നിത്യതയിലുള്ള ആശ്വാസം (യെശയ്യാവ് 66:13)
ദൈവത്തിന് മഹത്വം
നിത്യതയിലുള്ള ആശ്വാസം
"അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരുശലേമിൽ ആശ്വാസം പ്രാപിക്കും." യെശയ്യാവ് 66:13.
ഗലാത്യ ലേഖനത്തിൽ നിത്യതയെ അഥവാ മേലെയുള്ള യെരുശലേമിനെകുറിച്ച് പറയുമ്പോൾ അവൾ തന്നെ നമ്മുടെ അമ്മ എന്ന് ബോധ്യപ്പെടുത്തുന്നു (ഗലാത്യർ 4:26). ആകയാൽ നിത്യതയിൽ നമുക്ക് ഉണ്ടാകുന്ന ആശ്വാസത്തെക്കുറിച്ച് അത് ദൈവത്താൽ ഉണ്ടാകുന്നതാണെങ്കിലും ഒരു അമ്മ ആശ്വസിപ്പിക്കുന്നത് പോലെയെന്ന് നമുക്ക് ബോധ്യപ്പെടുന്നു. യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ ഉല്ലാസഘോഷത്തോടെ സീയോനിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരുന്നിട്ട് അവർ ആനന്ദവും സന്തോഷവും പ്രാപിക്കുന്നു. മാത്രമല്ല അവരുടെ ദുഃഖവും നെടുവീർപ്പം ഓടിപ്പോകുകയും ചെയ്യും (യെശയ്യാവ് 35:10). ഇങ്ങനെ അവർ അവിടെ ആശ്വാസം പ്രാപിക്കുന്നതിനെക്കുറിച്ച് നാം ശ്രദ്ധിക്കുമ്പോൾ അത് നിത്യതയിലെ പുതിയ യെരുശലേമിന്റെ അനുഭവമാണ് എന്ന് കാണാം (വെളിപ്പാട് 21:2-5). കർത്താവിൽ മരിക്കുന്നവരുടെ ആത്മാക്കൾക്ക് നിത്യതയിൽ ഉണ്ടാകുന്ന അനുഭവം സകല പ്രയത്നങ്ങളിൽ നിന്നുമുള്ള വിശ്രാമം ആയി പറയപ്പെട്ടിരിക്കുന്നു (വെളിപാട് 14:13). ഇതു ഈ ലോകം വിട്ടു പോയിട്ട് വിശ്രമിപ്പാൻ ഇടയാകുന്ന അനുഭവം ആകയാൽ (ദാനിയേൽ 12:13) നമ്മുടെയും ജീവിതാവസാനത്തിങ്കൽ നാമും യെരുശലേമിൽ ചെന്ന് ഒരു അമ്മ ആശ്വസിപ്പിക്കുന്നതുപോലെയുള്ള ആശ്വാസം പ്രാപിപ്പാൻ ഇടയാകണം.
ഈ ആശ്വാസം നിത്യതയിലെ അനുഭവമാണ് അഥവാ മരണാനന്തരമുള്ള അനുഭവമാണ് എന്നത് ധനവാന്റെയും ലാസറിന്റെയും സംഭവത്തിലൂടെ യേശുവും നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത് ഒരു കഥയല്ല യഥാർത്ഥമായ ഒരു സംഭവമായിട്ടാണ് യേശു പറയുന്നത്. കാരണം തൻ്റെ മറ്റെല്ലാ ഉപമകളിലും യേശു ആരുടെയും പേര് പറയാതിരിക്കുമ്പോൾ ഈ സംഭവത്തിൽ മാത്രം വ്യക്തിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നു. ധനവാനും ലാസറും മരിച്ചു അടക്കപ്പെട്ടശേഷം അവരുടെ ആത്മാക്കൾക്കുണ്ടാകുന്ന അനുഭവമായിട്ടാണ് ഈ സംഭവത്തെ നമുക്ക് കാണുവാൻ കഴിയുന്നത്. അബ്രഹാം പിതാവിൻ്റെ വാക്കുകളിൽ ധനവാൻ പാതാളത്തിൽ വേദന അനുഭവിക്കുമ്പോൾ ലാസറോ അബ്രഹാമിൻ്റെ മടിയിൽ ആശ്വസിക്കുന്നതായി പറയുന്നു. അത് അവർ ഈ ഭൂമിയിൽ പ്രാപിച്ച അനുഭവത്തിന് ഏറ്റവണ്ണമാണ് എന്നും നമുക്ക് കാണാവുന്നതാണ് (ലൂക്കൊസ് 16:25). ആകയാൽ നാം നിത്യതയിൽ ചെന്നു ആശ്വാസം പ്രാപിക്കണമെങ്കിൽ ഈ ഭൂമിയിൽ അതിനേറ്റ അനുഭവങ്ങൾ പ്രാപിച്ച് ജീവിക്കേണം.
