ദൈവത്തിന്റെ മനുഷ്യനായുള്ളവൻ (1 കൊരിന്ത്യർ 6:19)

ദൈവത്തിന് മഹത്വം

ദൈവത്തിന്റെ മനുഷ്യനായുള്ളവൻ

"
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരം ആകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ തന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?" 1 കൊരിന്ത്യർ 6:19

നാം ദൈവത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. നമ്മെ വിലയ്ക്ക് വാങ്ങിയത്, വീണ്ടെടുത്തത് ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടാണ് (1 പത്രോസ് 1:19). ആകയാൽ ആ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിച്ചിട്ട് ഇനി നാം തങ്ങൾക്കുള്ളവരല്ലായ്കയാൽ തങ്ങൾക്കായിട്ടല്ല ജീവിക്കേണ്ടത്. നമുക്കായി മരിച്ചു ഉയർത്തെഴുന്നേറ്റവനായ യേശുക്രിസ്തുവിനായി (2 കൊരിന്ത്യർ 5:14-19) അഥവാ ദൈവത്തിനായി തന്നെ ജീവിക്കുന്നവർ ആകണം (ഗലാത്യർ 2:19). ശൂലേംകാരത്തി പറയുന്നതുപോലെ നാം നമ്മുടെ പ്രിയനുള്ളവരായിരിക്കേണം (ഉത്തമഗീതം 2:16). അഥവാ നാം ദൈവത്തിന്റെ മനുഷ്യരായിരിക്കേണം (2 തിമൊഥെയൊസ് 3:16). അങ്ങനെയെങ്കിൽ കർത്താവിന്റെ സ്ഥിരമായ അടിസ്ഥാനമായി, നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമായി കർത്താവ് തനിക്കുള്ളവരെ അറിയും (2 തിമൊഥെയൊസ് 2:19). ദൈവം ഉണ്ടാക്കുവാനുള്ള കർത്താവിൻ്റെ ദിവസത്തിൽ ഇംഗ്ലീഷ് ബൈബിളിൽ വായിക്കുന്നതുപോലെ അവർ ദൈവത്തിനുള്ളവരാകയാൽ അവരെ ദൈവം ആ നിലയിൽ തന്റെ അടുക്കൽ ചേർക്കുവാൻ ഇടയാകും (മലാഖി 3:17).

ദൈവത്തിന്റെ മനുഷ്യനെക്കുറിച്ച് നാം പഠിക്കുമ്പോൾ രണ്ടു കാര്യങ്ങൾ കാണുവാൻ കഴിയും. ഒന്നാമത് ദൈവത്തിൻ്റെ മനുഷ്യൻ വിട്ട് ഓടേണ്ടവയെ ഒക്കെ വിട്ട് ഓടുന്നവൻ ആയിരിക്കണം (1 തിമൊഥെയൊസ് 6:11). നാശപട്ടണം വിട്ട്, നാശലോകം വിട്ട് മോക്ഷ പർവതത്തിലേക്ക്, സീയോൻ പർവതത്തിലേക്ക് സകലവും വിട്ട് ഓടുവാൻ ഇടയാകണം (ഉല്പത്തി 19:16-18). വിട്ടു പോന്നതിനെ ഓർക്കാതെയും (എബ്രായർ 11:5)  പുറകോട്ട് തിരിഞ്ഞ് നോക്കാതെയും (ഉല്പത്തി 19:26) വേണം ഓടുവാൻ. മാത്രമല്ല ഓട്ടം സ്ഥിരതയോടെ തന്നെ ഓടണം (എബ്രായർ 12:1). പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിൻ്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നവർ ആകണം (ഫിലിപ്പിയർ 3:14).

