടയാകരുത് (കൊലൊസ്സ്യർ 2:18). ഈവിധമായ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ജീവിക്കുന്നവരാണ് ഓട്ടകളത്തിൽ ഓടുന്നവരായി കിരീടം ആഗ്രഹിക്കുന്നവർ. അങ്ങനെയുള്ളവർക്ക് തിരുവെഴുത്ത് ഒരു ഭാഗ്യകരമായ പ്രത്യാശ നൽകുന്നത് കർത്താവിന്റെ പ്രത്യക്ഷതയിൽ കിരീടത്തിനായി പ്രിയം വെച്ച ഏവർക്കും ആ കിരീടം ലഭിക്കുമെന്നതാണ്  (2 തിമൊഥെയൊസ് 4:8). അത് എങ്ങനെയെന്ന് താഴെ നമുക്ക് ചിന്തിക്കാൻ ആകും.

ആരംഭത്തിൽ നാം കണ്ട ഒന്നും രണ്ടും മൂന്നും കാര്യങ്ങളായ മനുഷ്യരാൽ സാധിക്കുന്ന കിടക്കുക, ഇരിക്കുക, നിൽക്കുക എന്നിവ വലിയ വിശേഷത ഇല്ലാത്തതും ശ്രദ്ധിച്ചില്ല എങ്കിൽ നാശകരവും ആകുന്ന അനുഭവങ്ങൾ ആകയാൽ പ്രയോജന രഹിതവും സാധാരണവുമായ ഇവയെ ഒഴിവാക്കിയിട്ട് ബാക്കി രണ്ട് കാര്യങ്ങൾ, നടക്കുകയും ഓടുകയും എന്നുള്ള വിശേഷതയുള്ളതുമാത്രം യെശയ്യാവ് നാല്പതാം അധ്യായത്തിൽ പറയുന്നു. കർത്താവിനെ, കർത്താവിൻ്റെ വരവിനെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും എന്നു പറഞ്ഞിട്ടാണ് അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും എന്നു പറയുന്നത്. മാത്രമല്ല മാനുഷിക ശരീരത്തിന് സാധ്യമല്ലാത്ത മറ്റൊരു കാര്യം കൂടെ പറയുന്നത് അവർ കഴുകന്മാരെ പോലെ ചിറകടിച്ച് കയറും അഥവാ പറക്കും എന്നാണ് (യെശയ്യാവ് 40:31). മൺപാത്രങ്ങൾ ആകുന്ന നമ്മുടെ ശരീരത്തിൽ ദൈവം തന്റെ അത്യന്തശക്തി ദാനമായി നൽകിയിരിക്കുന്നു (2 കൊരിന്ത്യർ 4:7). കർത്താവിനായി കാത്തിരുന്നു കൊണ്ട് ഓരോ നാളും ഈ അത്യന്തശക്തിയെ പുതുക്കുമ്പോൾ ക്ഷീണിച്ചു പോകാതെ നടക്കുകയും തളർന്നുപോകാതെ ഓടുകയും ചെയ്തിട്ട് ഒടുവിൽ കർത്താവിലും അവിടുത്തെ അമിതബലത്തിലും ശക്തിപ്പെട്ടു പറക്കുന്നവരായി തീരുന്നു (എഫെസ്യർ 6:10). മിന്നൽ കിഴക്കുനിന്ന് പടിഞ്ഞാറോളം വിളങ്ങുന്നതുപോലെ മനുഷ്യപുത്രന്റെ വരവ് ആകും എന്ന് പറഞ്ഞിട്ട് ശവം ഉള്ളടത്ത് കഴുക്കൾ കൂടുമെന്ന് പറയുമ്പോൾ യേശു വെളിപ്പെടുന്ന നാളിൽ യേശുവിനെ എതിരേറ്റ് തങ്ങളുടെ വിരുത് പ്രാപിക്കുവാനായി ദൈവശക്തിയോടെ ഓടുന്നവർ വിമാനം റൺവേയിൽ ഓടി പറക്കുന്നത് പോലെ കഴുകന്മാരെപ്പോലെ ചിറകടിച്ച് പറന്ന് കർത്താവിന്റെ അടുക്കൽ ചെല്ലും എന്നതാണ് (മത്തായി 24:27-28). അവർ മേൽക്കുമേൽ ബലം പ്രാപിച്ച് അഥവാ ശക്തിയെ പുതുക്കി ദൈവ ശക്തിയാൽ പറന്ന് ദൈവസന്നിധിയിൽ ചെല്ലുന്നു (സങ്കീർത്തനം 84:7). ഇത് ഒരിക്കലും മാനുഷികമായി സാധ്യമായതല്ല എന്നാൽ ദൈവത്താൽ മാത്രം സാധ്യമാകുന്നതാണ് (മർക്കോസ് 10:27).