ധനവാന്റെയും ലാസറിൻ്റെയും അനുഭവം നാം പഠിക്കുമ്പോൾ ഇവർ രണ്ട് വ്യക്തികൾ എന്നതിലുപരി നമ്മുടെ ജീവിതത്തിലെ രണ്ട് അവസ്ഥകളെ കാണിക്കുന്നതായി നമുക്ക് ഗ്രഹിക്കാം. നമുക്ക് പുറമേയുള്ള മനുഷ്യൻ എന്നും അകമെയുള്ള മനുഷ്യൻ എന്നും രണ്ട് അനുഭവം, രണ്ട് വ്യക്തിത്വം ഉണ്ട് (2 കൊരിന്ത്യർ 4:16). അങ്ങനെയെങ്കിൽ ഒരു ദൈവപൈതലിന്റെ പുറമേയുള്ള ജീവിതത്തെ ധനവാന്റെ അവസ്ഥയായും അകമേയുള്ള ജീവിതത്തെ ലാസറിൻ്റെ അനുഭവമായും നമുക്ക് ചിന്തിക്കാം. ധനവാനെ നാം ശ്രദ്ധിക്കുമ്പോൾ അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ച് ആഡംബരത്തോടെ സുഖിച്ച് ജീവിക്കുന്നതായി കാണുന്നു. അത് അവൻ പ്രാപിച്ച നന്മയാണ് എന്ന് ഇരുപത്തഞ്ചാം വാക്യത്തിൽ അബ്രഹാം പിതാവ് പറയുന്നു. ഏതു മനുഷ്യനും തിന്നു കുടിച്ച് തന്റെ സകല പ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നത് ദൈവത്തിന്റെ ദാനമായ നന്മയാകുന്നു (സഭാപ്രസംഗി 3:12-13).
നമ്മുടെ പിതാക്കന്മാരുടെ കാലത്തെക്കാൾ ഇന്ന് ദൈവം നമ്മെയും സഭയെയും വളരെ അനുഗ്രഹിച്ചിട്ട് ദൈവമക്കൾക്കും ശുശ്രൂഷകർക്കും ധാരാളമായി നന്മകൾ ദൈവം നൽകിയിരിക്കുന്നു. ആകയാൽ തന്നെ നാം ഇന്ന് വിലയേറിയ വസ്ത്രം ധരിക്കുന്നവരായി, സുഖലോലുപതയോടെ ആഡംബരമായി ജീവിക്കുന്നവരായി മാറിയില്ലേ? ഇന്ന് പ്രാർത്ഥിക്കുവാനോ ഉപവസിക്കുവാനോ ദൈവവചനം പഠിക്കുവാനോ നമുക്ക് സമയമില്ലാത്തവരായി നാം മാറിയിട്ട് സഭായോഗം പോലും ഒരു ചടങ്ങാചാരമാക്കി നാം മാറ്റിയില്ലേ? യേശു പറയുന്നതുപോലെ നാം മാമോനെ (തമിഴിൽ ഉലകപൊരുൾക്കൾ) സേവിക്കുന്നവരായി, ഈ ലോകവസ്തുവകകളെ വളരെ ആഗ്രഹിക്കുന്നവരായി തീരുന്നു (മത്തായി 6:24). ദ്രവ്യാഗ്രഹികളായി (തമിഴിൽ പൊരുളാശൈക്കാർ) നമ്മുടെ ജീവിതം മാറി പോയിരിക്കുന്നു (എഫെസ്യർ 5:5). അതിഭക്ഷണത്തിനായും മദ്യപാനത്തിനായുമുള്ള ഉപജീവന ചിന്തകൾ ഉണ്ടായിട്ട് എന്തു തിന്നും എന്തു കുടിക്കും എന്നിങ്ങനെ ആഡംബരത്തോടുകൂടി സുഖിച്ച് ജീവിക്കുവാനായി വിചാരപ്പെടുന്നവരായി തീർന്നിരിക്കുന്നു (ലൂക്കൊസ് 21:34). അതോടൊപ്പം തന്നെ പട്ടും ധൂമ്രവസ്ത്രവും ധരിക്കുവാൻ ആഗ്രഹിച്ചുത്സാഹിച്ചിട്ട് എന്ത് ഉടുക്കും എന്ന് വിചാരപ്പെടുന്നവരായും നാം കാണപ്പെടുന്നു (മത്തായി 6:31). ഈ ഗർവവും തീൻപുളപ്പും നിർഭയസ്വൈരവും അകൃത്യം ആണെന്ന് പറയപ്പെടുന്നു (യെഹെസ്കേൽ 16:49). ഭൗതിക സമ്പത്ത് വർദ്ധിച്ചതിനാലും സുഖലോലുപതയോടുക്കൂടെ സ്വസ്ഥമായി ജീവിക്കുന്നതിനാലും ദൈവത്തെ തള്ളിക്കളയുന്നവരായി മാറ്റപ്പെടുന്നു (ഇയ്യോബ് 21:7-15). ദൈവഭയം ഇല്ലാതെയുള്ള നമ്മുടെ ഈ വിധമായ ജീവിതം നമ്മിൽ അകൃത്യമായി മാറുന്നു.
