ശിഷ്യത്വത്തിന്റെ ശ്രേഷ്ഠത (യോഹന്നാൻ 13:34 -35)
ദൈവത്തിനു മഹത്വം
ശിഷ്യത്വത്തിന്റെ ശ്രേഷ്ഠത
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണമെന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന് തന്നെ. നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും. യോഹന്നാൻ 13:34 -35
നാം യേശുവിന്റെ ശിഷ്യരെന്ന് എല്ലാവരും അറിയേണ്ടതിന് നാം തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് യേശു നമ്മോട് പറയുന്നു. അത് എപ്രകാരം എന്ന് വ്യക്തമാക്കുവാൻ യേശു നമ്മെ സ്നേഹിച്ചതുപോലെ നാമും തമ്മിൽ സ്നേഹിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതായത് നമ്മുടെ മാനുഷിക നിലയിൽ നാം തമ്മിൽ തമ്മിൽ സ്നേഹിച്ചാൽ പോരാ, യേശു നമ്മെ എങ്ങനെ സ്നേഹിച്ചുവോ അതുപോലെ തന്നെ നാം തമ്മിൽ തമ്മിൽ സ്നേഹിക്കണം. മാനുഷിക സ്നേഹം എന്നു പറയുന്നത് (മത്തായി 5:43,46,47) വാക്യങ്ങൾ നാം ശ്രദ്ധിച്ചാൽ സ്നേഹിക്കുന്നവരെ സ്നേഹിക്കുകയും പകയ്ക്കുന്നവരെ, ശത്രുക്കളായവരെ പകയ്ക്കുകയും ചെയ്യുന്ന അവസ്ഥ. അത് ചുങ്കക്കാരും മറ്റു ജാതികളും ചെയ്യുന്ന മാനുഷികമായ അവസ്ഥയാണ്. ഈ നിലയിലല്ല നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടത്. യേശു നമ്മെ സ്നേഹിച്ചതുപോലെതന്നെ നാം സ്നേഹിക്കണം അഥവാ പിതാവായ ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ യേശു നമ്മെ സ്നേഹിക്കുന്നു.(യോഹന്നാൻ 15:9) ആകയാൽ ആ ദൈവസ്നേഹത്തിന് ഏറ്റവണ്ണം നാം തമ്മിൽ തമ്മിൽ സ്നേഹിക്കണം. അത് വ്യക്തമാക്കുവാൻ (ലൂക്കൊസ് 6:27-35) വാക്യങ്ങളിൽ ദൈവം നമ്മെ സ്നേഹിക്കുന്ന സ്നേഹത്തെ യേശു വ്യക്തമാക്കുന്നു. ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവായി(ലൂക്കൊസ് 6:35) ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴയെ പെയ്യിക്കുകയും ചെയ്യുന്നു.(മത്തായി 5:44-45) ആകയാൽ നാം നമ്മുടെ ശത്രുക്കളെപോലും സ്നേഹിക്കുന്നവരായി സ്നേഹത്തിന്റെ പ്രവൃത്തികളായി പകെക്കുന്നവർക്ക് ഗുണം ചെയ്തു, ശപിക്കുന്നവരെ അനുഗ്രഹിച്ചുകൊണ്ട് ദുഷിക്കുന്നവർക്കും(ലൂക്കൊസ് 6:27-28) ഉപദ്രവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നവരായും(മത്തായി 5:44) ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാണിച്ചു കൊടുത്തും പുതപ്പ് എടുക്കുന്നവന് വസ്ത്രവും തടുക്കാതെയും ചോദിക്കുന്നവന് കൊടുക്കുന്നവരായും എടുത്തുകൊള്ളുന്നവരോട് മടക്കി ചോദിക്കാതെയും തിന്മ ചെയ്യുന്നവർക്ക് നന്മ ചെയ്തും സ്വർഗ്ഗീയ പിതാവിന്റെ മക്കൾ ആകുവാൻ തക്കവണ്ണം ജീവിച്ച് മറ്റുള്ളവരെ ഈ ദൈവസ്നേഹത്തിന് ഏറ്റവണ്ണം സ്നേഹിക്കണം.(ലൂക്കോസ്6:29-35) ദൈവത്തിന് നമ്മോടുള്ള സ്നേഹം ദൈവം വെളിപ്പെടുത്തിയത് നാം ബലഹീനരും പാപികളും ശത്രുക്കളുമായിരുന്നപ്പോഴാണ്.(റോമർ 5:6-10) ആകയാൽ അതുപോലെ നാം സ്നേഹിക്കുന്നവരെ മാത്രമല്ല ശത്രുക്കളെയും പകയ്ക്കുന്നവരെയും ഉപദ്രവിക്കുന്നവരെയുമൊക്കെ, ചുരുക്കത്തിൽ സകലരെയും സ്നേഹിക്കുന്നവർ ആകണം.