ഇനിയും വിട്ടു ഓടേണ്ടതായ പല കാര്യങ്ങളെയും നമുക്ക് കാണാൻ കഴിയും. നല്ല ഇടയനായ യേശു തൻ്റെ ആടുകളായ നമ്മെ പേർ ചൊല്ലി വിളിച്ച് പുറത്തുകൊണ്ടുവന്നിട്ട് നാം യേശുവിന്റെ ശബ്ദം കേട്ടറിഞ്ഞ് അവനെ പിൻഗമിക്കേണ്ടവരാണ്. അന്യന്മാരുടെ ശബ്ദം നാം അറിയാത്തവർ ആകയാൽ അന്യന്മാരെ വിട്ട് നാം ഓടി പോകണം (യോഹന്നാൻ 10:3-5). നമുക്ക് അന്യരായവർ അഥവാ അന്യരാകേണ്ട അനേകർ ഇന്ന് ക്രിസ്തീയ ഗോളത്തിൽ തങ്ങളുടെ വിശേഷമായ ശബ്ദം കേൾപ്പിച്ച് വശീകരിക്കുവാൻ, വഞ്ചിക്കുവാൻ വന്നിട്ടുണ്ട്. യേശുക്രിസ്തുവിനെ ജഡത്തിൽ വന്ന ദൈവമായവൻ എന്ന് സ്വീകരിക്കാത്ത വഞ്ചകന്മാരായ എതിർക്രിസ്തുക്കളായവർ (2 യോഹന്നാൻ 1:7). അവർ യേശുവിനെ ക്രിസ്തു അല്ല എന്നു സ്ഥാപിക്കുവാനായി പിതാവിനെയും പുത്രനേയും നിഷേധിക്കുന്നു (1 യോഹന്നാൻ 2:22-23). യേശുക്രിസ്തു അത്യുന്നതനായ ദൈവത്തിന്റെ പുത്രൻ എന്നുള്ളതു സ്വീകരിക്കാത്തവരായി ഏകദൈവത്വം പറഞ്ഞു കൊണ്ട് യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന  എതിർ ക്രിസ്തുവിൻ്റെ ആത്മാവ് ഉള്ളവർ (1 യോഹന്നാൻ 4:2-3). കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുവാനായി എഴുന്നേറ്റിരിക്കുന്ന കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും (മത്തായി 24:24). ദൈവത്താൽ അയക്കപ്പെടാത്തവരായി ദൈവനാമത്തിൽ ഭോഷ്കും വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യങ്ങളും സ്വന്തം ഹൃദയത്തിലെ വഞ്ചനയും പ്രവചിക്കുന്ന കള്ളപ്രവാചകന്മാർ ഈ കാലത്തും ഉണ്ട് (യിരെമ്യാവ് 14:14).

മാത്രമല്ല നാശകരമായ മതഭേദങ്ങളെ നുഴയിച്ച് തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറയിച്ചുകൊണ്ട് മറ്റുള്ളവർക്കും തങ്ങൾക്കും ശീഘ്രനാശം വരുത്തുന്ന ദുരുപദേഷ്ടാക്കന്മാർ. അവരുടെ ദുഷ്കാമപ്രവർത്തികളും ദ്രവ്യാഗ്രഹത്താലുള്ള വാണിഭങ്ങളും ഇന്ന് സത്യമാർഗ്ഗത്തെ ദുഷിപ്പിച്ച് ലോകത്തിൽ ക്രിസ്തുമതം അപഹാസ്യമാക്കപ്പെടുന്നു (2 പത്രോസ് 2:1-3). സാത്താൻ താനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നതുപോലെ ഇന്ന് ക്രിസ്തീയ ഗോളത്തിൽ അനേക കപടവേലക്കാരെയും ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിച്ച കള്ള അപ്പൊസ്തലന്മാരെയും കാണാൻ കഴിയും (2 കൊരിന്ത്യർ 11:13-14). ഇനിയും സഭകളിൽ ദൈവമക്കളുടെ ഇടയിൽ നുഴഞ്ഞുകയറി അവരെ അടിമപ്പെടുത്തേണ്ടതിന് വരുന്ന അനേക കള്ള സഹോദരന്മാരും ഉണ്ട് (ഗലാത്യർ 2:4). ദൈവമക്കൾക്കും ദൈവസഭയ്ക്കുതന്നെയും ആപത്തായി മാറുന്ന (2 കൊരിന്ത്യർ 11:26) ആടുകളുടെ വേഷം ധരിച്ചുകൊണ്ട് വരുന്നവരായ കടിച്ചുകീറുന്ന ചെന്നായ്ക്കൾ (മത്തായി 7:15). ഇങ്ങനെ ക്രിസ്തീയ ജീവിതത്തിൽ തങ്ങൾ ഒരിക്കലും പിൻഗമിക്കരുതാത്തവരായി വിട്ട് ഓടിപ്പോരേണ്ടതായ അനേക അന്യന്മാരെ കാണാം. അവരൊക്കെയും ക്രിസ്തുവിൻ്റെ വചനങ്ങളിൽ നിന്ന് നമ്മെ അന്യപ്പെടുത്തി വചനപ്രകാരം ജീവിക്കാത്തവരാക്കി നമ്മെ മാറ്റുവാൻ പ്രയാസപ്പെടുന്നവരാണ്.