ഇങ്ങനെ നാം അകൃത്യത്തിൽ ജീവിക്കുമ്പോൾ നമ്മുടെ അകത്തെ മനുഷ്യൻ്റെ അവസ്ഥ ലാസറിന്റെ ജീവിതം പോലെ ആയിത്തീരുന്നു. അകൃത്യം തലയ്ക്കുമീതെ കവിഞ്ഞിരിക്കയാൽ ദേഹത്തിൽ സൗഖ്യം ഇല്ലാത്തവരായി, ഭോഷത്തം ഹേതുവായി വ്രണങ്ങൾ ചീഞ്ഞു നാറുന്ന അവസ്ഥ (സങ്കീർത്തനം 38:3-5). ഭൗതികമായ സമ്പത്തും സുഖസൗകര്യങ്ങളും നമ്മെ ആത്മീയമായി പിന്മാറ്റ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. അടിതൊട്ട് മുടിവരെ പഴുത്ത വ്രണങ്ങൾ മാത്രമായി തല അഥവാ മനസ്സ് മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവുമായി ഒരു പിന്മാറ്റകാരന്റെ ജീവിതാനുഭവം (യെശയ്യാവ് 1:5-6). ആത്മീയ ജീവിതത്തിൽ പൂർണമായി ദൈവത്തെ വിട്ട് പിന്മാറിയ നിലവാരം. സഹായിക്കാൻ ദൈവമക്കൾ ഇല്ലാതെയും ദൈവീക പരിചരണം ഇല്ലാതെയും നായ്കൾ വ്രണങ്ങൾ നക്കുന്നതായുള്ള ജീവിതം. അഥവാ പിന്മാറ്റക്കാരോട് ചേർന്ന് അവരുടെ സഹായത്തോടുകൂടി അവരെപ്പോലെയുള്ള ജീവിതം. ലാസർ ധനവാൻ്റെ മേശയിൽ നിന്ന് വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിക്കുന്നു (ലൂക്കൊസ്16:21). യജമാനൻ്റെ മേശയിൽ നിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുവാൻ പ്രയത്നിക്കുന്ന നായ്ക്കുട്ടിയുടെ അവസ്ഥ (മത്തായി 15:27). ദൈവമക്കളായി ദൈവിക അനുഭവങ്ങളായ സ്വാദുഭോജ്യങ്ങളെ അനുഭവിച്ച് ജീവിക്കേണ്ടിയവരാണിവർ. എന്നാൽ ധൂമ്രവസ്ത്രം ധരിച്ച് സുഖലോലുപതയോടെ വളർന്നതിനാൽ പിന്മാറ്റക്കാരായി നായ്ക്കളെപ്പോലെ കുപ്പയെ ആലിംഗനം ചെയ്യുന്ന നിലവാരമായിത്തീരുന്നു (വിലാപങ്ങൾ 4:5). മേശയിൽ നിന്ന് വീഴുന്നത് തിന്ന് വിശപ്പടക്കുവാൻ ലാസർ ആഗ്രഹിച്ചതുപ്പോലെ ഇവരും ആഗ്രഹിക്കുന്നു (ലൂക്കോസ് 16:21). എങ്കിലും ലാസറിന് കിട്ടിയോ എന്ന് അറിയാത്തതുപോലെ ഇവർക്കും കിട്ടുമോ എന്ന് നാം അറിയുന്നില്ല. പിതാവിന്റെ വീടുവിട്ടുപോയി ദുർന്നടപ്പുകാരനായി ജീവിച്ച ഇളയ പുത്രന് ആരും കൊടുക്കാതിരുന്നതുപ്പോലെ ഇവർക്കും കിട്ടാതിരിക്കാൻ അല്ലേ സാധ്യത? (ലൂക്കോസ് 15:16 ).