ഇനിയും ദൈവസ്നേഹത്തിന്റെ മറ്റൊരു സവിശേഷത മാനുഷിക സ്നേഹം താൽക്കാലികമാണ്. സ്നേഹിക്കുന്നവരെ സ്നേഹിക്കും എന്നാൽ അവർ പകെക്കുന്നവർ ആയാൽ പിന്നെ അവരെ സ്നേഹിക്കാതെ ആ സ്നേഹം ഇല്ലാതാകും. എന്നാൽ ദൈവസ്നേഹമോ അവർ നല്ലവരായിരുന്നാലും പിന്നീട് ശത്രുക്കളായാലും ആ സ്നേഹത്തിന് മാറ്റമില്ല. ദൈവസ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല, ഇല്ലാതാകുന്നില്ല.(1 കൊരിന്ത്യർ 13:8) സ്നേഹം എന്നേക്കും നിലനിൽക്കുന്നു.(1കൊരിന്ത്യർ 13:13) ആകയാൽ ദൈവത്തിന്റെ സ്നേഹം യേശു നമ്മെ സ്നേഹിച്ചതുപോലെ അവസാനത്തോളം സ്നേഹിക്കുന്നതാണ്.(യോഹന്നാൻ 13:1) അതെ "യേശു ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു". ഏതു നിലയിലാണ് ഇത് നമുക്ക് സാധ്യമാകുക അഥവാ യേശു എങ്ങനെയാണ് ഇത് വെളിപ്പെടുത്തിയത് എന്ന് നാം ശ്രദ്ധിച്ചാൽ നമുക്ക് അത്ഭുതം തോന്നാം. താൻ ലോകംവിട്ട് പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് അറിഞ്ഞ യേശു താൻ സ്നേഹിക്കുന്നവരെ അവസാനത്തോളം സ്നേഹിക്കുന്നു എന്ന് വെളിപ്പെടുത്തുവാനായി അത്താഴത്തിൽ നിന്ന് എഴുന്നേറ്റ് മേൽവസ്ത്രം ഊരിവെച്ച് കാലുകളെ തുടയ്ക്കുവാനായി ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്ന് ശിഷ്യന്മാരുടെ കാലുകളെ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.(യോഹന്നാൻ 13:1, 3-5) ഈ പ്രവൃത്തിയെ നാം ശ്രദ്ധിച്ചാൽ ദാവീദിന്റെ ഭാര്യയാകുവാനായി കൊണ്ടുചെല്ലപ്പെടേണ്ട അബീഗയിൽ ഭൃത്യന്മാരോട് പറയുന്നത്. "ഇതാ അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി" എന്നാണ്.(1ശമുവേൽ 25:40-41) ഇവിടെ നാം ശ്രദ്ധിച്ചാൽ യജമാനന്റെ കാലുകളെ ഒരുപക്ഷേ സന്തോഷത്തോടെ പലരും കഴുകുമായിരിക്കും. എന്നാൽ ദാസന്മാരുടെ കാലുകളെ കഴുകുന്നവൾ എന്ന് കൂടുതൽ തന്നെത്താൻ താഴ്ത്തിക്കൊണ്ട് അവൾ പറയുന്നു. ചുരുക്കത്തിൽ യേശു തന്റെ ശിഷ്യന്മാരുടെ എന്നല്ല, അവർ തന്നെ ഗുരുവെന്ന് മാത്രമല്ല കർത്താവേ (Lord യജമാനനെ) എന്നും വിളിക്കുന്നതിനാൽ തന്റെ ദാസന്മാരായവരുടെ കാലുകളെ കഴുകുന്ന ദാസനായി യേശു മാറുന്നു. ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചു കൊള്ളണമെന്ന് വിചാരിക്കാതെ മനുഷ്യസാദൃശ്യതിലായി തന്നെത്താൻ താഴ്ത്തി ദാസരൂപം എടുത്ത യേശു ഇവിടെ യഥാർത്ഥമായി ദാസൻ ആകുന്നു.(ഫിലിപ്പിയർ 2:6-7) എന്തുകൊണ്ട് യേശു ഇവിടെ ദാസൻ ആകുന്നു എന്ന് ചോദിച്ചാൽ ദാസനായി വിൽക്കപ്പെട്ട ഒരു എബ്രായൻ തനിക്ക് സ്വതന്ത്രനാകുവാൻ അവസരം ഉണ്ടാകുമ്പോൾ തന്റെ യജമാനനേയും യജമാനൻ ഈ ദാസന് നൽകിയ അവന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുകയാൽ അവൻ സ്വതന്ത്രനായി പോകുകയില്ല എന്ന് തീർത്ത് പറഞ്ഞിട്ട് തന്റെ യജമാനനാൽ കാതുകുത്തി തുളയ്ക്കപ്പെട്ടവനായി എന്നേക്കും ദാസൻ ആകുന്നതിനെ കാണിക്കുന്നു.(പുറപ്പാട്21:1-6) ദാസന് സ്വതന്ത്രനായി പോയിട്ട് വേറെ ഭാര്യയെയും മക്കളെയും ഒക്കെ നേടാമായിരുന്നിട്ടും തന്റെ യമാനനെയും അവൻ നൽകിയ തന്റെ ഭാര്യയെയും മക്കളെയും അവൻ അവസാനത്തോളം സ്നേഹിച്ചതിനാൽ വിട്ടുപോകാതെ എന്നേക്കും അവരോടുകൂടെ ഇരിക്കത്തക്കവണ്ണം ദാസൻ ആകുന്നു. പിതാവായ ദൈവം തനിക്കു കൊടുത്തവരെ(യോഹന്നാൻ 6:37-39, 10:27-29) യേശു അവസാനത്തോളം സ്നേഹിച്ചു എന്നതിനാൽ താൻ അവർക്ക് വേണ്ടി ദാസരൂപം എടുത്ത് അവരുടെ കാലുകളെ കഴുകുന്നു.(യോഹന്നാൻ 13:1) അങ്ങനെയെങ്കിൽ ഉതിർന്നുപോകാത്ത, നിലനിൽക്കുന്ന സ്നേഹമുള്ളവരായി നാം തമ്മിൽ തമ്മിൽ അവസാനത്തോളം സ്നേഹിക്കുവാൻ ദാസരായി തീരണം, എന്നേക്കും ദാസരായി തീരണം.
ഈ വിധമായി സ്നേഹത്താൽ ദാസനായിത്തീർന്നതിനാലുള്ള സ്നേഹത്തിന്റെ വിശേഷത നാം പഠിക്കുമ്പോൾ, യേശു നമ്മെ സ്നേഹിച്ചതുപോലെ നാമും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന് പറയുമ്പോൾ,(യോഹന്നാൻ 15:12) പിതാവ് തന്നെ സ്നേഹിച്ചത് പോലെയാണ് താൻ നമ്മെ സ്നേഹിച്ചത് എന്ന് പറഞ്ഞിട്ട് തന്റെ സ്നേഹത്തിൽ വസിപ്പിൻ എന്ന് മുമ്പേ പറയുന്നു.