നാം വിട്ട് ഓടേണ്ടതായ ചില കാര്യങ്ങളെ കൂടുതലായി ചിന്തിക്കുമ്പോൾ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പരിജ്ഞാനത്താൽ മാത്രം സാധ്യമാകുന്നതായി ലോകത്തിന്റെ മാലിന്യം വിട്ട് ഓടേണ്ടതായ കാര്യം കാണാം (2 പത്രോസ് 2:20). ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന ഉപദേശങ്ങളിൽ മാത്രം ജീവിക്കാതെ ക്രിസ്തുവിനെകുറിച്ചുള്ള ആദ്യവചനം വിട്ട് പരിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതയ്ക്കായി നാം ഉത്സാഹിക്കേണം (എബ്രായർ 6:1-6). അങ്ങനെയുള്ളവർ  ലോകത്തിൽ തങ്ങൾക്ക് ലാഭമായിരുന്നതൊക്കെയും എപ്പോഴും ചേതം എന്നു എണ്ണിക്കൊണ്ട് ക്രിസ്തു നിമിത്തം ലോകത്തിന്റെതെല്ലാം ഉപേക്ഷിച്ച് അതെല്ലാം മാലിന്യമാണ്, ചവറാണ് എന്ന് എണ്ണുന്നവരായിത്തീരും (ഫിലിപ്പിയർ 3:8-11). അവർ വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ പ്രാപിച്ചു ഗ്രഹിച്ച് അവയാൽ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിന് കൂട്ടാളികളായി തീരുവാൻ ഇടയാകും (2 പത്രോസ് 1:4). അവർ ഈ ലോകത്തിന് അനുരൂപരാകാതെയും (റോമർ 12:2) ലോകത്താലുള്ള കളങ്കം പറ്റാതെയും തങ്ങളെതന്നെ കാത്തുകൊള്ളുന്നവരാകും (യാക്കോബ് 1:27). അവർ  ദൈവത്തിന് ശത്രുക്കൾ ആകാതിരിക്കാൻ ഒരിക്കലും ലോകത്തെ സ്നേഹിപ്പാൻ ആഗ്രഹിക്കയില്ല. (യാക്കോബ് 4:4). അവർ ലോകത്തെയും ലോകത്തിലുള്ളതായ ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം മുതലായവയെയും സ്നേഹിക്കാതെ ലോകവും അതിൻ്റെ മോഹവും ഒഴിഞ്ഞുപോകുമെന്നറിഞ്ഞു ദൈവേഷ്ടം ചെയ്യുന്നവരായി ജീവിക്കും (1 യോഹന്നാൻ 2:15-17).

ഇന്ന് ലോകത്തിൽ വളരെ വർദ്ധിച്ചുവരുന്നതായ ഒരു വലിയ പാപമാണ് ദുർന്നടപ്പ്. ദൈവത്തിന്റെ മനുഷ്യൻ അത് വിട്ട് ഓടേണ്ടിയിരിക്കുന്നു (1 കൊരിന്ത്യർ 6:18). എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ തൻ്റെ ഭാര്യയോട് പറ്റിച്ചേർന്ന് അവർ ഒരു ദേഹമായി തീരുന്നതുപോലെ ക്രിസ്തു സഭയോട് ചേർന്ന് സഭയെ തന്റെ ശരീരമാക്കിയിരിക്കുന്നു (എഫെസ്യർ 5:31-32). അതുപോലെതന്നെ ഒരു വ്യക്തി ക്രിസ്തുവിനോട് പറ്റിച്ചേരുമ്പോൾ ക്രിസ്തുവുമായി ഏകാത്മാവ് ആകും (1 കൊരിന്ത്യർ 6:17). നാം ദൈവത്തിനുള്ളവരാകത്തക്കവണ്ണം ദൈവാത്മാവ് നമ്മുടെ ശരീരത്തിൽ വന്നിട്ട് നാം കർത്താവിന്റെ ശരീരമാകുന്നു (1 കൊരിന്ത്യർ 6:18-19). ഇനിയും വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏക ശരീരമാകുന്നു. ഇത് ക്രിസ്തുവിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. കാരണം നമ്മുടെ ശരീരം ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു. അത് വേശ്യയുടെ അവയവങ്ങൾ ആക്കുവാൻ പാടില്ല  (1 കൊരിന്ത്യർ 6:15-16). മനുഷ്യർ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താണ്, എന്നാൽ ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു (1 കൊരിന്ത്യർ 6:18). ഈ പാപം തങ്ങളുടെ വിലയേറിയ ജീവനെ, സ്വന്ത പ്രാണനെ നശിപ്പിക്കുന്നു (സദൃശവാക്യങ്ങൾ 6:26-32). വ്യഭിചാരം മഹാപാതകമാകയാൽ അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീ ആകുന്നു. അത് ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും നിർമൂലമാക്കും (ഇയ്യോബ് 31:9-12). കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗവും ആക്കുന്നവൻ ഇതിൽ നിന്ന് വിടുതൽ പ്രാപിക്കും (സദൃശവാക്യം 6:23-24).