ഇന്നത്തെ നമ്മുടെ ആത്മിക ജീവിതം ഈ അവസ്ഥയിൽ ആണെങ്കിലും നമുക്ക് പ്രത്യാശയുണ്ട്. ലാസർ മരിച്ചപ്പോഴാണ് ദൈവദൂതന്മാർ അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയത് (ലൂക്കോസ് 16:22). ആ ദരിദ്രൻ മരിച്ചപ്പോൾ എന്നാണ് നാം ഇവിടെ കാണുന്നത്. ലോകത്തിൽ ദരിദ്രരെങ്കിലും വിശ്വാസത്തിൽ സമ്പന്നരും ദൈവത്തെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമായി നാം മരിക്കേണ്ടിയിരിക്കുന്നു (യാക്കോബ് 2:5). ആകയാൽ നാമും മരണം വഴിയായി ലോകം വിട്ടുപോകുന്നതിന് മുമ്പേ നമ്മുടെ ജീവിതത്തിൽ ഇപ്പോഴേ മനംതിരിഞ്ഞ് മടങ്ങിവരാം. ദുർമാർഗമായി നടന്ന് ദൈവത്തിന്റെ വാക്ക് കേട്ടനുസരിക്കാതിരുന്നതായ നമ്മുടെ അകൃത്യം സമ്മതിക്കമാത്രം ചെയ്ത് ദൈവത്തിങ്കലേക്ക് മടങ്ങി വരുവാൻ നമുക്ക് ഇടയാകട്ടെ (യിരെമ്യാവ് 3:13-14). എന്നാൽ ദൈവം നമ്മെ സിയോനിലേക്ക്, ദൈവ സന്നിധിയിലേക്ക് കൊണ്ടുവരും (സങ്കീർത്തനം 84:7). അങ്ങനെയെങ്കിൽ ദൈവസന്നിധിയിൽ, യെറുസലേമിൽ ചെന്ന് ആശ്വസിക്കുവാൻ നമുക്ക് സാധിക്കും. നാം അതിക്രമങ്ങളും പാപങ്ങളും സമ്മതിച്ച് നമ്മുടെ പിന്മാറ്റവഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതാണ് ദൈവത്തിൻ്റെ ഇഷ്ടമായി പറയപ്പെട്ടിരിക്കുന്നത് (യെഹെസ്കേൽ 33:10-11). ആകയാൽ നാം കർത്താവേ കർത്താവേ എന്ന് പറയുന്നവരായി മാത്രം ജീവിപ്പാനല്ല നമ്മുടെ പിന്മാറ്റാവസ്ഥകളെ വിട്ടുകളഞ്ഞ് ജീവിതത്തെ ശുദ്ധീകരിച്ചുകൊണ്ട് ദൈവേഷ്ടത്തിനായി ഏൽപ്പിച്ചു കൊടുത്തു ജീവിച്ചാൽ നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിച്ചു ആശ്വസിക്കാം (മത്തായി 7:21).