(യോഹന്നാൻ 15:9-10) എങ്ങനെ യേശുവിന്റെ സ്നേഹത്തിൽ വസിക്കാം എന്നുള്ളത് താൻ പറയുന്നത്, യേശു പിതാവിന്റെ കൽപ്പനകളെ പ്രമാണിച്ച് തന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നാമും യേശുവിന്റെ കൽപ്പനകളെ പ്രമാണിച്ചിട്ടു യേശുവിന്റെ സ്നേഹത്തിൽ വസിപ്പാൻ ഇടയാകും എന്നാണ്. യോഹന്നാൻ 14:15,21,23,24,15:14 എന്നീ വാക്യങ്ങളിൽ യേശുവിനെ സ്നേഹിക്കുന്നവൻ തന്റെ കൽപ്പനകളെയും വചനങ്ങളെയും പ്രമാണിച്ച് യേശു കൽപ്പിക്കുന്നതുപോലെ ചെയ്യുന്നവനാണ് എന്ന് യേശു പറയുന്നു. പിതാവിന്റെ കൽപ്പനകളെ പ്രമാണിച്ചുകൊണ്ട് താൻ കൽപ്പിച്ച എല്ലാറ്റിലും അവസാനത്തോളം, ക്രൂശിലെ മരണത്തോളം അനുസരണം ഉള്ളവനാകുവാനാണ് യേശു ദാസരൂപം എടുത്തത്.(ഫിലിപ്പിയർ2:6-8) സങ്കീർത്തനം 40:6-8 ലും എബ്രായർ 10:5-7 ലും നാം നോക്കുമ്പോൾ ഹനനയാഗവും വഴിപാടും ദൈവം ആഗ്രഹിക്കാതെ പുസ്തകച്ചുരുളിൽ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിനേറ്റവണ്ണം ദൈവേഷ്ടം ചെയ്യുവാൻ പ്രിയപ്പെട്ടുവരുന്ന യേശുവിന് ഒരു ശരീരം അതിനായി ഒരുക്കിയെന്ന് എബ്രായലേഖനത്തിൽ പറയുമ്പോൾ സങ്കീർത്തനങ്ങളിൽ കാതുകളെ ദൈവം തുളച്ചു എന്നാണ് പറയുന്നത്. അതായത് ദൈവത്തിന്റെ കൽപ്പനകളെ പ്രമാണിക്കുവാനായി മനുഷ്യവേഷത്തിൽ വന്ന യേശു തന്നെത്താൻ താഴ്ത്തി കാതുതുളയ്ക്കപ്പെട്ടവനായി ക്രൂശിലെ മരണത്തോളം പിതാവിന്റെ ഇഷ്ടം ചെയ്തു(യെശയ്യാവ് 53:10) തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയാക്കി അനുസരണം ഉള്ള ദാസൻ ആകുന്നു.(യോഹന്നാൻ 19:28-30) യേശുവിനെ സ്നേഹിച്ച് തന്റെ കൽപ്പനകളെ പ്രമാണിച്ച് യേശുവിന്റെ സ്നേഹത്തിൽ വസിക്കുവാൻ യേശുവിനെപ്പോലെ ദാസരാകേണ്ടിയിരിക്കുന്നു, അവസാനത്തോളം അനുസരിക്കുന്ന ദാസൻ.
ഇനിയും യേശു പിതാവിന്റെ കൽപ്പനകളെ പ്രമാണിച്ചുകൊണ്ട് ദൈവസ്നേഹത്തിൽ വസിച്ചത് പോലെ നാമും യേശുവിന്റെ കൽപ്പനകളെ പ്രമാണിച്ചുകൊണ്ട് യേശുവിന്റെ സ്നേഹത്തിൽ വസിക്കുന്നു. പിതാവ് യേശുവിനെ സ്നേഹിച്ചതുപോലെ യേശു നമ്മെ സ്നേഹിച്ചു. യേശു നമ്മെ സ്നേഹിച്ചതുപോലെ നാം തമ്മിൽ സ്നേഹിച്ചുകൊണ്ട് സഹോദരസ്നേഹത്തിൽ വസിക്കാൻ ഇടയാകണമെങ്കിൽ(യോഹന്നാൻ 13:34) നാമും യേശുവിനെ പോലെ ദാസരൂപം എടുക്കണം. അതും കാതുതുളയ്ക്കപ്പെട്ട എന്നേക്കുമുള്ള ദാസൻ. എന്നാലേ അവസാനത്തോളം സ്നേഹിക്കാൻ കഴിയൂ. (1പത്രോസ് 5:5) ഇളയവരേ മൂപ്പന്മാർക്ക് കീഴടങ്ങുവിൻ എന്നു പറയുമ്പോൾ സ്നേഹത്തിന്റെ അനുഭവമായി എല്ലാവരെയും സ്നേഹിച്ച് കീഴടങ്ങുന്നതാണ്. നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല മൂർഖന്മാർക്കും കീഴടങ്ങുവാൻ ആവശ്യപ്പെടുന്നു.