പ്രതിയോഗിയോടുള്ള പ്രതിക്രിയ (ലൂക്കോസ് 18:3)

പ്രതിയോഗിയോടുള്ള പ്രതിക്രിയ (ലൂക്കോസ് 18:3)
: :

ദൈവത്തിന് മഹത്വം

പ്രതിയോഗിയോടുള്ള പ്രതിക്രിയ

"
എന്റെ പ്രതിയോഗിയോട് പ്രതിക്രിയ നടത്തി രക്ഷിക്കേണമേ" എന്നു പറഞ്ഞു. ലൂക്കോസ് 18:3

ക്രിസ്തീയ ജീവിതത്തിൽ നമുക്ക് പോരാട്ടങ്ങൾ ഉള്ളത് ജഡരക്തങ്ങളോട് അഥവാ മനുഷ്യരോട് അല്ല. പിശാചിന്റെ തന്ത്രങ്ങളോടും അവന്റെ ദുഷ്ടാത്മസേനകളോടും ആണ് നമുക്ക് പോരാട്ടം ഉള്ളത് (എഫേസ്യർ 6:11-12). ആകയാൽ നമ്മുടെ പ്രതിയോഗി പിശാചാണ്. അവൻ അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞു ചുറ്റി നടക്കുന്നു (1 പത്രോസ് 5:8). ഇവിടെ നാം ശ്രദ്ധിക്കുമ്പോൾ എല്ലാവരെയും വിഴുങ്ങുവാനല്ല ചുറ്റി നടക്കുന്നത്. വിഴുങ്ങേണ്ടുന്ന വ്യക്തിയെ കണ്ടെത്തി വിഴുങ്ങുവാനായിട്ടാണ് ചുറ്റി തിരയുന്നത്. സഭയാം സ്ത്രീ പ്രസവിക്കുന്ന ആൺകുട്ടിയായ ജയം പ്രാപിക്കുന്ന വിശുദ്ധന്മാരെ തിന്നുകളവാനാണ് പിശാച് ശ്രമിക്കുന്നത് (വെളിപ്പാട് 121-4). കർത്താവിന്റെ വരവിൽ എടുത്തുകൊള്ളപ്പെടുവാൻ ആഗ്രഹിച്ച് ഉത്സാഹത്തോടെ ഒരുങ്ങുന്നവരെ വിഴുങ്ങുവാൻ അഥവാ തിന്നു കളവാനാണ് പിശാച് ചുറ്റി തിരഞ്ഞു കൊണ്ടിരിക്കുന്നത്. ഏദെൻ തോട്ടത്തിൽ ഒരു തലയുള്ള പാമ്പായിട്ടാണ് പിശാച് വന്നത് (വെളിപ്പാട് 20:2). എന്നാൽ ഈ അന്ത്യകാലത്ത് ഏഴു തലയുള്ളതായി, മുഴുബലത്തോടെ പ്രവർത്തിക്കുന്ന സാത്താനെയാണ് നാം കാണുന്നത് (വെളിപ്പാട് 12:3). ആകയാൽതന്നെ ഈ പ്രതിയോഗിയായ പിശാചിൽ നിന്ന് ദൈവം നമ്മെ പ്രതിക്രിയ നടത്തി രക്ഷിക്കേണ്ടിയിരിക്കുന്നു. അന്ത്യകാലത്ത് വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്ക് വിശ്വാസത്താൽ നാം ദൈവശക്തിയിൽ കാക്കപെടേണ്ടിയിരിക്കുന്നു (1 പത്രോസ് 1:4).

യേശു മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ടാണ് മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റത് (എബ്രായർ 2:14-15). ആകയാൽ ദൈവപുത്രനായ കർത്താവിന്റെ ശബ്ദം കേട്ടാണ് മരിച്ചവരുടെ പുനരുത്ഥാനനാളിൽ മരിച്ചവർ എല്ലാവരും ഉയിർക്കുന്നത് (യോഹന്നാൻ 5:25, 28 -29). വിശേഷാൽ നാം ശ്രദ്ധിക്കേണ്ടത് രൂപാന്തരയോഗ്യരായവരുടെ ഉയിർപ്പും ശരീരരൂപാന്തരവും ഉണ്ടാകുമ്പോൾ കാഹളനാദത്തിങ്കൽ ആണ് അത് സംഭവിക്കുന്നത് (1 കൊരിന്ത്യർ 15:52). തനിക്കുള്ളവരെ ചേർക്കുവാൻ വരുന്ന കർത്താവിന്റെ പ്രത്യക്ഷതയെകുറിച്ച് നാം പഠിക്കുമ്പോൾ (1 കൊരിന്ത്യർ 15:23) കർത്താവ് ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടും കൂടിയാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നത് (1തെസ്സലൊനീക്യർ 4:16-17). ഈ മുഴക്കവും നാദവുമെല്ലാം യഹോവ തൻ്റെ ശത്രുക്കളോട് പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദമാണെന്ന് കാണാം (യെശയ്യാവ് 66:6). ആകയാൽ കർത്താവിൻ്റെ വരവിൽ നാം രൂപാന്തരപ്പെട്ട് എടുത്തുകൊള്ളപ്പെടുമ്പോൾ നമ്മുടെ പ്രതിയോഗിയായ പിശാചിനോട് പ്രതിക്രിയ നടത്തുന്നതിന്റെ നാദം മുഴക്കിയാണ് നമ്മെ നിത്യതയിലേയ്ക്ക് ചേർത്തു കൊള്ളുന്നത്.