മറുഭാഗത്ത് താൽക്കാലിക ഭോഗതൃപ്തി സുഖമെന്നുവെച്ച് സ്നേഹസദ്യകളിൽ വിരുന്നു കഴിഞ്ഞ് പുളയ്ക്കുന്ന കറകളും കളങ്കങ്ങളുമായ ശാപയോഗ്യരായ പുരുഷന്മാരും ഈ കാലത്ത് വളരെയുണ്ട്. അവർ പാപം കണ്ടു തൃപ്തിപ്പെടാത്ത കണ്ണുള്ളവരായി കാമാർത്തിയോടെ നടന്ന് സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരാണ് (2 പത്രോസ് 2:13-14). വിധവമാരുടെ വീടുകളെ വിഴുങ്ങുന്നവർ ആയിരുന്ന് ഏറ്റവും വലിയ ശിക്ഷാവിധിക്ക് അവർ യോഗ്യരാകും (ലൂക്കൊസ് 20:47).  ഈവിധമായ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും (എബ്രായർ 13:4). ദുർന്നടപ്പ് വിട്ട് ഒഴിയുന്നില്ല എങ്കിൽ ഈ പാപത്തിന് ഒക്കെയും പ്രതികാരം ചെയ്യുന്നത് കർത്താവാണ് (1 തെസ്സലൊനീക്യർ 4:4-6). എന്നാൽ ദൈവത്തിനു പ്രസാദമുള്ള ദൈവത്തിന്റെ മനുഷ്യൻ ഈ ദുർന്നടപ്പ് എന്ന ദുർഭൂതത്തെ വിട്ടൊഴിഞ്ഞ് ഓടിപ്പോയി രക്ഷപ്പെടും (സഭാപ്രസംഗി 7:26).