ഇനിയും ധനവാനെയും ലാസറെയും മറ്റൊരു നിലയിൽ നാം ചിന്തിച്ചാൽ വിശേഷമായ ഒരു അവസ്ഥയിൽ നമുക്ക് പഠിക്കാൻ കഴിയും. ധനവാന് പേരു കൊടുക്കപ്പെട്ടിട്ടില്ല (ലൂക്കൊസ് 16:19). അത് നമ്മുടെ ഭൗതിക ജീവിതത്തിന് ദൈവസന്നിധിയിൽ വലിയ പ്രാധാന്യമില്ല എന്ന് വെളിപ്പെടുത്തുന്നു. എന്നാൽ നാം അതിന് പ്രാധാന്യം കൊടുത്ത് ലൗകീകരായി ജീവിച്ചാൽ ധനവാനെപ്പോലെ യാതനാസ്ഥലത്ത്, നരകത്തിൽ പോയി ചേരും. എന്തുകൊണ്ടെന്നാൽ ധനവാൻ ഈ ആയുസ്സിൽ മാത്രം നന്മ പ്രാപിപ്പാൻ ആഗ്രഹിച്ചു ഉത്സാഹിച്ച് അത് പ്രാപിക്കുന്നു (ലൂക്കോസ് 16:25). ആയതുപോലെ നാമും ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ച് ഭൗതിക നന്മ മാത്രം ആഗ്രഹിച്ച് ജീവിച്ചാൽ സകല മനുഷ്യരിലും അരിഷ്ടന്മാരായി നാം മാറും (1 കൊരിന്ത്യർ 15:19). ഇരട്ടിച്ച നരകയോഗ്യർ ആയിത്തീരും (മത്തായി 23:15). എന്നാൽ നമ്മുടെ ആത്മീയ ജീവിതം ലാസറെപോലെ പേര് വ്യക്തമായി കൊടുക്കപ്പെട്ടതായ ജീവിതമാണ്. ദൈവം നമ്മെ പേർചൊല്ലി വിളിച്ചു വീണ്ടെടുത്ത് തനിക്കുള്ളവരാക്കി തീർത്തിരിക്കുന്ന ആത്മീയ ജീവിതമാണ് നമുക്കുള്ളത് (യെശയ്യാവ് 43:1). മാനസാന്തര സ്നാനത്തിലൂടെ പാപത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടവരായി സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാരായി നിത്യജീവൻ എന്ന അന്ത്യം പ്രാപിക്കുന്ന ഒരു ജീവിതം (റോമർ 6:3-5, 22). അങ്ങനെയുള്ളവർ ഇയ്യോബിനെ പോലെ ദൈവത്തിൻ്റെ ദാസരായി നിഷ്കളങ്കരും നേരുള്ളവരും ദൈവഭക്തരും ദോഷംവിട്ട് അകലുന്നവരും ആയി ജീവിക്കുന്നവരെന്ന് ദൈവത്താൽ തന്നെ സാക്ഷ്യം പ്രാപിക്കുന്നവരാണ് (ഇയ്യോബ് 1:8). സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്നവരുടെ സഭയിൽ ഉൾപ്പെട്ടവരായി കാണപ്പെടുന്നവർ (എബ്രായർ 12:23). അവർ കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടവരാകയാൽ ദൈവരാജ്യത്തിൽ കടക്കുവാൻ യോഗ്യരായിത്തീരുന്നു (വെളിപ്പാട് 21:27). എന്നാൽ ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവരും ധനവാനെപ്പോലെ സ്വർഗ്ഗത്തിലും പേരില്ലാത്തവരാകയാൽ തീപ്പൊയ്കയിൽ തള്ളപ്പെടും (വെളിപ്പാട് 20:15).