എന്നാൽ ദൈവം പ്രതിക്രിയ നടത്തി രക്ഷിക്കുന്നത് ആരെയാണെന്നും ഏതിനാലാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു (ലൂക്കോസ് 18:7). ദൈവത്തിൻ്റെ വൃതന്മാരെയാണ് താൻ പ്രതിക്രിയ നടത്തി രക്ഷിക്കുന്നതായി നാം വായിക്കുന്നത്. ഈ വൃതന്മാരെ കുറിച്ച് നാം കൂടുതലായി പഠിക്കുമ്പോൾ അവർ പിതാവായ ദൈവത്തിന്റെ മുന്നറിവിന് ഒത്തവണ്ണം മുൻ നിയമിക്കപ്പെട്ടവരും തുടർന്ന് ദൈവത്താൽ വിളിക്കപ്പെട്ട് മാനസാന്തര സ്നാനത്തിലൂടെ നീതികരിക്കപ്പെട്ടവരും ( റോമർ 8:29-30) പരിശുദ്ധാത്മാവിനാൽ ആത്മാവിന്റെ വിശുദ്ധികരണം പ്രാപിച്ച് ദൈവസന്നിധിയിൽ പൂർണ്ണ അനുസരണത്തോടെ ജീവിക്കുന്നവരുമാണ് (1 പത്രോസ്1:2). മാത്രമല്ല അവർ യേശുവിന്റെ രക്തത്താൽ തളിക്കപ്പെട്ട് സകല പാപവും സകല അനീതിയും പോക്കി ദൈവത്താൽ കഴുകപ്പെട്ട് ശുദ്ധീകരണം പ്രാപിക്കുന്നവരുമാണ് (1 യോഹന്നാൻ 1:7,9). ഈവിധമായ ഒരു ആത്മീക ജീവിതം ചെയ്യുന്ന ദൈവത്തിന്റെ വൃതന്മാരിൽ ചില വിശേഷതകൾ നമുക്ക് കാണുവാൻ കഴിയും. ഒന്നാമത് അവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് (മാർക്കോസ് 13:20). വിളിക്കപ്പെട്ടവർ അനേകം എങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവർ ചുരുക്കമാകയാൽ (മത്തായി 22:14) നാമും തെരഞ്ഞെടുക്കപ്പെടുവാൻ തക്കവണ്ണം നമ്മുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പാക്കിക്കൊണ്ട് ജീവിപ്പാൻ ഉത്സാഹിക്കാം (2 പത്രോസ് 1:10-11). രണ്ടാമതായി ഈ വൃതന്മാർ ദൈവത്തിൻ്റെ വിശുദ്ധന്മാരാണ് (കൊലൊസ്സ്യർ 3:12). യാഗം കഴിച്ച് ദൈവത്തോട് നിയമം ചെയ്ത ഈ ദൈവത്തിന്റെ വിശുദ്ധന്മാരായവരെയാണ് അന്ന് തന്റെ അടുക്കൽ കൂട്ടിച്ചേർക്കുന്നത് (സങ്കീർത്തനം 50:5). മൂന്നാമതായി അവർ ദൈവത്തിന് പ്രിയരായവരും ആണ് (കൊലൊസ്സ്യർ 3:12). ദൈവത്തിന്റെ പ്രതിപുരുഷരായ ശുശ്രൂഷകർക്ക് നാം പ്രിയരും വാഞ്ചിതരും ആകുവാൻ പരിശ്രമിക്കാം (ഫിലിപ്പിയർ 4:1). അതിനാൽ ദൈവപ്രസാദം ലഭിച്ച ദൈവത്തിന്റെ പ്രിയ പുത്രരായി തീരുവാൻ നമുക്ക് ഇടയാകും (മത്തായി 17:5). കർത്താവിന് പ്രിയരായ ഈ സഹോദരന്മാരെ ദൈവം ആദിമുതൽ ആത്മാവിന്റെ വിശുദ്ധികരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നു (2 തെസ്സലൊനീക്യർ 2:13). ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടെ കിട്ടുന്നതു ഈ വൃതന്മാർക്കാണ് (2 തിമൊഥെയോസ് 2:10). കർത്താവ് തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുകൂടെ അയച്ചിട്ടാണ് പ്രതിയോഗിയോട് പ്രതിക്രിയ നടത്തി ഈ വൃതന്മാരെ നിത്യരക്ഷയ്ക്കായി നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കുന്നത് (മത്തായി 24:31).