ഒന്നാം സങ്കീർത്തനത്തിൽ മാനുഷികതയ്ക്ക് വിപരീതമായിട്ടാണ് ഓരോ കാര്യവും പറഞ്ഞിരിക്കുന്നത്. ഇരുന്ന് നിന്ന് നടക്കുന്നതാണ് മാനുഷികത. എന്നാൽ ദൈവീക വീക്ഷണത്തിൽ ആരംഭത്തിൽ നാം കണ്ട ദൈവത്തോട് കൂടെ നടക്ക എന്ന മുഖ്യമായതാണ് ഒന്നാമത് പറഞ്ഞിരിക്കുന്നത്. തുടർന്ന് നിൽക്ക, ഇരിക്ക എന്നിങ്ങനെ താഴോട്ടുള്ള അനുഭവമായി പറയുന്നു . യെശയ്യാവ് നാല്പതാം അധ്യായത്തിലും മാനുഷികമായ നടക്കുക ഓടുക പറക്കുക എന്നല്ല ദൈവികമായി മുഖ്യമായത് പറക്കുന്നതാകയാൽ അത് ആദ്യം പറഞ്ഞിരിക്കുന്നു. പിന്നെ ഓടുക, നടക്കുക എന്നിങ്ങനെ കാണാം. ഈ രണ്ട് അനുഭവങ്ങളിലൂടെയും മാനുഷികമായി നാം ജീവിച്ച്  നടക്കുന്നവരായിരുന്ന് ക്ഷീണിതരായി നിന്നിട്ട് തളർന്നവരായി ഇരിക്കുകയും പറക്കുന്നവർ ആയിരുന്ന് ക്ഷീണിതരായി ഓടുന്നവർ ആയിട്ട്  തളർന്നവരായി നടക്കുന്നവരുമായാൽ ആത്മീയമായി നമ്മുടെ ഈ ജീവിതം പിന്മാറ്റമായി, പരാജയമായി അവസാനിക്കും. ആത്മീകമായി ആരംഭിച്ചിട്ട് ജഡീകതയിൽ, മാനുഷികതയിൽ സമാപിക്കരുത് (ഗലാത്യർ 3:3).ആകയാൽ മാനുഷികതയിൽ ആരംഭിച്ച് ദൈവീകതയിലേക്ക് നടത്തപ്പെടുവാൻ നമുക്കിടയാകട്ടെ. എന്തുകൊണ്ടെന്നാൽ ആത്മീകമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്. ആത്മീകം പിന്നത്തേതിൽ ആണ് വരുന്നത് (1 കൊരിന്ത്യർ 15:46). അതുകൊണ്ട്  അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചു കിടന്ന നാം ക്രിസ്തുവിനൊടുകൂടെ ജീവിപ്പിക്കപ്പെട്ടു രക്ഷിക്കപെടുന്നു (എഫെസ്യർ 2:1, 5). അതിനാൽ നമ്മെ യേശുവിനോടുകുടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗത്തിൽ ഇരുത്തുന്നു (എഫെസ്യർ 2:7). രക്ഷിക്കപ്പെട്ടു സ്‌നാനപ്പെട്ടതിനാൽ നാം സഭയോട്, നടത്തിപ്പുകാരോട് ചേർന്നു നില്കുവാനിടയാകുന്നു  (അപ്പൊ.പ്രവൃത്തി 2:37, 8:13).തുടർന്ന് നമ്മുടെ ഈ ലോകജീവിതത്തിൽ ഉടനീളം നാം ദൈവത്തോടു കൂടെ നടന്നു ജീവിക്കുന്നു (ഉല്പത്തി 5:22). എന്നാൽ നമ്മുടെ ആത്മീക ജീവിതത്തിൽ നമ്മുടെ ഓട്ടം നാം സ്ഥിരതയോടെ ഓടുന്നു (എബ്രായർ 12:1). ഇനി നമ്മുടെ കർത്താവ്‌ പ്രത്യക്ഷനാകുമ്പോൾ നാം തന്റെ അടുക്കലേയ്ക് പറന്നു പോകുവാനിടയാകും (മത്തായി 24:27-28). ആകയാൽ നാം ഇന്ന് ഓടുന്നവരായി തന്നെ കാണപ്പെട്ട് കർത്താവിന്റെ  പ്രത്യക്ഷതയിൽ പറക്കുന്നവർ ആകുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.