മാത്രമല്ല ലാസർ ഈ ഭൂമിയിൽ തിന്മ പ്രാപിച്ചതുപോലെ തിന്മ പ്രാപിപ്പാൻ നാം ഒരുക്കമുള്ളവരും ആയിരിക്കണം ( ലൂക്കൊസ് 16:25). ഇയ്യോബും തന്റെ ജീവിതത്തിൽ ദൈവത്തിന്റെ കയ്യിൽ നിന്ന് തിന്മ പ്രാപിക്കുവാൻ സന്തോഷമുള്ളവനായിരുന്നു (ഇയ്യോബ് 2:10). അത് നിമിത്തം ഇയ്യോബിന്റെ ശരീരത്തിൽ ലാസറെപ്പോലെ ഉള്ളംകാൽ മുതൽ ഉച്ചെന്നെറുകവരെ പരുക്കൾ ഉണ്ടായി (ഇയ്യോബ് 2:7). സകലരും അവനെ കൈവിട്ടിട്ട് സഹായിപ്പാൻ ആരുമില്ലാത്ത അവസ്ഥയിലായി (ഇയ്യോബ് 19:13-19). ഇനിയും നോക്കിയാൽ ഇയോബിനെ ആശ്വസിപ്പിക്കാൻ വന്ന സ്നേഹിതർ പറയുന്നത് ഇയ്യോബ് തങ്ങളെ മൃഗങ്ങളായി എണ്ണുന്നു എന്നാണ് (ഇയ്യോബ് 18:3). ഇത് ലാസറിനു നായ്ക്കൾ എന്നപോലെ അല്ലേ? അവർ ഇയ്യോബിന് അനുഭവപ്പെട്ടതുപോലെ വ്യസനിപ്പിക്കുന്ന, വേദനിപ്പിക്കുന്ന ആശ്വാസകന്മാർ ആണല്ലോ (ഇയ്യോബ് 16:2). എന്നാൽ ദൈവത്തിന്റെ കയ്യിൽ നിന്ന് അഥവാ ദൈവം അനുവദിച്ചിട്ട് വരുന്ന തിന്മകളൊക്കെയും ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണയപ്രകാരം പേർ ചൊല്ലി വിളിക്കപ്പെട്ടവർക്കു തന്നെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നതാണ് സത്യം (റോമർ 8:28). ദൈവം നമ്മെ താഴ്ത്തി പരീക്ഷിച്ച് തിന്മകളിലൂടെ നടത്തുന്നത് പിൽക്കാലത്ത് നമുക്ക് നന്മ ചെയ്യേണ്ടതിനായിട്ടാണ് (ആവർത്തനം 8:16). ഒരുപക്ഷേ നാം കഷ്ടത്തിൽ ആകുന്നതിനു മുൻപേ തെറ്റി പോയിരിക്കാം. എന്നാൽ ദൈവം നല്ലവനും നന്മ ചെയ്യുന്നവനും ആകയാൽ ദൈവത്തിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ എന്ന് കഷ്ടതയിൽ നാം പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. എങ്കിൽ നാം കഷ്ടത്തിലായത് നമുക്ക് ഗുണമായിത്തീരും. അതിനാൽ ദൈവത്തിന്റെ ചട്ടങ്ങൾ പഠിപ്പാൻ ഇടയായിട്ട് നാം ദൈവത്തിന്റെ വചനങ്ങളെ പ്രമാണിക്കുന്നവരായിത്തീരും (സങ്കീർത്തനം 119:67-68, 71).
ഈ നിലവാരത്തെ നാം ആത്മീയമായി പഠിക്കുമ്പോൾ ഈ ലോകമാകുന്ന മരുഭൂമി യാത്രയിൽ ദൈവം നമ്മെ താഴ്ത്തുവാനും തൻ്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നമ്മെ പരീക്ഷിച്ചു നമ്മുടെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ദൈവം നടത്തുന്ന വഴികളാണ് (ആവർത്തനം 8:2). മന്നകൊണ്ട് യിസ്രായേൽ ജനത്തെ പോഷിപ്പിച്ചതുപോലെ ദൈവത്തിൻ്റെ കല്പനകളും പ്രമാണങ്ങളും ആകുന്ന സ്വർഗ്ഗീയ വചനങ്ങൾ നമുക്കും ദൈവം നൽകുന്നു. അത് നാം അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽ നിന്ന് പുറപ്പെടുന്ന സകല വചനം കൊണ്ടും ജീവിക്കേണ്ടതിനാണ് (ആവർത്തനം 8.3). ആകയാൽ നമ്മെ താഴ്ത്തി പരീക്ഷിച്ചു നാം ദൈവത്തിന്റെ വഴികളെ പ്രമാണിക്കുന്നവരാണ് എന്നറിഞ്ഞ് പിൽക്കാലത്ത് നമുക്ക് നന്മ നൽകുവാനായി (ആവർത്തനം 8:16) ഈ ലോകജീവിതത്തിൽ നമുക്ക് അനുവദിക്കപ്പെടുന്ന തിന്മകൾ, പരീക്ഷകൾ നാം സന്തോഷത്തോടെ സഹിക്കുന്നവർ ആകണം. അതിനാൽ പരീക്ഷ സഹിക്കുന്നവരായ നാം കൊള്ളാകുന്നവരായി ഭാഗ്യവാന്മാരായിത്തീരുന്നു. അഥവാ നാം ദൈവത്തെ സ്നേഹിക്കുന്നവരായി, ദൈവത്തിൻ്റെ വചനം പ്രമാണിക്കുന്നവരായി കാണപ്പെടുന്നു (യോഹന്നാൻ 14: 15). അതിനാൽ പിൽക്കാലത്ത് നിത്യതയിൽ ദൈവം നമുക്ക് ജീവകിരീടമാകുന്ന നന്മ നൽകും (യാക്കോബ് 1:12). ആകയാൽ നാം പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ ഇയ്യോബിനെപ്പോലെ ദൈവത്തെ, തൻ്റെ വചനത്തെ കൂടുതലായി അറിഞ്ഞ് നമ്മെ തന്നെ അധികമായി ശുദ്ധീകരിക്കുവാൻ ഇടയാകട്ടെ (ഇയ്യോബ് 42:5-6).