വീണ്ടും നാം വിഗ്രഹാരാധന വിട്ടു ഓടുവിൻ എന്നു കാണുന്നു (1 കൊരിന്ത്യർ 10:14). ഇവിടെ പറയപ്പെടുന്നത് വിഗ്രഹാർപ്പിതം തിന്നരുത് എന്നാണ്. കാരണം ജാതികൾ ബലി അർപ്പിക്കുന്നത് ഭൂതങ്ങൾക്കാകയാൽ നാം വിഗ്രഹാർപ്പിതങ്ങൾ തിന്ന് ഭൂതങ്ങളുടെ കൂട്ടാളികൾ ആകരുത്. (1 കൊരിന്ത്യർ 10:19-22). ഇന്ന് മതസൗഹാർദ്ദത്തിന്റെ പേരിൽ ഈ കാര്യത്തിൽ വലിയ ഗൗരവം കാണിച്ചു വിഗ്രഹാർപ്പിതങ്ങൾ ഭക്ഷിക്കുന്ന അനേക ക്രിസ്ത്യാനികൾ ഉണ്ട്. ആദ്യ നൂറ്റാണ്ടിലെ സഭയിൽ ജാതികളിൽ നിന്ന് ദൈവത്തിങ്കലേക്ക് വന്നവർക്കുള്ള വ്യക്തമായ നിർദ്ദേശങ്ങളിൽ ഒന്നാമത്തേത് വിഗ്രഹമാലിന്യങ്ങൾ, വിഗ്രഹാർപ്പിതം വർജ്ജിച്ചിരിക്കണം എന്നാണ് (അപ്പൊ. പ്രവർത്തി 15:19-20, 28). ആകയാൽ നാം വിഗ്രഹാരാധനയും വിഗ്രഹാർപ്പിതങ്ങളും ഉപേക്ഷിക്കേണം. കാരണം അങ്ങനെ ചെയ്തില്ല എങ്കിൽ നാം ദൈവത്തിന് ക്രോധം ജ്വലിപ്പിക്കുന്നവരാകുമെന്നാണ് (1 കൊരിന്ത്യർ 10:22). സീനായി മലയിൽ ദൈവം പത്തു കല്പനകളെ കൊടുക്കുമ്പോൾ യാതൊരു വിഗ്രഹം ഉണ്ടാക്കരുത് എന്നും അവയെ ഉണ്ടാക്കി നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യുന്നവർ ദൈവത്തെ പകയ്ക്കുന്നവർ ആണെന്നും എഴുതിയിരിക്കുന്നു. ആകയാൽ അവരോട് ദൈവം തീഷ്ണതയുള്ള ദൈവമായി നാലാംതലമുറവരെ അവരുടെ അകൃത്യം സന്ദർശിക്കുമെന്നു പറയുന്നു (പുറപ്പാട് 20:4-5). പ്രതിമയായ വിഗ്രഹം ഉണ്ടാക്കരുതെന്ന് പറയുമ്പോൾ ഹോരെബിൽ ദൈവം ജനത്തോട് സംസാരിച്ചപ്പോൾ ദൈവത്തിൻ്റെ രൂപം ഒന്നും ആരും കണ്ടില്ല (ആവർത്തനം 4:15-19). ആകയാൽ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കി (പുറപ്പാട് 32:4-5) അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുതെന്നാണ് (ആവർത്തനം 10:8-9).

യാതൊരു പ്രതിമയെയും ഉണ്ടാക്കരുത് എന്ന് പറഞ്ഞ ദൈവം കെരൂബുകളെയും (പുറപ്പാട് 25:18) തിരശ്ശീലയിൽ ചിത്രപ്പണിയായ കെരൂബുകളെയും (പുറപ്പാട് 26:31) അഹരോന്റെ വസ്ത്രവിളുമ്പിൽ നൂലുകൊണ്ട് മാതളപ്പഴവും പൊന്നുകൊണ്ടു മണിയും ഉണ്ടാക്കുവാൻ പറയുന്നു (പുറപ്പാട് 28:33). യേശുവിന് നിഴലായി (യോഹന്നാൻ 3:14) മരുഭൂമിയിൽ മോശ ദൈവകല്പനയാൽ താമ്രസർപ്പത്തെ ഉണ്ടാക്കുന്നു (സംഖ്യാപുസ്തകം 21:8). ആകയാൽ എന്തെങ്കിലും രൂപങ്ങളോ പ്രതിമകളോ ഉണ്ടാക്കരുത് എന്നല്ല അവയെ നമസ്കരിക്കുവാനായി ഉണ്ടാക്കി പ്രതിഷ്ഠിക്കരുത് എന്നാണ് ഉദ്ദേശിക്കുന്നത്. വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കുന്ന കൂട്ടത്തിൽ യിസ്രായേൽ മക്കൾ താമ്രസർപ്പത്തിന് ധൂപം കാട്ടിയിരുന്നതിനാൽ താമ്രസർപ്പത്തെയും ദൈവഭക്തനായ ഹിസ്കിയാവ് നശിപ്പിക്കുന്നു (2 രാജാക്കന്മാർ 18:4). കല്ല് സ്തംഭമായി നാട്ടരുത് എന്ന് പറയുമ്പോൾ നമസ്കരിക്കുവാനായി നാട്ടരുത് എന്നാണ് (ലേവ്യപുസ്തകം 26:1). യോശുവ യോർദ്ദാന്റെ നടുവിലും ഗിൽഗാലിലും കല്ല് നാട്ടുന്നതായി കാണാം (യോശുവ 4:9, 20). അത് ദൈവം കല്പിച്ചിട്ട് അടയാളമായിട്ടാണ്, നമസ്കരിക്കാൻ ആയിട്ടല്ല നാട്ടിയത്. ആകയാൽ സേവിക്കുവാനായോ നമസ്കരിച്ചു വണങ്ങുവാനായോ വിഗ്രഹത്തെയോ പ്രതിമയേയോ ഉണ്ടാക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരോട് ദൈവം  ദഹിപ്പിക്കുന്ന അഗ്നിയായി തീഷ്ണതയുള്ള ദൈവമാണ്. ആകയാൽ നാം വിഗ്രഹാരാധന വിട്ടു ഓടുവാൻ ഇടയാകട്ടെ (ആവർത്തനം 4 :15-19,23-24).