പ്രതിയോഗിയോട് പ്രതിക്രിയ നടത്തി ദൈവം ഈ വൃതന്മാരെ നിത്യമായ രക്ഷയ്ക്കായി ഒരുക്കേണ്ടതിന് ഈ വൃതന്മാർ രാപ്പകൽ ദൈവത്തോട് നിലവിളിക്കുന്നവരായി കാണപ്പെടുന്നു (ലൂക്കോസ് 18:7). കാരണം യേശുക്രിസ്തു ഈ കാര്യത്തെക്കുറിച്ച് പറയുമ്പോൾ സംഭവിക്കാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രൻ്റെ മുമ്പിൽ നില്പാനും പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കേണം എന്നാണ് (ലൂക്കോസ് 21:36). ഇടവിടാതെ പ്രാർത്ഥിപ്പിൻ എന്നുള്ളത് നമ്മെക്കുറിച്ചുള്ള ദൈവേഷ്ടവുമാണ് (1 തെസ്സലൊനീക്യർ 5:16-18). മാത്രവുമല്ല തന്റെ ഭക്തന്മാരുടെ ആഗ്രഹത്തെ സാധിപ്പിക്കുന്ന ദൈവം അവരുടെ നിലവിളി കേട്ടാണ് അവരെ രക്ഷിക്കുന്നത് (സങ്കീർത്തനം 145 :19). ആകയാൽ നാം ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറങ്ങുമ്പോഴും വാതിൽക്കൽ മുട്ടുന്ന പ്രിയന്റെ സ്വരം കേൾക്കത്തക്കവണ്ണം നാം ഹൃദയത്തിൽ ഉണർന്നിരുന്ന് (ഉത്തമഗീതം 5:2) സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കേണം (ലൂക്കോസ് 21:36 ). സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തിൽ ദൈവത്തിനു പാടിയും കീർത്തനം ചെയ്തും ജീവിക്കുവാൻ ഇടയാകട്ടെ (എഫെസ്സ്യർ 5:19).

ഇങ്ങനെ രാപ്പകൽ തന്നോട് നിലവിളിക്കുന്ന വൃതന്മാരുടെ കാര്യത്തിൽ ദൈവം ദീർഘക്ഷമയുള്ളവനാണ് എന്നു കാണുന്നു (ലൂക്കോസ് 18:7). യഹോവയായ ദൈവം തന്നെക്കുറിച്ച് പറയുമ്പോൾ താൻ ദീർഘക്ഷമയുള്ളവനാണ് എന്നു വ്യക്തമായി പറയുന്നു (പുറപ്പാട് 34:6). അത് നമ്മുടെ ജീവിതത്തിലെ അനുഗ്രഹകരമായ ചില കാര്യങ്ങൾക്കായിട്ടാണ്. ഒന്നാമത് ദൈവം ദീർഘക്ഷമയും മഹാദയയും ഉള്ളവനായി നമ്മുടെ അകൃത്യവും ലംഘനവും ക്ഷമിക്കുന്നവാൻ ഇടയാകുന്നു (സംഖ്യാപുസ്തകം 14:17). നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുന്ന മഹാ പുരോഹിതനായി തന്റെ ദീർഘക്ഷമയാൽ നമ്മുടെ കുറവു കുറ്റങ്ങളൊക്കെ നമ്മോട് ക്ഷമിക്കുന്നു (എബ്രായർ 4:15). രണ്ടാമത് നാം യിസ്രായേൽ ജനത്തെ പോലെ ദുശ്ശാഠ്യം കാണിച്ച് ദൈവത്തോട് മത്സരിക്കുന്നവരായി തീരുമ്പോഴും ദൈവം ദീർഘക്ഷമയുള്ളവൻ ആകയാൽ നമ്മെ കൈവിട്ടുകളയുന്നില്ല (നെഹമ്യാവ് 9:17). "ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല" എന്ന് ദൈവം തന്നെ അരുളിചെയ്തിരിക്കുന്നു (എബ്രായർ 13:5). മൂന്നാമത് ആരും  നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാനായി ദൈവം ഇച്ഛിച്ചിട്ട്  നമ്മോട് ദീർഘക്ഷമ കാണിക്കുന്നു (2 പത്രോസ് 3:9). സഭയും വ്യക്തികളും മാനസാന്തരപ്പെട്ട് ആദ്യസ്നേഹത്തിലേക്കും ആദ്യത്തെ പ്രവൃത്തിയിലേക്കും മടങ്ങി വരുവാൻ ദൈവം ആഗ്രഹിക്കുന്നു (വെളിപ്പാട് 2:4 -5). നാലാമത് കൃഷിക്കാരനായ കർത്താവ് നമ്മെ വിലയേറിയ ഫലങ്ങളായി കാണുവാൻ ആഗ്രഹിച്ച് മുൻമഴയും പിൻമഴയുമാകുന്ന അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുവാനായി ദീർഘക്ഷമയോടെ കാത്തിരിക്കുന്നു (യാക്കോബ് 5:7). ഫലത്തെ ചേർക്കുവാൻ വരുന്ന കർത്താവിൻ്റെ പ്രത്യക്ഷതയിൽ നാം സകലവിധത്തിലും വിശിഷ്ടഫലമായി മാറ്റപ്പെടുവാൻ അതിനാൽ ഇടയാകുന്നു (ഉത്തമഗീതം 7:14). ഈ വിധമായി കർത്താവിന്റെ പ്രത്യക്ഷതയിൽ നാം ചേർക്കപ്പെടത്തക്കവണ്ണം കർത്താവിന്റെ ദീർഘക്ഷമ നമുക്ക് രക്ഷയായിത്തീരുന്നു (2 പത്രോസ് 3:14).