യേശു തന്റെ അടുക്കലേക്ക് നമ്മെ വിളിച്ചിട്ട് രണ്ടു വിധത്തിൽ നമുക്ക് ആശ്വാസം നൽകാമെന്ന് പറയുന്നു (മത്തായി 11:28-29). ഒന്നാമത് നമ്മുടെ ഭൗതിക ജീവിതത്തിലെ കഷ്ടങ്ങളും പ്രയാസങ്ങളും മൂലം നാം അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായി തീരുമ്പോൾ തന്റെ അടുക്കലേക്ക് ചെല്ലുവാൻ നമുക്ക് ഇടയാകണം. അപ്പോൾ താൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലങ്ങളും ഭാരങ്ങളും തൻ്റെ മേൽ ഇട്ടുകൊണ്ട് ഈ ലോക ജീവിതത്തിൽ നമുക്ക് യേശുവിൽനിന്ന് ആശ്വാസം പ്രാപിപ്പാൻ ഇടയാകുന്നു (1 പത്രോസ് 5:7). രണ്ടാമത് യേശു നമ്മുടെ ആത്മാക്കൾക്ക് ആശ്വാസം നൽകാമെന്നു പറയുന്നു. ലാസർ മരണാനന്തരം അബ്രഹാമിന്റെ മടിയിൽ ആശ്വസിച്ചതുപ്പോലെ നമ്മുടെ ആത്മാക്കൾക്ക് നിത്യതയിൽ അമ്മ ആശ്വസിപ്പിക്കുന്നതുപ്പോലെ യേശുവിനാൽ ആശ്വാസം പ്രാപിപ്പാൻ കഴിയും. എന്നാൽ അതിന് യേശുവിന്റെ നുകം ഏറ്റുകൊണ്ട് തന്നോടു പഠിക്കണമെന്ന് യേശു പറയുന്നു. ആർക്കും അപഹരിപ്പാൻ കഴിയാത്തതായി മറിയ തെരഞ്ഞെടുത്ത നല്ല അംശം, യേശുവിന്റെ കാൽക്കലിരുന്നു തന്റെ വചനം കേൾക്കുന്ന ആ ഒന്ന് മതി എന്ന് നമുക്കും പറവാൻ ഇടയാകട്ടെ. പലതിനെചൊല്ലി വിചാരപ്പെട്ട് മനം കലങ്ങി ധനവാനെപ്പോലെ ജീവിക്കുവാൻ പ്രയാസപ്പെടുന്ന ജീവിതം വിട്ടുകളയാം (ലൂക്കോസ് 10:38-42). നാം യേശുവിന്റെ വചനങ്ങളെ മനസ്സു് വെച്ച് കേട്ട് അനുസരിക്കുവാൻ ഇടയാകട്ടെ. എന്നാൽ നാം ദേശത്തിലെ നന്മ അനുഭവിപ്പാൻ ഇടയാകും അഥവാ ദൈവം നമുക്ക് പിൽക്കാലത്ത് നിത്യതയിൽ നന്മ ചെയ്യും (യെശയ്യാവ് 1:19). ആകയാൽ നമ്മുടെ ഈ ലോക ജീവിതത്തിൽ ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊള്ളുവാൻ നമുക്ക് ഇടയാകട്ടെ (1 തെസ്സലൊനിക്യർ 4:18). ദൈവമായ കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.