വിഗ്രഹാരാധനയുടെ മറ്റ ചില വശങ്ങൾ നാം ശ്രദ്ധിച്ചാൽ ദൈവം വിഗ്രഹാരാധനയോട് എതിരായി തീഷ്ണതയുള്ള ദൈവമായിരിക്കെ യിസ്രായേൽ ജനം ആലയത്തിൽ തീഷ്ണത ജനിപ്പിക്കുന്ന തിഷ്ണതാബിംബത്തെ വച്ചിരിക്കുന്നതായി വായിക്കുന്നു (യെഹെസ്കേൽ 8:3-5). അത് മഹാമ്ലേച്ഛതയാകയാൽ ദൈവം തൻ്റെ വിശുദ്ധമന്ദിരം വിട്ടു പോകും എന്നു പറയുന്നു (യെഹെസ്കേൽ 8:6). എന്തുകൊണ്ടെന്നാൽ ദൈവഹിതത്തിന് വിപരീതമായുള്ള നമ്മുടെ ആത്മീയ തീഷ്ണതയും ദൈവം വെറുക്കുന്ന വിഗ്രഹാരാധനയായി മാറുന്നു. ഉദാഹരണത്തിന് ഗിബെയോന്യരെ കൊല്ലുകയില്ല എന്ന് യോശുവ അവരോട് ഉടമ്പടി ചെയ്തിരിക്കെ (യോശുവ 9:15) ശൗൽ രാജാവ് തന്റെ എരിവിൽ അഥവാ തീഷ്ണതയിൽ ഗിബെയോന്യരെ കൊന്നതിനാൽ ദൈവകോപമുണ്ടായിട്ട് ദേശത്ത് ക്ഷാമമുണ്ടാകുന്നു (2 ശമുവേൽ 21:1-2).

ഇനിയും നാം ദൈവ കല്പനകളെ അനുസരിക്കാതിരിക്കുമ്പോൾ ദുശാഠ്യം കാണിക്കുന്നവരും മത്സരിക്കുന്നവരുമായിത്തീരുന്നു (നെഹമ്യാവ് 9:16-17). ഈ ശാഠ്യത്താൽ നാം മിഥ്യാപൂജയും വിഗ്രഹാരാധനയും ഉള്ളവരായി മാറുന്നു (1 ശമുവേൽ 15:23). യിസ്രായേൽ മക്കൾ കാളക്കുട്ടിയെ വാർത്തുണ്ടാക്കിയപ്പോൾ ദൈവം പറഞ്ഞത് അവർ ദുശാഠ്യം ഉള്ള ജനം ആകുന്നു എന്നാണ് (പുറപ്പാട് 32:8-9) അഥവാ അവരുടെ ദുശാഠ്യമാണ് വിഗ്രഹാരാധനയായി മാറിയത്. പിന്നെയും ദ്രവ്യാഗ്രഹവും (എഫെസ്യർ 5:5)   അത്യാഗ്രഹവുമെല്ലാം (കൊലൊസ്സ്യർ 3:5) വിഗ്രഹാരാധനയായി  പറയപ്പെട്ടിരിക്കുന്നു. "ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു" എന്ന യിസ്രായേൽ മക്കളുടെ പ്രവൃത്തിയും  വിഗ്രഹാരാധനയായി പറയപ്പെടുന്നു (1 കൊരിന്ത്യർ 10:7 ). ആകയാൽതന്നെ ജഡത്തിന്റെ പ്രവൃത്തികളിൽ വിഗ്രഹാരാധനയും വരുന്നു (ഗലാത്യർ 5:19). കാരണം ലജ്ജയായതിൽ അവർക്ക് മാനം തോന്നത്തക്കവണ്ണം അവർ തങ്ങളുടെ വയറിനെ ദൈവമാക്കുന്നു (ഫിലിപ്പിയർ 3:19). ആകയാൽ അതും വിഗ്രഹാരാധനയാകുന്നു. ഈവിധമായ എല്ലാ വിഗ്രഹാരാധനയെയും വിട്ട് നാം ഓടേണ്ടിയിരിക്കുന്നു.