(1 പത്രോസ് 2:18) ഇങ്ങനെ കീഴ്പ്പെടുവാൻ ഒരു കൂട്ടരോട് മാത്രമല്ല ആവശ്യപ്പെടുന്നത്. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി തന്നെത്താൻ താഴ്ത്തി താഴ്മ ധരിച്ചുകൊണ്ട് ദാസരാകണം എന്നാണ്.(1 പത്രോസ് 5:5) അതായത് ദൈവസ്നേഹത്താൽ നിറഞ്ഞവരായി തമ്മിൽ തമ്മിൽ സ്നേഹത്തിൽ വസിപ്പാൻ ആഗ്രഹിക്കുന്നവർ തമ്മിൽ തമ്മിൽ ദാസരായിരിക്കും. ഒരാൾ മറ്റേയാളെയും അയാൾ തിരിച്ചും സ്നേഹിക്കുന്ന, എന്നേക്കും സ്നേഹിക്കുന്ന, അനുസരിക്കുന്ന, കരുതുന്ന, സഹായിക്കുന്ന, സഹിക്കുന്ന ദാസന്മാർ സ്നേഹത്തിന്റെ നിർവചനങ്ങൾ എല്ലാം പൂർണ്ണതയോടെ നിറവേറ്റുവാൻ കഴിയുന്ന അവസ്ഥ.(1കൊരിന്ത്യർ 13:4-8) ഒരു കഥ ഓർപ്പിക്കട്ടെ. സ്വർഗ്ഗത്തിൽ വലിയൊരു വിരുന്നു നടക്കുന്നു. രുചികരമായതും വിഭവസമൃദ്ധവുമായ ഭക്ഷണം മേശമേൽ ഒരുക്കപ്പെട്ടിരിക്കുന്നു. എന്നാൽ സ്വർഗ്ഗവാസികളായ അവരുടെ കൈകളിൽ അവരുടെ കൈമുട്ടുകൾ മടക്കാനാവാത്തവണ്ണം നീളമുള്ള തവികൾ വെച്ചുകെട്ടിയിരിക്കുന്നു. തവികൊണ്ട് ഭക്ഷണം കോരി ആർക്കും സ്വയമായി കഴിക്കാൻ സാധ്യമല്ല. എന്നാൽ സ്നേഹത്തിൽ പൂർണ്ണരായി, ദാസരായി, സഹോദരസ്നേഹത്തിൽ വസിക്കുന്ന അവർ അത് കാര്യമാക്കുന്നില്ല. തമ്മിൽ തമ്മിൽ ദാസരായി ഓരോരുത്തരും ആഹാരം കോരി മറ്റുള്ളവർക്ക് കൊടുക്കുന്നതിനാൽ എല്ലാവരും സന്തോഷത്തോടെ ആ വിരുന്ന് അനുഭവിപ്പാൻ ഇടയാകുന്നു. യേശു താൻ സ്നേഹിച്ചവരെ അവസാനത്തോളം സ്നേഹിപ്പാനായി അവരുടെ ദാസനായതുപോലെ നാമും തമ്മിൽ തമ്മിൽ ദാസരായി അന്യോന്യം കീഴ്പ്പെട്ടും സഹിച്ചും അനുസരിച്ചും ആദരിച്ചും സഹായിച്ചും സ്നേഹിച്ചു ജീവിക്കും എങ്കിൽ നമുക്ക് നമ്മുടെ യേശുവിന്റെ ശിഷ്യരെന്ന് നമ്മെത്തന്നെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കാൻ സാധിക്കും. നമ്മുടെ പിതാവായ ദൈവം ഈ അനുഭവങ്ങൾക്ക് നമ്മെ യോഗ്യരാക്കിത്തീർത്ത് തന്റെ അനുഗ്രഹപൂർണ്ണതയാൽ നിറച്ച് തിരുനാമം നമ്മിലൂടെ മഹത്വപ്പെടുത്തുമാറാകട്ടെ.