ദൈവം ഇങ്ങനെ ദീർഘക്ഷമയുള്ളവൻ ആണെങ്കിലും തന്റെ വൃതന്മാരുടെ കാര്യത്തിൽ അവരെ വേഗത്തിൽ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു വായിക്കുന്നു (ലൂക്കോസ് 18:7). വെളിപ്പാട് 2:16, 3:11, 22:7,12,20 ഈ വാക്യങ്ങളിലെല്ലാം കർത്താവിൻ്റെ പ്രത്യക്ഷത വേഗത്തിലാണ് എന്ന് കർത്താവ് പറയുന്നു. എന്നാൽ ഇതുവരെയും കർത്താവ് വന്നിട്ടില്ല എന്ന് നാം അറിയുന്നു. ആകയാൽ കർത്താവിൻ്റെ വരവ് വേഗത്തിൽ എന്നു പറയുമ്പോൾ പെട്ടെന്ന് എന്ന അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത്. യേശു പെട്ടെന്ന് വന്ന് നമ്മെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പാൻ നമ്മോടും എല്ലാവരോടും പറയുന്നു (മർക്കൊസ് 13:36). കാരണം നാം അന്വേഷിക്കുന്ന കർത്താവ് പെട്ടെന്ന് തൻ്റെ മന്ദിരത്തിലേക്ക് വരും. ഇതാ അവൻ വരുന്നു എന്ന് യഹോവ അരുളിചെയ്യുന്നു (മലാഖി 3:1). മരണം നമ്മെ പെട്ടെന്നാണ് പിടികൂടുക (സങ്കീർത്തനം 55:15). പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിലാണ് നാം രൂപാന്തരപ്പെടുന്നത് (1 കൊരിന്ത്യർ 15:52).   കർത്താവിന്റെ വരവിൽ എടുത്തു കൊള്ളപ്പെടുവാൻ യോഗ്യരായി ജയം പ്രാപിച്ച ആൺകുട്ടിയായി തീരുന്നവർ ദൈവത്തിന്റെ അടുക്കലേക്കും തന്റെ സിംഹാസനത്തിലേക്കും പെട്ടെന്നാണ് എടുക്കപ്പെടുന്നത് ( വെളിപ്പാട് 12:5). മനുഷ്യപുത്രന്റെ  പ്രത്യക്ഷതയുടെ ദിവസം നമുക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ നാം സൂക്ഷിച്ചു കൊള്ളണം (ലൂക്കോസ് 21:34). ആകയാൽ നാം സമയത്തിലും അസമയത്തിലും ഒരുങ്ങി നിൽക്കുന്നവരാകണം (2തിമൊഥെയൊസ് 4:2). യേശു സന്ധ്യക്കോ, അർദ്ധരാത്രിക്കോ, കോഴികൂവുന്ന നേരത്തോ, രാവിലെയോ എപ്പോൾ വരും എന്ന് അറിയായ്കകൊണ്ട് എപ്പോഴും ഉണർന്നിരിക്കുന്നവരാകുവാൻ ഇടയാകട്ടെ (മർക്കൊസ് 13:35-36). അങ്ങനെ നമ്മുടെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങുന്നവരാകാം (ആമോസ് 4:12). ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിന് വേണ്ടി ഒരുക്കുന്ന ദൈവം (ലൂക്കോസ്  1:17) നമ്മെ ഏവരെയും സഹായിച്ചു ഒരുക്കിയിട്ട്  നാം കർത്താവിനെ എതിരേൽക്കാൻ കാത്തുനിൽക്കുന്നവരാകാം.