തുടർന്ന് നാം ശ്രദ്ധിക്കുമ്പോൾ യൗവന മോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവരായിരിക്കേണമെന്ന് പറയുന്നു (2 തിമൊഥെയൊസ് 2:22). ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠമായ കാലമാണ് യൗവനകാലം. അക്കാലത്തുള്ള ഭക്തിയെ ദൈവം പ്രത്യേകമായി ഓർക്കുന്നതായി കാണാം (യിരെമ്യാവ് 2:2). മാത്രമല്ല യൗവനകാലത്ത് നമ്മുടെ സൃഷ്ടാവിനെ ഓർത്തു കൊള്ളുക എന്ന് നമ്മോട് ആവശ്യപ്പെടുന്നു (സഭാപ്രസംഗി 12 :1).  നാം നമ്മുടെ യൗവനത്തിൽ നമുക്ക് ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്ന് സന്തോഷിച്ചു ജീവിക്കാമെങ്കിലും അതൊക്കെയും നിമിത്തം ദൈവം നമ്മെ ന്യായവിസ്താരത്തിലേക്ക് വരുത്തും എന്നു പറയുന്നു (സഭാപ്രസംഗി 11:9). ദൈവം യൗവനത്തിലെ അകൃത്യങ്ങൾ ഒക്കെയും  എഴുതിവെച്ചിരിക്കയാൽ അതിനേറ്റവണ്ണം നാം അനുഭവിക്കേണ്ടിവരും (ഇയ്യോബ് 13:26). ഇംഗ്ലീഷ് ബൈബിളിൽ വായിക്കുമ്പോൾ നമ്മുടെ അസ്ഥികളിൽ യൗവനകാലത്തെ പാപം നിറഞ്ഞിരുന്നിട്ട് മരണാനന്തരം ആ പാപങ്ങൾ നമ്മോടുകൂടെ പൊടിയിൽ കിടക്കുന്നതായി കാണാം (ഇയ്യോബ് 20:11). തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിൽ ചുമന്നുകൊണ്ട് പാതാളത്തിൽ കിടക്കുന്നതായും കാണുന്നു (യെഹെസ്കേൽ 32:27). മാത്രമല്ല പിന്നീട് അവയൊക്കെയും ന്യായവിസ്താര ദിവസത്തിൽ നമ്മുടെ മേൽ വരുവാനിടയാകും (സഭാപ്രസംഗി 11:9). ആകയാൽ നമ്മുടെ യൗവനകാലത്ത് സൃഷ്ടാവായ ദൈവത്തെ മറന്നു യൗവനമോഹങ്ങൾക്കേറ്റവണ്ണം ജീവിച്ച് ദൈവത്തിൽ നിന്ന് അകന്നു പോകാതെ യൗവനത്തിൽ കൂടുതൽ ദൈവഭക്തരായി ജീവിക്കത്തക്കവണ്ണം നാം നമ്മുടെ യൗവന മോഹങ്ങളെ വിട്ട് ഓടുന്നവർ ആകട്ടെ. നമ്മുടെ യൗവനം ആരും തുച്ഛീകരിക്കാതെ നാം ദൈവത്തിൻ്റെ മനുഷ്യനായി എല്ലാവർക്കും മാതൃകയായി ജീവിക്കാൻ ഉത്സാഹിക്കാം (1 തിമൊഥെയൊസ് 4:12 ).

ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമായി അതിനാൽ വിശ്വാസം വിട്ടുഴന്ന് ബഹുദുഖങ്ങൾക്ക് അധീനരായിത്തീരും എന്നുള്ളതിനാൽ ദൈവത്തിന്റെ മനുഷ്യൻ ദ്രവ്യാഗ്രഹത്തെ വിട്ട് ഓടേണ്ടിയിരിക്കുന്നു (1 തിമൊഥെയൊസ് 6:10 - 11). നമ്മുടെ ധനം കഴുകനെപ്പോലെ ചിറകെടുത്ത് പറന്നു പോകുമെന്നുള്ളതിനാൽ  ധനവാൻ ആകുവാൻ പണിപ്പെടരുത് എന്നു പറയുന്നു. (സദൃശവാക്യം 23:4-5). മാത്രമല്ല ധനവാൻ ആകുവാൻ ബദ്ധപ്പെടുന്നവനു ശിക്ഷയുണ്ടാകുമെന്നും വായിക്കുന്നു (സദൃശവാക്യം 28:20). കാരണം നമ്മുടെ അധ്വാനത്താലല്ല യഹോവയുടെ അനുഗ്രഹത്താൽ ആണ് സമ്പത്ത് ഉണ്ടാകേണ്ടത് (സദൃശവാക്യം 10:22). ആകയാൽ നമ്മുടെ നടപ്പ് ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ. ദൈവം നമ്മെ കൈവിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല. ആകയാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുവാൻ ഉത്സാഹിക്കാം (എബ്രായർ 13:5).  പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വർഗത്തിൽ നമ്മുടെ നിക്ഷേപങ്ങൾ സ്വരൂപിക്കേണ്ടവരാണ് നാം (മത്തായി 6:19-21). ആകയാൽ അക്ഷരീകമായ നശിച്ചുപോകുന്നതും നിത്യതയിൽ പ്രയോജനം ഇല്ലാത്തതുമായ സമ്പത്തിനായി പ്രയാസപ്പെട്ട് മൂഢരാകാതെ ദൈവവിഷയമായി സമ്പന്നരാകുവാൻ ഉത്സാഹിക്കുന്നവരാകട്ടെ (ലൂക്കൊസ് 12:20-21).

രണ്ടാമതായി ഇങ്ങനെ വിട്ട് ഓടേണ്ടവയെ എല്ലാം വിട്ടോടുന്ന ദൈവത്തിൻ്റെ മനുഷ്യൻ താൻ ദൈവത്തിൻ്റെ മനുഷ്യനായി, ദൈവത്തിനുള്ളവനായിതന്നെ ജീവിക്കുവാൻ ഇടയാകേണം.  അതിനായി താൻ യേശുവിൻ്റെ ശബ്ദം കേട്ട് യേശുവിൻ്റെ അടുക്കലേക്ക് ശരണത്തിനായി ഓടി വരുന്നു (യോഹന്നാൻ 10:4-5). അങ്ങനെ ഓടി വരുന്നവർക്ക് അവരുടെ മുൻപിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചു കൊൾവാനായി അവർക്ക് ശക്തിയുള്ള പ്രബോധനം ലഭിക്കാൻ ഇടയാകുന്നു (എബ്രായർ 6:18). ഈ പ്രബോധനങ്ങളും ഉപദേശങ്ങളും നമ്മെ ക്രിസ്തുവിൽ  തികഞ്ഞവരാകുവാൻ സഹായിക്കുന്നു (കൊലൊസ്സ്യർ 1:28). ദൈവവചനത്താലുള്ള ഈ ഉപദേശങ്ങളും പ്രബോധനങ്ങളും ദൈവത്തിൻ്റെ മനുഷ്യന് മാത്രമായുള്ള അനുഭവമാണ്. ആകയാൽ ദൈവശ്വാസീയമായ തിരുവെഴുത്തുകൾ ദൈവത്തിന്റെ മനുഷ്യന് സകല സൽപ്രവർത്തികൾക്കും വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന്ന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനപ്പെടുന്നു (2 തിമൊഥെയൊസ് 3:16-17). യേശു തന്നെത്താൻ നമുക്കുവേണ്ടി പരമയാഗമായി ഏൽപ്പിച്ചുകൊടുത്തത് നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്ത് സൽപ്രവർത്തികൾക്ക് ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തീരേണ്ടതിനാണ് (തീത്തൊസ് 2:14). ആകയാൽ ദൈവത്തിൻ്റെ മനുഷ്യന് ആ നിലയിൽ ദൈവത്തിന്റെ സ്വന്തമായി, ദൈവത്തിനുള്ളവനാകുവാൻ സാധിക്കുന്നു. ദൈവസൃഷ്ടിയുടെ ഉദ്ദേശമായി നാം സൽപ്രവൃത്തികൾക്കായി ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകയാൽ ദൈവീക ഉദേശം നമ്മിൽ പൂർണ്ണപ്പെട്ട് അതിനാൽ നാം ദൈവത്തിനുള്ളവരായി നിത്യം നിത്യമായി ദൈവത്തോട കൂടെ വസിക്കുവാൻ ഇടയാകും (എഫെസ്യർ 2:10). ആകയാൽ ജീവിതത്തിൽ എപ്പോഴും ദൈവത്തിനുള്ളവരായി, ദൈവത്തിന്റെ മനുഷ്യരായി ജീവിക്കുവാൻ ദൈവം നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ.